പ്രിയ എഴുത്ത്കാരന് പ്രണാമം 🙏🏻
2024 ൽ മഞ്ഞ് എന്ന നോവൽ എം ടി വാസുദേവൻ നായർ പ്രസിദ്ധീകരിച്ചിട്ട് (1964)60 വർഷം പൂർത്തിയായി.നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സം വിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്‌കാരം, ജെ സി ഡാനിയൽ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം വള്ളുവനാടൻ ശൈലിയിൽ നിന്നും വ്യത്യസ്ഥമായി നൈനിറ്റാൾ ആണ് നോവലിന്റെ പശ്ചാത്തലം.1983 ൽ ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും ഉണ്ടായിട്ടുണ്ട്.
വരും വരാതിരിക്കില്ല എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.നൈനിറ്റാളിലെ സ്കൂൾ അധ്യാപികയായ വിമലദേവിയുടെ കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ്. പ്രണയവും വിരഹവും ഒരുപോലെ അനുഭവിപ്പിക്കുന്ന നോവൽ. സുധീർ മിശ്രയ്ക് വേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിന് വേണ്ടി ബുദ്ധു വിന്റെ കാത്തിരിപ്പ് ഇതാണ് നോവലിന്റെ മൂലകഥ.
വിമലയുടെ ഹൃദയത്തിൽ മൂടിയിരിക്കുന്ന വിഷാദമാണ് മഞ്ഞ്. തന്റെ മനസ്സിലേക്കുംശരീരത്തിലേക്കും കടന്നുവന്ന സുധീർകുമാർ മിശ്രയേയും അയാളുടെ സിഗരറ്റ് മണവും അയാൾ സമ്മാനിച്ച സ്വെറ്ററും ഒൻപത് വർഷമായി സൂക്ഷിച്ചു വെച്ച് അയാൾക്കായി കാത്തിരിക്കുന്ന വിമലയുടെ ജീവിതം.
ഒരുപാട് കാത്തിരിപ്പുകളുടെ കഥയാണ് മഞ്ഞ്. സുധീർ മിശ്രയ്ക്ക് വേണ്ടി വിമലയുടെ കാത്തിരിപ്പ്, അച്ഛന്റെ വരവിനായി കാത്തിരിക്കുന്ന ബുദ്ധു, വിമലയോടൊപ്പം ഒരു സായാഹ്നസവാരിക്കായി കാത്തിരിക്കുന്ന വയസ്സൻ സർദാർജി, കുത്തഴിഞ്ഞ ജീവിതത്തിന് പണം കണ്ടെത്താനുള്ള മാർഗങ്ങൾ കാത്തിരിക്കുന്ന അനിയൻ, അയല്പക്കത്തെ സായിപ്പിന്റെ പ്രണയത്തിനായി കാത്തിരിക്കുന്ന അനുജത്തി, അച്ഛന്റെ മരണത്തിനായി കാത്തിരിക്കുന്ന അമ്മയും കാമുകനും, അങ്ങനെ ഒരു കൂട്ടം കാത്തിരിപ്പുകളുടെ കഥയാണ് മഞ്ഞ്. ഓരോരുത്തരുടെ കാത്തിരിപ്പിനും അവരവരുടെ ന്യായങ്ങൾ ഉണ്ട്.
വിമല എന്ന കഥാപാത്രം വ്യക്തിത്വവും വിവേകവും ഉള്ള സ്ത്രീയാണ്.മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കഥാപാത്രമാണ് വിമല. കരുത്തുറ്റ സ്ത്രീ കഥാപാത്രം.തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഭാഷയുടെ പ്രയോഗങ്ങളും സൗന്ദര്യവും അത്രമേൽ ഭംഗിയായി അടുക്കും ചിട്ടയോടും ഒതുക്കത്തോടും കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ ഓരോ കഥാപാത്രങ്ങളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നിശബ്ദതയുടെ കാത്തിരിപ്പ്. വാചാലമായ മൌനം. പ്രണയത്തിന്റെ ഹൃദയ ഭാഷ..
ഒരു സ്ത്രീയുടെ വിലപ്പെട്ടതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോയ സുധീര്‍മിശ്രയെ ചതിയൻ എന്ന് പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല. സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു. ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര. എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുക ആയിരുന്നു. കാത്തിരിക്കുകയാണ്. വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.
വിമലയുടെ കാത്തിരിപ്പ് തുടരുന്നു . വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ഇപ്പോഴും അവൾ കാത്തിരിക്കുന്നു. നീല കണ്ണുള്ള ആ കാമുകനെ. കാത്തിരിപ്പ് അവസാനിക്കുന്നില്ല. അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി …. വിമല, സുധീര്‍ മിശ്രക്ക് വേണ്ടി…
വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം ….വരും “വരാതിരിക്കില്ല….”
👌