സിനിമയിലെ മൂന്ന് അടിസ്ഥാനസർഗ്ഗാത്മകരീതികളിൽ ഒന്നാണ് ഡോക്യുമെന്ററി . മറ്റ് രണ്ടെണ്ണം കഥാഖ്യാന ചലച്ചിത്രങ്ങൾ, പരീക്ഷണാത്മക അവന്റ്-ഗാർഡ് ചിത്രങ്ങൾ എന്നിവയാണ്. പ്രതിപാദ്യവിഷയങ്ങളെ സംബന്ധിച്ചിടത്തോളം, പതിറ്റാണ്ടുകളായി ഡോക്യുമെന്ററികൾ വ്യക്തിഗത മനുഷ്യവികാരങ്ങൾ, ബന്ധങ്ങൾ, പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്ന പൊതുവായ മനുഷ്യാവസ്ഥയ്ക്ക് ഉപരി വ്യക്തികൾ, കല, കലാകാരന്മാർ, ചരിത്രസംഭവങ്ങൾ എന്നിങ്ങനെ മറ്റു മേഖലകളിലാണ് ശ്രദ്ധ നൽകുന്നത്.
ഭൂതകാലത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രൂപമായി ഇന്നു ഡോക്യുമെൻ്ററികൾ മാറിയിട്ടുണ്ട്. ആഗോള സമകാലികയുഗചിന്തയിൽ ഡോക്യുമെന്ററികൾക്ക് മുമ്പെന്നത്തേക്കാളും പ്രാധാന്യവും ഇന്നുണ്ട്. സർക്കാർ ഏജൻസികൾ, പ്രമുഖ പ്രക്ഷേപണ കോർപ്പറേഷനുകൾ, സ്വതന്ത്ര കൂട്ടായ്മകൾ, വ്യക്തികൾ, നിരവധി സംഘടനകൾ എന്നിവയാണ് വൻതോതിൽ ഡോക്യുമെന്ററികൾ നിർമ്മിക്കുന്നത്. തിയേറ്ററുകളിലും, കേബിളിലും, സാറ്റലൈറ്റ് ടെലിവിഷനിലും, പൊതു ഇടങ്ങളിലും, ജോലിസ്ഥലങ്ങളിലും, സ്കൂളുകളിലും, ഗാലറികളിലും മ്യൂസിയങ്ങളിലും, വിമാനങ്ങളിലും, ട്രെയിനുകളിലും, വാഹനങ്ങളിലും, വീടുകളിലും ഇരുന്നു അവ കാണുന്നവരുണ്ട്. ചെറുതും വലുതുമായ സ്‌ക്രീനുകളിൽ, തിയേറ്ററുകളിൽ, ചുവരുകളിൽ, ഫോണുകളോ പേഴ്‌സണൽ കമ്പ്യൂട്ടറുകളോ ആകട്ടെ, വ്യക്തിഗത ഉപകരണങ്ങളിൽ, അവ നമ്മൾക്ക് ലഭ്യവുമാകും.
ലോകമെമ്പാടും, സിനിമയുടെ ആദ്യകാലം മുതൽ സ്ത്രീകൾ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. സാധ്യമായ എല്ലാത്തരം വിഷയങ്ങളിലും, സമൂഹത്തിലും, സൗന്ദര്യശാസ്ത്രത്തിലും, സമീപനത്തിലും അവർ ആവേശത്തോടെ ഇടപെട്ടിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും, ചലച്ചിത്രചരിത്രത്തിൽ സ്ത്രീ ചലച്ചിത്രനിർമ്മാതാക്കൾ, പ്രത്യേകിച്ച് ഡോക്യുമെന്റേറിയൻമാർ അവഗണിക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ഡോക്യുമെന്ററി സിനിമ മറ്റ് ചലച്ചിത്ര നിർമ്മാണ വിഭാഗങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് വ്യാവസായിക ചലച്ചിത്ര നിർമ്മാണത്തെ അപേക്ഷിച്ച്, സംവിധായകർ എന്ന നിലയിലുള്ള സ്ത്രീകളുടെ പങ്കാളിത്തം കൂടുതലുള്ള ഒരു മേഖലയാണ്.
സമകാലിക വനിതാ ഡോക്യുമെന്ററി പ്രവർത്തകർ എല്ലാ വിഷയങ്ങളെയും പ്രശ്നങ്ങളെയും വിശദമായി പരിശോധിക്കുന്നു. സ്ത്രീകൾ എന്ന നിലയിൽ അവരുടെ കാഴ്ചപ്പാടുകളെ ഒരു കാചമായി കൊണ്ടുവരുന്നു, അതിൽ നിന്ന് സമൂഹത്തെ വിശാലമായി ബാധിക്കുന്ന വലിയ ചോദ്യങ്ങളെ അവർ പര്യവേക്ഷണം ചെയ്യുന്നു. കുടിയേറ്റം, ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, സാമ്പത്തിക ഉത്കണ്ഠ, പരിസ്ഥിതി, കല തുടങ്ങിയ വിഷയങ്ങളിലും അവർ ഡോക്യുമെൻ്ററികൾ നിർമ്മിക്കുന്നു. ആ നിരയിലേക്ക് മലയാളത്തിൽ നിന്നു ഒരു സ്ത്രീ, അതും കുത്തിയോട്ടപ്പാട്ടുകളെക്കുറിച്ചു ഡോക്യുമെൻ്റി സംവിധാനം ചെയ്തു കൊണ്ട് കടന്നുവരുന്നു.
എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. മഞ്ജു വി. മധുവാണ് ആ പ്രതിഭാശാലി. മഹാരാജാസ് കോളേജിലെ മലയാളവിഭാഗം എക്കാലവും പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. എങ്കിലും ആദ്യമായാണ് ഒരു സ്ത്രീ ഇത്തരമൊരു ഡോക്യുമെൻ്ററി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതിൻ്റെ യാതൊരു പരിഭ്രമവും കൂടാതെ തൻ്റെ ആദ്യപരിശ്രമത്തെ അവർ മികവുറ്റതാക്കിയിരിക്കുന്നു.
ഓണാട്ടുകരയിൽ ദേവപ്രീതിക്കായി ദേവീക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. വായ്ത്താരിക്കും പാട്ടിനും ഒപ്പമുള്ള ചുവടുവയ്പ്പുകളാണ് കുത്തിയോട്ടത്തിൽ പ്രധാനം.ചെട്ടികുളങ്ങര ഭഗവതീക്ഷേത്രത്തിലെ ദേവിയ്ക്കുള്ള വഴിപാടാണ് കുത്തിയോട്ടം. ശീലുകളിൽ താനവട്ടങ്ങളോടെ പാടുന്ന പാട്ടുകൾ ഇതിനുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ എന്നാണ് അവ അറിയപ്പെടുന്നത്.
ആരാധനാസമ്പ്രദായമാണെങ്കിലും പാട്ട്, സംഗീതം, സാഹിത്യം, താളം, വേഷം, ചുവട് എന്നിവയുടെ സവിശേഷ ചേരുവകള്‍ കുത്തിയോട്ടത്തിൽ സമഞ്ജസമായി സമ്മേളിക്കുന്നു. മെയ്‌വഴക്കത്തിന്റെയും ചുവടുവെയ്പിന്റെയും ചാരുത ഒത്തിണങ്ങുന്ന ഈ കലാരൂപത്തിന്റെ പാട്ടുകളെ സമൂലമായും, സമഗ്രമായും വിലയിരുത്തി വ്യക്തമായും കൃത്യമായും പകർന്നുതരുന്നു എന്നതാണ് ഡോ. മഞ്ജു വി. മധുവിൻ്റെ ഡോക്യുമെൻ്ററിയുടെ നേട്ടം.
ആദ്യകാല കുത്തിയോട്ടപ്പാട്ടെഴുത്തുകാരെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ആദ്യകാല കുത്തിയോട്ട പാട്ടുകളിൽ തമിഴ് സംസ്കൃത സ്വാധീനം വ്യക്തമാണെന്നും ഡോക്യുമെന്ററിയിൽ സൂചിപ്പിക്കുന്നു. സംസ്കൃതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചവരിൽ പ്രമുഖരായ വെന്നിയിൽ ശങ്കരപ്പിള്ള വൈദ്യരെയും മീനത്തേതിൽ കേശവപിള്ളയെയും ഡോക്യുമെന്ററിയിൽ പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ കവിതാഭാഗങ്ങളും വിശകലനം ചെയ്യുന്നു. 1868ൽ ജനിച്ച വെന്നിയിൽ ശങ്കരപ്പിള്ള 29 കഥകളും ഏതാനും ഖണ്ഡകാവ്യങ്ങളും രചിച്ചിട്ടുണ്ട്.മീനത്തേതിൽ കേശവപിള്ള എഴുതിയ ദേവി മഹാത്മ്യം കിളിപ്പാട്ടിനെക്കുറിച്ചും ഈ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.തമിഴിനോട് താൽപര്യം പ്രകടിപ്പിച്ച പാച്ചനാശാന്റെ കവിതാഭാഗങ്ങളും പരിചയപ്പെടുത്തുന്നു.

കുമ്മികൾ അല്ല അർഥഗാംഭീര്യമുള്ള കഥാഗാനങ്ങൾ തന്നെയാണ് കുത്തിയോട്ടപ്പാട്ടുകൾ എന്നു നിഗമനത്തിലേക്കാണ് ഒടുവിൽ എത്തിച്ചേരുന്നത്. കുത്തിയോട്ടപ്പാട്ടുകളുടെ രചയിതാക്കൾക്ക് സാഹിത്യ ചരിത്രത്തിൽ കൊടുക്കേണ്ട സ്ഥാനത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ജി. വിനോദ്കുമാറാണ് ഈ ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. കുത്തിയോട്ടപ്പാട്ടുകളെ അടുത്തറിയുവാനും കുത്തിയോട്ടച്ചുവടുകളെ അപഗ്രഥിക്കുവാനും കൂടി ഉപകാരപ്രദമാകുന്നുണ്ട് ഈ ഡോക്യുമെൻ്ററി. പ്രശസ്ത ചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ അലിയാരാണ് ഈ ഡോക്യുമെൻ്ററിയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്.
നല്ല അറിവ്…
മനോഹരമായ അവതരണം
മാഷേ , ഗംഭീരമായിരിക്കുന്നു.ഇത്തരം വിജ്ഞാനപ്രദമായ എഴുത്തുകൾ നമുക്ക് ആവശ്യമാണ് നിരന്തരഎഴുത്തിലൂടെ പൊതുസമൂഹത്തെയും അക്കാദമിക സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന മാഷിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹