A) ഭക്ഷണത്തിൽ സ്വർണ്ണം

ഭക്ഷണക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ത്യക്കാർ. പലപ്പോഴും നമ്മൾ അതിയായ ശ്രദ്ധ തന്നെ ചെലുത്തുന്നു! പുരാതനകാലം മുതൽക്കേ വിശിഷ്ടഭോജ്യങ്ങൾ സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള നേർത്ത തകിട് കൊണ്ട് മൂടി അലങ്കരിക്കുന്ന സമ്പ്രദായമുണ്ട്. ഇതിനെ ‘വരക്’ എന്നാണ് വിളിക്കുക.
ബയോളജിക്കലായി നിഷ്ക്രിയമായ ലോഹമായി കണക്കാക്കപ്പെടുന്നതാണ് സ്വർണ്ണം. നമ്മൾ സ്വർണ്ണം കഴിച്ചാലും, ദഹിക്കാതെ വിസർജ്ജിക്കപ്പെടും. എന്നാൽ നാം ഉപയോഗിക്കുന്ന സ്വർണ്ണം ശുദ്ധസ്വർണ്ണം ആയിരിക്കണമെന്ന് മാത്രം. അതായത് 22-24 കാരറ്റുള്ള സ്വർണ്ണമാണ് നാം കഴിക്കേണ്ടതെന്ന് സാരം. സ്വർണ്ണത്തിന്റെ കാരറ്റ് കുറയുന്തോറും അതിന് അശുദ്ധി കൂടുന്നു. ഇത്തരം സ്വർണ്ണം കഴിക്കുന്നത് സുരക്ഷിതമല്ല. കഴിക്കാൻ ഉദ്ദേശിച്ചാണ് നിങ്ങൾ സ്വർണ്ണം വാങ്ങുന്നതെങ്കിൽ അതിൽ ‘എഡിബിൾ’ (ഭക്ഷിക്കാവുന്നത്) എന്ന ലേബൽ കാണും. അത്തരം സ്വർണ്ണത്തിന് 22-24 കാരറ്റ് ഉണ്ടായിരിക്കുകയും ചെയ്യും.
കഴിക്കാനായി 10 ഗ്രാം സ്വർണ്ണം വാങ്ങുകയാണെന്ന് കരുതുക. ഏകദേശം 30,000 രൂപ നൽകേണ്ടി വരും. എല്ലാവർക്കും ഇതിന് സാധിക്കില്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഇത്തരം സ്വർണ്ണം പാളികൾ അല്ലെങ്കിൽ ഇലയുടെ രൂപത്തിലാണ് വരുന്നത്. സ്വർണ്ണം അടിച്ച് പരത്തിയാണ് ഇതുണ്ടാക്കുന്നത്. അതിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് ഗ്രീസ് പുരളാത്ത പേപ്പറിൽ അത് പൊതിയുന്നു. ശുദ്ധസ്വർണ്ണത്തിന് ഒരു രുചിയും ഉണ്ടാകില്ല. ആഢംബരത്തിന്റെ അവസാന വാക്കായാണ് സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ഭക്ഷണം കണക്കാക്കപ്പെടുന്നത്. ഈ ആഢംബര ഭക്ഷണത്തിന് രുചിയും ടെക്സ്ച്വറുമില്ല എന്നും ഭക്ഷണത്തിനൊരു മൂല്യവും ഇതിനാൽ കൂടില്ല എന്നതും ശ്രദ്ധേയമാണ്.
പുതിയ ട്രെൻഡൊന്നും അല്ല സ്വർണ്ണം ചേർത്ത ഭക്ഷണം. പുരാതനകാലം മുതൽക്കേ ഈ രീതി ഈജിപ്തുകാർക്ക് ഇടയിലുണ്ട്. പുരാതനകാലത്ത് ഫറവോമാരുടെ കല്ലറകൾ അലങ്കരിക്കാൻ സ്വർണ്ണ ഇലകൾ ഉപയോഗിച്ചിരുന്നു. കാരണം ഈജിപ്തുകാർ സ്വർണ്ണ ഇലകളെ കണ്ടിരുന്നത് വിശുദ്ധ ഭക്ഷണമായിട്ടാണ്. സ്വർണ്ണ ഭക്ഷണം കഴിച്ചാൽ ദൈവങ്ങൾക്ക് തുല്യരാകാം എന്നവർ കരുതി. അലക്സാൻഡ്രിയയിലാണ് ഈ സമ്പ്രദായം ആദ്യം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 5000 വർഷങ്ങൾക്ക് മുമ്പാണ് ഈ സമ്പ്രദായം ഉത്ഭവിച്ചത്.
ഇന്ന് സാഹചര്യം മാറി. ശുദ്ധസ്വർണ്ണത്തിന്റെ ബയോളജിക്കലായ നിഷ്ക്രിയതയെ കുറിച്ച് എല്ലാവർക്കും ഇന്ന് ധാരണയുണ്ട്. എന്നാൽ ആഢംബരം കാണിക്കാൻ വിശിഷ്ടഭോജ്യങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്ന രീതിക്ക് മാറ്റമൊന്നുമില്ല. സ്വർണ്ണ ഇലകൾ തൂവിയ റിസോട്ടോകളും കഴിക്കാവുന്ന സ്വർണ്ണത്തിന്റെ 8 പാളികളുള്ള ബർഗറുകളും മറ്റും ഇന്ന് അത്യാഢംബര ഹോട്ടലുകളിൽ ലഭ്യമാണ്. മദ്യത്തിലും സ്വർണ്ണം ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? ഗോൾഡ്ഷ്ളാഗർ എന്നറിയപ്പെടുന്ന ഒരു വിശിഷ്ടമദ്യം ജർമ്മനിയിലുണ്ട് സ്വർണ്ണം ചേർത്താണ് ഇതുണ്ടാക്കുന്നത്. കിഴക്ക ൻ യൂറോപ്പിൽ സ്വർണ്ണം തൂവിയ മദ്യം വിളമ്പുന്ന പതിവുണ്ട്.
എന്തായാലും, ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഉപയോഗം കൂടുതലായും കണ്ടുവരുന്നത് മധുരപലഹാരങ്ങളിലാണ്. എന്നാലും, ഭാവിയിൽ പാശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലും കാണുന്നത് പോലെയുള്ള ട്രെൻഡുകൾ ഇന്ത്യയിലും പ്രചരിക്കാൻ സാധ്യതയുണ്ട്.
B)നിങ്ങളുടെ മൊബൈൽ ഫോണിലുണ്ട് സ്വർണ്ണം

നിങ്ങൾ അടുത്ത തവണ സെൽഫോണോ സ്മാർട്ട് ഫോണോ കയ്യിലെടുക്കുമ്പോൾ ഓർക്കുക: അതിനുള്ളിൽ സ്വർണ്ണമുണ്ട്. സ്വർണ്ണം ഒരിക്കലും തുരുമ്പിക്കാത്തതിനാൽ, ഫോണിന്റെ ഇന്റഗ്രേറ്റഡ് സർക്യൂട്ടിലെ (IC) ചെറിയ കണക്ടറുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നു, വാസ്തവത്തിൽ ഈ ഫോണിനെ അതിശയകരമായ ഉപകരണമാക്കുന്നതിൽ സ്വർണ്ണം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ വളരെയധികം അളവിലുള്ള സ്വർണ്ണമൊന്നും സ്മാർട്ട് ഫോണുകളിൽ ഇല്ല. ഏകദേശം 50 മില്ലീഗ്രാം സ്വർണ്ണമാണ് അതിലുള്ളത്. അതായത് മുപ്പത് രൂപാ മുതൽ മുപ്പത്തിയഞ്ച് രൂപാ വരെ മൂല്യമുള്ള സ്വർണ്ണം. എന്നാൽ, ആളുകൾ ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണം കോടിക്കണക്കിനാണ് എന്നറിയുമ്പോൾ, ഇവയിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തെ കുറിച്ച് നിങ്ങൾക്ക് ഏകദേശ ധാരണ ലഭിക്കും.
ഇന്ത്യയിൽ 800 മില്യൺ സെൽ ഫോണുകളാണ് ഉള്ളതെന്ന് അനുമാനിക്കുകയാണെങ്കിൽ, 1,000 കോടി രൂപയേക്കാൾ മൂല്യമുള്ള സ്വർണ്ണമാണ് അവയിൽ അടങ്ങിയിരിക്കുന്നത്! നമുക്ക് ഈ ചിന്ത ഒന്നുകൂടി വികസിപ്പിക്കാം. വ്യത്യസ്ത സർക്കാർ ഏജൻസികൾ സൂചിപ്പിക്കുന്നത് ഒരു വർഷം നമ്മൾ ഒരു ബില്യൺ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട് എന്നാണ്. അതായത് മൊബൈൽ ഫോണുകളിൽ മാത്രം ഉപയോഗിക്കുന്നതിന് 3,500 കോടി രൂപയുടെ സ്വർണ്ണം ആവശ്യമാണ് എന്നർത്ഥം.
ഇന്ത്യയിൽ 800 മില്യൺ സെൽ ഫോണുകളാണ് ഉള്ളതെന്ന് അനുമാനിക്കുകയാണെങ്കിൽ, 1,000 കോടി രൂപയേക്കാൾ മൂല്യമുള്ള സ്വർണ്ണമാണ് അവയിൽ അടങ്ങിയിരിക്കുന്നത്! നമുക്ക് ഈ ചിന്ത ഒന്നുകൂടി വികസിപ്പിക്കാം. വ്യത്യസ്ത സർക്കാർ ഏജൻസികൾ സൂചിപ്പിക്കുന്നത് ഒരു വർഷം നമ്മൾ ഒരു ബില്യൺ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട് എന്നാണ്. അതായത് മൊബൈൽ ഫോണുകളിൽ മാത്രം ഉപയോഗിക്കുന്നതിന് 3,500 കോടി രൂപയുടെ സ്വർണ്ണം ആവശ്യമാണ് എന്നർത്ഥം.
ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന സ്വർണ്ണം, നമ്മൾ ബഹിരാകാശത്തും എത്തിക്കുന്നു. കാരണം, നമ്മൾ വിക്ഷേപിക്കുന്ന സാറ്റലൈറ്റുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. ഇൻഫ്രാ-റെഡ് റേഡിയേഷനെ പ്രതിരോധിക്കുന്നതിനും താപനില സുസ്ഥിരമാക്കുന്നതിനും ബഹിരാകാശക്കപ്പലുകളിൽ സ്വർണ്ണം പൂശിയിട്ടുള്ള പോളിയിസ്റ്റർ ഫിലിം ഉപയോഗിക്കുന്നു. ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന ജിയോളജി ഡോട്ട് കോം പറയുന്നത്, സ്വർണ്ണം ഉപയോഗിക്കുന്നില്ലെങ്കിൽ, ബഹിരാകാശക്കപ്പലുകളുടെ ഇരുണ്ട ഭാഗങ്ങൾ ഗണ്യമായ തോതിൽ താപം ആഗിരണം ചെയ്യുമെന്നാണ്. ഈ ഉദ്ദേശ്യത്തിനായി, യുഎസ് ബഹിരാകാശക്കപ്പലായ കൊളംബിയ 41 കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചത് (ബഹിരാകാശ സഞ്ചാരികളുടെ ഹെൽമെറ്റുകളിൽ ഉപയോഗിച്ച സ്വർണ്ണം ഉൾപ്പെടെയാണിത്)!
മൊബൈൽ ഫോണുകളെ പോലെ തന്നെ, കമ്പ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലും സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു. കൃത്യമായി പറയുകയാണെങ്കിൽ, സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത്, കമ്പ്യൂട്ടറിന്റെ ‘തലച്ചോർ’ എന്ന് അറിയപ്പെടുന്ന സെൽട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU) നിർമ്മിച്ചിരിക്കുന്ന സർക്യൂട്ട് ബോർഡുകളിലാണ്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പവർ എത്തിക്കുന്നതിനും ഇതിലൂടെ വ്യത്യസ്ത ഭാഗങ്ങൾ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിനും സ്വർണ്ണം ഉപയോഗിക്കപ്പെടുന്ന സർക്യൂട്ട് ബോർഡുകൾ സഹായിക്കുന്നു. വില്ലി നെൽസന്റെ പ്രശസ്തമായ പാട്ട് പോലെ, നമുക്കും പാടാം, “ഗോൾഡ് ഈസ് ഓൾവേയ്‌സ് ഓൺ ഇറ്റ്‌സ് മൈൻഡ്”.
C) വായിലും സ്വർണ്ണം

ദന്തവൈദ്യത്തിൽ സ്വർണ്ണം പല്ലിന്റെ മേൽമൂടിയായും ശിഖരങ്ങളായും പൂരണദ്രവ്യമായും (ഫില്ലിങ്സ്) ഉപയോഗിക്കുന്നു. മേൽമൂടികളും ശിഖരങ്ങളും സാമാന്യേന ഭാരംകുറവായതിനാൽ അവയിൽ അധികം സ്വർണ്ണമുണ്ടാകാനിടയില്ല. എന്നാൽ സ്വർണ്ണപ്പല്ലുകൾ 66% സ്വർണ്ണമടങ്ങിയ (16 കാരറ്റ് ) ലോഹക്കൂട്ടുകൊണ്ട് ഉണ്ടാക്കുന്നതാകയാൽ ഒന്നിന് ഏകദേശം 3 ഗ്രാം തൂക്കം വരും.
പല്ലിന്മേൽ അണിയുന്ന ആഭരണമാണ് ഗ്രിൽ. സിലിക്കൺ ഡൈ ഉപയോഗിച്ച് പല്ലിന്റെ ആകൃതിയിൽ അപൂർവ്വലോഹങ്ങൾ കൊണ്ടുണ്ടാക്കുന്നവയാണ് ഗ്രില്ലുകൾ. പൊതുവെ ഊരിമാറ്റാൻ സാധിക്കുന്നവയാണ് ഇവ. 1980കളിൽ ഹിപ്ഹോപ് സംസ്കാരത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ആർട്ടിസ്റ്റുകൾക്കിടയിൽ ഒരു ഫാഷൻ പ്രവണതയായാണ് ഗ്രില്ലുകളുടെ ഉപയോഗം ആരംഭിച്ചത്. അത് പിന്നീട് ജനപ്രീതി നേടി. പല്ലുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ഉപയോഗങ്ങൾക്കും 16 കാരറ്റ് (66%) സ്വർണ്ണമാണ് ആവശ്യമായി വരുന്നത്. അതിനുതാഴെയുള്ളവയെല്ലാം വളരെ മൃദുവായതിനാൽ ഭക്ഷണം ചവയ്ക്കല്ലിന്റെ മർദ്ദംകൊണ്ട് അവയ്ക്ക് പെട്ടെന്ന് രൂപമാറ്റം സംഭവിക്കും.
നിങ്ങൾ ഒരു ഹിപ്ഹോപ് കലാകാരനോ, പല്ലിൽ സ്വർണ്ണമുള്ള മറ്റാരെങ്കിലോ ആകട്ടെ, നിങ്ങളുടെ വായിലെ സ്വർണ്ണത്തിന് അത്യാവശ്യത്തിന് വിലയുണ്ട്. ഒരു ഗ്രാം 16 കാരറ്റ് സ്വർണ്ണത്തിന് ഏതാണ് 1700 രൂപ (ജൂലൈയ് 2017ലെ നിരക്കനുസരിച്ച്) വിലയുണ്ട്. അപ്പോൾ നിങ്ങളുടെ വായിൽ എത്രരൂപയുടെ സ്വർണ്ണമുണ്ട്?
നിങ്ങളുടെ 32 പല്ലുകൾക്കും 3 ഗ്രാം വീതം തൂക്കമുള്ള ഗ്രിൽ ഉണ്ടെന്ന് അനുമാനിക്കുക. അപ്പോൾ നിങ്ങളുടെ വായിൽ 96 ഗ്രാം 16 കാരറ്റിന്റെ സ്വർണ്ണമുണ്ട്. ഗ്രാമിന് 1700 രുപ നിരക്കിൽ കണക്കാക്കുമ്പോൾ അത് സാമാന്യം വലിയ തുകയാണ് – 1,63,000 രൂപ. ആ പൈസ കൊണ്ട് നിങ്ങൾക്ക് അമേരിക്കയിൽ പോയിവരാനുള്ള വിമാന ടിക്കറ്റ് കിട്ടും, അല്ലെങ്കിൽ 5 ഐഫോണുകൾ വാങ്ങാം, അതുമല്ലെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് ഒന്നുരണ്ട് എൽസിഡി ടിവികൾ വാങ്ങാം!
D) സുവർണ്ണ ദോശകൾ

ദാ, നമ്മുടെ എളിയ ദോശയ്ക്ക് ഇന്ത്യയുടെ ഐടി തലസ്ഥാനത്ത് ഒരു രാജകീയ പരിണാമം!
ഇന്ത്യൻ പാൻകെയ്ക് അഥവാ ദോശയുടെ ജനപ്രീതിയെപ്പറ്റി പറയേണ്ടതില്ലല്ലോ? ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുമ്പാണ് ദക്ഷിണേന്ത്യയിൽ ഇതിന്റെ എളിയ തുടക്കം. ദോശയുടെ ജന്മസ്ഥലം എവിടെയാണെന്നത് ഊഹാപോഹങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും, പൊതുവായി പറഞ്ഞാൽ കർണ്ണാടകയിലെ ഉടുപ്പിയിലാണ് ഇത് ജന്മമെടുത്തത്. എന്നാൽ, ദക്ഷിണേന്ത്യയിലെ ഭരണാധികാരിയായ സോമേശ്വരൻ മൂന്നാമൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ സംഗ്രഹിച്ചെഴുതിയ മാനസോല്ലാസം എന്ന സംസ്കൃത വിജ്ഞാനകോശത്തിൽ ദോശയുടെ പാചകവിധി (ദോശകാ എന്ന പേരിൽ) പ്രതിപാദിച്ചിട്ടുണ്ടെന്ന് കെ.ടി. അച്ചായയുടെ ദ സ്റ്റോറി ഓഫ് അവർ ഫുഡ് എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഇന്ന് ദോശ പല പേരുകളിൽ പല രൂപങ്ങളിൽ, ഇന്ത്യയിൽ മാത്രമല്ല പലദേശങ്ങളിലും ലഭ്യമാണ്. പരമ്പരാഗതമായ മസാല ദോശ, റവ ദോശ എന്നിവയിൽ നിന്നും ആധുനിക വകഭേദങ്ങളായ ചൈനീസ് ദോശ, ചോക്ലേറ്റ് ദോശ മുതലായവ പരീക്ഷണകുതുകികൾക്ക് മുന്നിലെത്തിയിരിക്കുന്നു.
ബാംഗ്ലൂരിന്റെ ഹൃദയഭാഗത്തുള്ള ഒരു റസ്റ്റോറന്റ് ഉടമ ആരും ഇന്നുവരെ പരീക്ഷിക്കാത്ത ഒരു പ്രവർത്തി ചെയ്യാൻ ധീരത കാണിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി രാജ് ബോഗ് എന്ന റസ്റ്റോറന്റ് ശുദ്ധസ്വർണ്ണം പൂശിയ ദോശയുമായി രംഗത്തുവന്നിരിക്കുന്നു.
ഒരു മില്ലിഗ്രാം സ്വർണ്ണം പൂശിയ പ്ലെയിൻ ദോശ പന്ത്രണ്ടു സെന്റിമീറ്റർ നീളവും വീതിയുമുള്ള സ്വർണ്ണ ഫോയിലിലാണ് റസ്റ്റോറന്റിൽ എത്തുന്നവർക്ക് നൽകുന്നത്. ഈ രാജകീയ ദോശയുടെ വില കേട്ടാൽ നാം ഞെട്ടുമോ? 1,011 രൂപ (ഏകദേശം 20 സാദാ ദോശയുടെ വില). ബിബിസി തമിഴ് സർവീസിലെ പി. ശിവരാമകൃഷ്ണനാണ് ഈ വിവരം പുറത്തുവിട്ടത്.
സ്വർണ്ണം പ്രാചീന ഇന്ത്യക്കാരുടെ ഇഷ്ടലോഹമായിരുന്നു. പ്രമേഹത്തിനും സന്ധിവാതത്തിനുമുള്ള ആയുർവേദ മരുന്നുകളിൽ വരെ അവർ സ്വർണ്ണം ചേർത്തിരുന്നു. അപ്പോൾപ്പിന്നെ അത്ഭുതപ്പെടാനില്ല! നാം നമ്മുടെ പൂർവികരുടെ പാത പിന്തുടരുകയാണ്. ഒരൽപ്പം കൂടുതൽ പണം ഭക്ഷണത്തിനു ചിലവഴിക്കാൻ തയ്യാറുള്ള ആർക്കും ഈ രാജകീയ ദോശ ആസ്വദിക്കാം.




കൗതുകം