ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ എഴുത്ത്കാരൻ ഏണസ്റ്റ് ഹെമിംങ് വേ എഴുതിയ എൻ മൂസക്കുട്ടി വിവർത്തനം നിർവഹിച്ച കിഴവനും കടലും എന്ന നോവൽ പരിചയപ്പെടാം.
ഒന്നാം ലോക മഹായുദ്ധത്തിൽ ആംബുലൻസ് ഡ്രൈവറായി സേവനമനുഷ്ഠിക്കവേ പരിക്കേറ്റതിനെ തുടർന്ന് യാത്ര, മീൻപിടുത്തം വേട്ടയാടൽ തുടങ്ങിയവയിലാണ് പിന്നീട് അദ്ദേഹം ജീവിതം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൃതികളിലെല്ലാം അതിന്റെ പ്രതിഫലനം കാണാനും ഉണ്ട്. ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് നോവൽ ആയ കിഴവനും കടലും 1952 ൽ പുലിറ്റ്സർ പുരസ്കാരം നേടി. 1954 ൽ അദ്ദേഹത്തിന്
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
സാന്റിയാഗോ എന്ന് പേരായ ഒരു കിഴവനും മാർലിൻ എന്ന മത്സ്യവും ഒരു കൂട്ടം സ്രാവുകളും തമ്മിലുള്ള പോരാട്ടമാണ് കിഴവനും കടലും എന്ന നോവലിൽ പ്രതിപാദിക്കുന്നത്. നിരവധി അർത്ഥതലങ്ങൾ ഈ നോവലിൽ വിവരിച്ചിട്ടുണ്ട്. സാന്റിയാഗോ വെറുമൊരു മീപിടുത്തക്കാരൻ അല്ല. വസ്തുതകളുടെയും വിധിയുടെയും ചുഴിയിൽ പെട്ട ഉഴലുന്ന മനുഷ്യനെ കുറിച്ചുള്ള ഒരു വിവരണം കൂടിയാണ്. സാന്റിയാഗോ ഒരു ഒറ്റപ്പെട്ട മനുഷ്യനാണ്. അയാളുടെ സഹായിയെ പോലും രക്ഷിതാക്കൾ അയാളിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു. ഒറ്റപ്പെടൽ ആണ് മനുഷ്യന്റെ ഏറ്റവും വലിയ വിഷമം. ഈ ഒറ്റപ്പെടലിൽ നിന്നാണ് അയാൾ സാഹസികത തിരഞ്ഞെടുത്തത്.
മനുഷ്യന്റെ സകലവിധ ആഗ്രഹങ്ങളും ലാഭങ്ങളും നഷ്ടങ്ങളും എല്ലാം വ്യർത്ഥമാണെന്ന് ഒരു ഗുണപാഠം കൂടി ഈ കഥയ്ക്കുണ്ട്. കടലിൽ വിദൂരമായ ഒരിടത്തേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം എവിടെയോ ജീവിച്ചു തീർക്കാനുള്ള നൈരാശ്യ ജനകമായ ശ്രമങ്ങൾ കൂടിയാണ്.
മികച്ച ആഖ്യാന ശൈലിയാണ് ഈ നോവലിനെ നോബൽ സമ്മാനത്തിന് അർഹമാക്കിയത്. വാക്കുകളുടെ ശക്തി, പദങ്ങളുടെ ഏറ്റവും കുറഞ്ഞ ഉപയോഗം ഇവയൊക്കെ ഈ നോവലിനെ മികവുറ്റതാക്കുന്നു. ഭാഷ ഹ്രസ്വവും ഓജസുള്ളതുമാണ്.
നോവലിലെ സാന്റിയാഗോ എന്ന കിഴവൻ ഉദാത്തവും ശ്രേഷ്ഠവുമായ കഥാപാത്രമാണ്. ആത്മകഥാംശമുള്ള ഒരു നോവലാണ് ഇത്. മത്സ്യങ്ങളെയും സമുദ്രങ്ങളെയും ആകാശത്തെയും സമുദ്ര ജീവികളെയും കുറിച്ച് വളരെ സൂക്ഷ്മവും ഹൃദ്യവുമായാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ സാന്റിയാഗോ എഴുത്തുകാരൻ തന്നെയാണ്. സാന്റിയാഗോ മുഴുവൻ മനുഷ്യരാശിയെയും പ്രതിനിധാനം ചെയ്യുന്നു. മത്സ്യവുമായുള്ള അയാളുടെ പോരാട്ടം വലിയ എന്തോ കരസ്ഥമാക്കാനുള്ള മനുഷ്യസഹജമായ ഒരു സമരമാണ്. നോവലിൽ പ്രത്യക്ഷപ്പെടുന്ന സിംഹങ്ങൾ യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നു. അത് എഴുത്തുകാരന് തന്റെ ലക്ഷ്യത്തിലേക്ക് നയിക്കാൻ ഉതകുന്ന ഉദ്ദേശശുദ്ധിയും ഊർജ്ജസ്വലതയും കുറിച്ചുള്ള അവബോധവും പ്രദാനം ചെയ്യുന്നു.
കിഴവനും കടലും ഒരു വ്യക്തിയുടെ അന്വേഷണത്തിന്റെ പ്രതീകമാണ്. കീഴടക്കാൻ ആകാത്ത പ്രകൃതി ശക്തികൾക്കെതിരെയുള്ള ഒരു പോരാട്ടമായി മനുഷ്യജീവിതത്തെ എടുത്തു കാണിക്കുന്നു..
നല്ല ആസ്വാദനക്കുറിപ്പ്
👏