Friday, April 17, 2026
Homeഅമേരിക്ക​ 'യമുനാതീരേ' - നോവൽ - അധ്യായം 2 ✍ ഡോളി തോമസ് ചെമ്പേരി

​ ‘യമുനാതീരേ’ – നോവൽ – അധ്യായം 2 ✍ ഡോളി തോമസ് ചെമ്പേരി

കിതച്ചും തളർന്നും ആരവമുയർത്തിയും തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇഴഞ്ഞുകയറി. പാളങ്ങളിൽ ഉരസുന്ന ഇരുമ്പുചക്രങ്ങളുടെ കാത് തുളയ്ക്കുന്ന രൂക്ഷമായ ശബ്ദവും, ജനക്കൂട്ടത്തിന്റെ ബഹളവും ആ അന്തരീക്ഷത്തെ ആകെ ഉലയ്ക്കുന്നുണ്ടായിരുന്നു. തിരക്കിനിടയിലും താൻ റിസർവ് ചെയ്ത ബോഗി കൃത്യം മുന്നിൽ വന്നുനിന്നത് വലിയൊരു ആശ്വാസമായി യമുനയ്ക്ക് തോന്നി. ഉന്തിത്തള്ളിക്കയറുന്ന യാത്രികർക്കിടയിലൂടെ പ്രയാസപ്പെട്ട് അകത്തുകയറി അവൾ തന്റെ സീറ്റ് കണ്ടെത്തി. ബാഗ് സീറ്റിലേക്ക് വെച്ച് തോളിലുണ്ടായിരുന്ന ചെറിയ കോട്ടൺ സഞ്ചി സൈഡിലുള്ള ഹാങ്ങിങ്ങിൽ തൂക്കി.

ജനാലയ്ക്കൽ തന്നെയുള്ള സീറ്റാണ് ലഭിച്ചത്. തന്റെ കാവിവസ്ത്രം നൽകുന്ന ഗാംഭീര്യമാകാം, സഹയാത്രികരുടെ കണ്ണുകളിൽ ഒരുതരം ബഹുമാനവും കൗതുകവും നിഴലിച്ചിരുന്നു. ആ നോട്ടങ്ങൾക്കിടയിലൂടെ യമുന തന്റെ സീറ്റിലേക്ക് മെല്ലെ അമർന്നിരുന്നു. എ സി കമ്പാർട്ട്‌മെന്റായതിനാൽ പുറത്തെ ബഹളങ്ങളൊന്നുമില്ലാതെ വണ്ടി പതിയെ നീങ്ങിത്തുടങ്ങി. ചമ്രം പടിഞ്ഞിരുന്ന്, ഒരു ദീർഘനിശ്വാസത്തോടെ യമുന ഫോണെടുത്തു.

​“ഞാൻ വണ്ടിയിൽ കയറി കേട്ടോ.” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

​“ശരി.. ശരി. ഞാൻ സ്റ്റേഷനിൽ വരണോ?” ആ ശബ്ദത്തിൽ ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയുണ്ടായിരുന്നു.

​“വേണ്ട സാർ, ഞാനങ്ങെത്തിക്കൊള്ളാം. എനിക്കപരിചിതമായ നാടൊന്നുമല്ലല്ലോ അത്. എനിക്ക് വഴികളെല്ലാം മനഃപാഠമാണ്.”

​“ഓ… ശരി.. ശരി..” അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു ചെറിയ നിരാശയും ഇച്ഛാഭംഗവും കലർന്നിരുന്നു.

​“സർ, കുട്ടികൾ…” തന്റെ തീരുമാനത്തിൽ ഇപ്പോഴും എവിടെയോ ഒരു ആശങ്ക ബാക്കിയുണ്ടോ എന്നറിയാൻ അവൾ ആ ചോദ്യം അപൂർണ്ണമായി നിർത്തി.

​“ഏയ്, താൻ അതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. അവരുടെ വലിയൊരു ബാധ്യതയല്ലേ ഇപ്പോൾ ഒഴിവായിരിക്കുന്നത്! പ്രായമായ അച്ഛനെ തനിച്ചാക്കി പോകുന്നതിലുള്ള ആധി ഇനി അവർക്ക് വേണ്ടല്ലോ. അവർക്ക് സന്തോഷമേയുള്ളൂ.”

മറുപുറത്തുനിന്നുയർന്ന ആ പൊട്ടിച്ചിരി യമുനയുടെ ഉള്ളിൽ കുളിരലകൾ തീർത്തു. ഈ ചിരി ഇനി തനിക്ക് മാത്രമുള്ളതാണെന്ന തിരിച്ചറിവ് വന്നപ്പോൾ, ഒരു വേനൽമഴ കഴിഞ്ഞപോലുള്ള കുളിരുമായി അവളുടെ ഉള്ളിൽ ഗംഗാ നദി ശാന്തമായൊഴുകി.

​“ശരി സാർ, ഫോൺ വെയ്ക്കട്ടെ. നമുക്ക് നേരിൽ കാണുമ്പോൾ കഥകൾ പറയാൻ ഇനി ഒരുപാട് സമയമുണ്ടല്ലോ.” വെറുതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിലെ അനൗചിത്യം ഓർത്ത് പറഞ്ഞു.

​“അതേ, അത് ശരിയാണ്. എങ്കിലും യമുന ഇവിടെ എത്തുന്നതുവരെയുള്ള ഈ ഓരോ നിമിഷവും, ഓരോ മണിക്കൂറും എങ്ങനെ തള്ളിനീക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്.”

​“ഇത്രയും കാലം കാത്തിരുന്നില്ലേ, അതുപോലെ ഈ കുറച്ചു മണിക്കൂറുകളും കടന്നുപോകും…”

“അതുപോലെയല്ലല്ലോ ഇപ്പൊൾ. അകലം കുറയുന്തോറും ആകാംഷ കൂടുകയാണ്. ശരി, വയ്ക്കൂ.” മനസ്സില്ലാമനസ്സോടെ അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചു.​ വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ ശബ്ദത്തിന് അതേ ഗാംഭീര്യമുണ്ട്.

​ഉറവുകൾ വറ്റി തരിശായിപ്പോയ തന്റെ മനസ്സിന്റെ മണ്ണിൽ വീണ്ടും ഒരു നനവ് പടർന്നത് കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിതമായ ആ കണ്ടുമുട്ടലിലായിരുന്നു. അതൊരു ഈശ്വരനിയോഗമല്ലാതെ മറ്റെന്താണ്? ജീവിതത്തിന്റെ സായന്തനത്തിൽ ഇത്തരമൊരു പ്രണയസാഫല്യം ഉണ്ടാകുമെന്നോ, സാർ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഊഷരഭൂമിയിലൂടെയുള്ള ഏകാന്ത യാത്രയിൽ പലപ്പോഴും കാലിടറി വീഴാൻ തുടങ്ങിയപ്പോൾ, താങ്ങായി കൂടെയുണ്ടായിരുന്ന ആ മുഖം വീണ്ടും കണ്ടപ്പോളുള്ള മാനസികാവസ്ഥ വിവരിക്കാൻ വാക്കുകളില്ല. പണ്ട് കോളേജ് അധ്യാപനകാലത്ത് തന്റെ പ്രണയം വെളിപ്പെടുത്താതിരുന്നത് എത്ര നന്നായി എന്ന് തോന്നി. അന്ന് അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പിന്നീട് എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയില്ല.

സരസ്വതി ടീച്ചറുമായി അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്ന കാര്യം അന്ന് യമുന അറിഞ്ഞിരുന്നില്ല. എങ്കിലും തന്റെ ഇല്ലായ്മകളെയും സാഹചര്യങ്ങളെയും കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാൽ ആ പ്രണയം അവൾ ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചു വെച്ചു. അല്ലെങ്കിൽ നിലവിലുണ്ടായിരുന്ന ആ പരിശുദ്ധമായ സൗഹൃദം പോലും എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു.

പിന്നീട് ഒരിക്കലും ആത്മനിന്ദയോടെ ജീവിക്കേണ്ടി വന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ ആ അനുരാഗം ഒരു കെടാവിളക്കായി ജ്വലിച്ചുനിന്നു. ശേഖർ സർ സരസ്വതി ടീച്ചറെ വിവാഹം കഴിച്ച ദിവസം തന്റെ നിരാശയും ദുഃഖവുമെല്ലാം യമുന കണ്ണീരിൽ കഴുകിക്കളഞ്ഞു. അതുകൊണ്ടുതന്നെ പിന്നീട് വളരെ തെളിഞ്ഞ മനസ്സോടെ സാറിനോടും ടീച്ചറോടും ഇടപഴകാൻ കഴിഞ്ഞു. പലപ്പോഴും സാന്ത്വനത്തിന്റെയും രക്ഷയുടെയും കരങ്ങളുമായി ഒരു ഉറ്റ സുഹൃത്തായി കൂടെയുണ്ടായിരുന്നത് സരസ്വതി ടീച്ചറായിരുന്നു. പ്രിയപ്പെട്ട ആ ടീച്ചറുടെ വേർപാട് പോലും സാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.

ഇന്ന് കാലം അവർക്കായി മറ്റൊരു വഴി തുറന്നിരിക്കുന്നു. നഷ്ടപ്പെട്ടുപോയെന്ന് കരുതിയ വസന്തം വൈകിയ വേളയിൽ വാതിലിൽ മുട്ടുകയാണ്. യമുന കണ്ണടച്ച് ജനാലയ്ക്കൽ തല ചായ്ച്ചു കിടന്നു. ട്രെയിനിന്റെ താളം അവളുടെ ഹൃദയമിടിപ്പിനോട് ചേർന്നു നിന്നു.

ഓർമ്മകളുടെ വേലിയേറ്റത്തിൽ യമുനയുടെ മനസ്സ് ആർദ്രമായി. ആദ്യദിവസത്തെ അമർനാഥ് തീർത്ഥാടനക്ഷീണം ഒതുക്കി, മഞ്ഞണിഞ്ഞ ആ പ്രഭാതത്തിൽ പ്രകൃതിയുടെ വശ്യത ആസ്വദിച്ചുനിൽക്കുമ്പോഴായിരുന്നു ചിരപരിചിതമായിരുന്ന ആ വിളിയൊച്ച കാതുകളിൽ പതിച്ചത്!

​“യമുനാ…”

​നെഞ്ചിലൊരാന്തൽ! ആരാണിവിടെ തന്റെ പൂർവാശ്രമത്തിലെ പേര് വിളിക്കാൻ? പരിചിതമായ ആ സ്വരം ഒരുപക്ഷേ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ ബാക്കിയാകാമെന്ന് കരുതിയാണ് യമുന തിരിഞ്ഞുനോക്കിയത്. പക്ഷേ, തൊട്ടുപിന്നിൽ തെളിഞ്ഞ ആ മുഖം കണ്ട് അവൾ സ്തംഭിച്ചുപോയി. കണ്ണുകൾ ചിമ്മിത്തുറന്നു വീണ്ടും നോക്കി. ഇല്ല, അത് തോന്നലല്ല, തർക്കമില്ലാത്ത യാഥാർത്ഥ്യമാണ്.

​“ശേഖർ സർ!”

അറിയാതെ ആ പേര് അവളുടെ ചുണ്ടുകളിൽ നിന്നുതിർന്നു. അവിചാരിതമായ ആ കൂടിക്കാഴ്ചയുടെ വിസ്മയത്തിൽ അവൾ സ്വയം മറന്നുനിന്നു. ​പിന്നീടുള്ള ദിനങ്ങൾ ഒരു സ്വപ്നത്തിലെന്നപോലെയാണ് കടന്നുപോയത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീർത്ഥയാത്രയായിരുന്നു അത്. ഉള്ളിലെ ചൈതന്യമായി പൂജിച്ച ആ വിഗ്രഹത്തെ സമാശ്വസിപ്പിച്ചും ശുശ്രൂഷിച്ചും നടത്തിയ ആ യാത്രയോളം പവിത്രമായി മറ്റൊന്നുമില്ലെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

ട്രെയിനിന്റെ താളാത്മകമായ ശബ്ദത്തിനൊപ്പം യമുനയുടെ ചിന്തകളും വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. ജനാലയ്ക്കപ്പുറം ഇരുട്ടുപരന്ന പാടങ്ങളും ദൂരെയുള്ള മങ്ങിയ വെളിച്ചങ്ങളും മാഞ്ഞുപോകുന്നത് അവൾ നിശബ്ദമായി നോക്കിയിരുന്നു. ഋതുക്കൾ പലകുറി മാറിമറിഞ്ഞിട്ടും തന്റെ ഉള്ളിലെ അനുരാഗം മാത്രം വാടാതെ നിന്നത് എന്തിനായിരുന്നു എന്ന് അവൾക്കിപ്പോൾ വ്യക്തമാകുന്നുണ്ട്. താൻ തിരഞ്ഞെടുത്ത ഈ സന്യാസജീവിതം യഥാർത്ഥത്തിൽ ഒരു ഒളിച്ചോട്ടമായിരുന്നോ? അതോ ഒരു തിരിച്ചറിവോ? കാവി വസ്ത്രം പുതച്ചുവെങ്കിലും ഉള്ളിലെ പ്രണയകനലുകൾ ഇന്നും അണഞ്ഞിട്ടില്ലെന്ന് തൊട്ടുമുൻപ് വന്ന ആ ഫോൺ കോൾ അവളെ ഓർമ്മിപ്പിച്ചു.

​”മാതാജി, കുറച്ച് വെള്ളം വേണോ?”

​അടുത്ത സീറ്റിലിരുന്ന വൃദ്ധസന്യാസി ബഹുമാനത്തോടെ ഒരു കുപ്പി വെള്ളം നീട്ടിയപ്പോൾ യമുന ചിന്തകളിൽ നിന്നുണർന്നു. “വേണ്ട, നന്ദി,” അവൾ മൃദുവായി മൊഴിഞ്ഞു.

​പുറത്ത് സന്ധ്യ മയങ്ങുകയാണ്. ഉത്തരേന്ത്യൻ സമതലങ്ങൾക്കപ്പുറം സൂര്യൻ ചുവന്നുതുടുത്തു നിൽക്കുന്നു. പ്രയാഗിലെ ഗംഗാതീരത്ത് താൻ അർപ്പിച്ച പ്രാർത്ഥനകൾക്ക് ഒടുവിൽ ഫലം കിട്ടുകയാണ്? രാത്രിയുടെ നിശബ്ദത കീറിമുറിച്ചു കൊണ്ട് ട്രെയിൻ കുതിച്ചുപാഞ്ഞു. വീണ്ടും ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് ഓർമ്മകളുടെ ചരട് മുറിച്ചത്. കാത്തിരുന്ന ആ വിളി തന്നെയായിരുന്നു അത്. ഫോൺ എടുത്തപാടെ അവൾ ചോദിച്ചു:

​“ഉറങ്ങിയില്ലേ?”

​മറുതലയ്ക്കൽ ആ സ്വരം: ​“ഇല്ലെടോ… ഓരോന്നോർത്തിങ്ങനെ ഇരുന്നുപോയി. താനും ഉറങ്ങിയില്ലേ?”

​“ഉറങ്ങണം. ഇനി സമാധാനമായി ഉറങ്ങണം,” യമുനയുടെ വാക്കുകളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ ചിരിയുടെ നേർത്ത അലകൾ അങ്ങേത്തലക്കൽ ശേഖറിൻ്റെ കാതുകളിൽ തേന്മഴയായി മാറി.

​അടുത്ത കാലത്തായി അവർക്കിടയിൽ സംസാരിക്കാൻ വിഷയങ്ങൾ കുറവായിരുന്നു. വാക്കുകൾക്ക് വല്ലാതെ ക്ഷാമം നേരിടുമ്പോഴും ആ ഹൃദയങ്ങൾ തമ്മിൽ തീവ്രമായി സംവദിക്കുന്നുണ്ടായിരുന്നു. ആ മൗനത്തിന്റെ അർത്ഥം പോലും അവർക്ക് പരസ്പരം മനസ്സിലാകും. ഏതു പ്രായത്തിലും പ്രണയത്തിന് ഒരേ രൂപഭാവങ്ങളാണെന്ന് യമുനയ്ക്ക് തോന്നി.

​കുറച്ചുനേരം ഫോൺ കാതോടു ചേർത്ത് യമുന വെറുതെ ഇരുന്നുപോയി. ആത്മാവിനുള്ളിൽ ഒരു പക്ഷിയുടെ ചിറകടിയൊച്ച കേൾക്കാം—തന്റെ ചെറിയ കൂട്ടിലേക്ക് സ്വാഗതമോതി കാത്തിരിക്കുന്ന പ്രിയപ്പെട്ടൊരു പക്ഷി.

​“സർ…” മൗനം നീണ്ടുപോയപ്പോൾ അവൾ മെല്ലെ വിളിച്ചു.

കാതിൽ ആ ആർദ്രസ്വരം വന്നു പതിച്ചപ്പോൾ, ഒരു അനുവാദത്തിനായി കാത്തുനിന്നതുപോലെ ശേഖർ പറഞ്ഞു: “ശരി, ഉറങ്ങിക്കോളൂ. ശുഭരാത്രി.”

“ഗുഡ്നൈറ്റ്.”

​ഫോൺ ബാഗിലേക്ക് തിരുകുമ്പോൾ ഹൃദയം ഇലഞ്ഞിത്തറമേളം മുഴക്കുകയായിരുന്നു. സഹയാത്രികർ ആഹാരം കഴിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. റെയിൽവേ സ്റ്റേഷനിലെ കഫേയിൽ നിന്ന് വാങ്ങിയ ചപ്പാത്തി അരികിലിരിപ്പുണ്ട്. വിശപ്പില്ലെങ്കിലും എന്തെങ്കിലും കഴിക്കണമല്ലോ എന്ന് കരുതി യമുന കൈ കഴുകി വന്നു. ചപ്പാത്തി ഓരോ കഷണങ്ങളായി മുറിച്ച് സബ്ജിയിൽ മുക്കി കഴിച്ചു. ഇപ്പൊൾ കുറക്കാലമായി കുറച്ചുമാത്രം ഭക്ഷണവും പച്ചക്കറികളും മാത്രമാണ് ആഹാരം. ആശ്രമവാസത്തിന് തുടക്കമിട്ടപ്പോൾ തന്നെ മാംസാഹാരം ഉപേക്ഷിച്ചിരുന്നതാണ്. ഇപ്പൊൾ ഒന്നിനോടും അധികം മമതയൊന്നും തോന്നാറില്ല.

​അലുമിനിയം ഫോയിൽ പ്ലേറ്റ് ചുരുട്ടി വേസ്റ്റ് ബിന്നിലിട്ടു. കൈകൾ വൃത്തിയാക്കി, മുടി ഒന്നുകൂടി അയച്ചുകെട്ടി അല്പം വെള്ളവും കുടിച്ച് അവർ സീറ്റിലേക്ക് തിരികെ വന്നു. ലോവർ ബർത്ത് കിട്ടിയത് വലിയ ആശ്വാസമായി; മുകളിലേക്ക് വലിഞ്ഞു കയറേണ്ടി വന്നില്ലല്ലോ. എസിയുടെ തണുപ്പിൽ ആ പുതപ്പിന്റെ ചൂടിലേക്ക് യമുന ചുരുണ്ടുകൂടി.

​ഒരു ജോലി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ജീവിതം നഷ്ടപ്പെട്ടുപോയ നിർഭാഗ്യവതിയാണ് താൻ എന്ന് യമുന ഓർത്തു. സാധാരണഗതിയിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള ഉപാധിയാണ് ജോലി, പക്ഷേ തനിക്കോ? കായ്ഫലങ്ങളെല്ലാം മറ്റുള്ളവർ കൊണ്ടുപോയ ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു വൃക്ഷം പോലെയായി. ഒടുവിൽ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഏകാന്തതയുടെ തടവറയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ആ ഇരുളിൻ്റെ ഗുഹാന്തരങ്ങൾ തുറന്ന് ഒരു വെളിച്ചക്കീറ് മുന്നിലേയ്ക്ക് വന്നപ്പോൾ ഒരു അന്ധാളിപ്പ് തന്നെയായിരുന്നു.

​അറുപത്തിരണ്ട് വയസ്സ് ഒരു പ്രായമാണോ? തന്നെ സംബന്ധിച്ച് അല്ലേയല്ല. മനസ്സ് ഇപ്പോഴും ശേഖർ സാറിനെ പ്രണയിക്കുന്ന ആ ഇരുപത്തിയേഴുകാരി തന്നെയാണ്. പാളങ്ങൾ പോലെ ഉറക്കം അനന്തതയിലേക്ക് നീണ്ടു. ഓർമ്മകൾ വീണ്ടും കനലായി ജ്വലിച്ചു തുടങ്ങി…

​ഷൊർണ്ണൂരിലെ ആ കോളേജിൽ ജോലിക്ക് കയറിയ കാലം. ആദ്യത്തെ അപരിചിതത്വം മാറിയപ്പോൾ മറ്റേതൊരു സഹപ്രവർത്തകനേക്കാളും അടുപ്പം തോന്നിയത് സാറിനോടായിരുന്നു. പ്രസന്നതയോടെ എല്ലാവരോടും ഇടപെടുന്ന ആ വ്യക്തിത്വം അറിയാതെ ശ്രദ്ധിച്ചു പോയി. ഡിപ്പാർട്ട്മെന്റിലെ മറ്റു രണ്ട് അധ്യാപികമാരും കുടുംബകാര്യങ്ങളിൽ മുഴുകിയവരായിരുന്നു. അവരുടെ ലോകം ഭർത്താവും മക്കളുമായിരുന്നു. സംസാരവും അവരെപ്പറ്റി മാത്രമായിരുന്നു. കുട്ടികളുടെ കുറുമ്പുകളും ഭർത്താക്കന്മാരുടെ ആവലാതികളും വാശികളും കൊച്ചുകൊച്ചു വഴക്കുകളും അവർക്ക് വിഷയമായപ്പോൾ തന്നെ അവർ എപ്പോഴും ഒരു കുട്ടിയായി മാത്രം കണ്ടു, സ്വാഭാവികമായും താൻ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് മാറ്റിനിർത്തപ്പെട്ടു. അവിടെ അവിവാഹിതനായി ശേഖർ സർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആകെയുണ്ടായിരുന്ന പുരുഷ അധ്യാപകൻ രാഘവൻ മാഷും വിവാഹിതനായിരുന്നു.
​(തുടരും)

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com