സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് അന്നത്തെ കേരളത്തിലെ സാമൂഹിക അസമത്വത്തിനെതിരെ ആയിരുന്നു. ജാതിവ്യവസ്ഥയുടെ ഭീകരമായ മുഖം തന്നെ കേരളത്തിൽ നിലനിന്നിരുന്നു. ജാതീയമായ വേർതിരിവ് അതിന്റെ ഏറ്റവും ക്രൂരമായഭാവങ്ങൾ പോലെ ജന്മിത്തവും അടിമത്തവും തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും,പുലപ്പേടി, മണ്ണാപ്പേടി,തുടങ്ങിയ അനാചാരങ്ങളുടെയും നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.
ജാതിപരമായ ഉച്ചനീചത്വങ്ങൾ അത്രയേറെ മലയാള മണ്ണിനെ ഉലച്ചിരുന്നു.സാമൂഹിക സാമ്പത്തിക മേഖലയിൽ പ്രബലമായിരുന്നു വരേണ്യ വർഗ്ഗവും അവർക്ക് വേണ്ടി അടിമ പണികൾ ചെയ്തിരുന്ന കീഴാള വർഗ്ഗവും കേരളത്തിന്റെ സാമൂഹിക സ്ഥിതിയായിരുന്നു. അത്രയേറെ ചൂഷണങ്ങളും, വേർതിരിവും, ദാരിദ്ര്യവും അനുഭവിച്ചിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു എന്നത്തിന്റെ തെളിവുകൾ പോലെ ഇന്നും ഇത്തരം ഉച്ചനീജത്വങ്ങൾ പേറുന്ന മനസുകളുണ്ട്. വിദ്യാസമ്പന്നരാണ്, ബുദ്ധിയുള്ളവരാണെന്നു മേനി നടിക്കുന്ന മലയാളികൾ ഇത്തരം ജാതി വേറികൾ മനസിൽ കൊണ്ട് നടക്കുന്നവരാണ് എന്നതിന്റെ തെളിവുകളാണ് മധു വിന്റെ കൊലപാതകം. അതുപോലെ എത്രയെത്ര ആത്മഹത്യകൾ!ഈ അടുത്ത് തന്നെ നടന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യാ, എന്നിട്ടും അതിനെ ന്യാകരിക്കാൻ കുറച്ചു പേര് ഇതൊക്കെ കാണുമ്പോൾ തോന്നും എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്?
ഇന്ത്യയിലുടനീളം നവോദ്ധാനത്തിന്റെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ അതിന്റെ അലയൊലികൾ കേരളത്തിലും എത്തിപ്പെടുകയും കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ അഹോരാത്രം പരിശ്രമിച്ചു കൊണ്ട് ജാതി അസമത്വങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ നവോത്ഥാന നായകർ എല്ലാംതന്നെ ജാതിയതക്കെതിരെ പ്രവർത്തിച്ചുകൊണ്ട് സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ കുറച്ചു കൊണ്ടുവന്നു.പക്ഷേ എത്രയൊക്കെ ജാതീയ അസമത്വങ്ങൾ കുറയ്ക്കാൻ ശ്രമിച്ചാലും ഇന്നും മനുഷ്യ മനസ്സിൽ ജാതിയ അസമത്വങ്ങളുടെ സമവാക്യങ്ങൾ ഇടയ്ക്കിടെ തികട്ടി വരാറുണ്ട് അതിന് വെള്ളവും വളവും നൽകി വളർത്തുന്ന രാഷ്ട്രീയക്കാരും ഉണ്ട് എന്നത് ഒരു നഗ്ന സത്യമാണ്.
നമ്മുടെ സ്കൂളുകളിൽ ആകട്ടെ, കോളേജുകളിൽ ആകട്ടെ, മറ്റ് തൊഴിലിടങ്ങളിൽ ആവട്ടെ എല്ലാ തരത്തിലുമുള്ള ജാതീയമായ വേർതിരിവുകൾ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് ജാതീയതയുടെ ഉച്ചനീചത്വങ്ങൾ പേറി ഇന്നും വലിയവർ എന്നും താഴ്ന്നവരെന്നുമുള്ള കാഴ്ചപ്പാടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.കാരണം ജാതികൊണ്ട് ജീവിക്കുന്ന ഒരുപാടു പേരുണ്ട് സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ജാതി നിർണ്ണായകമാണ്. ജാതിയുടെ കോളമില്ലാത്ത ഏതെങ്കിലും പ്രവേശന ഫോം ഉണ്ടോ? സർക്കാർ കൊടുക്കുന്ന മിക്കവാറും സഹായങ്ങൾക്ക് എല്ലാം തന്നെ ജാതി ഒരു ഘടകമാണ്.ജാതി പറയുന്നതും വേർതിരിച്ചുകാണിക്കുന്നതിനും ഇതൊരു മുഖ്യ ഘടകമല്ലേ?
ഇന്ന് കേരളത്തിൽ എല്ലായിടത്തും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജാതിയതയുടെ വിവിധ മുഖങ്ങൾ നമുക്ക് കാണാൻ പറ്റുന്നതാണ്. ഒരിടത്തു ജാതി പറഞ്ഞു വേർതിരിവ്, ഒരിടത്തു ജാതികൊണ്ട് നേടുന്ന ആനുകൂല്യങ്ങൾ, മറ്റൊരിടത്തു ജാതി അതിക്ഷേപം, ഒരിടത്തു ജാതിരാഷ്ട്രീയങ്ങൾ,… എത്രയെത്ര ജാതിസമവാക്യങ്ങൾ!
ചിലപ്പോൾ തോന്നാറുണ്ട് കേരളത്തിൽ ഇന്നും നവോഥാനത്തിനു പ്രസക്തിയുണ്ടെന്ന്.കാരണം ജാതീയത ഇന്നും തുടച്ചു നീക്കാൻ കഴിയാതെ പ്രാബലമായി തന്നെ നമ്മളിലുണ്ട്. കാഴ്ച്ചയിൽ കറുത്ത നിറമാണെങ്കിൽ അതൊരു താഴ്ന്നജാതിക്കാരനാണ് എന്ന് വിധിയെഴുതുന്നു, അതുപോലെ തന്നെ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അവന്റെ ജാതിയേ പഴിക്കും. “ജാതിയാലുള്ളത് തൂത്താൽ പോകുമോ? “പലപ്പോഴും ഇങ്ങനെയൊരു പ്രയോഗം തന്നെ നിലവിലുണ്ട്.മധുവിനു ജീവൻ നഷ്ടപെട്ടത് എന്തുകൊണ്ടാണ്? അവന്റെ കൊലപാതകികൾ ഇന്നും ചിരിച്ചുകൊണ്ട് നടക്കുന്നു. കാരണം അവനൊരു ദളിതനാണു അവനെ തൊട്ടാൽ ആരും ചോദിക്കില്ല, അവൻ കൊല്ലപ്പെടേണ്ടവനാണ് എന്നൊരു തിട്ടൂരമുണ്ട്. ഇതൊക്കെ ജാതീയമായ വേർതിരിവിന്റെ മറ്റൊരു വേർഷൻ തന്നെയാണ്.
ജാതീയത ഇല്ലാതാക്കണമെങ്കിൽ ശക്തമായ നിയമങ്ങൾ തന്നെ വരണം. രാഷ്ട്രീയ പരമായ ജാതി അതിക്ഷേപങ്ങൾ നിർത്താനുള്ള ശക്തമായ നിയമങ്ങൾ. അതുപോലെ ജാതി ക
കോളങ്ങൾ ഇല്ലാത്ത ഗവണ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കട്ടെ. ദുർബല വിഭാഗങ്ങളെ കണ്ടെത്തേണ്ടത് ജാതി തിരിച്ചല്ല അവരുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി അനുസരിച്ചവട്ടെ.മനുഷ്യനെ മനുഷ്യനായി കാണുന്ന തലമുറയുണ്ടാവട്ടെ അതിനായി എല്ലാവർക്കും പരിശ്രമിക്കാം.




👍