Tuesday, July 14, 2026
Homeഅമേരിക്കമാതാ നി പച്ചേഡി (പാർട്ട്‌- 2) 'ഗുജറാത്തിലെ ചലിക്കുന്ന ആരാധനാലയങ്ങളുടെ ചരിത്രവും, സാംസ്കാരിക പാരമ്പര്യവും'...

മാതാ നി പച്ചേഡി (പാർട്ട്‌- 2) ‘ഗുജറാത്തിലെ ചലിക്കുന്ന ആരാധനാലയങ്ങളുടെ ചരിത്രവും, സാംസ്കാരിക പാരമ്പര്യവും’ ✍ ജിഷ ദിലീപ്, ഡൽഹി

ഗുജറാത്തിലെ ചലിക്കുന്ന ആരാധനാലയങ്ങളുടെ ചരിത്രവും
സാംസ്കാരിക പാരമ്പര്യവും

ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിൽ വിശ്വാസവും ആചാരങ്ങളും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അതീവ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് സ്ഥിരമായ ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ജനങ്ങൾ സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാൻ പുതിയ വഴികൾ കണ്ടെത്തി. ഗുജറാത്തിലെ “ചലിക്കുന്ന ആരാധനാലയങ്ങൾ” അത്തരത്തിലുള്ള സൃഷ്ടിപരമായ ജനകീയ പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നു.

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ ദേവിയെ കേന്ദ്രീകരിച്ച ആരാധനാരീതി കൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. സബർമതി നദീതീര പ്രദേശങ്ങളിൽ താമസിച്ചിരുന്ന നാടോടി സമൂഹമായ വാഘരികളാണ് മാതാ നി പച്ചേഡി വരയ്ക്കുന്ന പാരമ്പര്യത്തിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. അവരുടെ കുലദേവിയെ ആരാധിക്കുന്നതിനും
പ്രീതിപ്പെടുത്തുന്നതിനുമായിരുന്നു ഈ തുണിച്ചിത്രങ്ങൾ സൃഷ്ടിച്ചത്.

ഗ്രാമങ്ങളിൽ സ്ഥിരമായ ക്ഷേത്രങ്ങൾ ഇല്ലാത്തിടങ്ങളിലും,ചിലർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനവിലക്കുകൾ നിലനിന്ന സാഹചര്യ ങ്ങളിലും, വലിയ തുണിത്തരങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് ആരാധന നടത്താൻ തുടങ്ങി. ഈ തുണിച്ചിത്രങ്ങൾ ഉത്സവസമയങ്ങളിൽ വിരിച്ച് താൽക്കാലിക ആരാധനാലയങ്ങളായി ഉപയോഗിച്ചിരുന്നു.

ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സഞ്ചാരസ്വഭാവമായിരുന്നു. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന തിനാൽ, വിശ്വാസവും ആചാരങ്ങളും ജനങ്ങളോടൊപ്പം സഞ്ചരിച്ചു. അതുകൊണ്ട് തന്നെ ഇവ“ചലിക്കുന്ന ആരാധനാലയങ്ങൾ” എന്ന പേരിൽ അറിയപ്പെട്ടു.

ഇത്തരത്തിലുള്ള ആരാധനാരീതികൾ ഗ്രാമീണ സമൂഹങ്ങളിൽ വലിയ ഐക്യബോധം സൃഷ്ടിച്ചു. ഉത്സവ സമയ ങ്ങളിൽ ഗ്രാമവാസികൾ ഒന്നിച്ചുകൂടി പാട്ടുകളും നൃത്തങ്ങളും പൂജാചടങ്ങുകളും നടത്തി. ആരാധന മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ്മയും ഈ ചടങ്ങുകളുടെ പ്രധാന ലക്ഷ്യമായിരുന്നു.

മാതാ നി പച്ചേഡിയുടെ നിർമ്മാണരീതി

മാതാ നി പച്ചേഡി പ്രധാനമായും കൈകൊണ്ട് വരയ്ക്കുകയും ബ്ലോക്ക് പ്രിന്റിംഗ് രീതിയിൽ അച്ചടിക്കുകയും ചെയ്യുന്ന തുണിച്ചിത്രങ്ങളാണ്. പ്രകൃതിദത്ത നിറങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. പരമ്പരാഗതമായി കറുപ്പും ചുവപ്പും നിറങ്ങൾക്കായിരുന്നു പ്രധാന സ്ഥാനം. ഇരുമ്പ്, ശർക്കര, മൈലാഞ്ചി, തുരുമ്പ്, പുളിങ്കുരു തുടങ്ങിയ പ്രകൃതിദത്തവസ്തുക്കളിൽ നിന്നാണ് നിറങ്ങൾ തയ്യാറാക്കി യിരുന്നത്. മുളന്തണ്ടുകളും ചില്ലകളും മഷിയിൽ മുക്കി ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്നു.

തുണി തയ്യാറാക്കുന്ന പ്രക്രിയയും ഏറെ ശ്രദ്ധേയമാണ്. ആദ്യം തുണി വെള്ളത്തിൽ മുക്കിവെച്ച് അതിലെ സ്റ്റാർച്ച് നീക്കം ചെയ്യുന്നു. തുടർന്ന് സൂര്യപ്രകാശത്തിൽ ഉണക്കിയ ശേഷം ഹർദ ലായനിയിൽ മുക്കി വീണ്ടും ഉണക്കുന്നു. പിന്നീട് തുണിയിൽ ചിത്രങ്ങളുടെ രൂപരേഖ തയ്യാറാക്കി നിറങ്ങൾ പകരുന്നു.

നിറങ്ങൾ സ്ഥിരപ്പെടുത്തുന്നതിനായി തുണി ഒഴുകുന്ന വെള്ളത്തിൽ കഴുകുകയും തുടർന്ന് ധവ്ദ പൂവും അലിസാരിനും ചേർന്ന മിശ്രിതത്തിൽ തിളപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി ഘട്ടങ്ങളിലൂടെ കടന്നാണ് ഒരു മാതാ നി പച്ചേഡി ചിത്രം പൂർത്തിയാകുന്നത്.

ചിത്രരചനാ സാങ്കേതികതയിലെ ചില സാമ്യങ്ങൾ കാരണം മാതാ നി പച്ചേഡിയെ ചിലപ്പോൾ കലംകാരി പാരമ്പര്യവുമായി താരതമ്യം ചെയ്യാറുണ്ട്.

ഉദ്ഭവത്തെക്കുറിച്ച് കൃത്യമായ ചരിത്രരേഖ കൾ പരിമിതമാണെങ്കിലും, ഇന്ന് അഹമ്മദാബാദിലെ വാസന പ്രദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരവധി കരകൗശല വിദഗ്ധർ ഈ പാരമ്പര്യം തുടരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കലാരൂപം ഇന്നും ഗ്രാമീണ സമൂഹങ്ങളിൽ സംരക്ഷിക്കപ്പെടുന്നു.

കാലക്രമേണ ഈ തുണിച്ചിത്രങ്ങൾ ആരാധനയുടെ പരിധി കടന്ന് ഒരു സവിശേഷ കലാരൂപമായി വളർന്നു. ഇന്ന് ഈ കലാരൂപം ലോകമെമ്പാടുമുള്ള കലാപ്രദർശനങ്ങളിലും മ്യൂസിയങ്ങളിലും ഉള്ള ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്.

സാങ്കേതികവിദ്യയും നഗരവൽക്കരണവും അതിവേഗം മുന്നേറുന്ന ഇന്നത്തെ ലോകത്തും മാതാ നി പച്ചേഡി പോലുള്ള ജനകീയ പാരമ്പര്യങ്ങൾ മനുഷ്യന്റെ സാംസ്കാരിക വൈദഗ്ധ്യത്തെ ഓർമ്മപ്പെടുത്തുന്നു. വിശ്വാസം കെട്ടിടങ്ങളിൽ മാത്രമല്ല, ജനങ്ങളുടെ മനസ്സിലും കൂട്ടായ അനുഭവങ്ങളിലുമാണ് ജീവിക്കുന്നത് എന്ന സന്ദേശമാണ് ഈ പാരമ്പര്യം നമ്മിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് മാതാ നി പച്ചേഡി ഒരു കലാരൂപം മാത്രമല്ല; സമൂഹത്തിന്റെ വിശ്വാസവും കൂട്ടായ്മയും സാംസ്കാരിക അതിജീവനവും രേഖപ്പെടുത്തുന്ന ജീവിക്കുന്ന ചരിത്രരേഖ കൂടിയാണ്.

ജിഷ ദിലീപ്, ഡൽഹി

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com