ഒരുപക്ഷേ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം.
എല്ലാവരും മനോഹരം എന്ന് വർണിക്കുന്ന സന്ധ്യ എന്ന സമയം എനിക്ക് സന്തോഷകരമായ ഒന്നല്ല
പ്രത്യേകിച്ചും പകൽ വെളിച്ചത്തിന്റെ തെളിച്ചം സന്ധ്യയുടെ ഇളം ചുവപ്പിലേക്ക് പരിവർത്തിച്ചു തുടങ്ങുന്ന ആ ഒരു ഇത്തിരി നേരം.
ആകാശത്തെയാകെ മൂടാൻ തുടങ്ങുന്ന ആ മങ്ങൂഴത്തിൽ എന്റെ മനസ് അകാരണമായ ഒരു വിഷാദത്താൽ വലയം ചെയ്യപ്പെടും, എനിക്ക് തീർത്തും അഞ്ജാതമായ ചില കാരണങ്ങളാൽ എന്റെ മനസ് അസ്വസ്ഥവും പരിഭ്രമം നിറഞ്ഞതുകാകും, ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നലും എനിക്ക് പെട്ടെന്ന് വീട്ടിലേക്ക് പോകാൻ തോന്നും.
ഇഷ്ടമുള്ള അരുടെയെങ്കിലും സ്നേഹത്തണലിലേക്ക് ചേക്കേറുവാനും ആർദ്ദ്രമായ ഒരു ആലിംഗനത്തിന്റെ സുരക്ഷിതത്തിലേക്ക് ചുരുണ്ട് കൂടുവാനും തോന്നും.
ഭയം ഗ്രഹിച്ച ഒരു ബാലനേപ്പലെ ഞാൻ ചകിതനാകും.
എല്ലയ്പ്പോഴും എന്നിൽ ഇങ്ങനെ സംഭവിക്കണം എന്നില്ല, സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോഴോ അഹ്ലാദം നിറഞ്ഞ ഒരാൾക്കൂട്ടത്തോടൊപ്പം കടൽ തീരത്തെ അസ്തമയം കാണുമ്പോഴോ എന്നിൽ ഇങ്ങനെ സംഭവിക്കാറില്ല.
അതിന് വൾണറബിൾ ആയ ചില സാഹചര്യങ്ങളുണ്ട്, ഉദാഹരണത്തിന് ഒറ്റക്കുള്ള ദീർഘ ദൂര ഡ്രൈവിംഗ്.. അതും ബാംഗ്ലൂർ മൈസൂർ ഹൈവേ പോലെയോ ഗുണ്ടുൽപേട്ടിലെ വിശാലമായ കൃഷിയിടങ്ങൾ പോലെയോ വിജനവും കെട്ടിടങ്ങൾ ഒഴിഞ്ഞവയുമായ പ്രദേശങ്ങളിലൂടെയുള്ള ഡ്രൈവിംഗ്.
സൂര്യനിങ്ങനെ മങ്ങി വരുന്നതനുസരിച്ച് ഞാനറിയാതെ തന്നെ മനസിങ്ങനെ പതുക്കെ പതുക്കെ കനം വെച്ച് വരും കനം നിറഞ്ഞ് , നിറഞ്ഞ് അത് ശ്വാസം വിടാൻ കഴിയാത്ത തരം ഒരു വീർപ്പുമുട്ടലിലേക്ക് ഗതി മാറും.
കഴിഞ്ഞു പോയ ജീവിതത്തെ അത്രയും ഒരു ഡിസക്‌ഷൻ ടേബിളിൽ എന്നതു പോലെ മനസ്. ഇഴകീറി സൂക്ഷ്മപരിശോധന ചെയ്യും.
‘എന്തിനായിരുന്നു? ‘ ‘ എന്തിന് വേണ്ടി ? എന്നിങ്ങനെ ഏറ്റവും ഇരുട്ടുപിടിച്ച നിരാശകളിലേക്ക് ഞാൻ തലകുത്തി വീഴും.
കൂട്ടത്തോടെ പറക്കുന്ന പക്ഷികൾ,ജോലികഴിഞ്ഞ് നിശ്ബദരായി വീടുകളിലേക്ക് മടങ്ങുന്ന ഗ്രാമീണർ, അന്നത്തെ അവസാനത്തെ ഇലകൾ തിരക്കിട്ട് തിന്നുന്ന ആട്ടിൻ കൂട്ടങ്ങൾ ..
ഈ കഴ്ചകൾ ഒക്കെ ഒരു അവസാനത്തെയോ അവസാനിക്കലിനേയോ ഓർമ്മപ്പെടുത്തും.
ആലോചനങ്ങൾ നൂല് പൊട്ടിയ ഒരു പട്ടം പോലെയോ ,കാറ്റത്തെ കരിയിലകൾ പോലെയോ തന്നിഷ്ടപ്രകാരം സഞ്ചാരം ചെയ്യും അവിശ്വസനീയമാം വണ്ണം അനന്തമായി സഞ്ചാരം ചെയ്ത് അവ ‘ഇതെന്ത് ജീവിതം ? ‘എന്തിനു വേണ്ടിയുള്ളത് ..?’ എന്ന മട്ടിലുള്ള ഒരു കൺക്ലൂഷനിലേക്ക് സ്വയം എത്തിച്ചേരും.
ശാന്തവും അതേ സമയം ഭീകരവുമായ ഒരു ശൂന്യത മനസിനെ വലയം ചെയ്യും
ഇതെന്തു കൊണ്ടാവും ഇങ്ങനെ എന്ന് ഇത്തരം ഓരോഘട്ടവും കടന്നു വന്നതിനു ശേഷം ഞാൻ ആലോചിക്കാറുണ്ട്..
ദിവസത്തിന്റെ ആ ഒരു നേരം ഒരുവന്റെ മനസിലേക്ക് വിഷാദത്തിന്റെ വിത്തുകൾ വിതക്കുന്നതായിരിക്കുമോ? അതോ സ്വതവേ വിഷാദിയായ ഒരു മനുഷ്യന്റെ മനസിനെ അത് കുറേക്കൂടി ഗാഢതയുള്ളതാക്കി മാറ്റുന്നതാവുമൊ?
ഉത്പത്തി മുതൽ നാളിതുവരെയുള്ള മനുഷ്യ വംശത്തിന്റെ പലവിധ പരിണാമങ്ങൾ നിശ്ചയിച്ചുണ്ടാക്കിയ ഒരു ജൈവതാളമുണ്ട് മനുഷ്യൻ എന്ന ജീവിയിൽ
‘സിക്കാർഡിയൻ റിഥം’ എന്ന് ഇംഗ്ലീഷിൽ പറയുന്ന അതിന്റെ ഒരു കളിയുണ്ട് മേൽപ്പറഞ സംഗതിയിൽ എന്ന് ശാസ്ത്രം പറയുന്നുണ്ട്.
മെലോട്ടോണിൻ ,കോർട്ടിസോളുകൾ എന്നിങ്ങനെയുള്ള ഹോർമ്മോണുകളുടെ ആരവമാണ് മനസ് എന്ന ഗ്യാലറിയിൽ, അവയിങ്ങനെ ഏറിയും കുറഞ്ഞും നിശബ്ദമായും വിളയാടുകയാണ് നമ്മൾ പോലുമറിയാതെ നമ്മിൽ അപ്പോൾ
‘ഇരുട്ടു പരക്കുന്നു , ഇരപിടിയന്മാരെ പ്രതീക്ഷിക്കൂ ..’എന്ന ഒരു ആദിമ ജൈവ മുന്നറിയിപ്പിന്റെ ശേഷിപ്പുമുണ്ട് ഇതിൽ.
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ നിശബ്ദനും ചലനരഹിതനുമായി ഇരിക്കാനുള്ള ഒരു ജൈവ സൂത്രത്തിന്റെ ബാക്കിയും.
ഉതസാഹഭരിതമായ ജീവിത മുന്നേറ്റങ്ങൾക്ക് തടസമായി നിൽക്കുന്ന ഒന്നാണ് എങ്കിലും ചിലപ്പോഴൊക്കെ രോഗാവസ്ഥയോളം കടുപ്പം വെക്കാത്ത വിഷാദത്തിന് അതിന്റേതായ ഒരു മധുരമുണ്ട്
ആരോഗ്യത്തിന് ഹാനികരം എന്ന ലേബലുണ്ടെങ്കിലും നാമൊക്കെ ഉപയോഗിക്കുന്ന ചില ലഹരികൾ പോലെ മനുഷ്യ ജീവന് സുഖം പകരുന്നുണ്ട് ആ വിഷാദം പലപ്പോഴും.
ജീവിതത്തിന്റെ നിസാരതകളെക്കുറിച്ച് ബോധവാനാകാനും അവനവന്റെ അഹന്തകളെ അഴിച്ചു വെച്ച് വിനീതനാവാനും അത് നിങ്ങളെ സഹായിക്കും.
ലക്ഷ്യരഹിതവും, ഉദ്ദേശ ശൂന്യവുമായ ഒരു അലസയാത്രയിലാണ് നമുക്ക് പരിസരങ്ങളെ കൂടുതൽ അറിയാനും ആസ്വദിക്കാനുമാവുക എന്നത് പോലെ ജീവിതത്തേയും അതിന്റെ പരിസരങ്ങളേയും അറിഞ്ഞുകൊണ്ട് ജീവിക്കാൻ അത് നമ്മെ പ്രാപ്തരാക്കും ചിലപ്പോഴെങ്കിലും.
മസ്തിഷ്ക്കം കൊണ്ട് മാത്രം ചിന്തിക്കുകയും മസിലുകൾ കൊണ്ട് മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ ‘മനസ്’ എന്ന അത്ഭുത യന്ത്രം കൂടി കൈവശമുള്ള ധനികരാകുന്നു വിഷാദികൾ, അതിനെ പ്രഥമ സ്ഥാനത്ത് നിർത്തുന്നവർ.
അസ്തമിച്ച് പോകും വിധം അമിതമായില്ല എങ്കിൽ അത് നിങ്ങളിലെ മനുഷ്യനെ മിനുക്കിയെടുക്കും ഓരോ പുനപ്രവേശങ്ങളും കൂടുതൽ ബോധം നിറഞ്ഞതാക്കാൻ അത് നിങ്ങളുടെ ജീവിതത്തെ സഹായിക്കും. പകലിന്റെ അവസാനത്തിനും, കനക്കുന്ന സന്ധ്യക്കുമിടയിലുള്ള ആ ഇത്തിരി സമയത്തേക്ക് നമ്മെ വിഷാദം വന്ന് മൂടുന്നുവെങ്കിൽ അതിനെ എതിർത്തു നിൽക്കാൻ ശ്രമിക്കാതെ കീഴടങ്ങുക എന്നതാണ്. കൂടുതൽ നന്ന് എന്ന് എനിക്കിപ്പോൾ തോന്നുന്നു.
മനസിനെ അതിന്റെ തന്നിഷ്ടപ്രകാരം യാത്ര ചെയ്യാൻ അനുവദിക്കുക
സ്വന്തം ജീവിതത്തിന്റെ എല്ലാ ആളുകേറാ മൂലകളിലും അതിന് പ്രവേശനം അനുവദിക്കുക . അത് തിരഞ്ഞെടുത്തു കൊണ്ടു വരുന്ന കയ്പോ മധുരമോ അതു പോലെ ആസ്വ്ദിക്കുക.
നിദ്രാശൂന്യമായ രാത്രികളേക്കാൾ അവനവന്റെ ജീവിതത്തെ ഇഴ കീറി പരിശോധിക്കാൻ കുറേക്കൂടി നല്ലത് സൂര്യൻ അണഞ്ഞൊതുങ്ങതിനു മുൻപുള്ള ഈ ഹൃസ്വ സമയമാണ് എന്ന് എനിക്ക് തോന്നുന്നു
‘ട്വി ലൈറ്റ് ‘ എന്ന് സായിപ്പന്മാർ വിളിക്കുന്ന ദിവസാംശം..
മഞ്ഞ കലർന്ന ഓറഞ്ച് നിറമുള്ളത്.




വളരെ വ്യത്യസ്തമായ കുറെ അറിവുകൾ💐🥳🎉🎉
👍