നമ്മൾ പൊതുവേ പുറത്തുപറയാൻ മടിക്കുന്നതും എണ്ണത്തിൽ കുറവാണെന്ന് കരുതി ആശ്വസിച്ചിരുന്നതുമായ ഒരു രോഗത്തിന്റെ നിശബ്ദമായ വ്യാപനമാണ് കേരളത്തിലെ യുവാക്കൾക്കിടയിൽ വർധിച്ചു കൊണ്ടിരിക്കുന്നത്. ഈയടുത്തകാലത്തായി കേരള ആരോഗ്യവകുപ്പു പുറത്തു വിട്ട റിപ്പോർട്ടിലും, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലും, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകിയ റിപ്പോർട്ടിലും കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നതായി കാണിക്കുന്നു. അതിൽതന്നെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എയ്ഡ്‌സ് രോഗികൾ ഉള്ളത് ഓരോ മാസവും ശരാശരി 23 പേര് രോഗബാധിതർ ആവുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്തുള്ളത് തൃശൂർ മൂന്നാം സ്ഥാനത്തുമാണ് 15 മുതൽ 40 വയസു വരെയുള്ള യുവാക്കളുടെ ഇടയിൽ ആണ് എച്ച്ഐവി ഏറ്റവും കൂടുതൽ പകരുന്നത് എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
എയ്ഡ്സ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് അശ്ലീലമാണ്, പലരും പുറത്തുപറയാൻ മടിക്കുന്ന കാര്യവുമാണ്. ഒരു കാലത്ത് ഇതര സംസ്ഥാനങ്ങളിലും മറ്റും hiv കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്തകൾ കേട്ടുകൊണ്ടിരുന്ന നമ്മൾ ഇന്ന് നമ്മുടെ സംസ്ഥാനത്തിൽ എയ്ഡ്സ് രോഗികളുടെ വർധനയിൽ ആശങ്ക പ്പെട്ടു കൊണ്ടിരിക്കുന്നു. അതും ജെൻസി എന്നറിയപ്പെടുന്ന പുതു തലമുറകളിലാണ് എയ്ഡ്‌സ് പടരുന്നത് എന്നുള്ളത് ഏറെ ആശങ്ക ജനിപ്പിക്കുന്നു. പണ്ട് അറപ്പോടും വെറുപ്പോടും നോക്കിയിരുന്ന രോഗം ഇന്ന് കേരളത്തിൽ പടർന്നു പടർന്നു ഉയർന്നു പോകുന്നു.
പൊതുവെ എയ്ഡ്‌സ് രോഗസാന്ദ്രത നമ്മുടെ സംസ്ഥാനത്തു കുറവായിരുന്നു. പക്ഷെ ഇന്ന്?ഇന്നത്തെ സാഹചര്യം വളരെ കടുപ്പമാണ്. എയ്ഡ്‌സ് റിപ്പോർട്ടിന്റെ കണക്കുകളിൽ എത്രത്തോളം കൃത്യതയുണ്ടെന്നു നമുക്ക് പറയാൻ കഴിയില്ല
എയ്ഡ്സ് രോഗികളെ കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യവും കേരളത്തിലുണ്ട് കാരണം അതിഥി തൊഴിലാളികളും മറ്റു ആളുകളും എല്ലാംകൂടി ഉൾപ്പെടുമ്പോൾ കേരളത്തിലെ എയ്ഡ്സ് വ്യാപനത്തിന്റെ വർദ്ധനവ് എന്നുപറയുന്നത് ഭീകരമായ വിധത്തിലാണെന്ന് നമുക്ക് മനസ്സിലാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
എയ്ഡ്സ് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആണെന്ന് കേട്ടിട്ടുണ്ട്, ഒന്നിലധികം പങ്കാളികളുമായി ബന്ധപ്പെടുന്നത് എയ്ഡ്‌സ് രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. കുടുംബത്തിൽ ആണെങ്കിലും അവിഹിതങ്ങളും, മറ്റു ലൈംഗിക ബന്ധങ്ങൾ അന്വേഷിച്ചു പോകുന്നവരും ഇന്നത്തെ കാലത്ത് പുതുമയില്ലാത്ത കാഴ്ച്ചകളാണ്. ട്രാൻസ്‌ജണ്ടർ, ഗേ, ലെസ്ബിയൻ തുടങ്ങി കൗതുകമായ ഒട്ടേറെ ബന്ധങ്ങൾ. സ്വവർഗ്ഗ രതിയും, മറ്റു അവിഹിത ബന്ധങ്ങളും എല്ലാം ഉയരുന്ന സാഹചര്യത്തിൽ എയ്ഡ്‌സ് വ്യാപനത്തിന്റെ സാധ്യതയും ഉയരുന്നു.
പക്ഷേ ഇന്ന് അത് മാത്രമല്ല യുവാക്കൾക്കിടയിൽ അമിതമായ സിന്തറ്റിക് ലഹരികളുടെ ഉപയോഗവും, ടാറ്റൂവും എല്ലാം ഒരുതരത്തിൽ ഇത്തരം hiv വൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്നു എയ്ഡ്‌സ് കണ്ട്രോൾ സോസൈറ്റിയുടെ റിപ്പോർട്ടുകൾ പറയുന്നത്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗവും അതുവഴി പരിചയപ്പെട്ട ആളുകളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും എയ്ഡ്സ് പകരുന്നതിന് വലിയൊരു കാരണമായിട്ടുണ്ട്. പലരെയും രോഗം നിർണയിക്കാൻ കണ്ടെത്താൻ കഴിയാത്ത സാഹചര്യവും ഇതിനു പിന്നിലുണ്ട്. പല യുവാക്കളും ഡേറ്റിംഗ് ആപ്പുകൾ വഴി നേരെ ലൈംഗിക ബന്ധത്തിലേക്ക് പോകുന്നുണ്ട് പക്ഷേ പലരും സുരക്ഷയെ മറക്കുന്നു. കോണ്ടമോ മറ്റ് സുരക്ഷിത മാർഗ്ഗങ്ങളോ സ്വീകരിക്കാതയുള്ള ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങൾ എച്ച്ഐവി വൈറസിന്റെ വ്യാപനത്തിന് കാരണമാകുന്നു. പലരും കാര്യമായി എയ്ഡ്സ് രോഗ നിർണയ ടെസ്റ്റുകൾ ചെയ്യാത്തതുകൊണ്ട് തന്നെ ഇതിന്റെ വ്യാപനം വർധിക്കാൻ മറ്റൊരു കാരണവുമായിട്ടുണ്ട് .
ലൈംഗിക ബന്ധങ്ങൾ പോലെ തന്നെ ലഹരി മരുന്നുകളുടെ ഉപയോഗവും എച്ച്ഐവി പടരുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. നമ്മൾ കണ്ടതാണ് പൊതുസ്ഥലങ്ങളിൽ ഒരു സുരക്ഷയും, ജാഗ്രതയും ഇല്ലാതെ ലഹരി മരുന്നുകൾ പരസ്പരം കുത്തിവയ്ക്കുന്ന ഒരുകൂട്ടം ആളുകൾ ഒരേ സിറിഞ്ചിലൂടെ ഒരേ നീഡിൽ ഉപയോഗിച്ച് പലരും കുത്തിവയ്ക്കുന്നു. അണു വിമുക്തമാക്കാത്ത ഇത്തരം സിറിഞ്ചുകളും സൂചികളും എയ്ഡ്സ് വർദ്ധനവിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ലഹരി വ്യാപനത്തെ തടയുകയല്ലാതെ വേറെ മാർഗങ്ങൾ ഇല്ല.
മൂന്നാമതായി യുവാക്കൾക്കിടയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ടാറ്റു ചെറിയൊരു ശതമാനമാണെങ്കിൽ പോലും ആ ശതമാനത്തെ നമ്മൾക്ക് തള്ളിക്കളയാൻ ആവില്ല.കാരണം നീഡിൽ ഉപയോഗിച്ച് തൊലിക്കുള്ളിലേക്കാണ് ടാറ്റൂ ഇൻക് ഇൻജക്റ്റ് ചെയ്യുന്നത്. ഒരാൾക്ക് ഉപയോഗിച്ച ശേഷം അതെ നീഡിൽ ശരിയായ രീതിയിൽ അണുവിമുക്തമാക്കാതെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ടാറ്റൂ ചെയ്യുമ്പോൾ സുരക്ഷക്കു പ്രാധാന്യം നൽകുക.
പുതുതായി റിപ്പോർട്ട് ചെയ്യുന്ന എച്ച്‌ഐവി കേസുകളുടെ കണക്കുകൾ വെറും ഒരു വിവരശേഖരമായി കാണാനാകില്ല. അത് സമൂഹത്തിന്റെ ഭാവിയെ നിർണയിക്കുന്ന സാമൂഹിക സ്വഭാവത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിലുപരി, ആരോഗ്യമേഖലയിൽ ലോകത്തിന് തന്നെ മാതൃകയായിരിക്കുന്ന കേരളത്തിൽ യുവാക്കളിൽ ഈ രോഗവ്യാപനം സംഭവിക്കുന്നത് സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കു നേരെ ചോദ്യചിഹ്നം ഉയർത്തുകയാണ്.
എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ചികിത്സയായ ആന്റിറെട്രോവൈറൽ തെറാപ്പി വഴി, ജന്മനാ എയ്ഡ്സ് ബാധിതരായി കുഞ്ഞുങ്ങൾ ജനിക്കുന്ന സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാക്കാൻ സാധ്യമാണ്. വൈകാതെ രോഗനിർണ്ണയം നടത്തി, ചികിത്സയിലൂടെ ശരീരത്തിലെ വൈറസ് ലോഡ് കൃത്യമായി നിയന്ത്രിക്കുന്ന ഒരാൾക്ക്, ദീർഘകാലം മരുന്ന് കഴിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതുപോലെ തന്നെ, ഇന്ന് എയ്ഡ്സ് നിയന്ത്രിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് ജീവിതത്തിന്റെ അവസാനമല്ല. അശ്രദ്ധയും അജ്ഞതയും മൂലം ക്ഷണികമായ സുഖത്തിനായി സ്വന്തം ആരോഗ്യത്തെ ബലികഴിക്കാതിരിക്കുക എന്നതാണ് യുവതലമുറ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ ആരോഗ്യ വകുപ്പും, എയ്ഡ്‌സ് കണ്ട്രോൾ സോസൈറ്റിയും എല്ലാം hiv ബാധ നിയന്ത്രണ വിധേമാക്കാൻ ശ്രമിക്കുന്നുണ്ട്. ശ്രവ പരിശോധനയും മറ്റു ചികിത്സകളും സൗജന്യമാണ്.
എച്ച്.ഐ.വി സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള ജ്യോതിസ് കേന്ദ്രങ്ങളെ സമീപിക്കാം. കേരളത്തിലെ ജ്യോതിസ് കേന്ദ്രങ്ങളിൽ രോഗപരിശോധന, ചികിത്സ, കൗൺസിലിംഗ് എന്നിവ സൗജന്യമായി ലഭ്യമാണ്.




Scary…😳
എന്നും പേടിപ്പെടുത്തുന്ന ഒരു വിഷയം!
വളരെ നല്ല ആർട്ടിക്കിൾ ഒരുപാട് അറിവ് പകരുന്നത്.💐🥳🎉🌹