‘പണി പാളിയോ’
മാവിൻചുവട്ടിലിരുന്നാൽ അക്കരെ കുന്നിൻ മുകളിലെ റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കാണാം .
ചെറിയ ഇറക്കം ഇറങ്ങി തോടും കടന്ന് കുന്നുകയറിയാൽ റോഡാണ്.
റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ എന്ത് രസമാണ്.
പെട്രോളിന്റെ ആ ഗംഭീരഗന്ധം അടിക്കുന്നത് തന്നെ എത്രയോ ആഹ്ലാദകരമാണ്.
അവർ പതിവുപോലെ റോഡിലേയ്ക്കു നടന്നു.
“കനലി”യുടെ ഉണങ്ങിയ ചുള്ളിക്കമ്പുകൾ പെറുക്കിയെടുക്കുകയാണ് അമ്പാടി.
അവർ റോഡിൽ എത്തി.
റോഡ് വിജനമാണ്. ആ സ്ഥലത്ത് വീടുകളോ കടകളോ ഇല്ല. വല്ലപ്പോഴും ഇടവിട്ട് വരുന്ന വാഹനങ്ങൾ കാണുമ്പോൾ അമ്പാടിക്കാണ് ഏറെ ആവേശം.
അവൻ ചുറ്റും നോക്കിയിട്ട് പതിവുപോലെ ഉണക്കച്ചുള്ളികൾ റോഡിന്റെ നടുക്ക് വിലങ്ങനെ വച്ചു.
ഇത് സ്ഥിരം പരിപാടിയാണ്.
എന്നിട്ട് റോഡിന് താഴേക്ക് അല്പം മാറി ഈണ്ടി യുടെ മറവിൽ പൂത്തു നിൽക്കുന്ന വെള്ളിലച്ചെടികൾക്കിടയിൽ ഒളിച്ചു നിൽക്കും.
വണ്ടി വരുമ്പോൾ അതിന്റെ ചക്രത്തിനടിയിൽപ്പെട്ട് ചുള്ളിക്കമ്പുകൾ പടപട ശബ്ദത്തോടെ ഞെരിഞ്ഞൊടിയുന്നത് കാണുമ്പോൾ എല്ലാവരും കൂടി ഒന്നിച്ച് “ഹ്ഹോ ‘എന്ന് ഉറക്കെ ഒച്ച ഉണ്ടാക്കുന്നതാണ് അവരുടെ വിനോദം.
ചുള്ളിക്കമ്പിൽ ടയർ കയറിയില്ലെങ്കിൽ അതെടുത്ത് അടുത്ത വണ്ടിയ്ക്കായി സ്ഥാനം ക്രമീകരിച്ചു വെക്കുന്നതും അമ്പാടി തന്നെയാണ്.
“ഈ കമ്പ് കൊറച്ചു വലുതാട്ടോ ”
അപ്പു പറയാതിരുന്നില്ല.
‘ഇത് ഒടിയും.. നല്ല ഒച്ചയും കേൾക്കും… ” ഇതു മതി”
അമ്പാടി പറഞ്ഞു.
അകലെ വണ്ടിയുടെ ഒച്ച കേട്ട മാത്രയിൽ ചുള്ളിക്കമ്പുകൾ വച്ചിട്ട് ഒറ്റയോട്ടത്തിന് എല്ലാവരും ഈണ്ടിയുടെ താഴെ മറഞ്ഞു നിന്നു .
അതാ വരുന്നു കറുത്ത ഒരു അംബാസഡർ കാർ.
ഇടതൂർന്ന വെള്ളിലച്ചെടികൾക്കിടയിലൂടെ എട്ടു കണ്ണുകൾ “ഹ്ഹോ” എന്ന് ആർത്തു വിളിക്കാൻ തയ്യാറായി റോഡിലേക്ക് നോക്കി പതുങ്ങി നിൽക്കുകയാണ്.
കാർ ഓടിവന്ന് ചുള്ളിക്കമ്പുകളെ ഞെരിച്ചൊടിച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ എല്ലാവരും ചേർന്ന് ഒന്നിച്ച് “ഹ്ഹോ “എന്ന ശബ്ദം ഉണ്ടാക്കി ആർത്തു ചിരിച്ചുകൊണ്ട് റോഡിലേക്ക് ഓടിവന്നു.
ആ ചുള്ളി തന്നെ ഓടിയാത്തിടം വീണ്ടും ക്രമീകരിച്ചു വയ്ക്കണം അടുത്ത വണ്ടി വരുന്നതിനു മുമ്പായി.
പെട്രോളിന്റെ സുഖകരമായ ആ മദിപ്പിക്കുന്ന ഗന്ധം ആവുംവിധം വലിച്ചെടുത്ത് ആസ്വദിച്ചു നിൽക്കവെ അമ്പാടി അലറി.
” ഓടിക്കോടാ ”
അവർ നോക്കുമ്പോൾ കടന്നുപോയ കാർ നിർത്തിയിരിക്കുന്നു. അതിന്റെ ഡോർ തുറന്നു ഒരാൾ ഇറങ്ങി വരുന്നു..!
കുട്ടികൾ ഞൊടിയിടയിൽ വെള്ളിലക്കിടയിൽ മറഞ്ഞു.
അവരുടെ കുഞ്ഞിക്കണ്ണുകൾ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു.
കാറിൽ നിന്നും ഒരു കഷണ്ടിത്തലയൻ പുറത്തിറങ്ങി.
വെളുത്ത വണ്ണമുള്ള ഒരു മധ്യ വയസ്കൻ.
അയാൾ കുട്ടികളുടെ പിന്നാലെ എത്താൻ ശ്രമിച്ചെങ്കിലും അവരെ കാണാൻ കൂടി കിട്ടിയില്ല.
“അവിടെ നിക്കെടാ”
“നിക്കടാ പിള്ളേരേ. ”
“അവിടെ നിക്കെടാ ”
എന്നൊക്കെ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
” എന്തിനാണോ അയാൾ വിളിക്കുന്നത്”?
അയാൾ തന്റെ ഓട്ട പരിശ്രമം നിർത്തി
തിരികെ സാവകാശത്തിൽ ചെന്ന് കാറിന്റെ ബോണറ്റ് തുറന്നു വച്ചു.
“വണ്ടിക്ക് എന്തോ പറ്റി എന്നാണ് തോന്നുന്നത് ”
രമേശൻ അഭിപ്രായപ്പെട്ടു
“നമ്മുടെ ചുള്ളിക്കമ്പാണോ കുഴപ്പമുണ്ടാക്കിയത്?”
ഗോപിക്കുട്ടൻ തന്റെ ആശങ്ക അറിയിച്ചു.
” ഏയ് അങ്ങനെ വരാൻ വഴിയില്ല”
അവർ ചിന്തിച്ചു.
എന്തോ തകരാറുണ്ട്.
അങ്ങോട്ട് പോയാൽ പ്രശ്നമാകുമോ?
അയാളെ ഒരു വിഷമ സന്ധിയിലാക്കിയിട്ട് സഹായിക്കാതിരിക്കുന്നത് തെറ്റാണെന്ന് അപ്പുവിന് തോന്നി.
ഏതായാലും ഒന്ന് നോക്കാൻ തന്നെ അവർ തീരുമാനിച്ചു.
നാൽവരും ധൈര്യം സംഭരിച്ച് കാറിനടുത്തേക്ക് നടന്നു
അയാൾ ആരായിരിക്കും?
അയാളുടെ ഉദ്ദേശം എന്താണെന്ന് ആർക്കറിയാം?
കുട്ടികളെങ്ങാനും അയാളുടെ തന്ത്രത്തിൽ പെടുമോ?
(……… തുടരും….)




👌