ഇന്ത്യയുടെ ഹണിമൂൺ / റൊമാന്റിക് സ്ഥലമായി പേരു കേട്ടതാണ് കുളു – മണാലി .ഹിമാചൽ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനാണ് മണാലി . സമുദ്ര നിരപ്പിൽ നിന്നും 6398 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
(Manali) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.
റോഡിന്റെ സൈഡ് ചേർന്ന് ഒഴുകുന്ന നദിയും വലിയ മലകളും തണുപ്പുമൊക്കെയായി പഞ്ചാബ് പോലെയല്ല വേറെയൊരു ഭൂപ്രകൃതിയാണിവിടെ.ഹിമാലയത്തോട് ചേർന്ന് കിടക്കുന്ന ഈ വിസ്മയ ഭൂമി അതിമനോഹരം.പോകുന്ന വഴിയെല്ലാം ‘വൈറ്റ് റിവർ റാഫ്റ്റിങ് ‘ , സ്കീയിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് എന്നിങ്ങനെ പലതരം സാഹസിക കായിക വിനോദങ്ങൾ ചെയ്യാനുള്ള പരസ്യങ്ങളായിരുന്നു.
മനോഹരമായ താഴ്‌വരകൾ,മഞ്ഞുമൂടിയ പർവതങ്ങൾ, ഓക്ക്, ദേവദാരു, പൈൻ എന്നിവയുടെ സമൃദ്ധമായ വനങ്ങളൊക്കെയായി അതിമനോഹരമായ കാഴ്ചകളാണ്.
ഡിസംബർ മാസം മുതൽ ശരിയായ രീതിയിൽ ആരംഭിക്കുന്ന ശീതകാലം, കനത്ത മഞ്ഞുവീഴ്ചയുടെ കാലമാണ്.മഞ്ഞുകാലത്തിന്റെ തണുപ്പ് ജനുവരി ശേഷവും മണാലിയിൽ തുടരുന്നു. പക്ഷേ മഞ്ഞുവീഴ്ച കുറയുന്നു.
മഞ്ഞുമലയുടെ കാഴ്ചക്കായി മണാലിയിൽ നിന്ന് 12 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന സോളാങ് താഴ് വരയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.മഞ്ഞ് കാണാനായിട്ട് വേറെ എവിടെയും പോകേണ്ടതില്ല.സാഹസിക കായിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയോ എന്നതിശയം തോന്നുന്ന കാഴ്ചകളാണ്.
അത്ഭുതകരമായ കേബിൾ കാർ സവാരി സോളാങ് താഴ്‌വരയിൽ നിന്ന് ആരംഭിച്ച് 3200 മീറ്റർ ഉയരത്തിൽ ഫാട്രു പർവതത്തിൽ അവസാനിക്കുന്നു. കേബിൾ കാറിൽ നിന്നുള്ള മഞ്ഞുമൂടിയ മലനിരകളുടെ ആകർഷകമായ കാഴ്ചകൾ അതിമനോഹരമാണ്! ഏകദേശം 1.5 കി.മീ ദൂരമാണ് ആ സഞ്ചാരം.
ഉയർന്നു നിൽക്കുന്ന ആ വലിയ പൈൻ മരങ്ങളുടെ മുകളിലൂടെയുള്ള യാത്ര ആകർഷകമായ ചുറ്റുപാടുകളും മനോഹരമായ പക്ഷി-കാഴ്ചകളും വ്യത്യസ്തമായ അനുഭവങ്ങളാണ്. യാത്രയുടെ ഇടയിൽ ഒന്നു – രണ്ടു പ്രാവശ്യം കേബിൾ കാർ നിന്നു പോയപ്പോൾ , ഇനി ഇവിടെയെങ്ങാനും ‘കുടുങ്ങി പോയോ’ എന്നോർത്ത് ചെറിയ ഭയവും തോന്നാതിരുന്നില്ല.
മോട്ടോസ്‌കൂട്ടർ, സ്‌നോ മോട്ടോർബൈക്ക്, യാക്ക് റൈഡിംഗ്, സ്കേറ്റിംഗ് തുടങ്ങിയ നിരവധി റൈഡുകൾ ലഭ്യമാണ്. അതിൽ സ്നോ മോട്ടോർ ബൈക്ക് റൈഡ് പരീക്ഷിച്ചു. 2-3 മിനിറ്റ് വരെയുള്ള റൈഡിന് വില കൂടുതൽ അല്ലേ എന്ന് തോന്നിയെങ്കിലും ഇതെല്ലാം വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ അല്ലേ എന്ന തരത്തിൽ സമാധാനിച്ചു. സ്നോ ജാക്കറ്റുകളും ബൂട്ടുകളും വാടകയ്ക്ക് ലഭിക്കുന്നതാണ്.
ഹിന്ദുപുരാണത്തിലെ ഹിഡുംബൻ എന്ന അസുരന്റെ പെങ്ങളായ ഹഡിംബയുടെ ക്ഷേത്രവും മറ്റൊരാകർഷണമാണ്. 1533 ലുള്ള ഈ ക്ഷേത്രത്തിന്റെ രൂപശില്പം മനോഹരമാണ്.
പഗോഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചത്. തടികൊണ്ടുള്ള നാല് നിലകളുള്ള ഈ നിർമ്മിതിക്ക് ധൂംഗ്രി ക്ഷേത്രം എന്നും പേരുണ്ട്.
ക്ഷേത്രത്തിൽ ഒരു വിഗ്രഹവും ഇല്ല, ഒരു കല്ലിൽ ഒരു കാൽപ്പാട് മാത്രം. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിലെ ഐതിഹ്യം പറയുന്നത്, ഈ ക്ഷേത്രം പണികഴിപ്പിച്ച രാജാവ് അതിന്റെ ഭംഗിയിൽ വിസ്മയിക്കുകയും കലാകാരന്റെ വലതു കൈ മുറിക്കാൻ ഉത്തരവിടുകയും ചെയ്തു. തന്റെ മാസ്റ്റർപീസ് ആവർത്തിക്കുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്തത്രേ.
ഐതീഹ്യം ആളെ പേടിപ്പിക്കുമെങ്കിലും വളരെ ഉയരമുള്ള ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം വളരെ ശാന്തമായ ഒരു സ്ഥലം എന്നു പറയാം. അവിടെയൊന്നും തിരക്കില്ലാത്തതു കൊണ്ട് ആ ക്ഷേത്രത്തിനോട് സ്പെഷ്യൽ ഇഷ്ടം.
ക്ഷേത്രത്തിന് മുൻപിലുണ്ടായിരുന്ന യാക്ക്, കണ്ടാൽ പേടി തോന്നുമെങ്കിലും ആളൊരു ശാന്തശീലനായിരുന്നു. അതിന്റെ മുകളിലിരുന്ന് നമുക്ക് ഫോട്ടോയെടുക്കാം.
അതുപോലെ ഹിമാലയൻ നിവാസികളുടെ വേഷം ധരിച്ചു കൊണ്ടുള്ള ഫോട്ടോയും എടുക്കാം. എല്ലാത്തിനും ചെറിയ ഒരു ഫീസ് വാങ്ങിക്കുന്നതാണ്.
ഏത് കാലാവസ്ഥയിലും ഇങ്ങോട്ട് യാത്ര ചെയ്യാവുന്നതാണ് . വൈകുന്നേരങ്ങളിൽ കറങ്ങി നടക്കാനും ഷോപ്പിംഗിനുമായി മാൾ റോഡ്. അവിടുത്തെ പല കാഴ്ചകളും
ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയോ എന്നതിശയം തോന്നുന്നവയാണ്. മണാലി
വിനോദസഞ്ചാരികളുടെ പറുദീസ!
Thanks
മണാലി കാഴ്ചകൾ ഇഷ്ടത്തോടെ വായിച്ചു ഒരുപാട് സന്തോഷം..
ഒന്ന് പോകാൻ തോന്നുന്നുണ്ട്
Thanks ❤️
Super🌹
Thanks ❤️
വളരെ നന്നായിട്ടുണ്ട് വിവരണം….👍👍❤️❤️
Thanks ❤️
Super ❤️
Thanks ❤️