“Values are like light houses; they are signals giving direction, meaning and purpose.”
Recruiter Journal
ജീവിതത്തിൽ എന്ത് കാര്യത്തിനും , ജീവനും ജീവിതത്തിനും, മനുഷ്യർക്കും, വസ്തുക്കൾക്കും എല്ലാം ഒരു മൂല്യം ഉണ്ട്. സ്വാഭാവികമായും നമ്മൾ അത് കണക്കാക്കും… അല്ലെങ്കിൽ അതിനുള്ള അവസരങ്ങൾ താനേ വന്നു ചേരും. പ്രധാനമായും മൂല്യം എന്ന വാക്കുകൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് ഗുണം, അളവ്, വില, സദാചാരം എന്നിവയാണ്.
ഗുണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വസ്തുവിന്റെ അല്ലെങ്കിൽ കാര്യത്തിന്റെ നിലവാരം ഗുണം, പ്രയോജനം എന്നിവയാണ്. വില കൊണ്ട് ഉദ്ദേശിക്കുന്നത് സേവനത്തിൻ്റെയോ, ഒരു വസ്തുവിന്റെയോ സാമ്പത്തിക വിലയാണ്. ഇതിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതും ഈ മൂല്യനിർണ്ണയത്തിനെ ആശ്രയിച്ചിരിക്കും.
ഇനിയുള്ളത് സദാചാരമാണ്. നമ്മുടെ ധാർമ്മിക മൂല്യങ്ങളിൽ പ്പെടുന്ന സദാചാര നിയമങ്ങൾ , തത്വങ്ങൾ ഒരു സമൂഹം പിൻതലമുറയ്ക്ക് പകർന്നുകൊടുക്കുന്ന നല്ല ശീലങ്ങൾ ഒക്കെ സദാചാരം എന്ന വാക്കിനെ പ്രതിനിധീകരിച്ച് തന്നെയാണ്.
അളവ് എന്നത് സംഖ്യാപരമായത് ആണ്. കണക്കിലെയോ ശാസ്ത്രത്തിലെയോ അളവ്. ഉദാഹരണമായി: pH മൂല്യം)
ഈ മൂല്യങ്ങൾ എന്നത് മുകളിലേക്കുള്ള ചവിട്ടു പടികളാണ്.പുരോഗതിയിലേക്കുള്ള വഴികാട്ടിയും പാതയുമാണ്. ഒരു മരത്തിൻ്റെ ഉയരത്തിലെ ശാഖിയാണ്. നല്ല ഉൾക്കാമ്പും, ഈടും ഉള്ളവ. മൂല്യങ്ങൾ എന്നത് വിലയിരുത്തലുകളാണ്!
നമ്മൾ ആരാണ്? എന്താണ്? എന്തിനാണ് നമ്മൾ ജീവിതത്തിൽ മുൻഗണന നൽകുന്നത് എന്നതൊക്കെ തീരുമാനിക്കുന്നത് തീർച്ചയായും നമ്മളിലെ മൂല്യങ്ങളെ അളന്നുതന്നെയാണ്. ഒരു വ്യക്തിയുടെ പെരുമാറ്റം സ്വഭാവം, ചെയ്തികൾ എന്നിവയൊക്കെ അയാളിൽ അന്തർലീനമായ മൂല്യങ്ങളുടെ പിൻതുടർച്ചയായി കണക്കാക്കാം. നമ്മളിൽ മൂല്യങ്ങൾ രൂപപ്പെടുന്നത് നമ്മൾ വളർന്നു വന്ന സാഹചര്യം, നമ്മുടെ ചുറ്റുപാടുകൾ, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിൽ നിന്നുമൊക്കെ തന്നെയാണ്.
സത്യസന്ധത ഒരു വ്യക്തിയുടെ വളരെ നല്ല ഒരു മൂല്യമായി കണക്കാക്കാം. അതുപോലെതന്നെ ബഹുമാനം, ദയ, ആത്മനിയന്ത്രണം ഈ വാക്കുകൾ ഒക്കെ വെറുതെ പറഞ്ഞു പോകാതെ! ഒത്തിരി വിലമതിക്കുന്ന മൂല്യങ്ങൾ തന്നെയാണ് എന്ന് നമുക്ക് ഉറക്കെ തന്നെ വിളിച്ചു പറയാൻ പറ്റും. മൂല്യങ്ങൾ എന്നത് മറ്റൊരാൾക്ക് പകർന്നു കൊടുക്കാനും, കണ്ടുപഠിക്കാനും, ഹൃദയത്തിലേറ്റി കൊണ്ടുനടക്കാനും ഉള്ള പാഠപുസ്തകം കൂടിയാണ്.
ഒരു വ്യക്തിയുടെ തെറ്റുകൾക്കും ശരികൾക്കും അയാളുടെ മൂല്യനിർണ്ണയത്തിൽ ഒരു പ്രധാന പങ്കുണ്ട്. മറ്റുള്ളവരെ ചൂണ്ടിക്കാട്ടാൻ, അവർക്ക് അനുഗമിക്കാൻ, ശക്തമായ, കെട്ടുറപ്പുള്ള, നന്മയുള്ള, നല്ല ധൈര്യത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു കൂട്ടം മെച്ചങ്ങളെ പെറുക്കി കൂട്ടി ചേർത്തു വയ്ക്കലാണ് ഈ മൂല്യനിർണ്ണയം.
ഒരു മൂല്യവും ഇല്ലാത്ത അല്ലെങ്കിൽ ഒരു മൂല്യവും കണ്ടെത്താൻ കഴിയാത്ത ഒന്നിനെയും ( ജീവൻ ഉള്ളതായാലും ജീവൻ ഇല്ലാത്തതായാലും)മനുഷ്യർ സ്വാഭാവികമായും അവനോട് അധികം ചേർത്തു പിടിക്കാറില്ല?
ഓരോ മനുഷ്യരിലെയും മൂല്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും പ്രാധാന്യമാണ്. ഒപ്പം… നമ്മൾ അയാളിലെ എന്ത് മൂല്യങ്ങൾക്കാണ് വില കൽപ്പിക്കുന്നത് എന്നുള്ളതും. നമുക്കു വേണ്ടുന്ന മൂല്യം എന്താണ് എന്നുള്ളത് നമ്മൾ തന്നെയാണ് കണ്ടെത്തേണ്ടത്. അതിനെ വികസിപ്പിക്കേണ്ടത്. അതിനെ സ്വീകരിക്കേണ്ടത്. മൂല്യങ്ങളും മനോഭാവങ്ങളും മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന ഭാഗമാണ്.
മറ്റൊരാളുടെ മൂല്യങ്ങളെ കണ്ടെത്താനും അതിനെ പോഷിപ്പിക്കാനും നമുക്ക് കഴിയും. എന്തെന്നാൽ മൂല്യങ്ങൾ എന്നാൽ നല്ല ഗുണങ്ങൾ എന്നതുകൊണ്ട് തന്നെയാണ്. എല്ലാ മനുഷ്യരിലും എല്ലാ മൂല്യങ്ങളും ഒരുമിച്ചു കാണണം അല്ലെങ്കിൽ കിട്ടണം എന്നില്ല എങ്കിലും കുറച്ചു മൂല്യങ്ങൾ എങ്കിലും കാണും. അതിനെ കണ്ടെത്തുക. ശരിയും തെറ്റും നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. അതിലും ഒരു ശരാശരിയുണ്ട്. എന്തും ആ ശരാശരിയിൽ കുറയുമ്പോഴാണ് പ്രശ്നങ്ങളും ദൂഷ്യങ്ങളും ഉടലെടുക്കുക.
എന്ത് കാര്യത്തിലും മൂല്യനിർണ്ണയം ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്
ഒരു വസ്തുവിന്റെയോ കറൻസിയുടെയോ, സേവനത്തിന്റെയോ മൂല്യം പ്രധാനമായും നിർണ്ണയിക്കുന്നത് വിപണിയിലെ അതിൻ്റെ ആവശ്യകതയും വിതരണവുമാണ്. വിപണിയിൽ ആവശ്യകത കൂടുമ്പോൾ മൂല്യവും കൂടുന്നു. വിതരണം കൂടുമ്പോൾ മൂല്യം കുറയുന്നു.
അപ്പോൾ ഇനി നിങ്ങൾക്കും കണ്ടെത്താം.. ഞാൻ ഇവിടെ കുറിച്ച ഈ പരിമിതമായ അറിവുകളുടെ വരികളിലെ മൂല്യങ്ങൾ! ഈ വരികൾക്കും എഴുത്തിനും ഞാനെന്ന വ്യക്തിയുടെ മൂല്യങ്ങളുമായി ഒരു ബന്ധമുണ്ട്. അതാണ്? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മൂല്യങ്ങൾ പിൻതുടച്ചകൾ ആണ് എന്നത്. നിങ്ങളും കണ്ടെത്തുക! നിങ്ങളിലെ മൂല്യങ്ങളെ.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.



