സമയത്തെത്തുന്ന സഹായം! (ദാനി. 6:10 – 22)
“ഗുഹയുടെ അരികെ എത്തിയുപ്പാൾ അവൻ ദുഃഖ ശബ്ദത്തോടെ, ദാനിയേലിനെ വിളിച്ചു. രാജാവു ദാനിയേലിനോടു സംസാരിച്ചു; ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം, സിംഹങ്ങളിൽ നിന്നും നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു” (വാ. 20).
ഒരിക്കൽ ഒരു ഗ്രാമീണ സ്ത്രീ, തന്റെ കുഞ്ഞിനൊപ്പം ആഫ്രിക്കയിലുള്ള ഭൗമ
എന്ന സ്ഥലത്തു ഒരു വിവാഹത്തിൽ സംബന്ധിച്ചതിനുശേഷം, തങ്ങളുടെ ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്നു. വന നിബിഡമായ ഒരു മല മുറിച്ചു കയറി വേണമായിരുന്നു അവർക്കു യാത്ര ചെയ്യുവാൻ. മലയുടെ മുകളിൽ എത്തിയപ്പോൾ, ഒരു സിംഹം അവരുടെ നേരേ അലറിയടുക്കുന്നതാണ് അവർ കണ്ടത്. ആകെ അന്ധാളിച്ചു പോയ അവർക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. അവിടെ അവരുടെ വിശ്വാസം അവരുടെ രക്ഷയ്ക്കെത്തി. കുഞ്ഞി നെ കൈയ്യിലെടുത്തു കൊണ്ട്, അവർ ഇപ്രകാരം പ്രാർത്ഥിച്ചു: “കർത്താവേ ഈ ദുഷ്ട മൃഗത്തിന്റെ വായിൽ നിന്നും എന്റെ കുഞ്ഞിനെയും എന്നെയും വിടുവിക്കണമെ?” പ്രാർത്ഥിച്ചു കണ്ണു തുറന്നപ്പോൾ, സിംഹത്തെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. ദൈവത്തെ സ്തുതിച്ചു കൊണ്ട് അവർ കുട്ടിയേയും കൊണ്ട്, ഭവനത്തിലേക്കു മടങ്ങി.
കേവല യുക്തിയുടെ കണ്ണാടിയിൽക്കൂടി മാത്രം കാര്യങ്ങളെ കാണുന്നവർക്ക്, ഇതു മനസ്സിലാകണമെന്നില്ല. അടിയന്തിരമായി ലഭിച്ച ദൈവസഹായത്തിന്റെ ചിത്രമാണു നാമിവിടെ കാണുന്നത്. ദൈവത്തിന്റെ സഹായം ഒന്നു മാത്രമായിരുന്നു അവളുടെ ആശ്രയം. ആ ദൈവീക സഹായം ഉടനടി ഭൂമിയിലേക്കു ഇറങ്ങിവന്നു. ധ്യാനഭാഗത്തു വിവരിച്ചിരിക്കുന്നതു പോലെ, ദാനിയേലിനെ സിംഹക്കുഴിയിൽ ഇട്ടപ്പോഴും ഇതുതന്നെയാണു സംഭവിച്ചത്. അടിയന്തിരമായ ദൈവ സഹായം ആവശ്യമായ സ്ഥാനത്തു താൻ എത്തുന്നു. ദൈവം, സഹായം നീട്ടിവയ്ക്കുന്നില്ല. തക്ക സമയത്തു തക്കതു പോലെ പ്രവർത്തിച്ചു.
ദൈവത്തിന്റെ പ്രവർത്തനങ്ങൾക്കു വിധയമല്ലാത്ത ഒരു അവസ്ഥയുമില്ല. മനുഷ്യന്റെ പ്രവർത്തനങ്ങൾ പലപ്പോഴും അവസരം നഷ്ടപ്പെടതിനു ശേഷമായിരിക്കും സംഭവിക്കുക. എന്നാൽ, ദൈവം പ്രവർത്തിക്കുന്നതു അതുപേലെയല്ല. അതിന്റെ സമയം എപ്പോൾ എന്നും, അതെങ്ങനെയായിരിക്കും എന്നു പറയാൻ, ഒരു മനുഷ്യനും സാദ്ധ്യമല്ല. ദൈവത്തിന്റെ സമയത്തിനു വേണ്ടി കാത്തിരിക്കാനുള സന്നദ്ധതയും സഹിഷ്ണതയുമാണു നമുക്ക് ആവശ്യം.
ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: മനുഷ്യർ താമസം എന്നു ചിന്തിക്കുന്നതുപോലെ ദൈവം താമസിക്കുന്നില്ല!