Wednesday, May 20, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ... (ഭാഗം 62) 'താവളം'✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ… (ഭാഗം 62) ‘താവളം’✍ സജി ടി. പാലക്കാട്

യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത വാടക വീട് കണ്ട സദാനന്ദൻ മാഷ് എന്ത് ചെയ്യണമെന്ന് അറിയാതെ മുറ്റത്തേക്ക് ഇറങ്ങി…

“എടോ.., താനോന്നു നിന്നേ…..”

രാജപ്പൻ മാഷ് വിളിച്ചുപറഞ്ഞു..

സദാനന്ദൻ മാഷ് മുറ്റത്ത് നിന്നും റോഡിലേക്ക് ഇറങ്ങി. രാജപ്പൻ മാഷും പിറകെ ഇറങ്ങിവന്നു.

“താൻ പറഞ്ഞതൊക്കെ ശരിയാണ്..!
വെള്ളമില്ല, നല്ല ബാത്റൂം ഇല്ല, ചെറിയ വീടാണ്….!
പക്ഷേ, ഈ കുഗ്രാമത്തിൽ വേറെ ഒരു വീട് കിട്ടണ്ടേ..?
താനൊരു കാര്യം ചെയ്യ്…..
തൽക്കാലം കുറച്ച് ദിവസത്തേക്ക് ഇവിടെ താമസിക്കു….
പിന്നെ നമുക്ക് വേറെ വീട് അന്വേഷിക്കാം….
പിന്നെ മറ്റൊരു കാര്യമുണ്ട്..
അടുത്ത ദിവസം ശിവൻകുട്ടി മാഷ് വരും. അപ്പോൾ തയ്യൽ കടയുടെ ഇടതു വശത്തെ പോർഷനിൽ പുള്ളി താമസിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കൂട്ടായല്ലോ….?
നിങ്ങളുടെ ഭാര്യമാർക്ക് വേണമെങ്കിൽ പകൽസമയം പോകാൻ ഒരു ബുദ്ധിമുട്ടുമില്ല,….
തയ്യൽ കടയിൽ ധാരാളം പെൺകുട്ടികൾ ഉണ്ടല്ലോ…?

രാജപ്പൻ മാഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

” ശരി…..ശരി…. ശിവൻകുട്ടി വന്നാൽ ഇവിടെ താമസിക്കുമെന്ന് എന്താണ് ഉറപ്പ്…?

സദാനന്ദൻ മാഷ് ചോദിച്ചു.

“എന്നാൽ ഞാനൊരു കാര്യം പറയാം ഇവിടെനിന്ന് അഞ്ചു കിലോമീറ്റർ ദൂരെ പോയാൽ അവിടെ ഒരു ചെറിയ ടൗൺ ഉണ്ട്. അവിടുത്തെ എൽ.പി സ്കൂളിലെ ഖാദർ മാഷിനോട് ചോദിച്ചാൽ എവിടെയെങ്കിലും ഒരു വീട് കണ്ടെത്തി തരും…
നമുക്കും അന്വേഷിക്കാം…
പക്ഷേ,വേറൊരു കാര്യമുണ്ട്…
ദിവസവും പോയി വരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്..
എന്തു പറയുന്നു..”

രാജപ്പൻ മാഷ് ചോദിച്ചു..

“ശരി,തൽക്കാലം ഇവിടെ താമസിക്കാം. ശിവൻകുട്ടി മാഷും കൂടി വരട്ടെ…
എന്നിട്ട് ആലോചിക്കാം…”

സദാനന്ദൻ മാഷ് മനസ്സില്ലാ മനസ്സോടെ പറഞ്ഞു.

അപ്പോൾ ഇന്നുമുതൽ താമസം തുടങ്ങുകയല്ലേ…? ”

“അല്ലാതെ വേറെ വഴിയില്ലല്ലോ…?”

സദാനന്ദൻ മാഷ് രവീന്ദ്രൻ ചേട്ടന് ആയിരം രൂപ അഡ്വാൻസ് കൊടുത്തു. മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തയ്യൽക്കാരി സുമ സദാനന്ദൻ മാഷിനെ നോക്കി ചിരിച്ചു.

ജഗന്നാഥൻ ചേട്ടന്റെ വീടിനെ ലക്ഷ്യമാക്കി സദാനന്ദൻ മാഷ് നടന്നു. അധികം ദൂരമില്ല. ഒരു മുള്ളുവേലിക്ക് അപ്പുറമാണ് വീട്.
പക്ഷേ, വഴി മുൻവശത്ത് കൂടി മാത്രം.

സദാനന്ദൻ മാഷ് ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ജഗന്നാഥൻ ചേട്ടന്റെ വീടിനോട് ചേർന്ന് ഒരു കിണർ ഉണ്ട്.സദാനന്ദൻ മാഷ് കിണറ്റിലേക്ക് എത്തിനോക്കി. നല്ല ആഴമുണ്ട്.
ഏതാണ്ട് പതിനാറു കോൽ എങ്കിലും ഉണ്ടാവണം…!
അടിയിൽ വെള്ളം കാണാനേയില്ല. റിംഗ് ഇറക്കിയിട്ടുണ്ട് റിങ്ങിനുള്ളിൽ വെള്ളം കാണാം…

കോളിംഗ് ബെൽ അടിച്ചതും ഏതാണ്ട് അൻപത് വയസ്സുള്ള സ്ത്രീ വന്ന് കതക് തുറന്നു…

“ആരാ…?
രാജപ്പൻ മാഷും ഉണ്ടല്ലോ…?
ഇതാരാ മാഷേ….?”

അവർ ചോദിച്ചു.

“ഇത് സദാനന്ദൻ.സ്കൂളിലേക്കു പുതുതായി വന്ന മാഷാണ്….
രവീന്ദ്രൻ ചേട്ടന്റെ ദാ ആ കാണുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താമസിക്കാം എന്ന് കരുതുന്നു….
പക്ഷേ, വെള്ളമില്ല..”

രാജപ്പൻ മാഷ് പറഞ്ഞു.

” ആണോ….?
അതിനെന്താ ഇവിടെനിന്നും വെള്ളം കൊണ്ടുപോകാമല്ലോ..? ”

ജഗന്നാഥൻ ചേട്ടന്റെ ഭാര്യ ദേവകിയമ്മ പറഞ്ഞു.

“വളരെ സന്തോഷം…”

സദാനന്ദൻ മാഷ് പറഞ്ഞു.

” മാഷിന്റെ നാട് എവിടെയാണ്…? ”

സദാനന്ദൻ മാഷ് നാടും വീടും വീട്ടുകാര്യങ്ങളും പറഞ്ഞു.

“രണ്ടുപേരും കയറി ഇരിക്കൂ…
കുടിക്കാൻ ചായയൊ കാപ്പിയോ..?”

“അയ്യോ..! ഇപ്പോൾ ഒന്നും വേണ്ട…”

” എന്നാലും ആദ്യമായിട്ട് വരികയല്ലേ..?
അതുകൊണ്ട് ഒന്നും കുടിക്കാതെ പോകാൻ പറ്റില്ല… ”

” എന്തായാലും കുഴപ്പമില്ല… ”

സദാനന്ദൻ മാഷ് പറഞ്ഞു.

“എന്നുമുതലാണ് താമസിക്കുന്നത്…?”

ദേവകിയമ്മ ചോദിച്ചു.

“ഇന്നുമുതൽ….”

” അതിന് താമസിക്കാൻ ഉള്ള സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ…? ”

” ഇല്ല, നാളെ സ്കൂൾ ഇല്ലല്ലോ…
നാളെ വാങ്ങാം… ”

“അല്ലേലും ഇപ്പോൾ സന്ധ്യ ആകാറായില്ലേ..?
ഒരു കാര്യം ചെയ്യാം. ഇന്ന് രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിക്കാം.”

ദേവകിയമ്മ സദാനന്ദൻ മാഷിനോട് പറഞ്ഞു.

തീരെ പ്രതീക്ഷിക്കാതെയുള്ള അവരുടെ പ്രതികരണം കേട്ടപ്പോൾ സദാനന്ദൻ മാഷിന് മനസ്സിനു ഒരുപാട് സന്തോഷം തോന്നി.

” ചേട്ടൻ എവിടെ …? ”

“ചേട്ടനും രണ്ട് ആൺകുട്ടികളും ഗുജറാത്തിലെ ഒരു തുണിമില്ലിലാണ് ജോലി. ”

“ആകെ എത്ര മക്കളാണ്..?”

സദാനന്ദൻ മാഷ് ചോദിച്ചു.

“മൂന്നാണും രണ്ട് പെണ്ണും…
വർഷത്തിൽ ഒരു പ്രാവശ്യം അപ്പനും മക്കളും ലീവിന് വരും. മിക്കവാറും കാവിലെ കുമ്മാട്ടിക്ക് ആകും വരവ്…. ഏറ്റവും മൂത്തത് ദിവാകരൻ.കല്യാണം കഴിഞ്ഞ് ഭാര്യയുമായി ഗുജറാത്തിൽ. താഴെയുള്ള ബാലൻ ഗുജറാത്തിൽ തുണിമില്ലിലാണ് ജോലി, അച്ഛന്റെ ഒപ്പം.
മൂന്നാമത്തേത് പെൺകുട്ടിയാണ് രമ. പ്രീഡിഗ്രി കഴിഞ്ഞ് വെറുതെ ഇരിക്കുന്നു. അനുജത്തി മാലിനി ഇപ്രാവശ്യം പ്രീഡിഗ്രി ഫൈനൽ ഇയർ. ഇളയ ആൾ സുരേഷ് പത്താംക്ലാസിൽ പഠിക്കുന്നു…”

ജഗന്നാഥൻ ചേട്ടന്റെ ഭാര്യ ദേവകിയമ്മ പറഞ്ഞു.

“ശരി, പിന്നെ വരാം…”

ചായ കുടിച്ചതിന് ശേഷം മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് രാജപ്പൻ മാഷും സദാനന്ദൻ മാഷും പറഞ്ഞു.

“എടോ ഞാൻ പൊയ്ക്കോട്ടെ….
നാളെ രാവിലെ കാണാം. ടൗണിൽ പാത്രം വാങ്ങാൻ പോകണ്ടേ..?”

രാജപ്പൻ മാഷ് ചോദിച്ചു.

“ശരി നാളെ രാവിലെ ഒരു പത്തു ആകുമ്പോഴേക്കും ഞാൻ വീട്ടിലേക്ക് വരാം…”

സദാനന്ദൻ മാഷ് റൂമിലെത്തി. ബാഗിൽ നിന്നും ഒരു കിറ്റക്സ് ലുങ്കി എടുത്ത് ഉടുത്തു. കതക് ചാരിയിട്ട് മുറ്റത്തേക്ക് ഇറങ്ങി.

അംഗനവാടിയുടെ മതിലിൽ ഇരുന്ന് ചിലർ സദാനന്ദൻ മാഷിനെ നോക്കി ചിരിച്ചു. അവരുടെ അടുത്തുചെന്ന് പരിചയപ്പെട്ടു. പതുക്കെ മണ്ണ് റോഡിലൂടെ പടിഞ്ഞാറോട്ട് നടന്നു. കുറേ ദൂരം പിന്നിട്ടതും താമസം ഇല്ലാത്ത പ്രദേശം കാണാൻ തുടങ്ങി..
മണ്ണ് റോഡിന്റെ ഇരുവശവും പറങ്കിമാവിൻ തോട്ടങ്ങൾ.

ദൂരെ ഒരു വലിയ മല…
സദാനന്ദൻ മാഷ് മലയെ ലക്ഷ്യമാക്കി നടന്നു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് നടന്നപ്പോൾ മലയുടെ ചുവട്ടിൽ എത്തി. വൃക്ഷങ്ങൾ വെട്ടി മാറ്റിയതിന്റെ കുറ്റികൾ കാണാം.

പാറക്കൂട്ടങ്ങളും ചെറിയ മരങ്ങളും നിറഞ്ഞ ​ഈ മലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കറുത്ത പാറക്കൂട്ടങ്ങൾക്കിടയിൽ നിറയെ പച്ചപ്പാണ്. വലിയ പാറകൾ പല ആകൃതിയിലും വലുപ്പത്തിലുമുണ്ട്, ചിലത് കൂർത്ത മുനകളോടെ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്നു. മറ്റുചില പാറകൾ ഉരുണ്ടതും മിനുസമുള്ളതുമാണ്, കാറ്റിന്റെയും മഴയുടെയും ശക്തിയിൽ അവയ്ക്ക് രൂപമാറ്റം സംഭവിച്ചതുപോലെ തോന്നും. പാറകൾക്കിടയിലും മുകളിലുമായി, കാടുപോലെ വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു.
​നാനാതരം മരങ്ങളാണ് ഇവിടെയുള്ളത്. കൂറ്റൻ മരങ്ങളുടെ തായ്ത്തടിക്ക് ചുറ്റും പടർപ്പുകളുണ്ട്. ചില മരങ്ങൾ പാറയുടെ വിള്ളലുകളിൽ വേരുറപ്പിച്ച് നിൽക്കുന്നു. അവയുടെ ഇലകൾക്ക് പല നിറങ്ങളാണ്, കടുംപച്ച, ഇളംപച്ച, മഞ്ഞ കലർന്ന പച്ച എന്നിങ്ങനെ. പാറകളും മരങ്ങളും തമ്മിലുള്ള ഈ കൂടിച്ചേരൽ മലയ്ക്ക് ഒരു സൗന്ദര്യം നൽകുന്നു.
​മരങ്ങളുടെ ഇടയിലൂടെയും പാറകളിലൂടെയും വീശുന്ന കാറ്റിന് ഒരു കുളിരുണ്ട്. കാറ്റിന്റെ ശബ്ദം മരങ്ങളുടെ ഇലകളിൽ തട്ടി മനോഹരമായ ഒരു സംഗീതം പോലെ കേൾക്കാം. ഈ മല കയറാൻ അൽപ്പം പ്രയാസമാണ്, പക്ഷേ മുകളിലെത്തിയാൽ കാണുന്ന കാഴ്ച അതിമനോഹരമായിരിക്കും.
വഴിചാലിലൂടെ നടന്ന മലയുടെ മുകളിലെത്തിയപ്പോൾ സദാനന്ദൻ മാഷ് കിതക്കുന്നുണ്ടായിരുന്നു.
ഒരു പാറപ്പുറത്ത് കയറിയിരുന്നു..
ആഹാ എത്ര മനോഹരം…!

പാറക്കെട്ടുകളും മരങ്ങളും ഒരുമിച്ചുനിൽക്കുന്ന ഈ മല ഒരു വിസ്മയം തന്നെയാണ്.

(തുടരും… )

സജി ടി. പാലക്കാട്✍

RELATED ARTICLES

2 COMMENTS

  1. കൺമുൻപിൽ കണ്ടതു പോലുള്ള വിവരണം . താമസ സൗകര്യം കുറഞ്ഞ വീട്ടിൽ ജീവിച്ചാണെങ്കിലും, ജോലിക്കു പോകേണ്ടതുണ്ട്. വേറെ മാർഗമല്ല അതിൽ വിഷമിച്ചിരിക്കാതെ പ്രകൃതി ഭംഗി കാണാനിറങ്ങി വായനക്കാരെ മലയുടെ ഘടനയും , ദൃശ്യഭംഗിയ കാട്ടിത്തരുന്നു. പച്ചയായ എഴുത്ത്. അഭിനന്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com