ഭാരതത്തിന്റെ ഹൃദയമിടിപ്പായ ചരിത്രസ്മാരകങ്ങളിലൂടെയും, ആത്മീയതയുടെ തണൽ തേടിയുള്ള പുണ്യയാത്രകളിലൂടെയും കടന്നുപോകുന്ന ഒരു ദിവസമായിരുന്നു യാത്രയുടെ നാലാം ദിനം.
സ്കൂൾ കാലഘട്ടത്തിൽ ഇന്ത്യാ ചരിത്രം പഠിക്കുമ്പോൾത്തന്നെ മനസ്സിൽ പതിഞ്ഞ രണ്ട് ഏടുകൾ – താജ്മഹലും ആഗ്ര കോട്ടയും. മുഗൾ രാജവംശത്തിന്റ സ്മരണിക. അക്ബർ ഷാജഹാൻ ഔറംഗസീബ് ചരിത്രം സൃഷ്ടിച്ച മുഗൾ ചക്രവർത്തിമാർ. ആ ചരിത്രത്തെ ഒന്നുകൂടി മനസ്സിൽ പുതുക്കികൊണ്ട് താജ്മഹലിന്റെ അത്ഭുതകരമായ നിർമിതി ആസ്വദിച്ചു. ഒരു ഗൈഡിന്റെ സഹായം കിട്ടിയത് കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ആഗ്ര കോട്ട ഷാജഹാന്റെ സുഖലോലുപതയുടെ പ്രതീകം. എങ്കിലും നിർമ്മാണ ഭംഗിയും ശില്പ ഭംഗിയും എടുത്ത് പറയേണ്ടത് തന്നെയാണ്. ഷാജഹാൻ തുടങ്ങിവച്ചെങ്കിലും ഔറംഗസീബിനാൽ പൂർത്തിയാക്കപ്പെട്ട കോട്ടയാണ് എന്ന് മനസ്സിലാക്കാൻകഴിഞ്ഞു. റെഡ് ഫോർട്ട് കാണാൻ കഴിയാത്തതിന്റെ വിഷമം ആഗ്ര കോട്ട കണ്ടതോടെ ഒഴിവായി. അതിന്റെ തന്നെ ചെറിയ പതിപ്പാണ് റെഡ് ഫോർട്ട് എന്നറിഞ്ഞപ്പോൾ ഇത് കാണാൻ കഴിഞ്ഞല്ലോ എന്ന് സമാധാനിച്ചു.
അവിടെനിന്നും ഞങ്ങളുടെ യാത്ര ഗൗഡ സാരസ്വത സമുദായത്തിന്റെ ഒരു പ്രധാന ആത്മീയ കേന്ദ്രമായ ഹരിദ്വാറിലേ ക്കായിരുന്നു, ഏതാണ്ട് 8 മണിക്കൂർ യാത്ര ചെയ്തു രാത്രി 12 മണിയോടുകൂടി ഹരിദ്വാറിൽ എത്തി. വളരെ ശാന്തതയും വൃത്തിയും, ധ്യാനത്തിനും മറ്റും സൗകര്യപ്രദമായ ഒരു സ്ഥലം കൂടിയായ പരം വാടിക എന്ന ആശ്രമത്തിൽ ആയിരുന്നു ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.
രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതരായി എല്ലാവരും അതിവേഗം വിശ്രമത്തിനായി പിരിഞ്ഞു.
(തുടരും..)




👍👍