ഒരു വ്യക്തിയുടെ എല്ലാ അനുഭവങ്ങളുടെയും അടിത്തറ അവൻ്റെ ഭാഷാപാടവമാണ്.— (ഫ്രാൻസിസ് ബേക്കൺ)
മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്നും വ്യത്യസ്തനാക്കുന്നത് അവൻ്റെ സംസാരശേഷിയാണ്. കൂടുതൽ വികാസം പ്രാപിച്ചവരെ വികാസം കുറഞ്ഞവരിൽനിന്നും വ്യത്യസ്തരാക്കുന്നത് അവരുടെ പദസമ്പത്താണ്. രണ്ടായിരത്തിയഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് തന്നെ കൺഫ്യൂഷ്യസ് ശുദ്ധമായ സംഭാഷണത്തെക്കുറിച്ച് ശരിക്കും ബോധവാനായിരുന്നു. വാക്കുകളുടെ പ്രയോഗം, അക്ഷരശുദ്ധി, വിസർഗ്ഗങ്ങളുടെ സ്ഥാനം എന്നി കാര്യങ്ങളിലൊക്കെ അശ്രദ്ധ പുലർത്തിയാൽ ഗൗരവമായ തെറ്റിദ്ധാരണകൾ ഉണ്ടാകുവാനും അതിൻ്റെ ഫലമായി വൻ നഷ്ടങ്ങളും യുദ്ധങ്ങൾവരെയും ഉണ്ടാകാൻ ഇടവരുമെന്ന് അദ്ദേഹം അദ്ദേഹത്തിൻ്റെ ശിഷ്യരെ താക്കീത് ചെയ്തിരുന്നു.
സാങ്കേതിക പുരോഗതിയുടെ ഈ കാലത്ത് വാക്കുകളുടെ കൃത്യമായ അർത്ഥം, ഉച്ചാരണം, സ്ഫുടത, അക്ഷരശുദ്ധി തുടങ്ങിയവയെക്കുറിച്ച് നമ്മൾ വേണ്ടത്ര ഗൗനിക്കാറില്ല. നമുക്ക് ഭാഷാവരമുണ്ടെങ്കിലും നമ്മൾ ക്ലിഷ്ടമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. ഒന്നു മനസ്സിലാക്കുക!വ്യക്തതയില്ലെങ്കിൽ നമ്മുടെ ഭാഷാപാടവം അർത്ഥശൂന്യമായിരിക്കും. ഒരു ഭാഷയുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും നമ്മളെ സഹായിക്കാൻ ഇപ്പോൾ നിർമ്മിത ബുദ്ധി ( Artificial intelligence) വരെ ലഭ്യമാണ്. ഭാഗ്യവശാൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പരിധിയില്ലാതെ വഴങ്ങാനും ഇണങ്ങിച്ചേരാനുമുള്ള പ്രവണതയും ഉണ്ട്. മിക്കവാറും എല്ലാ വാക്കുകളും വ്യത്യസ്തരീതികളിൽ ഉച്ചരിക്കാനും എഴുതാനും കഴിയും. ഏതാണ്ട് എല്ലാ നിയമങ്ങൾക്കും അയവ് നൽകത്തക്ക രീതിയിൽ പദവിന്യാസക്രമവും വ്യാകരണവും പോലും കർക്കശമില്ലാത്തവയാണ്.ഇന്ത്യൻ ഭാഷയിൽ നിന്ന് നാലായിരത്തോളം വാക്കുകൾ ഇംഗ്ലീഷിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. അത് ആ ഭാഷയുടെ ഇണക്ക സ്വഭാവത്തിന് നിദാനമാണ്. അതിൻ്റെ ഫലമായി എല്ലാവർക്കും എല്ലാ കാലത്തേക്കുമുള്ള ഭാഷയായിത്തീർന്നിരിക്കുകയാണ് ഇംഗ്ലീഷ് ഭാഷ.
തർക്കമുള്ള ഒരർത്ഥത്തെക്കുറിച്ചോ, അക്ഷരവിന്യാസക്രമത്തെക്കുറിച്ചോ, ഉച്ചാരണത്തെക്കുറിച്ചോ അത്യന്തികമായി തീരുമാനിക്കാൻ ആരേക്കൊണ്ടും സാധ്യമല്ല എന്നതാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രത്യക്ഷമായ ഒരു കോട്ടം. എന്നാൽ കോട്ടങ്ങളെന്ന് തോന്നിക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിൻ്റെ ആകർഷണീയത കൂട്ടാനും അതിനെ വീര്യമുള്ള ഒരു ഭാഷയാക്കാനും സഹായിക്കുകയാണ് ചെയ്യുന്നത്. ഫ്രാൻസാൻ നാല്പതോളം ഭാഷാപണ്ഡിതന്മാരടങ്ങുന്ന ഫ്രഞ്ച് അക്കാദമി എന്ന പേരിൽ ഒരു ഭഷാ കോടതിതന്നെ നിലവിലുണ്ട്.ഇത്തരം കാര്യങ്ങളിൽ അവർ തീരുമാനങ്ങൾ എടുക്കുന്നു. ഭാഷാ സംബന്ധമായ തർക്കങ്ങളിൽ അവരുടെ വിധി അന്തിമമാണ്. ആ കാരണംകൊണ്ട് നാല്പത് അനശ്വരർ എന്നാണ് ആ അക്കാദമിയിലെ അംഗങ്ങൾ അറിയപ്പെടുന്നത്. ഫ്രഞ്ച് അക്കാദമിക്ക് തുല്യമായ ഒരു സ്ഥാപനം ഇല്ലെങ്കിൽകൂടിയും ഉച്ചാരണവും വാക്കുകളുടെ തിരഞ്ഞെടുപ്പും ഒക്കെ നോക്കി ഭാഷാശുദ്ധി കണക്കാക്കാൻ കഴിയും. ഒരു പ്രത്യേക രീതിയിലുള്ള വർഗ്ഗ വിഭജനത്തിന് ഭാഷ അടിസ്ഥാനമായിട്ടുണ്ടെന്നുള്ളതിന് വർഷങ്ങൾക്കു മുമ്പ് നാൻസി മീറ്റ്ഫോർഡ് പ്രസിദ്ധീകരിച്ച പുസ്തകം തെളിവു നൽകുന്നുണ്ട്. അവർ വാക്കുകളെ ഉപരിവർഗ്ഗ വാക്കുകളെന്നും അധമവാക്കുകളെന്നും വേർതിരിക്കുകയുണ്ടായി. അതായത് ഉന്നതകുലജാതർ ഉപയോഗിക്കുന്നത് ഉപരിവർഗ്ഗ വാക്കുകളും സാധാരണക്കാർ ഉപയോഗിക്കുന്നത് അധമവാക്കുകളും.
മേൽപറഞ്ഞ വസ്തുതകളുടെ പശ്ചാത്തലത്തിൽ ഒരു നിഘണ്ടുവിൻ്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാൻ കഴിയും. പുതിയ ഒരു വാക്കു കേൾക്കുകയോ വായിക്കുകയോ ചെയ്താൽ നിഘണ്ടു നോക്കി അതിൻ്റെ കൃത്യമായ അർത്ഥം മനസ്സിലാക്കണം. അതല്ലെങ്കിൽ ആ വാക്കിൻ്റെ ഉപയോഗം നമുക്ക് അജ്ഞാതമായി അവശേഷിക്കുമെന്ന് മാത്രമല്ല അത് നമ്മൾ ആദ്യം കേട്ട സന്ദർഭവുമായി മാത്രം ബന്ധപ്പെടുത്തി ഉപയോഗിക്കുകയും തത്ഫലമായി തെറ്റിദ്ധാരണകൾക്ക് ഇടവരുത്തുകയും ചെയ്യും. പലരും അവരവരുടെ ഭാവനയ്ക്കനുസൃതമായ അർത്ഥം വാക്കുകൾക്ക് കല്പിച്ച് തോന്നിയതുപോലെ വാക്കുകൾ ഉപയോഗിക്കുന്നത് കാണാം. ശ്രവണസുഖമുള്ളതുകൊണ്ടു മാത്രം ചില വാക്കുകൾ ഹൃദിസ്ഥമാക്കി, തികച്ചും വിരുദ്ധമായ അർത്ഥ കല്പനയോടെ അവ ഉപയോഗിക്കുന്നവരെയും നമുക്ക് കാണാം. ഈ ശീലമുള്ളവർ അവരർഹിക്കുന്ന പരിഹാസത്തിനു പാത്രമാകാറുണ്ട്.പുതിയൊരു വാക്ക് അവഗണിച്ചാൽ നമ്മുടെ പദസമ്പത്ത് പരിമിതപ്പെടും എന്നൊരു അപകടം കൂടിയുണ്ട്.
(തുടരും)




. ഭാഷാപ പ്രാവീണ്യത്തെ കുറിച്ച് ും അതിൻ്റെ ആവശ്യകതയും അപകടവും എല്ലാം നന്നായി പറഞ്ഞു ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും . നല്ല അറിവ് ഗുരുജി നമസ്‌കാരം.