Tuesday, November 10, 2026
Homeഇന്ത്യവിഷപ്പുകയിൽ ശ്വാസംമുട്ടി ദില്ലി; ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണം അതിരൂക്ഷം

വിഷപ്പുകയിൽ ശ്വാസംമുട്ടി ദില്ലി; ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണം അതിരൂക്ഷം

ദില്ലി: ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായുമലിനീകരണം അപകടകരമായ അവസ്ഥയിൽ. പലയിടത്തും മലിനീകരണതോത് 400 കടന്നു. സർക്കാർ കണക്കുകൾ തട്ടിപ്പാണെന്ന് എഎപി വിമർശിച്ചു. ഇന്നലെ വായു മലിനീകരണതോത് ഉയർന്ന സമയത്ത് നിരീക്ഷണ കേന്ദ്രങ്ങൾ പലതും പ്രവർത്തനരഹിതമായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം വീണ്ടും അതീവ ഗുരുതര അവസ്ഥയിലേക്കെത്തിയത്. പലയിടത്തും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം എക്യുഐ 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. ശ്വാസതടസ്സവും കണ്ണ് നീറ്റലും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ പലരും നേരിടുന്നുണ്ട്.

എന്നാൽ സ്വകാര്യ ഏജൻസികളുടെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ ദില്ലിയിലെ വായു ഗുണനിലവാര തോത് 1000 കടന്നിട്ടുണ്ട്. ഇതോടൊപ്പം ദീപാവലി ദിവസം രാത്രിയിലെ വായുമലിനീകരണ ഡാറ്റകളിൽ കൃത്രിമമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്നലെ രാത്രിയിൽ വായു മലിനീകരണതോത് ആയിരത്തിന് മുകളിൽ ഉയർന്നപ്പോൾ നഗരത്തിലെ നിരീക്ഷണ കേന്ദ്രങ്ങൾ പലതും പ്രവർത്തനരഹിതമായി. രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെയായിരുന്നു ഇതിൽ തടസ്സം നേരിട്ടത്. കഴിഞ്ഞ വർഷം ദീപാവലി രാത്രിയിൽ 29 സ്റ്റേഷനുകളിലാണ് മലിനീകരണതോത് 1000ന് മുകളിൽ രേഖപ്പെടുത്തിയത്. ഈ കണക്കുകൾ മുൻനിർത്തിയാണ് ആംആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്.

കണക്കുകളിൽ കൃത്രിമം കാണിച്ച് സർക്കാർ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണെന്ന് എഎപി ദില്ലി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. സുപ്രീം കോടതിയുടെ കർശന വിലക്കും നിർദേശങ്ങളും നിലനിൽക്കെയാണ് നഗരത്തില് വ്യാപകമായി പടക്കം പൊട്ടിച്ചത്. അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നതും സ്ഥിതി കൂടുതൽ വഷളാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ