തലസ്ഥാനത്ത് മഴ ശക്തമാകുകയാണ്. നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക് പറ്റി. കെട്ടിട നിർമ്മാണ തൊഴിലാളിയായ പരശുവയ്ക്കൽ സ്വദേശി വിൻസെൻ്റ് ആണ് മരിച്ചത്. കുന്നത്തുകാലിന് സമീപം അജിത്തിൻ്റെ പുരയിടത്തിൽ പുതുതായി നിർമിക്കുന്ന വീടിൻ്റെ പണികൾ കയറി നിൽക്കുമ്പോൾ അപകടം. ഒപ്പം ജോലി ചെയ്യുകയായിരുന്നു പരശുവക്കിൽ സ്വദേശികളായ അജേഷ്, ആറ്റുമൺകാവ് സ്വദേശി ദാസയ്യൻ എന്നിവർ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരന് ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ 67 (മണിയൻ)ആണ് ഇടിമിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് മിന്നലേറ്റത്. വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാരൻ.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.



