നിരന്തരമായി നടത്തിയ വായനയിലൂടെയും, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയും നേടിയെടുത്ത അറിവും തിരിച്ചറിവും, ജന്മസിദ്ധമായി ലഭിച്ച സർഗ്ഗശേഷിയുമാണ് കെ.വിജയൻനായർ എന്ന സർഗ്ഗപ്രതിഭയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
വായനയിലൂടെ സ്വായത്തമാക്കിയ വിജ്ഞാനം ഇദ്ദേഹത്തെ എളിമയുള്ളവനും പണ്ഡിതനുമാക്കിയെന്നു മാത്രമല്ല മാനവികതയും സഹജീവിസ്നേഹവും സമചിത്തതയുള്ളവനുമാക്കി എന്നതാണ് ഇദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം.
ഈ സവിശേഷത തൻ്റെ രചനകളിലുട നീളം നിഴലിക്കുന്നു എന്നതാണ് ഈ കഥാസമാഹാരത്തിലെ ഓരോ കഥയേയും ജീവസ്സുറ്റതാക്കിത്തീർത്തിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ ചേർത്തല വട്ടച്ചിറ വീട്ടിൽ കൊച്ചുരാമൻ പിള്ളയുടേയും മണ്ണഞ്ചേരി മറ്റത്തിൽ വീട്ടിൽ എം ഭാർഗ്ഗവി അമ്മയുടേയും മൂത്ത മകനായി ജനനം. സഹധർമ്മിണി സുശീല നായർ, അരുൺനായർ അർച്ചന നായർ എന്നിവർ മക്കളുമാണ്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സർഗ്ഗവാസന പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നും എണ്ണമറ്റ രചനകൾ പിറവി കൊള്ളുകയും അതൊക്കെ വായനാലോകം കീഴടക്കുകയും ചെയ്തിരിക്കുന്നു.
കവിയും അദ്ധ്യാപകനുമായ ശ്രീ ജോസ് പാലാ ഈ പുസ്തകത്തിൻ്റെ അവതാരികയിൽ പറഞ്ഞിട്ടുള്ളതുപോലെ, ശ്രീ കെ.വിജയൻ നായർ എന്ന അതുല്യ പ്രതിഭയുടെ പൊൻതൂലികയിൽ വിരിഞ്ഞ അക്ഷരമലരുകളെല്ലാം തന്നെ നേരിൻ്റെ നേർക്കാഴ്ചകളിലേക്കു പിടിച്ച കദനദർപ്പണം തന്നെയാണെന്നതിൽ യാതൊരു തർക്കവുമില്ല.
ഭാവനയിൽ ഒരു കഥ മെനയുകയല്ല കഥാകൃത്ത്. പകരം തൻ്റെ ജീവിതപരിസരങ്ങളിലുള്ള ഓരോ സ്പന്ദനങ്ങളും ഭാവനയുടെ ഉടുപ്പണിയിച്ചു കൊണ്ട് കഥയായി രൂപം കൊണ്ടിരിക്കയാണ്.
ഓരോ കഥയും നമുക്കു ചുറ്റിലും കാണുന്ന ജീവിതങ്ങളാണ്.
ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോഴും തൻ്റെ ഉള്ളിലുള്ള സർഗ്ഗാത്മകത അണഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചിരുന്നു, സമൂഹത്തിലെ ചലനങ്ങളോട് പ്രതികരിച്ചും അനുകരിച്ചും തൻ്റെ തൂലിക ചലിപ്പിച്ച ഈ സർഗ്ഗരത്നം
കാലത്തോട് കലഹിച്ചു കൊണ്ട് തൂലികപടവാളാക്കിയ സാമൂഹിക പ്രതിബദ്ധതയും ആർദ്രതയും മാനവികതയും കൈമുതലായുള്ള അക്ഷരസ്നേഹിയാണ്.
ഹൃദയസ്പർശിയായ, ചിന്തോദ്ദീപകമായ ഇരുപത്തിയഞ്ചു കഥകളിൽ കരുണയുംഅനുകമ്പയും സഹജീവിസ്നേഹവും മതമൈത്രിയും നിറഞ്ഞൊഴുകുന്നു.
അവതാരികയിൽ ജോയ്പാല പറയുന്നതുപോലെ വായനക്കാരനെ ആനന്ദക്കടലിൽ ആറാടിക്കുന്നതിനൊപ്പം ചിന്താമണ്ഡലത്തിൽ അഗ്നിസ്ഫുലിംഗങ്ങൾ വിതറാൻ പര്യാപ്തമായ കഥക്കൂട്ടാണ്’ വിറങ്ങലിച്ചു നില്ക്കുന്ന ഇന്ത്യ’ എന്ന ഈ കഥാസമാഹാര സൗരഭ്യത അനുവാചകഹൃദയത്തിൽ ഉളവാക്കുന്നത്.
അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഊതിക്കാച്ചിയെടുത്ത ഹൃദയസ്പർശിയായ ജനകീയകഥകളാൽ സമ്പന്നമായ ഈ കഥാസമാഹാരത്തിലെ ഓരോ കഥകളിലൂടെയും വായനാസഞ്ചാരം നടത്തുമ്പോൾ, ഇതൊക്കെയും നാം കണ്ടതും കേട്ടതും അനുഭവിച്ചതുമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങളായ ജീവിതസത്യങ്ങളല്ലേ എന്ന ചിന്തയും തിരിച്ചറിവും അനുവാചകരിലുളവാകുന്നു.
പുതുമയോടെയാണ് ഓരോ രചനയും ആവിഷ്ക്കരിച്ചിരിക്കുന്നത് എന്നതും വായനാസുഖം നൽകുന്നു. ഒഴുക്കുള്ള ഭാഷയും ലളിതമായ അവതരണ ശൈലി കൊണ്ടും ഹൃദയഹാരിയായ കഥകൾ.
കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഈ കഥാസമാഹാരത്തിലെ പ്രഥമരചനയായ’ കരി വന്നൂരിൻ്റെ കഥ അനുവാചകമനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഒരു വ്യക്തി നാളേക്കു വേണ്ടി കരുതിവെക്കുന്നതാണ് ബാങ്ക്നിക്ഷേപം. അത്യാവശ്യഘട്ടം വരുമ്പോഴുപകരിക്കുമെന്ന വിശ്വാസത്തിലും ധൈര്യത്തിലുമാണത് ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്നത്. എന്നാൽ അവൻ്റെ വിശ്വാസപ്രമാണങ്ങളെ കാറ്റിൽപറത്തിക്കൊണ്ടുള്ള ദുരവസ്ഥ സംജാതമാകുമ്പോൾ അവിടെ നമ്മൾ ആരെ കുറ്റം പറയും?
ഈ കഥാസമാഹാരത്തിൻ്റെ ശീർഷകം അത്യന്തം ആകർഷണീയവും ഉദ്വേഗജനകവുമാണ്.’ വിറങ്ങലിച്ചു നില്ക്കുന്ന ഇന്ത്യ’ ഈ വാക്കുകൾ തന്നെ വായനക്കാരിൽ ഞെട്ടലുണ്ടാക്കുന്നു. പിന്നെ കഥയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവതീവ്രത എത്രത്തോളമായിരിക്കുമെന്ന് പറയേണ്ടതില്ല. തീവണ്ടി യപകടത്തിൻ്റെ അതിദാരുണമായ കാഴ്ചയാണ് വായനക്കാരനു മുന്നിൽ തുറന്നുവെച്ചിരിക്കുന്നത്.
എരിയുന്ന, ഹോമിക്കപ്പെടുന്ന, ചൂഷണത്തിനിരയാകുന്ന തേങ്ങുന്ന ഹൃദയങ്ങളെ നമുക്ക് ഈ കഥകളിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നു
കരുണയും അനുകമ്പയുമുള്ള മനുഷ്യരുള്ളതുകൊണ്ടാണ് ആത്മഹത്യയുടെ വക്കിൽ നിന്നും ചില ജീവിതങ്ങൾ രക്ഷപ്പെടുന്നതെന്നുള്ള വാങ്മയ ചിത്രമാണ്” ഒരു ജപ്തിയുടെ കഥ”.
ശ്രീദേവി എന്ന കഥാപാത്രത്തിൻ്റെ, പുരാണ കഥാകദനത്തിലൂടെ, ജീവിതം കെടാവിളക്കാണ്. അത് അണയാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ്’ കെടാവിളക്ക്’ എന്ന കഥ നൽകുന്ന സന്ദേശം. കാറ്റ് വന്നടിച്ചെന്നിരിക്കും മഴ വന്നു നനച്ചെന്നിരിക്കും കെട്ടുപോയാൽ അവിടെ ഇരുട്ടു നിറയും. ഇരുട്ട് അന്ധകാരമത്രേ. അന്ധകാരം ഉള്ളിടത്ത് ഈശ്വരചൈതന്യമില്ല.
കഥ കേൾക്കുന്നവരുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കാനുതകും വിധത്തിലാണ് ഓരോ കഥയുടെയും ആഖ്യാനശൈലി ഉള്ളത്. വിരസതയോ, ഗ്രഹിക്കാനാകായ്കയോ ഇല്ലാത്ത വിധത്തിൽ ജീവിതഗന്ധിയായി തനിമയോടെ ആവിഷ്ക്കരിച്ചവതരിപ്പിക്കാനുള്ള രചനാ വൈഭവം അപാരവും വിസ്മയകരവുമാണ്.
ഇണപിരിയാത്ത കൂട്ടുകാരികളായ അപർണ്ണയും അശ്വതിയും അപകടത്തിൽ പെട്ടു ജീവൻ പൊലിഞ്ഞു പോകുമായിരുന്ന ഒരു യുവാവിനെ രക്ഷപ്പെടുത്താൻ കാണിച്ച അസാമാന്യമായ ധൈര്യവും മനുഷ്യത്വവും യുവതലമുറയ്ക്കുണ്ടായിരിക്കേണ്ട നല്ല മനോഭാവമാണെന്ന് കഥാകൃത്ത് പറയാതെ പറയുകയാണ് മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയിലൂടെ.
അഗാധമായ പ്രണയത്തിനുമുമ്പിൽ ജാതിമതങ്ങളോ, പണമോ, പ്രായമോ തടസ്സമാകുന്നില്ല. എല്ലാ പ്രതിസന്ധികളേയും മറികടന്ന് ഒന്നാവാൻ പ്രണയിതാക്കൾ ശ്രമിക്കുമ്പോഴും, അവരുടെ പ്രണയത്തിൻ്റെ പരിശുദ്ധി നിലനിർത്തുന്നു.’ നാല്പതുകളിലെ പ്രണയം’ എന്ന കഥയിലൂടെ അനുവാചകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കഥാകൃത്ത്. ഇന്നാണെങ്കിൽ പ്രണയം സഫലമായില്ലെങ്കിൽ ആത്മഹത്യയോ, കൊലപാതകമോ സംഭവിക്കുകയാണ്
മിക്കയിടങ്ങളിലും. കഥാകൃത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യർ പലതരത്തിലുണ്ട്. ചിരിച്ചുകൊണ്ടു കഴുത്തറക്കുന്നവരും, കല്ല്പോലെ ഹൃദയമുള്ളവരും. കപട ഭക്തിയാണ് പലർക്കും. സ്വാർത്ഥമോഹങ്ങൾ സഫലമാക്കാനുള്ള ഭക്തി.
തങ്ങളിലൊരുവന് ആപത്തു നേരിട്ടാൽ അവനെ രക്ഷിക്കുക എന്ന ധാർമ്മികതയാണ് ഈശ്വരസേവ എന്നതെന്ന് ഉൾക്കൊള്ളാതെ, മനുഷ്യത്വം അശേഷം ഇല്ലാത്തവർക്കിടയിൽ സഹജീവിസ്നേഹവും അലിവുമുള്ള ഹൃദയങ്ങളുണ്ടെന്ന് കാണിച്ചു തരുന്ന ഹൃദയസ്പർശിയായ കഥയാണ്’ ചന്ദ്രൻ മുത്തശ്ശൻ്റെ കഥ.
രാമൻകുട്ടിമാഷിൻ്റെ കഥയിലൂടെ പത്രസ്വാതന്ത്ര്യത്തെപ്പറ്റിയും പത്രധർമ്മത്തെപ്പറ്റിയും വിശദീകരിക്കുമ്പോൾ, സൗഹൃദപരമായ വിനോദങ്ങൾക്കിടയിലും അന്യൻ്റെ പോരായ്മകൾ എടുത്ത് കാണിച്ച് പരദൂഷണം പറഞ്ഞു രസിക്കുകയെന്ന നീചമായ സ്വഭാവം സംസ്ക്കാരസമ്പന്നനെന്ന് സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യനുണ്ടെന്നാണ്’ റമ്മികളിക്കിടയിൽ വിചാരണ’ എന്ന കഥ വെളിപ്പെടുത്തുന്നത്.
ഇതൊക്കെയും നമുക്കു ചുറ്റും ജീവിക്കുന്ന കഥാപാത്രങ്ങളാണെന്നുള്ളതാണ് ഈ കഥകളുടെ പുതുമയും സവിശേഷതയും
അകാലത്തിൽ വിട പറഞ്ഞുപോയ മകനെയോർത്തു നീറിനീറിക്കഴിയുന്ന ഒരമ്മയുടെ ഹൃദയവിലാപം ഒരു സൗഹൃദത്തിൻ്റെ അകമ്പടിയോടെ വായനക്കാരിലെത്തിക്കുകയാണ്’സായന്തനത്തിൽ വിരിഞ്ഞ ജീവിതം’ എന്ന രചനയിലൂടെ. വികാരനിർഭരമായ ആഖ്യാനത്തിലൂടെ വായനക്കാരുടെ മനസ്സിലേക്ക് പെറ്റമ്മയുടെ തീരാനോവ് ആഴത്തിൽ സ്പർശിക്കുകയാണ്.
സർവ്വം ദൈവത്തിലർപ്പിച്ചു കൊണ്ടു നിസ്വാർത്ഥമായി ചിന്തിക്കുന്ന ഭക്തനെ ദൈവം കൈവിടില്ല എന്ന പരമമായ സത്യം വിളിച്ചോതുന്ന കഥയാണ്’തീർത്ഥയാത്ര.
അധികാരക്കസേരയിലിരുന്ന് സ്വന്തം കീശ വീർപ്പിക്കുന്നവരല്ല എല്ലാ രാഷ്ട്രീയനേതാക്കന്മാരും. ജനസേവകന്മാരായ അവർ ജനനായകരായി എന്നും ജനമനസ്സുകളിൽ വാഴും എന്നതിനുദാഹരണമാണ് സ്മൃതിനൊമ്പരങ്ങൾ എന്ന കഥയിലെ ശ്രീ. പി. എ നായർ.
വിശപ്പ് അനുഭവിച്ചവനേ വിശപ്പിൻ്റെ വിളി അറിയൂ എന്ന യാഥാർത്ഥ്യം ഹൃദയസ്പർശിയായി അക്ഷരങ്ങളിലൂടെ വരച്ചുവെച്ചിരിക്കയാണ് ബാല്യകാലത്തിലെ മനക്ഷതങ്ങൾ എന്ന കഥയിലൂടെ.
ഒരു യുദ്ധവും ഒന്നും നേടുന്നില്ല. പകരം പല ജീവിതങ്ങളും തീരാദു:ഖത്തിലാകുന്നുവെന്നതിനുള്ള തെളിവാണ്’ അതിരില്ലാത്ത ലോകത്തിലെ’ വിലാസിനി എന്ന വിദ്യാർത്ഥിനി അനുഭവിക്കുന്ന ഒറ്റപ്പെടലിൻ്റെ നോവ്. തൻ്റെ വിദ്യാർത്ഥിയുടെ മനോദുഃഖമറിഞ്ഞ്, അവളെ ചേർത്തുപിടിക്കുന്ന മാതൃകാദ്ധ്യാപകനേയും നമുക്കിവിടെ കാണാൻ കഴിയുമ്പോൾ, സമൂഹത്തിൽ നന്മയുടെ ഉറവിടങ്ങൾ നിലനില്ക്കുന്നുണ്ടെന്ന ആശ്വാസവും പ്രതീക്ഷയും അനുവാചകമനസ്സിനെ സന്തോഷിപ്പിക്കുന്നു.
സഹകരണ മനോഭാവമില്ലാത്തവരുടെ ഇടയിൽ നിന്നും പ്രതിസന്ധികളെ സധൈര്യം നേരിട്ടു കൊണ്ട് അപകടത്തിൽ പെട്ട ജീവൻ രക്ഷപ്പെടുത്താൻ കാണിക്കുന്ന വിശാലമായ കാഴ്ചപ്പാടും വിശ്വസ്നേഹവും ഈ പുസ്തകവായനയിലൂടെ യാത്രചെയ്യുന്ന അനുവാചകഹൃദയത്തിൽ സ്പർശിച്ച് പരിവർത്തനവിധേയമാക്കും എന്നുള്ളത് ഉറപ്പാണ്.
വായനയിലൂടെ അറിവും തിരിച്ചറിവും നല്ല മൂല്യങ്ങളും ഉണ്ടാക്കിയെടുക്കാൻ ഉതകുന്ന സംസ്ക്കാരസമ്പന്നമായ കഥകളാണ്’ വിറങ്ങലിച്ചു നില്ക്കുന്ന ഇന്ത്യ’ എന്ന പുസ്തകത്തിലെ ഉള്ളടക്കം. എല്ലാ കഥകളും ഇവിടെ പരാമർശിക്കുന്നില്ല. വായനാസുഖം നഷ്ടപ്പെടുത്തരുതെന്നുള്ള ഔചിത്യം പാലിച്ചു കൊണ്ട്” വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യ” എന്ന ഈ കഥാസമാഹാരം ഹൃദയപൂർവ്വം വായനയ്ക്കായി തുറന്നിടുകയാണ്.
ഇനിയുമേറെ ഉൽക്കൃഷ്ടങ്ങളായ രചനകൾ പ്രിയ കഥാകൃത്തിൻ്റെ പൊൻതൂലികയിൽ നിന്നും പിറവികൊള്ളട്ടെ. വായനാലോകത്തിന് മുതൽക്കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹാദരവോടെ .
സൂക്ഷ്മമായ വിലയിരുത്തൽ