പെട്ടന്ന് വേഗത കുറച്ച് ജീവന്റെ ഇടതുഭാഗത്ത് കയറിയതും വളരെ വേഗതയിൽ പിന്നിൽ നിന്നും വന്ന ഒരു കാറ് അവളുടെ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു.
തുടർന്ന് വായിക്കുക….
👇👇👇👇👇👇
അദ്ധ്യായം 20
കാട്ടുപാക്ഷികൾ ഒന്നിച്ചു ചിലച്ചുകൊണ്ട് നാലുപാടും ചിതറിപ്പറന്നു. മരഞ്ചാടികളായ കുരങ്ങുകൾ കണ്ണുകൾ പൊത്തിക്കരഞ്ഞു. കാറ്റും കരിയിലകളും നിശ്ചലമായി. ഒരു ബോൾ കണക്കെ രമ്യമോൾ റോഡരികിലെ താഴ്ച്ചയിലേക്ക് തെറിച്ചു പോയി. ഒരു നിമിഷം, ഒരേ ഒരു നിമിഷം, ഒന്ന് ബ്രേക്ക് ചവിട്ടിയ കാർ ഉടൻ തന്നെ അതിവേഗം പാഞ്ഞു പോയി.
അമ്മേ എന്ന ഒരു നിലവിളി അതേ രമ്യയിൽ നിന്നുണ്ടായിട്ടുള്ളൂ. രമ്യയുടെ സൈക്കിൾ വന്നിടിച്ച് ജീവനും ചെറിയ തോതിൽ പരിക്കുപറ്റി. അവന്റെ നിലവിളിയും ഇടിയുടെ ശബ്ദവും കേട്ട് ആളുകൾ ഓടിക്കൂടി. താഴേക്ക് തെറിച്ചു പോയ രമ്യയെ ചൂണ്ടിക്കാട്ടിപ്പൊട്ടിക്കരയുന്ന ജീവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആളുകൾ ശ്രമിച്ചെങ്കിലും അവളേയും കൊണ്ടേ ആശുപത്രിയിലേക്ക് പോകൂ എന്നവൻ ശാഢ്യം പിടിച്ചു.
ആളുകൾ കാട്ടുചെടികളുടെ ഇടയിൽ തിരച്ചിൽ ആരംഭിച്ചു. അല്പസമയത്തെ തിരച്ചിലിനു ശേഷം നാട്ടുകാർ രമ്യയെ കണ്ടെടുത്തു. ചെറിയ ചെറിയ മുറിവുകൾ മാത്രമേ അവളുടെ ദേഹത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാൽ യാതൊരു വിധ ചലനവും ആ കുട്ടിയുടെ ശരീരത്തിലില്ലായിരുന്നു.
ചലനമറ്റ് കിടക്കുന്ന രമ്യയുടെ ശരീരം കൈകളിൽ കോരിയെടുത്ത് വണ്ടിയിലേക്ക് കയറ്റുമ്പോൾ അവളെ കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന ജീവന്റെ കരച്ചിലിനൊപ്പം അവിടെ കൂടി നിന്നവരുടെ കണ്ണുകളും നിറഞ്ഞു പോയി. അത്രയ്ക്ക് ദയനീയമായിരുന്നു ആ രംഗം.
ആശുപത്രിയുടെ അകത്തളങ്ങളിൽ അലമുറകളുടെ പ്രകംബനങ്ങൾ. നെഞ്ചത്തടിച്ചു പൊട്ടിക്കരയുന്ന കാർത്തിയെ സമാധാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് കരയാതിരിക്കാൻ പറയുന്ന രാമഭദ്രനും കരയുന്നുണ്ടായിരുന്നു.
വളരെ പ്രയാസപ്പെട്ട് നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ശ്രേയട്ടീച്ചറും പൊട്ടിക്കരഞ്ഞു പോകുന്നു.
അകത്ത് ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർ മത്സരിക്കുകയായിരുന്നു. ആ കുരുന്നു ജീവനെ രക്ഷപ്പെടുത്താൻ. കാലിന്റേയും കൈയ്യുടേയും എല്ലുകൾ പൊട്ടിയ രമ്യക്ക് രണ്ട് ഓപ്പറേഷനുകൾ വേണമെന്ന അറിയിപ്പിൽ രാമഭദ്രൻ ഒപ്പിട്ടു കൊടുത്തു.
ചെറിയ ചെറിയ ഒന്നു രണ്ട് പരിക്കുകൾ മാത്രമുണ്ടായിരുന്ന ജിവനെ മുറിവുകൾ എല്ലാം വച്ചു കെട്ടിയതിനുശേഷം റൂമിലേക്ക് മാറ്റി.
പോലീസുകാര് വന്ന് അന്വേഷണം നടത്തി. ഇടിച്ച വണ്ടിയുടെ നമ്പർ ജീവൻ കണ്ടില്ലായിരുന്നു. അവൻ പറഞ്ഞ വിവരങ്ങൾ എല്ലാം പോലീസുകാര് എഴുതിയെടുത്തു. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ കൂടിയിരിക്കുന്നവരാരും വണ്ടി കണ്ടിട്ടില്ലായിരുന്നു. കാരണം അവർ ഓടി വരുമ്പോഴേക്കും വണ്ടി പോയിക്കഴിഞ്ഞിരുന്നു.
ഡോക്ടർമാരോട് കുട്ടികളുടെ സ്ഥിതി വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി രമ്യയുടെ മൊഴിയെടുക്കാൻ പിന്നെ വരാം എന്ന് പറഞ്ഞ് പോലീസുകാര് പോയി.
വിവരമറിഞ്ഞ് സകല തിരക്കുകളും മാറ്റി വച്ച് പറന്നെത്തിയ DYSP ജയേഷിന് രാമഭദ്രനേയും, കാർത്തിയേയും സ്വന്തം മകനേയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ കുഴങ്ങി. ആകെയുള്ള ഒരു മകളുടെ ജീവനു വേണ്ടി നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ആ മാതാവിനോട് എന്ത് സാന്ത്വന വാക്കുകൾ പറഞ്ഞാലും മതിയാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ബോഗികൾ വേർപെട്ട തീവണ്ടി എഞ്ചിൻ റെയിൽ പാളത്തിൽ നിന്ന് തെന്നി നീങ്ങി. കിഴക്കൻ ചൂവാളം ഇന്ന് എന്തോ അത്ര ചുകപ്പണിഞ്ഞു കാണുന്നില്ല. പകരം കറുത്ത മാനത്തിനുള്ളിലേക്ക് മറഞ്ഞുപോകാൻ അത് തിടുക്കം കൂട്ടുന്നതുപോലെ.
അദ്ദേഹം ആശുപത്രിയിലെ സൂപ്രണ്ടിനെയടക്കം കണ്ട് കാര്യങ്ങൾ എളുപ്പമാക്കാൻ വേണ്ട നടപടികൾ ചെയ്തു. തുടർന്ന് സ്വന്തം മകന്റെ അടുത്ത് തന്നെ വന്നു. അപ്പോഴേക്കും ജീവന് കുറച്ച് വേദനയൊക്കെ കുറഞ്ഞിട്ടുണ്ടായിരുന്നു. ജയേഷ് അവന്റെ അടുത്തിരുന്ന് സംഭവിച്ചതെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം സ്റ്റേഷനുമായി ബന്ധപ്പെട്ടു. സംഭവം നടന്നതിനടുത്തുള്ളതും കുറച്ച് ദൂരം ആ റോഡിൽ മുന്നോട്ടും പിറകോട്ടും ഉള്ള എല്ലാ കച്ചവടക്കാരോടും കാര്യങ്ങൾ തിരക്കാനും ഏർപ്പാടാക്കി.
രമ്യയെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഐ. സി. യു. വിലേക്ക് മാറ്റി. തലയ്ക്ക് കാര്യമായ പരിക്കൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. കൈക്കും കാലിനും വാരിയെല്ലുകൾക്കും ഒടിവുണ്ട്. കുട്ടിക്ക് ബോധം വന്നതിനു ശേഷം കാർത്തിയേയും , രാമഭദ്രനേയും ഓരോരുത്തരെയായി അകത്ത് കയറിക്കാണാൻ ഡോക്ടർ അനുവദിച്ചു.
കുത്തിവച്ച മരുന്നിന്റെ പ്രവർത്തനത്തിൽ മയക്കം വിട്ടുമാറാതിരുന്നിട്ടുപോലും ആ കുരുന്ന് തന്റെ അമ്മയുടെ വിങ്ങുന്ന മനസ്സ് തൊട്ടറിഞ്ഞ് നെഞ്ചു പൊട്ടി കരഞ്ഞു പോയി. കണ്ണുകളിലൂടെ കണ്ണുനീർ ധാര ധാരയായി ഒഴുകി. അമ്മയെ ഒന്നു വാരിപ്പുണരാൻ ആ പിഞ്ചു മനസ്സ് കിടന്ന് പിടയ്ക്കണത് ആ മാതൃഹൃദയം കണ്ടറിഞ്ഞു.
കാർത്തിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അത്. ഇരുകൈകൾ കൊണ്ടും തന്റെ പൊന്നോമന മകളുടെ കവിളുകൾ ചേർത്ത് പിടിച്ച് മുത്തുമ്പോൾ മാതൃത്വത്തിന്റെ വികാരതലങ്ങളിലൂടെ ഉരുകിയൊലിക്കുന്ന ലാവകളുടെ താപത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു ആ ഇരു ഹൃദയങ്ങളും.
രാമഭദ്രന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. എത് പ്രതിസന്ധിയേയും തളരാത്ത മനസ്സുമായി, നെഞ്ചും വിരിച്ച് തലയുയർത്തിപ്പിടിച്ച് നിന്ന് നേരിടുന്ന രാമഭദ്രൻ ഇവിടെ തളർന്നു പോകുന്നു. അച്ഛൻ എന്ന വികാരം. ആത്മബന്ധത്തിന്റെ അളക്കാൻ കഴിയാത്ത തീവ്രതയായി നെഞ്ചകം വിങ്ങിപ്പൊട്ടുകയാണ്. തന്റെ മകളുടെ ആ കിടപ്പ് അധികനേരം അവന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അതുവരെ താൻ കെട്ടിയാടിയ വേഷങ്ങളുടെ ഭാവങ്ങളെല്ലാം വേഷപ്പകർച്ചയിൽ അശ്രുകണങ്ങളുടെ ധാരയാകുമോ എന്ന് തോന്നിയ നിമിഷം അവൻ മകളുടെ അടുത്തു നിന്നും പിൻ വാങ്ങി.
ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുട്ടികളെ ഇടിച്ച വണ്ടിയെക്കുറിച്ചുള്ള സൂചന പോലീസിനു കിട്ടി. കൂടിളകിയ കടന്നലുകളെപ്പോലെ പോലീസുകാർ പറന്നു. ഉപയോഗശൂന്യമായ ഒരു വലിയ കമ്പനിയുടെ പിന്നാമ്പുറത്തു നിന്ന് കാറ് കണ്ടുകിട്ടി. മണിക്കൂറുകൾക്കുള്ളിൽ പോലീസ് അതിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.
മാർക്കോസു ചേട്ടന്റെ വധവുമായി ബന്ധപ്പെട്ട വിഗ്നേശ്വരൻ മുതലാളിയുടെ റബ്ബർ എസ്റ്റേറ്റിലുള്ളതായിരുന്നു ആ വണ്ടി. വണ്ടിയുടെ ഉടമയെ കിട്ടിയതും അത് കൊണ്ടുപോയവരെക്കുറിച്ചുള്ള വിവരവും കിട്ടി.
അതോടെ പോലീസിന് ഒരു കാര്യം ബോധ്യമായി. കുട്ടികളെ വണ്ടിയിടിച്ചത് ആകസ്മികമായല്ല. മറിച്ച് മന:പ്പൂർവം അപകടപ്പെടുത്തിയതാണ്. കാരണം, മണവാളൻകുന്ന് ചന്തയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ വിഗ്നേശ്വരൻ മുതലാളിയുടെ മകനും മരുമകനും ജയിലിൽക്കിടക്കാൻ കാരണക്കാരൻ എന്ന് അവർ കരുതുന്ന രാമഭദ്രന്റെ മകളെ വധിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഒരു ആസുത്രിത കൊലപാതക ശ്രമമായിരുന്നു അത് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു.
തുടരും…




ഒരു സ്ഥിരം വായനക്കാരൻ്റെ അഭിപ്രായം FB യിൽ വന്നത്.
അല്ലെങ്കിലും മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഏതു അച്ഛനും അത് സഹിക്കാൻ പറ്റില്ല പക്ഷേ കഥ വായിച്ചപ്പോൾ ഒരു കാര്യം ഒരു വായനക്കാരൻ എന്നുള്ള രീതിയിൽ എനിക്ക് മനസ്സിലായി വിഘ്നേശ്വരൻ എന്ന് പറയുന്ന മുതലാളി ആള് ചെറിയ പുള്ളി ഒന്നുമല്ല വിഘ്നേശ്വരൻ മുതലാളിയുടെ രണ്ട് മക്കളെയും ജയിലിൽ ആക്കാൻ കാരണക്കാർ ആരാണോ അവരെ കൊല്ലുക അപ്പോ തെളിവ് ഉണ്ടാകില്ലല്ലോ ചുരുക്കിപ്പറഞ്ഞാൽ തെളിവ് നശിപ്പിക്കൽ കൊള്ളാം എന്തായാലും രാമഭദ്രൻ ശക്തനാണ് എത്ര ശക്തനാണെങ്കിലും സ്വന്തം മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വേദന സഹിക്കാൻ പറ്റുമോ വിഘ്നേശ്വരൻ മുതലാളിക്ക് ഇവിടം കഷ്ടകാലം തുടങ്ങാൻ പോകുന്നു മാർക്കോസ് ചേട്ടൻറെ മരണത്തിനും കാരണം ഈ വിഘ്നേശ്വരൻ മുതലാളിയുടെ കൈ തന്നെ ആകുമോ എല്ലാം കണ്ടറിയാം രവിയേട്ടാ കഥയുടെ പോക്ക് ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട് ഇത് ശരിക്കും ഒരു സിനിമ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്ന കഥയിൽ തികച്ചും ഒരു മിറാക്കിൾ എന്തെങ്കിലും നടക്കുമോ? കാത്തിരുന്നു കാണാം രവിയേട്ടാ ഒരായിരമായിരം അഭിനന്ദനം സ്നേഹത്തോടെ കെ.കെ. കോട്ടിക്കുളം ഒന്ന് ഉറപ്പിച്ചു പറയാം. കള്ളൻ കപ്പലിൽ തന്നെ 21-ാം ഭാഗത്തിന് കട്ട waiting …..
K K കോട്ടിക്കുളം.