ഒരു പക്ഷേ മോഹൻ രാജ് എന്നെഴുതിയാൽ എത്ര പേർ അദ്ദേഹത്തെ തിരിച്ചറിയും. നേരെ മറിച്ച് കീരിക്കാടൻ ജോസ് എന്നോ കീരിക്കാടൻ എന്നു മാത്രമോ എഴുതിയാലോ…..
അറിയാത്തവരുണ്ടാകുമോ. അഭിനയിച്ച കഥാപാത്രത്തിൻ്റെ പേര് സ്വന്തം പേരിനേക്കാൾ എത്രയോ ഉയരത്തിൽ തിളങ്ങി നിന്ന അത്ഭുതമാണ് ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ സംഭവിച്ചത്. ഒരു പക്ഷേമ മോഹൻരാജിനു മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്ന്.
മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് വില്ലൻ കഥാപാത്രങ്ങളെ എടുത്താൽ അതിൽ കീരിക്കാടൻ ജോസുണ്ട്. അഞ്ചു പേരെ എടുത്താലും കീരിക്കാടനുണ്ട്.
ഒരാളെ എടുത്താലോ അത് കീരിക്കാടൻ ജോസ് തന്നെയാണ്.
ഭീമൻ രഘു, സ്ഫടികം ജോർജ്, ഇടവേള ബാബു ഇവരൊക്കെ അഭിനയിച്ച ആദ്യ സിനിമയുടെ പേരിൽ അറിയപ്പെടുന്നവരാണ്. എന്നാൽ അതൊന്നും അവർ ആ സിനിമയിൽ ചെയ്ത കഥാപാത്രത്തിൻ്റെ പേരല്ല. മാത്രമല്ല ആദ്യ സിനിമയുടെ പേരിനൊപ്പം അവരുടെ സ്വന്തം പേരും കൂടെയുണ്ട് താനും. കലാഭവൻ മണി ഹരിശീ അശോകൻ. കെ.പി എ.സി ലളിത കെ.പി.എ.സി സണ്ണി തുടങ്ങി എത്രയോ പേർ അവർ അഭിനയിച്ചിരുന്ന സമിതികളുടെ പേരും കൂടെ സ്വന്തം പേരും ചേർത്തറിയപ്പെടുന്നു.
മണിയൻ പിള്ള രാജുവിനാകട്ടെ ആദ്യ കഥാപാത്രത്തിൻ്റെയും സിനിമയുടേയും പേരിനൊപ്പം സ്വന്തം പേരുണ്ട്. എന്നാൽ അഭിനയിച്ച കഥാപാത്രത്തിൻ്റെ പേര് സ്വന്തം പേരിനു മുകളിലായി തന്നെ വരികയും ആ പേരിൽ നാടാകെ പ്രശസ്തി നേടുകയും മലയാളത്തിലെ ഏക നടൻ മോഹൻ രാജ് തന്നെ .1955 നവംബർ മൂന്നിന് കാത്തിരപ്പള്ളിയിലാണ് മോഹനരാജൻ എന്ന മോഹൻരാജിൻ്റെ ജനനം. പോലീസ് ഓഫീസറായിരുന്ന സുകുമാരൻ നാടാരുടേയും പങ്കജാക്ഷി അമ്മയുടേയും അഞ്ചാൺ മക്കളിൽ രണ്ടാമൻ. ബിരുദ പഠനത്തിനു ശേഷം പട്ടാളത്തിലും കസ്റ്റംസിലും ഹ്രസ്വകാല സേവനമനുഷ്ഠിച്ചു. ശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ അസി.എൻഫോഴ്സ്മെൻ്റ് ഓഫീസറായി.ആ ജോലിയിരിക്കയാണ് സിനിമയിലെത്തുന്നത് –
സത്യത്തിൽ മോഹൻലാൽ അഭിനയിച്ച കിരീടം സിനിമയിലെ ദുരന്ത നായകനായ
സേതുമാധവൻ്റെ വലിയവിജയത്തിനു പിന്നിലും ഈ അതിശക്തനായ വില്ലൻ്റെ നിറസാന്നിദ്ധ്യമുണ്ട്. ഈ കരുത്തനു മുന്നിൽ നിസ്സഹായനായി പോകുന്ന നായകനെയാണ് മലയാളം നെഞ്ചേറ്റിയത്. ചന്തയിലെ ആൾത്തിരക്കിൽ കീരിക്കാടൻ വീഴുമ്പോൾ സേതുമാധവൻ വീഴ്ത്തുമ്പോൾ തിയേറ്ററുകൾ പ്രകമ്പനം കൊണ്ടത് കാണികൾ ആർത്തു വിളിച്ചത് മോഹൻരാജ് എന്ന നടൻ്റെ വലിയ വിജയം. പിന്നെയും അതിശക്തമായ കഥാപാത്രങ്ങളായി നിരവധി സിനിമകളിൽ മോഹൻരാജ് എത്തി. നായകൻമാർക്കൊപ്പം നിരവധി സിനിമകൾക്ക് വിജയ ഫോർമുലയായി. തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിദ്ധ്യമായി. കിരീടം എന്ന സിനിമയുടെ പരസ്യ വാചകം ഓർമയിൽ വരുന്നു. ഓർമയിൽ വരുന്നു എന്നു പറയുന്നതിനേക്കാൾ മറന്നിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.
” ആറടി ഉയരമുള്ള കീരിക്കാടൻ ജോസ് മുറിച്ചിട്ടാൽ മുറി കൂടുന്ന ജോസ് തട്ടിമാറ്റിയിട്ടും വീഴാത്ത കിരീടവുമായി സേതുമാധവൻ .”
പിന്നീട് മലയാള സിനിമയിൽ മറ്റൊരു നടനും അത്തരം ഒരു കിടിലൻ വില്ലനെ അവതരിപ്പിക്കാനായില്ല. മോഹൻരാജിനുമായില്ല. മോഹൻ രാജിൻ്റേതായി വന്ന ചെങ്കളംമാധവൻ, കല്ലൻചാക്കോ, കരീം ഭായി തുടങ്ങിയ കൊടി കെട്ടിയ വില്ലൻ വേഷങ്ങൾക്കൊന്നും കീരിക്കാടൻ്റെ പ്രഭയ്ക്ക് ഒട്ടുംമങ്ങലേൽപ്പിക്കാനോ ജനപ്രീതിയിൽ കീരിക്കാടനെ വെല്ലുവിളിക്കാനോ അടുത്തെത്താൻ പോലുമോ സാധിച്ചില്ല. അതായത് കീരിക്കാടനെ മറികടക്കാൻ പ്രാപ്തിയുള്ള മറ്റൊരു വില്ലൻ മലയാളത്തിൽ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു എന്നർത്ഥം.
ചെങ്കോൽ എന്ന സിനിമയിൽ ഈ കൊടിയ വില്ലൻ പറയുന്ന മനസ്സിൽ തട്ടുന്ന ഒരു സംഭാഷണമുണ്ട്. ഒരിക്കൽ തുടങ്ങിയാൽ ഒരു ഗുണ്ടയ്ക്ക് ആ തൊഴിൽ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കാനാവില്ല. തുടർന്നു കൊണ്ടേയിരിക്കണം.
അവസാനിപ്പിച്ചാൽ അല്ലെങ്കിൽ ഒരു തവണ വീണുപോയാൽ അയാൾക്ക് നേരെ തുടരെ തുടരേ അക്രമണമുണ്ടാകും എന്നർഥം വരുന്ന വികാരനിർഭരമായ ഡയലോഗ്. മോഹൻരാജിലെ നടനെ ഇത്തരം വിരലിൽ എണ്ണാവുന്ന സന്ദർഭങ്ങളിലേ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ. അത്ര അവസരങ്ങളേ അഭിനയ സിദ്ധി പ്രകടമാക്കാൻ ആദ്ദഹത്തിന് ലഭിച്ചിട്ടുള്ളൂ. സിനിമയിൽ എത്താൻ ഗംഭീരമായ ആകാരം സഹായിച്ചതു പോലെ തന്നെ അത്തരം വേഷങ്ങളിൽ സ്ഥിരം തളച്ചിടപ്പെടാനും ആ ആകാരം പ്രധാന കാരണമായി. കാമ്പുള്ള വേഷങ്ങൾ ആരും നൽകിയില്ല. അതിനാൽ തന്നെ സിനിമ തനിക്കു ചാർത്തി നൽകിയ സ്ഥിരം ഇമേജിൽ നിന്നും പുറത്തു കടക്കാൻ അദ്ദേഹത്തിനായില്ല.
കിരീടം പേരും പ്രശസ്തിയും എല്ലാം വാനോളം നേടി കൊടുത്തുവെങ്കിലും അധികാരികളുടെ അനുവാദമില്ലാതെ സിനിമയിൽ അഭിനയിച്ചതിന് മോഹൻരാജിന് വലിയ വില നൽകേണ്ടി വന്നു. അതിൻ്റെ പേരിൽ നഷ്ടമായ ജോലിയിൽ തിരിച്ചു കയറാൻ നടത്തിയ കഠിന പ്രയത്നങ്ങൾ ലക്ഷ്യം കണ്ടത് ഇരുപത് വർഷങ്ങൾക്കു ശേഷം. 2010 ൽ ജോലിയിൽ തിരിച്ചു കയറിയ അദ്ദേഹം താമസിയാതെ സ്വയം വിരമിക്കുകയാണത്രേ ഉണ്ടായത്.
ഭാര്യ ഉഷ, കാവ്യ, ജയ്ഷമ എന്നിവർ മക്കൾ . ചെന്നൈയിലായിരുന്നു കുടുംബസമേതം താമസം.
മലയാള സിനിമയിലെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ മോഹൻ രാജ് മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട് 2024 ഒക്ടോബർ 3- നാണ് തൻ്റെ 69-ാം വയസ്സിൽ യാത്ര പറഞ്ഞത്.
എത്ര തലമുറ കഴിഞ്ഞാലും കീരിക്കാടൻ ജോസ് എന്ന നാടാകെ വിറപ്പിച്ച ശക്തനായ വില്ലൻ നിലനിൽക്കും. കൂടെ മോഹൻരാജ് എന്ന നടൻ്റെ ഓർമകളും. പ്രണാമം….
നന്നായി എഴുതി
👍