Sunday, April 26, 2026
Homeഅമേരിക്കകതിരും പതിരും: പംക്തി (93) ലോൺ ആപ്പുകൾ കാലൻ്റെ വിളിയോ? ✍ ജസിയഷാജഹാൻ.

കതിരും പതിരും: പംക്തി (93) ലോൺ ആപ്പുകൾ കാലൻ്റെ വിളിയോ? ✍ ജസിയഷാജഹാൻ.

നിയമവിരുദ്ധ ലോൺ ആപ്പുകളുടെ ചതിയിൽ പെട്ട് ആത്മഹത്യകൾ പെരുകുന്ന ഇന്നത്തെ കാലം വലിയ ഭയാശങ്കകൾ നിറച്ച് നമുക്ക് മുന്നിലൂടെ നിർദ്ദയം കടന്നു പോകുമ്പോൾ അതിനെതിരെ എന്താണ് ? നമുക്ക് സ്വീകരിക്കാൻ പറ്റുന്ന സുരക്ഷാ നടപടികൾ, എന്താണ് നമുക്ക് മുന്നിൽ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള നിരീക്ഷണ ബോധം, അവയിൽ നിന്നും സമൂഹത്തിന് പകർന്നു നൽകാൻ പറ്റുന്ന ഏറ്റവും മികച്ച അവബോധം ഇവയൊക്കെയാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

ഏതൊരു പരിശ്രമവും വിജയിക്കാം… പരാജയപ്പെടാം… അപ്പോഴും പരിശ്രമിച്ചു എന്നതാണ് നമുക്ക് കിട്ടുന്നസംതൃപ്തി! അതൊരു റിയാലിറ്റിയാണ്.നിറവാണ്

തൊഴിൽ ഇല്ലാത്തവരും, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും , ന്യൂജൻ തലമുറയിലെ ചെറുപ്പക്കാരായ അടിച്ചുപൊളി കുട്ടികളും എന്തിന് പ്രാരാബ്ധം നിറഞ്ഞ കുടുംബങ്ങളിലെ സ്ത്രീകൾ വരെ ഇവരുടെ കെണിയിൽ ചെന്നു വീഴുന്നു.ഇതിൽ സ്ത്രീകളെയാണ് പലവിധത്തിലും അവർ അവരുടെ ചൂഷണങ്ങൾക്ക് കൂടുതൽ വിധേയമാക്കുന്നത്.

ഇനി ഈ വ്യാജ ലോൺ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമുക്കൊന്നു നോക്കാം?
സാധാരണ ബാങ്ക് വായ്പകളേക്കാൾ പെട്ടെന്ന്, മിനിട്ടുകൾക്കുള്ളിൽ ആവശ്യക്കാരൻ്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഈ ആപ്പുകളുടെ ഏറ്റവും വലിയ വിജയം.അല്ലെങ്കിൽ പ്രത്യേകത. ആവശ്യക്കാരൻ്റെ മനസ്സുനിറയാൻ പിന്നെന്തു വേണം?. ഈ ആപ്പുകളിലെ ശരാശരി ലോൺ തുകകൾ 10,000 മുതൽ 15,00000 ലക്ഷം വരെയാണ് എന്ന് പറയപ്പെടുന്നു. ഇന്ന് നമ്മുടെ കൺമുന്നിൽ നടക്കുന്ന പല ആത്മഹത്യകളിലും ഈ വ്യാജ തൽക്ഷണ ലോൺ ആപ്പുകൾ വില്ലൻമാരാണ് എന്നത് അന്വേഷണ വിധേയമായ റിപ്പോർട്ട് ആണ്.

ഈ തട്ടിപ്പ് ശ്രൃംഗല എല്ലാ ദിവസവും പുതിയ പുതിയ ഉപയോക്താക്കളെ ലക്ഷ്യമിട്ട് മുന്നേറ്റം തുടരുന്നു എന്നതും ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.

ഏതൊരു സാധാരണ മനുഷ്യനും പണം അത്യാവശ്യമായി വരുമ്പോൾ അത് ഏറ്റവും പെട്ടെന്ന് കിട്ടുന്ന സാധ്യതകളെ അല്ലെങ്കിൽ സ്ഥാപനങ്ങളെ, മേഖലകളെ ,ആണ് അവർ എത്രയും വേഗം തിരഞ്ഞുപിടിച്ചു കണ്ടെത്തുക.

ആ ഒരു കാര്യസാധ്യ ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ, അതിൻ്റെ പിന്നിൽ കുടുങ്ങിക്കിടക്കുന്ന മറ്റു നൂലാമാലകളെക്കു റിച്ചൊന്നും അവർ അപ്പോൾ പെട്ടെന്ന് ചിന്തിച്ചു എന്നും, മനസ്സിലാക്കി എന്നും വരില്ല. അങ്ങനെയുള്ള അവരുടെ മാനസിക നില കൂടി ഈ വ്യാജതട്ടിപ്പുകാരുടെ മുമ്പാകെ അവർക്ക് പണയം വയ്ക്കേണ്ടി വരുന്നു!

അതും കൂടി മുതലെടുത്ത് തവണകൾ അടയ്ക്കേണ്ട അല്പകാല താമസത്തെ പോലും അവർ ആക്രമണാത്മകമായ ഒരു നിലപാടിലൂടെ ദുരുപയോഗം ചെയ്ത്,നിങ്ങളെ ഭയപ്പെടുത്തലുകൾക്കും ഭീഷണികൾക്കും, മാനസിക സമ്മർദ്ദങ്ങൾക്കും,
ഇരയാക്കുന്നു.

അതിനുവേണ്ടി അവർ നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നു.ഇനി നിങ്ങളുടെ ഡാറ്റ അവർ മോഷ്ടിക്കുന്നത് എങ്ങനെയാണെന്ന് അറിയണ്ടേ?

വലിയ തൊന്തരവുകളും ClBIL പരിശോധനകളും ഒന്നുമില്ലാതെ തൽക്ഷണ വായ്പകൾ വാഗ്ദാനം ചെയ്യുന്ന മിന്നും ആപ്പുകളെ നിങ്ങൾ ആശ്രയിക്കുമ്പോൾ നിങ്ങളുടെ ഫോട്ടോകൾ കോൺടാക്റ്റുകൾ, എസ് എം എസ് എന്നിങ്ങനെയുള്ള ഒരു സാധാരണ വായ്പ നൽകുന്നതിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള അനുമതി കൂടി അവർ കൈക്കലാക്കുന്നു.

ചുരുക്കത്തിൽ നിങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ, വ്യക്തിപരവും, സാമ്പത്തികവുമായ വിവരങ്ങൾ, ഇടപാടുകൾ തുടങ്ങി എല്ലാ ഡാറ്റയും അവരുടെ അജ്ഞാത സെർവറുകളിലേക്ക് നിങ്ങളുടെ അനുമതി ഇല്ലാതെ തന്നെ അപ്‌ലോഡ് ചെയ്യപ്പെടുന്നു.

ഇതു വച്ച് അവർ നിങ്ങളെ അവസരോചിതമായി അവരുടെ ബ്ലാക്ക് മെയിലിംഗിനും,പീഡനങ്ങൾക്കും, തന്ത്രപരമായി, സ്വതന്ത്രമായി തന്നെ ഉപയോഗിക്കുന്നു.

ചിലപ്പോൾ മറ്റാരോടും തുറന്നു പറയാനോ ,സമൂഹത്തിനു മുമ്പിൽ നിങ്ങളെ ലൈംഗിക പരമായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു നാറ്റിക്കാനോ, അതുവഴി മാനസിക നില തെറ്റി, പലവിധ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒറ്റയായ ആത്മഹത്യയിലേക്കോ ! കൂട്ടത്തോടെയുള്ള ആത്മഹത്യയിലേക്കോ നയിക്കാനോ ? ഇടയാക്കുന്നു . അങ്ങനെ ഏറ്റവും വലിയ ദുരന്തം നിങ്ങൾ തന്നെ വിളിച്ചു വരുത്തുന്നു.

ഇതിൽ നിന്നും ഒക്കെ ആദ്യമേ തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് ഈ വ്യാജ തൽക്ഷണ ലോൺ ആപ്പുകൾ എന്നത് നിങ്ങളുടെ ആവശ്യം അറിഞ്ഞ്, നിങ്ങളെ ഏറ്റവും എളുപ്പത്തിലും നീചമായ രീതിയിലും മുതലെടുക്കാൻ തുനിഞ്ഞിറങ്ങിയ കാലൻ്റെ കുപ്പായമിട്ട ഒരു കറുത്ത സത്വം എന്നു തന്നെയാണ്?.

മരണവും മാനഭംഗവും വിലയ്ക്കെടുക്കാതിരിക്കാൻ ഏറെ നിരീക്ഷണ ബോധത്തോടും, ജ്ഞാനത്തോടും കാര്യങ്ങളെ വിശകലനം ചെയ്ത് പഠിച്ച് വിലയിരുത്തി അതിലേക്ക് കടന്നു ചെല്ലുക.

ക്രെഡിറ്റ് പരിശോധനകൾ, പേപ്പർ വർക്കുകൾ ഒന്നുമില്ലാതെ , തൽക്ഷണ അംഗീകാരങ്ങളിൽ മാത്രം നിങ്ങളെ ആകർഷിക്കാൻ തുനിഞ്ഞിറങ്ങിയ അവരുടെ ചതിയെ തിരിച്ചറിയുക.

ഒരു ഡിജിറ്റൽ അസംബ്ലി ലൈൻ പോലെ പ്രവർത്തിച്ച് ,പേരുകൾ മാറ്റിയും ദ്രുത ലോഞ്ചുകൾ,അപ്രത്യക്ഷങ്ങൾ എന്നിവയിൽ സഞ്ചരിച്ചും, വ്യാജ കമ്പനികൾ ഉണ്ടാക്കിയും ആപ്പിന് പുത്തൻ നാമധേയം നൽകിയും തട്ടിപ്പുകാർ വിലസുമ്പോൾ, മറ്റാരെങ്കിലും പിടിക്കപ്പെടുന്നതിനു മുൻപ് അപ്രത്യക്ഷമാകാൻ വേണ്ടി മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചും അവർ മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട് ! അതിൻ്റേതായ പ്രാധാന്യത്തോട് കൂടി തന്നെ.

ഇനി ഈ തട്ടിപ്പുകാരിൽ നിന്നും നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരാകാം…എന്നു കൂടി പരിശോധിക്കാം.

ഓൺലൈൻ വായ്പ ആപ്പുകളിൽ ഏറെ ജാഗ്രത പാലിക്കുക.
അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം വായ്പക്ക് അപേക്ഷിക്കുക.
ഫോണിൻ്റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.

വായ്പ തുകയ്ക്കൊപ്പം തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ച് നിങ്ങളിൽ നിന്നും പ്രോസസിംങ് ഇനത്തിലും, ടാക്സ് ഇനത്തിലും പണം ആവശ്യപ്പെടുന്നു എങ്കിൽ ഇത്തരം ആപ്പുകളിൽ നിന്നും വിട്ടുനിൽക്കുക.

ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിൽ പുതിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ സൂക്ഷിക്കുക. ഏതെങ്കിലും സംശയാസ്പദമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930 ൽ അറിയിക്കുക.

ഏതു കാര്യത്തിലും ഏറെ ജാഗരൂകരായി വർത്തിക്കുക. ഇവിടെ ഞാൻ പങ്കുവച്ച ഈ ചെറിയ അറിവുകൾ നിങ്ങൾക്ക് വലിയ പ്രയോജനം തരും എന്നതിൽ സംശയമില്ല.

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

ജസിയഷാജഹാൻ ✍

RELATED ARTICLES

2 COMMENTS

  1. ജ വ്യാജ ആപ്പ്കളിൽ പെടാതെ ജാഗ്രത പാലിക്കുക🤝✍️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com