Tuesday, July 15, 2025
Homeസ്പെഷ്യൽസത്യൻ മാഷിന്റെ ഓർമ്മയിൽ. . ✍അഫ്സൽ ബഷീർ തൃക്കോമല

സത്യൻ മാഷിന്റെ ഓർമ്മയിൽ. . ✍അഫ്സൽ ബഷീർ തൃക്കോമല

മാനുവേൽ സത്യനേശൻ നാടാർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തു ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും സീമന്ത പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. ജെസ്സിയായിരുന്നു ഭാര്യ അദ്ദേഹത്തിന്റെ മൂന്ന് മക്കളും താരതമ്യേന കാഴ്ച കുറവുള്ളവരായിരുന്നു.

വിദ്വാൻ പരീക്ഷ പാസായ അദ്ദേഹം സെന്റ് . ജോസഫ് സ്കൂളിൽ അദ്ധ്യാപകനായി. പിന്നീട് ഒരു വർഷത്തോളം സെക്രട്ടറിയേറ്റിൽ ജോലി ചെയ്തു . അതിനു ശേഷം 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി. പിന്നീട് തിരുവിതാംകൂറിൽ പോലീസിൽ സബ് ഇൻസ്‌പെക്ടർ ജോലി കിട്ടി .

1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്ത് അദ്ദേഹം ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു . “നാടാർ ഇൻസ്പെക്ടർ” എന്ന പേരിലാണ് അന്ന് അറിയപ്പെട്ടത് . ഈ കാലത്തു ചില നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹത്തെ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സം‌ഗീത സം‌വിധായകൻ പല സിനിമ പ്രവർത്തകരെയും പരിചയപ്പെടുത്തി. എന്നാൽ, സിനിമയിൽ അവസരം ലഭിച്ചില്ല . പിന്നീട് കെ. ബാലകൃഷ്ണന്റെ സഹായത്തോടെ 1951ൽ അദ്ദേഹത്തിന് ഇനിയും പുറത്തിറങ്ങാത്ത “ത്യാഗസീമ “എന്ന സിനിമയിൽ വേഷം ലഭിച്ചു.

ഐ ജി റാങ്കിലെത്തേണ്ട അദ്ദേഹം പോലീസ് ജോലി ഉപേക്ഷിച്ചു .പേര് ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. പിന്നീട് 1952 ൽ “ആത്മസഖി “എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ആ ചിത്രം വിജയിച്ചതാടെ സത്യൻ എന്ന നടന്റെ ജൈത്ര യാത്ര തുടങ്ങുകയായിരുന്നു .1954 ൽ പുറത്തിറങ്ങിയ “നീലക്കുയിൽ, “ഉറൂബ് ,പി ഭാസ്കരൻ, രാമു കാര്യാട്ട് ,കെ. രാഘവൻ തുടങ്ങിയ പ്രതിഭാധനന്മാർ അണി നിരന്ന ചലച്ചിത്രം അദ്ദേഹത്തിന് വഴിത്തിരിവായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാള ചലച്ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യത്തെ സമ്പൂർണ മലയാള ചലച്ചിത്രവും അത് തന്നെ. പിന്നീട് സത്യനെന്ന നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .”ഓടയിൽ നിന്ന് “എന്ന ചിത്രത്തിലെ “പപ്പു”, ദത്തു പുത്രനിലെ” കുഞ്ഞച്ചൻ”,ദാഹം എന്ന ചിത്രത്തിലെ” ജയരാജൻ”, യക്ഷി എന്ന ചിത്രത്തിലെ “പ്രൊ. ശ്രീനി ” ,കുറ്റവാളിയിലെ” കേഡി കൃഷ്ണൻ”, അര നാഴികനേരത്തിലെ “മാത്തുക്കുട്ടി “തുടങ്ങി നൂറ്റി നാല്പത്തിയാറോളം സിനിമകൾ .

മലയാള സാഹിത്യ ലോകത്തെ പ്രതിഭകളെഴുതിയ കഥകൾ ചലച്ചിത്രമായി മാറിയതാണ് സത്യന് ഈടുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. രാഷ്ട്രപതിയുടെ സുവർണ ചകോരം ലഭിച്ച തകഴിയുടെ ചെമ്മീനിലെ “പളനി “എന്ന കഥാപാത്രം സത്യൻ മാസ്റ്ററുടെ സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടി (masterpiece)യാണ്. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ അദ്ദേഹം ഗുരുതരമായ രക്താർബുദ ബാധിതനായി .വിശ്രമമില്ലാതെ അഭിനയം തുടർന്നത് രോഗം മൂർച്ഛിക്കാൻ കാരണമായി “അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ സഹപ്രവർത്തകർക്ക് പോലും മനസ്സിലായത്. അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ എത്തി .

കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്നാണു അദ്ദേഹം അവസാനമായി പറഞ്ഞത് , 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ തന്റെ 59 ആം വയസിൽ സത്യനെന്ന അമൂല്യ പ്രതിഭ വിട പറഞ്ഞു. ഇന്ന് ചലച്ചിത്ര ലോകത്തു പ്രവർത്തിക്കുന്ന നക്ഷത്ര തുല്യരാണെന്ന മിഥ്യ ധാരണയിൽ ജീവിക്കുന്നവർ സത്യനെ പോലെയുള്ളവരുടെ ജീവ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും ……

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

2 COMMENTS

  1. സത്യന്റെ സിംഹാസനം ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുന്നു.
    അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ