Sunday, May 17, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം: 4) "അമ്മ നിലാവൊഴിഞ്ഞ ആകാശതീരം" ✍ റോമി ബെന്നി .

അധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം: 4) “അമ്മ നിലാവൊഴിഞ്ഞ ആകാശതീരം” ✍ റോമി ബെന്നി .

വേനലിന്റെ ഉണങ്ങിയ നിശ്ചല ദൃശ്യങ്ങൾ കരിയിലകളായി താഴെ പൊഴിഞ്ഞു കിടക്കുന്നു.

പരീക്ഷാച്ചൂടും പുറത്തെ താപവുമേറ്റിയ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്റൂമിൽ ഉരുകിയൊലിക്കുന്ന മേടമാസപ്പകലുകൾ.

മടുപ്പിക്കുന്ന റിവിഷൻ ക്ലാസുകൾക്കിടയിലെപ്പോഴോ
ലോകത്തെ ആയിരക്കണക്കിനു ജീവജാലങ്ങളിൽ മനുഷ്യനുമാത്രമുള്ളതാണ് വിശേഷാൽ ബുദ്ധിയും ചിരിക്കാനുള്ള കഴിവുമെന്നു ഞാൻ പറഞ്ഞു.

മറ്റുള്ളവരുടെ നന്മ കാണാതെ കുറ്റങ്ങൾ കണ്ടു പിടിക്കാനുള്ള കഴിവും നരജന്മങ്ങൾക്കു മാത്രമേയുള്ളുവെന്നും സന്ദർഭവശാൽ കൂട്ടിച്ചേർത്തു.

അധികമൊന്നും സംസാരിക്കാത്ത നീന എന്ന ഒൻപതാം ക്ലാസുകാരി ഇതു കേട്ടയുടൻ പ്രതികരിച്ചു

” ടീച്ചർ അന്യരുടെ കാര്യങ്ങൾ ചികഞ്ഞറിഞ്ഞ് എല്ലായിടത്തും പാടി നടക്കുന്ന കിളികളോ മൃഗങ്ങളോ ലോകത്തെവിടെയെങ്കിലുമുണ്ടോ ? അതും മനുഷ്യർക്കു മാത്രമുള്ള കഴിവാണ്. ”

ഞാൻ പെട്ടെന്നു ചിരിച്ചു.

എന്തോ അനുഭവത്തിൽ നിന്നവൾ പറഞ്ഞതു പോലെയെനിക്കു തോന്നി.

പഠിക്കാൻ മിടുക്കുകയാണ് നീന . കാണാനും സുന്ദരി. വലിയ കണ്ണുകളിൽ കൺമഷി വാരിയണിഞ്ഞിട്ടുണ്ട്.
പാട്ടുപാടും. അധികമാരോടും സംസാരിക്കില്ല.

രഹസ്യമായ അവളുടെ ആത്മഗതം പരസ്യമാക്കിയപ്പോൾ കുട്ടികൾ അമ്പരന്ന് അവളെ നോക്കി.

ദിവസങ്ങൾ കഴിയും തോറും ക്ലാസ്റൂമിൽ യാതൊരുവിധ ശ്രദ്ധയും താത്പര്യവുമില്ലാത്ത
പോലെയവളെ കാണപ്പെട്ടു.

അവളുടെ പപ്പ ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്ത പിങ്കു നിറമുള്ള സ്ട്രാപ്പുള്ള വാച്ചിലേയ്ക്ക് ഇടയ്ക്കിടെ അക്ഷമയോടെ നോക്കി സമയം തള്ളി നീക്കുന്നതുപോലെ എനിക്കു തോന്നി.

നല്ല ഏകാഗ്രതയോടെ ക്ലാസിലിരിക്കുകയും അധ്യാപന സമയത്ത് എന്റെ മുഖത്തു വിരിയുന്ന നവരസങ്ങളെ പിന്തുടർന്നുൾക്കൊണ്ടു മുഖഭാവങ്ങളിൽ രസമുകുളങ്ങൾപകർത്തിയിരുന്ന നീന ഒന്നുമേ ശ്രദ്ധിക്കുന്നില്ലയെന്നെനിക്കുറപ്പായി.

ചെറിയ ചെറിയ ചോദ്യങ്ങൾക്കുപോലും ഉത്തരമേകാതെ കുമ്പിട്ടു നിൽക്കുന്ന അവളെ കുട്ടികൾ തിരിഞ്ഞു നോക്കി വിസ്മയമാർന്നു.

ആ ക്ലാസിൽ പഠിപ്പിക്കുന്ന മറ്റു ടീച്ചേഴ്സിനോടും ഞാൻ ചോദിച്ചു നിങ്ങളാരെങ്കിലും നീനയെ ശ്രദ്ധിച്ചോ !

“ആ കുട്ടിക്ക് ക്ലാസിലിരിക്കാൻ അൽപ്പം പോലും താൽപ്പര്യമില്ല.വേറേതോ സ്വപ്ന ലോകത്തിലാ ”
ഹിന്ദി ടീച്ചർ പറഞ്ഞു.

കണക്കു പരീക്ഷയ്ക്ക് മുഴുവൻ മാർക്കു വാങ്ങിയിരുന്ന കുട്ടിയാണ് ഇന്നലെ ക്ലാസ് ടെസ്റ്റിന് പത്തിൽ നാല് ” കണക്കു ടീച്ചറുടെ ഗദ്ഗദം.

എന്താ പറ്റിയതാവോ? അസുഖമൊന്നും തോന്നുന്നില്ല. വിഷമ ഭാവവുമല്ല. ഞാൻ വെറുതെ അവളെ ഓർമിച്ചു പറഞ്ഞു.

അന്നു കുട്ടികളെല്ലാം പി.ടി. പീരിയഡിൽ പലവിധകളികളിലേർപ്പെടുന്ന സമയത്ത് മാഞ്ചോട്ടിൽ ഒറ്റയ്ക്ക് ആലോചനയിലാർന്ന നീനയെക്കണ്ട്
കളിക്കാൻ കൂടാത്തതെന്താ എന്ന എന്റെ ചോദ്യത്തിന്

” ക്ലാസിലിരിക്കാൻ ടീച്ചർ സമ്മതിക്കാത്തതു കൊണ്ടു പുറത്തുവന്നതാ.”

എന്നു വലിയ താൽപര്യമില്ലാത്ത മറുപടി കിട്ടി.

അവളുടെ വലിയ വിടർന്ന കണ്ണുകളിൽ മിന്നിമറയുന്നതെന്തെന്ന്എനിക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല.

സ്റ്റാഫ് റൂമിൽ കുടിവെള്ളമെടുക്കുന്നവാട്ടർ ഹീറ്ററിൽ നിന്ന് ഞാൻ വെള്ളമെടുത്തു നിൽക്കുമ്പോൾ അവൾ കടന്നു വന്നു ചോദിച്ചു

“കുറച്ചു ചൂടുവെള്ളം വേണം. തൊണ്ട വേദനിക്കുന്നു. ”

കുട്ടികൾചിലപ്പോഴൊക്കെ വന്ന് വാങ്ങിക്കൊണ്ടു പോകാറുള്ളതാണ്.

ടീച്ചേഴ്സ് എടുത്തു കൊടുക്കും.

” രാവിലെ മുതൽ നമ്മുടെ മക്കൾക്കു വേണ്ടി വായിട്ട് അലയ്ക്കുന്നതല്ലേ ? ഇടയ്ക്ക് ഇത്തിരിചൂടുവെള്ളം ചെന്ന് തൊണ്ട നനയ്ക്കട്ടെ”

എന്നു പറഞ്ഞ് പി.ടി.എ. കമ്മിറ്റി വാങ്ങിത്തന്ന വാട്ടർ ഹീറ്റർ സുഖമില്ലാതെ വരുന്ന കുട്ടികൾക്കും ഉപകരിക്കുന്നുണ്ട്.

സ്റ്റാഫ് റൂമിൽ നിന്നു മാറി നിന്ന് വെള്ളം കുറേശ്ശേയായി കുടിക്കുന്ന നീനയുടെ അടുത്ത് ഞാനും ചെന്നു നിന്നു വെള്ളം കുടിക്കാൻ തുടങ്ങി. എന്നെ കണ്ടയുടൻ വേഗം കുടിച്ചു തീർത്ത് ഗ്ലാസ് തിരികെ തന്നു .പെട്ടെന്നു പോകാനൊരുങ്ങിയ നീനയെ ഞാൻ പിടിച്ചു നിർത്തി.

മോൾക്കെന്താ പ്രയാസം ! പഠനത്തിൽ വല്ല ബുദ്ധിമുട്ടുണ്ടോ? ക്ലാസിലും ആകെ ആബ്സന്റ് മൈൻഡഡ് ആണല്ലോ.

“ടീച്ചറിനു തോന്നുന്നതാ എനിക്കു കുഴപ്പമൊന്നുമില്ല. ഞാൻ പഠിക്കുന്നുണ്ട്. ”

തീരെ താൽപ്പര്യമില്ലാത്ത മട്ടിൽ പിറുപിറുത്തവൾ നടന്നകന്നു.

കുട്ടികൾക്ക് കൈയ്യക്ഷരം നന്നാകാൻ കോപ്പിയെഴുതുന്ന ശീലമുള്ള ആ നാളുകളിൽ ക്ലാസ് ലീഡർ ബുക്കുകൾ കളക്ട് ചെയ്ത് മേശപ്പുറത്തു കൊണ്ടു വന്നുവെച്ചു.

അതിൽ നിന്ന് ഒരു പേപ്പർ താഴെ വീഴുകയും മുമ്പിലിരിക്കുന്ന കുട്ടിയതെടുത്ത് വായിച്ച് ലവ് ലെറ്റർ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു.

ഇത് നീനയുടെ കൈയ്യക്ഷരമാണ് എന്നു കൂടി പറഞ്ഞതോടെ ക്രൂദ്ധമായ മുഖത്തോടെ ചാടിയെഴുന്നേറ്റു വന്ന് നീന അതു തട്ടിപ്പറിച്ചു വാങ്ങി.

ക്ലാസ്സ് സ്തംഭനാവസ്ഥയിലായി.

ഞാനതു ചോദിച്ചാൽ അവൾ തരില്ലയെന്നെനിക്കുറപ്പുണ്ട്. പിന്നെ ബലമായി പിടിച്ചു വാങ്ങണം.

ഒന്നുമറിയാത്തപോൽ ഞാൻ കോപ്പി കറക്ട് ചെയ്ത് തിരികെ കൊടുക്കുമ്പോൾ അവൾ വഴക്കു പ്രതീക്ഷിച്ച് തലകുമ്പിട്ട് ഇരിക്കുന്നതു കണ്ടു.

ഒരു തരത്തിലും ആരുമായും സൗഹൃദമാകാതെയുള്ള പോക്കിൽ പന്തികേടു തോന്നിയ ഞാൻ അന്നുവൈകുന്നരം വീട്ടിൽ വന്നശേഷം നീനയുടെ അമ്മയെ ലാൻഡ്ഫോണിൽ വിളിച്ചു.

വെറുതെ വിശേഷങ്ങളൊക്കെ തിരക്കുന്ന പോലെ ഞാൻ സംസാരിച്ചു തുടങ്ങി. അവർ വീട്ടിലെ ജോലിയും കുട്ടികളെ നോക്കലും ഒരു ചെറിയ തുണിക്കട നടത്തുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ തുറന്നു പറഞ്ഞു കൊണ്ടിരുന്നു.

ഭർത്താവ് ഗൾഫിലാണ്. വീടുവെച്ച കടങ്ങളൊക്കെ തീർക്കാനുണ്ട്. മക്കൾ രണ്ടാളും തന്നെത്താൻ പഠിച്ചോളും. അതൊരു ഭാഗ്യമാണ് അവർ പറഞ്ഞു നിർത്തി.

നീനയ്ക്ക് അൽപ്പം മടിയൊക്കെ തുടങ്ങിയിട്ടുണ്ട്. മാർക്കു കൊണ്ടു വന്നു കാണിക്കുന്നുണ്ടോ? വീട്ടിലെ പഠന സമയത്ത് നിങ്ങൾ കട പൂട്ടിയെത്തുമോ ഞാൻ ചോദിച്ചു.

“രണ്ടാളും പെൺകിടാങ്ങളായതു കൊണ്ട് ആറുമണിക്കു തന്നെ ഞാൻ വീട്ടിലെത്തും. വന്നിട്ടു വേണം ടീച്ചറെ എല്ലാക്കാര്യവും ചെയ്യാൻ. നീന ഒന്നും സഹായിച്ചുതരില്ല. പഠിക്കാനുണ്ടെന്നു പറഞ്ഞ് ഒറ്റയിരിപ്പാണ്. മിണ്ടലും കുറവാണ്. ”

എന്നു പറഞ്ഞവർ നിശബ്ദയായി.

ഇടയ്ക്ക് നിങ്ങൾ മക്കളുടെകൂടെയിരിക്കണം .വർത്തമാനമൊക്കെ പറയണം. ചെറിയ അശ്രദ്ധ അവൾ ഈയിടെയായി കാണിക്കുന്നുണ്ട്.

ഇടയ്ക്ക് പുസ്തകങ്ങളൊക്കെ അവളറിയാതെ മറിച്ചു നോക്കണം . വേറെ കുഴപ്പമൊന്നുമില്ല.

എന്നു ഞാൻ പറഞ്ഞയുടൻ ശരി എന്നും പറഞ്ഞ് അവർ ഫോൺ വെച്ചു.

വെയിൽ കത്തിനിൽക്കുന്ന ഒരു മധ്യാഹ്നത്തിൽ പഠനമുറിയിൽ ചൂടുകാറ്റൊഴുക്കുന്ന ഫാനിനരികിലേയ്ക്ക് അൽപ്പാശ്വസത്തിനായി ഞാൻ നീങ്ങി നിന്നു.

മൂന്നാം നിലയിലെ ക്ലാസുറൂമിലെ ജനലിനു പുറത്ത് റോഡുകൾ വിജനമായിത്തുടങ്ങിയിരുന്നു.

പെട്ടെന്ന് ക്ലാസ് മുറിയിലേയ്ക്ക് പാഞ്ഞുകയറി വന്ന നേർത്തുണങ്ങിയ സ്ത്രീ രൂപത്തെക്കണ്ട് ഞാൻ ഞെട്ടി.

സാധാരണ ക്ലാസിനു വെളിയിലോ, താഴെയോ മാതാപിതാക്കൾ വന്നു കാത്തു നിൽക്കാറുണ്ട്.

ഇതാദ്യമാണ് അനുവാദം പോലുമില്ലാതെ കാറ്റു പോലെ ആ കൃശരൂപം ഓടിക്കടന്നു വന്നത്.

കറുത്തു കുഴിഞ്ഞ കൺതടങ്ങളും ഒട്ടിയ കവിളും വാർധക്യത്തെ ക്ഷണിച്ചു വരുത്തിയതായി തോന്നിച്ചു.

എങ്കിലും പണ്ടെങ്ങോ അവർ നല്ല സുന്ദരിയായിരുന്നു
വെന്നു തോന്നിപ്പിക്കുന്ന
അവശേഷിപ്പുകളുമുണ്ടായിരുന്നു ആ മുഖത്ത്.

“ഞാൻ നീനയുടെ അമ്മയാണ്. ” അവർ എന്റെ തൊട്ടടുത്തു വന്നു നിന്നു.

അവരുമായി കോറിഡോറിലേയ്ക്കിറങ്ങി ഞാൻ ചോദിച്ചു
എന്തു പറ്റി ഇങ്ങനെ ഓടിപ്പിടഞ്ഞ് വരാൻ?

“ടീച്ചർ വിളിച്ചപ്പോൾ മുതൽ ഒരു സമാധാനവുമില്ല. അവൾക്ക് നല്ല മാറ്റമുണ്ട് . ഒന്നിലും ശ്രദ്ധയില്ല. ഞാൻ അടുത്തു പോയിരുന്നു സംസാരിക്കുന്നതിൽ വലിയ അസ്വസ്ഥതയാണ് കാണിക്കുന്നത്. കുഞ്ഞനുജത്തിയെ കണ്ണിൽ കണ്ടു കൂടാ.

പഠിക്കുന്നപോലെ അഭിനയം. ടീച്ചർ പറഞ്ഞപ്പോൾ അന്നു രാത്രി തന്നെ ഞാനവളുടെ ബാഗു പരിശോധിച്ചു. രണ്ടുമൂന്നു കത്തുകൾ കിട്ടി. ”

അവർ വിങ്ങിപ്പൊട്ടുന്നതു പോലെ കരയാതെ നിന്നു.

“എന്റെ മകൾക്ക് ഇതിനൊക്കെ പ്രായമായോ ടീച്ചർ ?. പപ്പ നാട്ടിൽ വന്നാൽ ഇപ്പോഴും മടിയിലിരുത്തുന്ന മോളാണ്.
ഇതൊക്കെയറിഞ്ഞാൽ ഹൃദയം തകർന്നു പോകും. ”

ജനൽപ്പാളികൾക്കിടയിലൂടെ മറ്റു കുട്ടികൾ പുറത്തേയ്ക്കു നോക്കുന്നതു കണ്ട് ഞാനത് അടച്ചു വെച്ചു.

വരാന്തയിലേ
യ്ക്കടിക്കുന്ന വെയിലിൽ കുളിച്ചു നിൽക്കുന്ന ആ സ്ത്രീ രൂപത്തെ ഞാൻ കൈയ്യിൽപ്പിടിച്ച് മതിലിന്നരികിലേയ്ക്ക് നീക്കി നിർത്തി.

പെട്ടെന്ന് അവരുടെ കണ്ണിൽ നിന്ന് വെള്ളമൊഴുകാൻ തുടങ്ങി. മുഖവും കഴുത്തും കുതിർന്നു പോകും വരെ അവർ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു.

ആരുടെയെങ്കിലും സാന്ത്വന സ്പർശത്തിനായി കൊതിക്കുന്ന തനുവും മനവും ആ നിമിഷം അവ
രിൽ ഞാൻ കണ്ടു.

ഇത്രയും കരയാൻ എന്തുണ്ടായി. അവൾ ചെറിയ കുട്ടിയല്ലേ ഈ പ്രായത്തിന്റേതാണ്.

നമുക്കു പറഞ്ഞു മനസിലാക്കാം. ഞാൻ തോളിലമർത്തിക്കൊണ്ടാശ്വസിപ്പിച്ചു.

വിയർപ്പിൽ കുതിർന്ന ആ രൂപം വിറയാർന്ന ചുണ്ടോടെ പറഞ്ഞു.

“അവനെ എനിക്കറിയാം. മോളേക്കാൾ പതിനഞ്ചു വയസെങ്കിലും മൂത്തതാണ് . ബസിലെ കണ്ടക്ടറാ. വല്ലാത്ത വീട്ടുകാരാ അവർ. ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയാണവന്റെ വീട്.ശരിക്കും പറഞ്ഞാൽ ഒരു ഗുണ്ടയാണവൻ. അവനോടു ഇവൾക്കു പ്രേമം തോന്നാനും കത്തുകൾ കൈമാറാനും എപ്പോഴാണു സമയം കിട്ടുന്നതെന്നെനിക്കു മനസിലാകുന്നില്ല. ”

അവരുടെ കണ്ണുകളിലെ അമർഷം പെട്ടെന്ന് വിതുമ്പലായി.

“പുള്ളിക്കാരനറിഞ്ഞാൽ പിന്നെ വെട്ടും കുത്തും വരെ എത്തും.”

ഞാൻ എന്തൊക്കെയോ പറഞ്ഞവരെ ആശ്വസിപ്പിച്ചു.

നീനയോടു പറഞ്ഞു മനസിലാക്കാം. ഇത്രയും വിഷമിക്കാനൊന്നുമില്ല. ആരോഗ്യം സൂക്ഷിക്കണം. എന്താണിത്ര ക്ഷീണം. ഭക്ഷണമൊന്നും കഴിക്കുന്നില്ലേ ഞാൻ ചോദിച്ചു.
വീണ്ടും കരച്ചിൽ

“എന്റെ മക്കളു പോലും ചോദിക്കാത്തതു ടീച്ചർ ചോദിച്ചു. ”

കുടിക്കാൻ വെള്ളം വേണോ ?മേശപ്പുറത്തിരുന്ന കുപ്പിവെള്ളത്തിന്റെ കാര്യമോർത്തു ഞാൻ ചോദിച്ചു.

“വേണ്ട ടീച്ചർ.”

സാരിത്തുമ്പു കൊണ്ട് മുഖമമർത്തിത്തുടച്ചു രോഗിണിയെപ്പോലെ കുമ്പിട്ടിറങ്ങിപ്പോയ ആ രൂപം ഇന്നും വർഷങ്ങൾക്കിപ്പുറവും ഓർമയിലെന്റെ മിഴി നിറയ്ക്കുന്നു.

അന്ന് പുച്ഛഭാവത്തിലെങ്കിലും നീന ഞാൻ പറയുന്ന ഉപദേശങ്ങൾ മൗനമായി കേട്ടു നിന്നു.

എന്തെങ്കിലുമൊന്നു പറയൂ, നീന ടീച്ചറിനുറപ്പു തരണം പഠനത്തിൽ മാത്രം ശ്രദ്ധിക്കാമെന്ന് .

അവൾ അപ്പോഴും മിണ്ടിയില്ല.

സ്കൂളിലെ ചെറു മതിലിലിരുന്നു തലതിരിച്ചും മറിച്ചും വിവരമറിയാൻ ചെവിവട്ടം പിടിച്ചിരിക്കുന്ന കാക്ക വാർത്ത കിട്ടാതെ അടുത്തയിടങ്ങളിലക്ക് പറന്നു പോകുന്നതു കാണിച്ചു കൊടുത്തു ഞാൻ പറഞ്ഞു ആ വഴി പറക്കരുതെന്നു അതിനോടു പറയാൻ പറ്റുമോ?

“ഇല്ല. “അവൾ ആദ്യമായി പ്രതികരിച്ചു.

പക്ഷേ അത് നീനയുടെ തലയിൽ കൂടുകൂട്ടാൻ സമ്മതിക്കുമോ?

“ഇല്ല ടീച്ചർ” അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

അതു പോലാണ് കൗമാരപ്രായത്തിൽ
പ്രണയ ചിന്തകളൊക്കെ വരും. അതു തലയ്ക്കു പിടിക്കരുത്.

മന്ദഹാസഭാവം മാറി അവൾ ഭീതിയോടെ പറഞ്ഞു.

” ഇനി ഇതിൽ നിന്നൊഴിയാൻ പറ്റുമെന്നു തോന്നുന്നില്ല ടീച്ചർ. ആളുകൾ പറഞ്ഞുണ്ടാക്കിയതാണ്ഇത്.എനിക്കങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ ആയിപ്പോയി. ”

ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. ശരി, പഠനമൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെ കിട്ടും വരെ ഇതിലൊന്നുമിടപെടരുത്.

നീ ക്ലാസിൽ ശ്രദ്ധിക്കാതെ ഇതെല്ലാം തലയിലേറ്റിയിരുന്നാൽ എങ്ങനെ പാസാകും.

അൽപ്പം ദേഷ്യത്തോടെ ഞാൻ തുടർന്നു. നിന്റെ മാതാപിതാക്കൾക്കു നീയിപ്പോഴും കുഞ്ഞാണ്. അവൾക്കിതിനൊക്കെയുള്ള പ്രായമായോ എന്നു പറഞ്ഞാണമ്മ കരഞ്ഞത്. എനിക്കും അതു തന്നെയാണ് ചോദിക്കാനുള്ളത്.

അമ്മയുടെ പോക്കു കണ്ടിട്ട് എന്റെ നെഞ്ചു പൊടിയുന്നു. പാവം ഒറ്റയ്ക്കല്ലേ നിങ്ങളെ വളർത്തുന്നത്.എന്തൊരു ക്ഷീണമാണാമുഖത്ത്?

പപ്പ വെയിലത്തു തളർന്നുപണിയുന്നതാർക്കുവേണ്ടിയാണ്.

അവളെന്നെ നോക്കാതെ പുറംകാഴ്ചകളിലേയ്ക്ക് മിഴികളയച്ചു നിന്നു.

ഞാനവളുടെ ഉള്ളം കൈയ്യിൽപ്പിടിച്ച് ഉറപ്പു വാങ്ങി .പഠനത്തിൽ ശ്രദ്ധകൊടുക്കുന്നതിലാണു മുൻഗണനയെന്നു സത്യമിട്ടവൾ വാഗ്ദാനം നൽകി.

അവളിൽ കുറച്ചു മാറ്റങ്ങൾ വന്നു.
അമ്മയെന്നെ ഒരു ദിവസം വിളിച്ചതു പറയുകയും ചെയ്തു.

“അവളിപ്പോൾ നന്നായി പഠിക്കുന്നുണ്ട്. മറ്റേ പ്രശ്നം വിട്ടതു പോലുണ്ട്. എന്നാലും എന്താണവളുടെ മനസിൽ എന്നറിയില്ല ടീച്ചർ”

വളരെ പരിക്ഷീണമായാണ് അവരുടെ നേർത്ത ശബ്ദം അവസാനമായി ഞാൻ കേട്ടത്.

നീന പത്താം ക്ലാസിലെ പരീക്ഷ എഴുതുന്ന സമയത്താണ് അമ്മയ്ക്ക് കാൻസർ ചികിത്സയാരംഭിച്ചതെന്നറിഞ്ഞു. വല്ലാത്ത വിഷമം തോന്നി . അപൂർവ്വമായി മാത്രം കേൾക്കുന്ന രോഗമായിരുന്നു അന്നത്.

ഞാനെഴുതുന്ന പതിവു സംഭവകഥകൾ പോലെ ഇതിനൊരു ശുഭാന്ത്യമില്ലയെന്നത് എന്റെ എഴുത്തിനെ ഇടയ്ക്കിടെ മുറിച്ചു കളയുന്നുണ്ട്.

ഹൃദയത്തിലെവിടെയോ നൊമ്പരത്തിന്നലകൾ ഉയർന്നും താഴ്ന്നു മൊഴുകുന്ന കൂട്ടത്തിൽ അക്ഷരങ്ങളുമൊഴുകിപ്പോകുന്നുവോ!

പിറ്റേ വർഷം നീനയുടെ അമ്മ മരണമടയുകയും ഒരു വർഷത്തിനു ശേഷം പുനർവിവാഹിതനായ അവളുടെ പപ്പ ഗൾഫിലേയ്ക്കു മടങ്ങിയ വിവരവും ആരോ പറഞ്ഞത് വേദനയോടെ ഞാൻ കേട്ടിരുന്നു.

കിതപ്പോടെപാഞ്ഞു കയറിവന്ന് പിന്നെ യെവിടേയ്ക്കോ
കാലമോടിമറഞ്ഞു.

ഡിഗ്രിക്കുപഠിക്കുന്ന ആദ്യ വർഷങ്ങളിൽതന്നെ നീനയുടെ വിവാഹം കഴിഞ്ഞത്രെ

അവളുടെ ബാച്ചുകാരിയായ ഒരു കുട്ടി സ്കൂളിൽ എന്തോ ആവശ്യത്തിനു വന്നപ്പോൾ ഞാൻ അവളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണി തറിഞ്ഞത്.

“അവൾ പഠനം നിറുത്തി ടീച്ചർ. നല്ല മാർക്കു കിട്ടിയതാണ് പത്തിലും പ്ലസ്ടുവിലുമൊക്കെ .
സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമാണ്. അവൾക്കതിൽ നിന്ന് ഊരിപ്പോരാനായില്ല. വീട്ടുകാർ ഒത്തിരി എതിർത്തു. അവളും പിന്മാറാൻ ശ്രമിച്ചു. പക്ഷേ അയാൾ വിട്ടില്ല .റോഡിലെ പോസ്റ്റുകളിലും മതിലുകളിലും വരെ അയാൾ പലതും എഴുതിവെച്ചു .ഒത്തിരിപേരുദോഷമവൾക്കുണ്ടായി.ഒടുവിൽ അവൾ വീട്ടിൽ നിന്ന് അയാളൊടൊപ്പം ഇറങ്ങിപ്പോയി. ”

സ്തബ്ധയായി നിന്ന ഞാൻ ഇടറിയ ശബ്ദത്തിൽ ചോദിച്ചു അവൾ സുഖമായി ജീവിക്കുന്നുവോ?

“അറിയില്ല ടീച്ചർ “എന്നു പറഞ്ഞ് ആ കുട്ടി നടന്നകന്നു.

ആകാശത്തു വെൺമേഘത്തുണ്ടുകൾ ധൃതിയിൽ യാത്രയിലാണ്.

കാലമേറെക്കഴിഞ്ഞിട്ടും ക്ലാസ് റൂമിലേയ്ക്ക് കിതച്ചോടിക്കയറി വന്ന നീനയുടെ അമ്മയുടെ ആധി പിടിച്ച മുഖം എനിക്കിന്നും തീരാനൊമ്പരമാണ്.

മക്കളെ പ്രസവിച്ചത് തന്റെ തെറ്റു കൊണ്ടാണെന്ന അപരാധഭാവമാർന്ന ആ നില്പ് കണ്ണിൽ നിന്നു മറയുന്നില്ല.

ആ രൂപം ഇടയ്ക്കിടെ തെളിമയോടെ എന്നരികിൽ എത്തും. നീനയേക്കാൾ മിഴിവോടെ.

അതുകൊണ്ടാണ് ഞാനിതെഴുതിയത്. എവിടെയെങ്കിലുമിരുന്ന് ടീച്ചർ പേരുമാറ്റിയെഴുതിയ കഥ നീന നനവാർന്ന നയനത്തോടെ വായിച്ചേക്കാം.

സൗന്ദര്യവും ആരോഗ്യവുമൊക്കെ മക്കൾക്കായി ഹോമിച്ചു പൊലിഞ്ഞ അവളുടെ അമ്മയുടെ ഓർമ്മയാണ് എനിക്ക് നൊമ്പരമേകുന്നത്.

സുഖമായിരിക്കുന്നുവോ
എന്നറിയാനുള്ള എന്റെ വെമ്പലിൽ നീന മുഖമുയർത്താതിരിക്കുന്നതായി തോന്നിയിട്ട് വ്യഥയോടെ ഞാൻ ഇക്കഥ മറക്കാൻ ശ്രമിക്കുന്നു.

അത് അക്ഷരപ്പൂക്കളായി വിരിയുമ്പോഴുമെന്തേ കൺകളിൽ നീരോട്ടം.

മലരിൽ തങ്ങിയ ഹിമകണങ്ങൾ പോലെ അടർന്നു വീഴാത്ത അശ്രുബിന്ദുവായി ഓർമ്മകളിൽ തങ്ങി നിൽക്കുന്നവർ ഇന്ന് കഥാപാത്രങ്ങളാകുന്നു.

റോമി ബെന്നി ✍

RELATED ARTICLES

4 COMMENTS

  1. നീനയുടെ അമ്മ നേർത്ത നൊമ്പരമായി മനസ്സിൽ നിറയുന്നു. അധ്യാപിക എന്ന നിലയിൽ റോമിയുടെ ഇടപെടലുകൾ ശ്ലാഘനീയം.
    കാലമിത്ര കഴിഞ്ഞിട്ടും കൊച്ചു കൊച്ചു സങ്കടങ്ങളെ നെഞ്ചിലേറ്റി അത് വായനക്കാരന്റെ മനസ്സിൽ ഒരു വിങ്ങലോടെ കോറിയിടാൻ കഴിയുന്നത് ഭാഗ്യം.
    തുടരുക ഭാവുകങ്ങൾ❤️❤️❤️

  2. ഒഴിഞ്ഞു പോകുമ്പോൾ നിത്യാന്ധതയുടെ കയങ്ങളിൽ നിലയില്ലാതലയുന്ന ജീവിതയാത്രയിൽ എവിടെ തേടിയാലും പിന്നൊരിക്കലും കണ്ടെത്താനാകാത്ത നിലാവ്.,അമ്മ.സഹനത്തിന്റെ ആ അമ്മനിലാവിനെ വേദനയുടെ മാരിയായ് അവതരിപ്പിച്ച എഴുത്തിൻ്റെ മാസ്മരികതയ്ക്ക് കൂപ്പുകൈ…

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com