Saturday, June 20, 2026
Homeഅമേരിക്ക​ യമുനാതീരേ.. (നോവൽ - അധ്യായം 11) ✍ ഡോളി തോമസ് ചെമ്പേരി

​ യമുനാതീരേ.. (നോവൽ – അധ്യായം 11) ✍ ഡോളി തോമസ് ചെമ്പേരി

രാഘവൻ സർ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ശേഖറിന് ഒട്ടും പതർച്ച തോന്നിയില്ല.

​​“ശരിയായിരിക്കാം. പക്ഷേ താൻ അതറിഞ്ഞില്ല എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കൽ അല്ലേ?”.

“അല്ല. സൗഹൃദം ഉണ്ടായിരുന്നു. യമുനയ്ക്കും അങ്ങനെതന്നെയായിരിക്കുമെന്നാണ് ഞാൻ കരുതിയത്. മറ്റെന്തെങ്കിലും ആ മനസ്സിലുണ്ടോ എന്ന് ഉറപ്പിക്കാനെന്നോണം പരോക്ഷമായി ഞാൻ പലവിധത്തിൽ ചോദിച്ചിട്ടുണ്ട്. ആ മറുപടിയിൽ നിന്നെല്ലാം ഞാൻ കണ്ടെത്തിയത് ഇല്ല എന്ന ഉത്തരം മാത്രം..”

“എന്നാൽ തനിക്കറിയില്ലായിരുന്നെങ്കിൽ എനിക്ക് അറിയാമായിരുന്നു. ഡിപ്പാർട്ട്മെൻ്റിലെ സ്റ്റാഫുകൾക്കെല്ലാം അറിയാമായിരുന്നു. അന്ന് തൻ്റെ വിവാഹം ക്ഷണിച്ചയന്ന് യമുന വാഷ് റൂമിൽ പൊട്ടിക്കരയുന്നത് ഞാൻ കേട്ടതാണ്. ആ അതുപോട്ടെ എല്ലാം ശുഭമാകാൻ പോകുകയല്ലേ. എന്നെ ഇങ്ങനെ സ്നേഹിക്കാൻ ആരെങ്കിലുമുണ്ടായിരുന്നോ ആവോ?” രാഘവൻ സർ രംഗത്തിന് അയവുവരുത്താൻ പറഞ്ഞ ആ തമാശ ആസ്വദിച്ചു ചിരിച്ചു.

​“ഉണ്ടാകും, ലീല ടീച്ചർ അറിയണ്ട എന്ന് മാത്രം!” ശേഖർ ചിരിയോടെ പറഞ്ഞു.

​കുറച്ചുനേരം കൂടി വിശേഷങ്ങൾ പങ്കുവെച്ച ശേഷം അദ്ദേഹം യാത്ര പറഞ്ഞു പോയി. ഇക്കഴിഞ്ഞ അമർനാഥ് യാത്ര വരെ യമുന തനിക്ക് വെറുമൊരു സഹപ്രവർത്തക മാത്രമായിരുന്നു. ആ യാത്ര തന്റെ ജീവിതത്തിന്റെ ഗതി മാറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

അമർനാഥ് സന്ദർശിക്കണമെന്ന ആഗ്രഹം തീവ്രമായി നിന്ന സമയത്താണ് മക്കളുടെ അനുവാദം കിട്ടിയത്. വളരെയേറെ നിർബ്ബന്ധം ചെലുത്തേണ്ടി വന്നു. മഞ്ഞുവീഴ്ചയും അപകടങ്ങളും നിറഞ്ഞ ദുർഘടമായ പാതകളെക്കുറിച്ചുള്ള വാർത്തകൾ ഭയപ്പെടുത്തുന്നതായിരുന്നു. അതും പറഞ്ഞാണ് അവർ ആ ആഗ്രഹത്തെ നിരസിച്ചത്.

​“അച്ഛന് ഇപ്പോൾ പ്രായമെത്രയായി? അത്ര ദൂരം നടന്നു കയറാൻ കഴിയില്ല. നിർബന്ധമാണെങ്കിൽ ഹെലിക്കോപ്റ്റർ ബുക്ക് ചെയ്യാം.” കാർത്തിക് പറഞ്ഞു.

​“അതിലെന്താ കാര്യം? മഹാദേവനെ ദർശിക്കുന്നതിന്റെ പുണ്യം പൂർണ്ണമാകണമെങ്കിൽ കാൽനടയായിത്തന്നെ പോകണം.” ശേഖർ ഉറപ്പിച്ചു പറഞ്ഞു.

​“അച്ഛാ, വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാലോ?”

​“സാരമില്ല, ഈശ്വര നിശ്ചയം അതാണെങ്കിൽ നടക്കട്ടെ.” ആ വാക്കുകളിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു.

അവർ പലതരത്തിൽ നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും ഉൾവിളി അത്രമേൽ ശക്തമായിരുന്നു. ജീവിതത്തിൽ എന്ത് സംഭവിക്കണം എന്ത് സംഭവിക്കേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. ആ യാത്ര ഒരു നിയോഗമായിരുന്നുവെന്ന് കാലം തെളിയിച്ചു.

ഒടുവിൽ ഏറ്റവും വിശ്വസ്തമായ ഒരു ഏജൻസി വഴി കാർത്തിക് ടിക്കറ്റ് എടുത്തു നൽകി. കൊച്ചിയിൽ നിന്നും ഇരുപത്തഞ്ചോളം അംഗങ്ങളുള്ള സംഘത്തോടൊപ്പമാണ് ആ യാത്ര ആരംഭിച്ചത്.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം ഡൽഹിയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഓരോ വഴിക്ക് പിരിഞ്ഞു. അതുവരെ എല്ലാം എളുപ്പമായിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും ശ്രീനഗറിലെത്തിയതോടെ യാത്രയുടെ യഥാർത്ഥ മുഖം തെളിഞ്ഞു തുടങ്ങി. ശ്രീനഗറിൽ നിന്നും ടൂർ ഏജൻസിയുടെ വാഹനത്തിൽ പഹൽഗാമിലേക്കുള്ള ആ ദുർഘടമായ യാത്രയായിരുന്നു അടുത്ത ലക്ഷ്യം. തലയുയർത്തി നിൽക്കുന്ന മലനിരകളും, ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന തുരങ്കവും താണ്ടി, നിശ്ശബ്ദയായി ഒഴുകുന്ന ഝലം നദിക്കരയിലൂടെ വാഹനം മുന്നോട്ട് നീങ്ങി. ദൂരെ പച്ചപ്പണിഞ്ഞ മലനിരകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയായിരുന്നു. പഹൽഗാമിൽ നിന്നും മറ്റൊരു വാഹനത്തിൽ ചന്ദൻവാരിയിലെത്തി; അവിടെനിന്നാണ് യഥാർത്ഥ അമർനാഥ്‌ യാത്രയുടെ തുടക്കം. ശിവഭഗവാൻ അമർനാഥ് ഗുഹയിലേക്കുള്ള യാത്രയ്ക്കിടയിൽ തൻ്റെ മുടിയിലെ ചന്ദ്രക്കല ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

​മനസ്സിൽ ആകാംക്ഷ തിരതല്ലിക്കൊണ്ടിരുന്നു. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ഹിമഗിരിശൃംഗങ്ങളിലെ മഞ്ഞുറഞ്ഞ ഗുഹയും അതിനുള്ളിലെ അത്ഭുത ശിവലിംഗവും മാത്രമായിരുന്നു ചിന്തയിൽ. പരമശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവ്വതീദേവിക്ക് വെളിപ്പെടുത്തിക്കൊടുത്ത പുണ്യഭൂമി! അവിടെ ചെന്നെത്തുന്നത് മോക്ഷപ്രാപ്തിക്ക് വഴിതെളിക്കുമെന്നാണ് വിശ്വാസം. വിശ്വാസങ്ങൾ എന്തുതന്നെയായാലും, പ്രകൃതിയുടെ ആ നിഗൂഢ സൗന്ദര്യം ആസ്വദിക്കാനും ആ അത്ഭുതം കണ്ടു വണങ്ങാനുമുള്ള തീവ്രമായ ആഗ്രഹമായിരുന്നു ഉള്ളിൽ. ആരോഗ്യപ്രശ്നങ്ങൾ അധികം അലട്ടാത്ത ഈ പ്രായത്തിലല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇനി ഈ യാത്ര സാധ്യമാവുക? അങ്ങനെയൊരു നിർബന്ധബുദ്ധിയാണ് യാത്രയുടെ തുടക്കം.

​ഗുഹാകവാടത്തിലെത്താൻ അഞ്ചു ദിവസത്തെ കാൽനടയാത്ര വേണ്ടിവരുമെന്ന് ട്രാവൽ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ദൂരം കുറവാണെങ്കിലും കുത്തനെയുള്ള മലനിരകളും ദുർഘടമായ പാതകളും യാത്രയെ ക്ലേശകരമാക്കും. ചന്ദൻവാരിയിലെത്തുമ്പോൾ നേരം വൈകുന്നേരം നാല് മണിയായിക്കഴിഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ആ സമയത്തിന് ശേഷം യാത്രികരെ കടത്തിവിടില്ല. സമതലത്തിൽ നിരനിരയായി കെട്ടിയുണ്ടാക്കിയ ടെന്റുകളിൽ ഒന്നിൽ അന്ന് രാത്രി താവളമടിച്ചു. അസ്ഥികൾ തുളയ്ക്കുന്ന തണുപ്പായിരുന്നു അവിടെ. കമ്പിളിക്കുള്ളിൽ ചുരുണ്ടുകൂടി. യാത്രാക്ഷീണം കാരണം വേഗം ഉറക്കത്തിലേക്ക് വഴുതിവീണു.

​പിറ്റേന്ന് പുലർച്ചെ പുറത്തെ ബഹളങ്ങൾ കേട്ടാണ് ഉണർന്നത്. സമയം മൂന്ന് മണി. എല്ലാവരും യാത്ര പുറപ്പെടാനുള്ള തിടുക്കത്തിലാണ് തണുത്ത അന്തരീക്ഷം. വേഗത്തിൽ ഒരുങ്ങി, വാൽത്താൽ താഴ്‌വരയിലൂടെയുള്ള എളുപ്പവഴിയിലൂടെ സംഘത്തോടൊപ്പം യാത്ര ആരംഭിച്ചു. ഗൈഡുകളുടെ നിർദ്ദേശപ്രകാരം അത്യാവശ്യം മരുന്നുകളെല്ലാം ബാഗിൽ കരുതിയിരുന്നു. ഉയരം കൂടുമ്പോൾ ഓക്സിജൻ കുറയുന്നതുമൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾക്കുള്ള ഗുളികകൾ പ്രത്യേകം കവറിലാക്കി കൈയെത്തും ദൂരത്ത് വെച്ചു. ഭാഗ്യവശാൽ കാലാവസ്ഥ അനുകൂലമായിരുന്നു. ദുമയിലെ സുരക്ഷാ പരിശോധനകൾക്ക് ശേഷം മലകയറ്റം തുടങ്ങി.

​വഴിയോരങ്ങളിൽ സൈനികർ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ‘ഭണ്ടാരികൾ’ എന്ന് വിളിക്കുന്ന ഭക്ഷണശാലകളിൽ തീർത്ഥാടകർക്കായി സൗജന്യ ഭക്ഷണവും വെള്ളവും ഒരുക്കിയിട്ടുണ്ട്. എങ്കിലും കയ്യിൽ കരുതിയ ഉണങ്ങിയ പഴങ്ങളും ബിസ്ക്കറ്റും കരുതലായി. കൂടെയുള്ളവരെല്ലാം അപരിചിതർ—ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിദേശികളും. പല ഭാഷകൾ, പല വേഷങ്ങൾ, പക്ഷേ എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം: ‘അമർനാഥ്‌’. ആ ലക്ഷ്യത്തിനായി എന്ത് ത്യാഗവും സഹിക്കാൻ അവർ തയ്യാറാണ്. ബേസ് ക്യാമ്പിൽ നിന്നും നടന്നു തുടങ്ങിയപ്പോൾ മനസ്സിൽ ഒരു പ്രത്യേക അനുഭൂതി നിറഞ്ഞു. ആത്മീയതയുടെ ആ ലഹരിയിൽ യാത്രയുടെ ബുദ്ധിമുട്ടുകൾ വഴിമാറി.

​ഇരുവശവും കുത്തനെയുള്ള മലനിരകൾ. അതിലൂടെയുള്ള ഇടുങ്ങിയ പാതയിലൂടെയാണ് സഞ്ചാരം. താഴെ അഗാധമായ താഴ്ചകൾ. കേരളത്തിലെ കാടുകൾ പോലെയല്ല ഇത്; ചെറിയ മരങ്ങളും കുറ്റിച്ചെടികളും മാത്രമുള്ള മലഞ്ചെരുവുകൾ. ഇരുട്ടിന്റെ കരിമ്പടം നീക്കി വെളിച്ചം അരിച്ചിറങ്ങുമ്പോൾ മലനിരകൾ വലിയ നിഴലുകളെപ്പോലെ തോന്നിപ്പിച്ചു.

​പിസ്സു ടോപ്പിലേക്കുള്ള കയറ്റം കണ്ടപ്പോൾ സത്യത്തിൽ പേടി തോന്നി. ആകാശത്തോളം ഉയർന്നു നിൽക്കുന്ന ആ മഹാമേരുവിന്റെ മുകൾഭാഗം ഗോചരമല്ല!. താഴെയുള്ള പന്തലിൽ നിന്നും ചൂടുവെള്ളവും ലഘുഭക്ഷണവും കഴിച്ച് ഊർജ്ജം സംഭരിച്ചു. വരിവരിയായി നീങ്ങുന്ന യാത്രികർക്കൊപ്പം മലയുടെ പാർശ്വങ്ങളിൽ കൊത്തിയുണ്ടാക്കിയ വഴികളിലൂടെ പതുക്കെ കയറാൻ തുടങ്ങി. ഓരോ രണ്ടോ മൂന്നോ തിരിവുകൾ കഴിയുമ്പോഴും തളർച്ച തോന്നും. അപ്പോഴൊക്കെ അല്പം വിശ്രമിച്ച് വീണ്ടും മുന്നോട്ട്. ഒടുവിൽ മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച അവർണ്ണനീയമായിരുന്നു. ആകാശത്തുനിന്ന് താഴേക്ക് നോക്കുന്നത് പോലെ ഒരു മായക്കാഴ്ച!

​മുകളിലെത്തിയ നിമിഷം അതുവരെ അനുഭവിച്ച ശാരീരികമായ എല്ലാ തളർച്ചയും ആ മാന്ത്രികതയാൽ മാഞ്ഞുപോകുന്നു. നമ്മൾ ഭൂമിയിലല്ല, മറിച്ച് മേഘങ്ങൾക്കും മുകളിൽ ഏതോ സ്വർഗ്ഗീയ പാതയിലാണെന്ന് തോന്നിപ്പിക്കും. വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ തൊട്ടരികിലൂടെ ഒഴുകി നീങ്ങുന്നത് കാണാം. താഴേക്ക് നോക്കുമ്പോൾ കിലോമീറ്ററുകൾക്ക് താഴെ ലിഡർ നദി ഒരു ചെറിയ വെള്ളിനൂൽ പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്നത് ദൃശ്യമാകും. ചന്ദൻവാരിയിലെ പന്തലുകൾ ചെറിയ പുള്ളികളായി മാത്രം കാണപ്പെടുന്നു.

ചുറ്റും തലയുയർത്തി നിൽക്കുന്ന ഹിമാലയൻ പർവ്വതനിരകൾ. വെയിൽ തട്ടുമ്പോൾ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന മഞ്ഞുപാളികൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.

ഉയരത്തിലെത്തുമ്പോൾ കാറ്റിന്റെ ഇരമ്പലല്ലാതെ മറ്റൊരു ശബ്ദവുമില്ല. ആ നിശബ്ദതയിൽ നമ്മൾ എത്ര ചെറിയവരാണെന്ന തിരിച്ചറിവ് ഉണ്ടാകും.

ഒരു വശത്ത് അഗാധമായ താഴ്ചയും മറുവശത്ത് പർവ്വതനിരകളും. ശേഷ്നാഗിലേക്കുള്ള ഇടുങ്ങിയ വഴികൾ ദൂരെ പാമ്പുകളെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്നത് കാണാം.

​സത്യത്തിൽ അതൊരു കാഴ്ചയല്ല, ഒരു തിരിച്ചറിവാണ്. ശ്വാസം മുട്ടിക്കുന്ന കയറ്റങ്ങൾക്കൊടുവിൽ പ്രകൃതി കരുതിവെച്ചിരിക്കുന്ന ആ സമ്മാനം കാണുമ്പോൾ “കഷ്ടപ്പെട്ടത് വെറുതെയായില്ല” എന്ന് ഏതൊരു യാത്രികനും മനസ്സിൽ പറഞ്ഞുപോകും.

നടക്കുമ്പോൾ അത്രമാത്രം ശ്രദ്ധയോടെ ഓരോ ചുവടും വയ്ക്കണം. ഇല്ലെങ്കിൽ ഉരുളൻ കല്ലുകളിൽ ചവിട്ടി തെന്നിവീഴും. മലയെ അനുധാവനം ചെയ്തുകൊണ്ടുള്ള ഒരു ദിവസത്തെ ക്ലേശകരമായ ആ യാത്രക്കൊടുവിൽ അന്നത്തെ രാത്രി ശേഷനാഗിലെ ക്യാമ്പിലെത്തി. സമതലത്തിൽ നിരനിരയായി കിടക്കുന്ന കൂടാരങ്ങളിൽ ഒന്നിൽ സ്ലീപ്പിംഗ് ബാഗിനുള്ളിൽ ചുരുണ്ടുകൂടി. പിറ്റേന്ന് പുലർച്ചെ എല്ലാവരും ഉണരും മുൻപേ എഴുന്നേറ്റ് പുറത്തിറങ്ങി. മഞ്ഞുറഞ്ഞ കൊടുമുടികളിൽ പുലർകാല പ്രകാശം വീഴുന്ന ആ ഗാംഭീര്യം ആസ്വദിച്ചു നിൽക്കുമ്പോഴാണ് ശ്രദ്ധിച്ചത്—തൊട്ടടുത്ത കൂടാരത്തിന് മുന്നിൽ ഒരു സ്ത്രീ നിശബ്ദയായി നിൽക്കുന്നു.

തുടരും..

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com