𝟏𝟗𝟒𝟕 ആഗസ്റ്റ് 𝟏𝟒 ലെ അർദ്ധരാത്രിയിൽ,
ഇന്ത്യ ഒരു പുതിയ യുഗത്തിലേക്ക് ഉണർന്നപ്പോൾ, നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഓർക്കാതിരിക്കാൻ നമുക്ക് കഴിയില്ല…
ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി (Tryst with Destiny) എന്നറിയപ്പെടുന്ന ആ പ്രസംഗം ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും ഭാവിയുടെയും നേർക്കാഴ്ചയായിരുന്നു… അർദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും… എന്ന
ആ വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശസ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിച്ചു..!!
നൂറ്റാണ്ടുകളോളം നീണ്ട അടിച്ചമർത്തലുകൾക്കൊടുവിൽ ഒരു ജനതയുടെ ആത്മാവ് അതിന്റെ ശബ്ദം വീണ്ടെടുത്ത ആ നിമിഷത്തെക്കുറിച്ച് അദ്ദേഹം വികാരഭരിതനായി സംസാരിച്ചു. സ്വാതന്ത്ര്യവും അധികാരവും വലിയ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ആ ഉത്തരവാദിത്തം ഇന്ത്യൻ ജനതയെ പ്രതിനിധീകരിക്കുന്ന നമ്മളിലോരോരുത്തരിലുമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഇന്ത്യയെ സേവിക്കുക’ എന്നതിൻ്റെ അർത്ഥം, ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ സേവിക്കുക, ദാരിദ്ര്യം, അജ്ഞത, രോഗങ്ങൾ, അവസരസമത്വമില്ലായ്മ എന്നിവ ഇല്ലാതാക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു…
മഹാത്മാഗാന്ധിയുടെ മഹത്തായ സ്വപ്നമായ എല്ലാ കണ്ണുകളിലെയും കണ്ണുനീർ തുടച്ചുമാറ്റുക’ എന്ന ലക്ഷ്യം പൂർത്തിയാക്കാൻ നമ്മുടെ കർത്തവ്യം അവസാനിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു… ഇന്ത്യയുടെ സ്വപ്നങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് മുഴുവനുമാണ്. കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നു. അതിനാൽ, സമാധാനവും സ്വാതന്ത്ര്യവും അഭിവൃദ്ധിയും വേർതിരിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി…
ഈ സ്വാതന്ത്ര്യദിനത്തില്‍ ഈ വാക്കുകളുടെ പ്രാധാന്യം നമുക്ക് വീണ്ടും ഓർത്തെടുക്കാം. നിസ്സാരമായ ഭിന്നതകൾക്ക് അതീതമായി, എല്ലാ ജനങ്ങൾക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മന്ദിരം പടുത്തുയർത്താൻ നമുക്ക് ഒരുമിച്ചു നിൽക്കാം..




വന്ദേമാതരം🇮🇳🙏 ലേഖനം സൂപ്പർ✍️👌