ആത്മാവിന്റെ മറ്റൊരു ഭാവമാണ് ബോധം. പുനർജന്മങ്ങളിലായി, ജനന മരണത്തോടൊപ്പം , ഒരോ മനുഷ്യനിലുമുള്ള ബോധം, പുതിയൊരു മനുഷ്യശരീരം തിരഞ്ഞെടുക്കുന്നു. ഞാൻ ആരാണ് എന്നറിയാൻ അവനവനിലേക്ക് നോക്കുക. അങ്ങിനെ നമ്മളിലേക്ക് നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് നമ്മളിലെ ബോധമാണ്. ബോധമുള്ള മനസ്സിന് മാത്രമേ അങ്ങിനെ ചിന്തിക്കാൻകഴിയൂ.
ഒരു ദിവസം ഉണർന്നത് മുതൽ ആ ദിവസം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നത് ബോധത്തിൽ നിന്നാണ്. താങ്കൾ ഇപ്പോൾ ഇവിടെ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്നത് നിങ്ങളിലെ ബോധമാണ്. ആ ബോധത്തിലാണ് നിങ്ങളുടെ മുൻകാല ചരിത്രങ്ങൾ അടക്കം എല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. ബോധമനസിലാണ് നമ്മൾ സ്വപ്നം കാണുന്നത്. സ്വപ്നത്തിൽ കണ്ട കാഴ്ചകളിൽ ചിലത് ഓർത്തെടുക്കാൻ കഴിയുന്നത് ബോധത്തിൽ നിന്നാണ്. നമ്മുടെ ശരീരത്തിലെ ഒരു അവയവം അല്ല ബോധം. അതുകൊണ്ട് നമ്മുടെ ശരീരം നശിച്ചാലും ബോധം എപ്പോഴും നിലനിൽക്കും.
മനുഷ്യശരീരം ഉപേക്ഷിച്ച് ആത്മാവ് പുറത്ത് പോയി പുതിയൊരു മനുഷ്യശരീരം തെരഞ്ഞെടുക്കുന്നതുവരെയുള്ള ഇടവേളയിൽ ബോധം കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങളെക്കുറിച്ച് ഒരു അവലോകനം നടത്തും. വഴിപിഴച്ച ജീവിതമാണ് കഴിഞ്ഞ ജന്മങ്ങളിൽ നടത്തിയതെങ്കിൽ വീണ്ടും അത് തുടരാനാണ് ബോധം ഇഷ്ടപ്പെടുക. ഈശ്വരനെ അറിയാനും, പഠിക്കാനും തുടങ്ങിവെച്ചത് പൂർത്തീകരിക്കാനുള്ള മനുഷ്യശരീരങ്ങളാണ് ആ ബോധം തെരഞ്ഞെടുക്കുക.
കുറച്ചുസമയം ഇപ്പോൾ തുടർന്നുവരുന്ന വിശ്വാസങ്ങളിൽ നിന്ന് മാറിനിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ അറിയാം അവനവന്റെ ഹൃദയത്തിലാണ് ഈശ്വരൻ വസിക്കുന്നത് എന്ന്. ആ ഈശ്വരനെയാണ് ശരണം പ്രാപിക്കേണ്ടത്.
മലയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴെ കാണിച്ചുകൊടുത്ത്, ഇത് മുഴുവൻ നിനക്ക് തരാം, എന്ന് പറഞ്ഞ് പ്രലോഭനങ്ങളിൽ ആകർഷിക്കാൻ, വാഗ്ദാനങ്ങൾ നെൽകിയ കാര്യത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ആ മായയുടെ വലയത്തിൽ തന്നെയാണ് നമ്മളും ജീവിക്കുന്നത്. അതിന്റെ കുതന്ത്രങ്ങളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത വേണം.
ബോധത്തിലാണ്, നമ്മുടെ ഓർമ്മകൾ, ചിന്തകൾ, ഭാവനകൾ, തീരുമാനങ്ങൾ, ഇതല്ലാം പ്രവർത്തിക്കുന്നത്. വേണ്ടാത്തത് ഓർമ്മിക്കാതിരിക്കാനും, നല്ലത് മാത്രം ചിന്തിക്കാനും, വെറുതെ ഭാവനയിൽ സ്വപ്നം കാണാതിരിക്കാനും, ശ്രദ്ധിക്കുന്ന കൂട്ടത്തിൽ നമുക്ക് എന്തും വിശ്വസ്തതയോടെ തുറന്നു പറയാവുന്ന, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ആലോചിക്കാവുന്ന ഒരു ആത്മമിത്രം നമ്മോടൊപ്പം ഉണ്ട്. നമ്മുടെ ഹൃദയത്തിലുള്ള ഈശ്വരനാണ് ആ കൂട്ടുകാരൻ.
കടന്ന ചിന്തകളാണ് ലേഖനത്തിൽ കാണുന്നത് ‘
നല്ല ചിന്തകൾ പങ്കുവെച്ച ലേഖനം
യേശുവിനെ പിശാച് മലയുടെ മുകളിൽ കൊണ്ടു പോയി തന്നെ ആരാധിക്കാനും ലോകം മുഴുവൻ തരാമെന്നും വാഗ്ദാനം ചെയ്തിട്ടുള്ള തായും, യേശുദേവൻ തക്ക മറുപടി നൽകി നിരസിച്ചതായും വി. ബൈബിൾ പറയുന്നു. ഇവിടെ അതിനെ മായ എന്നു പറയുന്നു. പുതിയ ശരീര തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് വിശ്വാസപരമായ വിയോജിപ്പുണ്ടെങ്കിലും ഈശ്വരനെ സുഹൃത്തായി സ്വീകരിക്കുന്ന നിർദ്ദേശം നല്ലതു തന്നെ.