ഉം… പോയ്ക്കോ. ഇനി മുതൽ നിന്നെ ചന്തയിൽ കാണണം. തള്ളയുടെ കൂടെ കേട്ടോടാ. കേട്ടപാതി കേൾക്കാത്ത പാതി . കോഴിയുടെ മകൻ ജീവനും കൊണ്ടോടി.
തുടർന്ന് വായിക്കുക …
👇👇👇👇👇👇👇👇
അദ്ധ്യായം 12
തലയെടുപ്പുള്ള മലനിരകൾ ആകാശ ചുംബികളായി പൂത്തുലഞ്ഞു. പൂക്കളുടെ ഉത്സവത്തിന് മണവാളൻ കുന്നിൽ കൊടിയേറി. ഹരിതാഭ നിറഞ്ഞ മലനിരകളും ഗ്രാമങ്ങളും നീലയും വെള്ളയും നിറം കലർന്ന ശംഖുപുഷ്പങ്ങൾക്കൊണ്ട് വിസ്മൃതി തീർത്തു.
പൂക്കുടന്ന താലമേന്തി നാടോടികൾ സന്ദർശകരെ വരവേറ്റു. നീലയും വെള്ളയും കലർന്ന പട്ടുകുപ്പായവും ധരിച്ച് മണവാളൻ കുന്ന് മലനിരകൾ സുന്ദരസുരഭീയാമങ്ങളിലെ ഗന്ധർവ്വകന്യകകളെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് നിന്നു.
ശംഖുപുഷ്പങ്ങൾ പരവതാനി വിരിച്ച മണവാളൻ കുന്നിൽ നിരവധി സന്ദർശകർ വന്നുകൊണ്ടിരുന്നു. ആട്ടവും പാട്ടും, ഫുഡ്ബോൾ ടൂർണ്ണമെന്റുകളും ഒക്കെക്കൂടി ഈ പൂക്കാലം ഓർമ്മകളിലെ നിത്യവസന്തമാകാൻ, കാഴ്ച്ചകളുടെ നിറശോഭയാകാൻ, ആഘോഷങ്ങളുടെ ഉല്ലാസപ്പൂത്തിരിയാകാൻ മണവാളൻ കുന്നിലെ മുഴുവനാളുകളും ആത്മാർത്ഥമായി പരിശ്രമിച്ചു.
എന്നാൽ നീലാകാശത്തിനു കീഴിൽ നീല നിലാവിൽ മുങ്ങി നീലപ്പട്ടുടുത്ത മണവാളൻ കുന്നിലെ ആഘോഷ ദിനരാത്രങ്ങൾക്ക് മീതെ കാലന്റെ കരിനിഴൽ പരത്തി അവർ വന്നു. വിഗ്നേശ്വരൻ മുതലാളിയുടെ മകനും ഗുണ്ടകളും.
ആഘോഷങ്ങൾ തീരാൻ രണ്ടുദിവസം ബാക്കിനിൽക്കേ അലാങ്കാരങ്ങൾക്കൊണ്ട് ആകർഷണീയത തീർത്ത് കച്ചവടം പൊടിപൊടിക്കുന്ന മണവാളൻകുന്ന് ചന്തയിൽ മൂന്ന് വാഹനങ്ങളിലായി അവർ വന്നിറങ്ങി.
കത്തിയും, വടിവാളും, സൈക്കിൾ ചെയ്നും, ഹോക്കിസ്റ്റിക്കുമായി അവർ ആ ചന്തയിൽ നായാട്ടു നടത്തി. മാർക്കോസു ചേട്ടന്റെ കടയിൽക്കയറി അദ്ദേഹത്തെ മർദ്ദിച്ചു. കട അടിച്ചു തകർത്തു. കണ്ണിൽ കണ്ടവനെ ഒക്കെ മർദ്ദിച്ചു.
എവിടെടാ നായിക്കളെ നിങ്ങളുടെ നേതാവ്. ഇറക്കിവിടടാ ആ ചെറ്റയെ. ഒരുത്തൻ അലറി. ഇന്നവന്റെ ശവത്തിനു മീതെ പൂക്കൾ വിതറിയിട്ടേഞങ്ങൾ പോകൂ.
ആ ചന്തയിലെ മുഴുവനാളുകൾക്കും സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അത്.
എല്ലാവരും നോക്കി നിൽക്കേ കോഴി ജാനു സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിച്ചു.
” ഫ…. തന്തയില്ലാ കഴുവേറികളെ… നീ ഒക്കെ വെല്ലുവിളിക്കുന്ന ഞങ്ങളുടെ നേതാവ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ നീ ഒക്കെ ട്രൗസറിൽ മുള്ളിക്കൊണ്ട് ഓടുമായിരുന്നെടാ.
എന്നിട്ട് അവൾ എല്ലാവരോടുമായി വിളിച്ചു പറഞ്ഞു. എന്തോന്നാടാ നോക്കി നിൽക്കുന്നെ. അടിച്ചു കൊല്ലടാ ഈ നായിക്കളെ.
ജാനു അത് പറഞ്ഞു തീർന്നതും കണ്ണും മുഖവും അടച്ച് അടി വീണു.
കഴുവേറീടെ മോളേ… കോഴീടെ പൂട പറിക്കുന്ന പോലെ പിച്ചിച്ചീന്തി ഈ ചന്തേലിട്ട് വറക്കും നിന്നെ ഞാൻ.
ഗുണ്ടകളുടെ നേതാവ് അത് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല, കടന്നൽകൂട് ഇളകിയതുപോലെ ചന്തയിളകി. പിന്നീട് അവിടെ നടന്നത് കൊഴുകൊഴുത്ത മേളങ്ങളുടെ കലാശക്കൊട്ടായിരുന്നു.
ഗുണ്ടകൾ നാലുപാടും ചിതറി ഓടി. കൈയ്യൊടിഞ്ഞും, കാലൊടിഞ്ഞും, തലപൊട്ടിയും കിട്ടിയ ജീവനും കൊണ്ടവർ രക്ഷപ്പെട്ടു.
അടി കിട്ടിയിട്ട് വായിൽ നിന്നും ഇളകിയ പല്ലും കൈയ്യിലെടുത്തു ഒഴുകി വന്ന ചോര നീട്ടിത്തുപ്പിക്കൊണ്ട് ജാനു ഉറക്കെ വിളിച്ചു പറഞ്ഞു ഓടിക്കോടാ.. നായിക്കളെ, ഇത് മണവാളൻകുന്ന് ചന്തയാ.. കന്നിപ്പട്ടികൾക്ക് കുരയ്ക്കാനുള്ള സ്ഥലമല്ല ഇത്. അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ഈ സമയം രാമഭദ്രൻ ജയിംസിന്റെ പറമ്പിലെ കൊപ്രയും, കുരുമുളകുമായി ടൗണിൽ വിൽക്കാൻ പോയിരിക്കുകയായിരുന്നു. കൃഷി സ്ഥലം രാമഭദ്രനെ ഏൽപ്പിച്ചതിനു ശേഷം ആദ്യമായാണ് കൃഷി സാധനങ്ങൾ അവൻ വിൽക്കാൻ കൊണ്ടു പോകുന്നത്.
സാധനങ്ങൾ വിൽക്കാൻ കൊണ്ടു പോകുന്നതിനു മുൻപേ തന്നെ അവൻ ടൗണിൽ പോയി വൻകിടക്കച്ചവടക്കാരുമായി ഒക്കെ സംസാരിച്ച് ഏതു രീതിയിലാണ് അവിടെ മലഞ്ചരക്കുകൾ വാങ്ങുന്നതും, ജനങ്ങൾ വിൽക്കുന്നതും എന്ന് പഠിച്ചു വച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവൻ കൊണ്ടുപോയ സാധനങ്ങൾക്ക് നല്ല രീതിയിലുള്ള വിലയ്ക്ക് അവന് വിൽക്കാൻ കഴിഞ്ഞു. തുടർന്ന് കാർഷികാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങൾ എല്ലാം വാങ്ങി, അത്യാവശ്യം കാശ് കൈയ്യിൽ വച്ച് ബാക്കി മുഴുവൻ അവൻ ജയിംസിന്റെ എക്കൗണ്ടിലേക്ക് നിക്ഷേപിച്ച് വളരെ സന്തോഷത്തോടെ മടങ്ങുകയായിരുന്നു.
ജയിംസിന്റ വീടെത്താൻ ഏകദേശം നൂറ് മീറ്റർ ബാക്കി നില്‍ക്കെയാണ് അവൻ ചന്തയിലെ അടിപിടിയെക്കുറിച്ച് അറിഞ്ഞത്. അതും അവൻ ടൗണിലേക്ക് സാധനങ്ങൾ കൊണ്ടുപോയവണ്ടി മണവാളൻകുന്ന് ചന്തയിൽ ഓടുന്നതായിരുന്നതുകൊണ്ട് അവർക്കെതിരേ വന്ന ഒരു വണ്ടിയുടെ ഡ്രൈവർ ആ ഡ്രൈവറോഡ് പറഞ്ഞതാണ്. കേട്ട ഉടനെ വണ്ടി ചന്തയിലോട്ട് വിടാൻ രാമഭദ്രൻ ഡ്രൈവറോട് പറഞ്ഞു. വണ്ടി നേരെ ചന്തയിലെത്തി.
രാമഭദ്രൻ ചാടിയിറങ്ങി . ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. മിക്ക ആളുകളുടേയും കൈകളിൽ ചെറിയ ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. അവനെക്കണ്ടതും ആളുകൾ ഒന്ന് പിറകോട്ട്മാറി. അപ്പോഴേക്കും പോലീസ് സംഘവും എത്തി.
ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടടുത്ത പോലീസ് ഇൻസ്പെക്ടർ നേരെ രാമഭദ്രന്റെ അടുത്തുവന്ന്…
എന്താടാ.. നീ ഒക്കെ സ്വസ്ഥമായിട്ട് ജീവിക്കില്ലാന്ന് മാത്രമല്ല. ജീവിക്കാൻ അനുവദിക്കേം ചെയ്യില്ലാന്ന് തീരുമാനിച്ച് ഇറങ്ങിയേക്കുവാണോ..?
എന്താടാ ഇവിടെ സംഭവിച്ചത്..?
അറിയില്ല സാറേ. ഞാനിപ്പൊ എത്തിയതേയുള്ളു.
ഓ…. അതാപ്പൊ നന്നായെ. പടനായകനില്ലാതെ പട പോർക്കളത്തിലോ…? അപ്പൊ നീ ഇവിടെ കച്ചേരി കൂടാൻ വന്നതാ..?
പെട്ടന്ന് ആ പോലീസ് ഇൻസ്പെക്ടർ രാമഭദ്രന്റെ ഷർട്ടിന്റെ കോളറിൽപ്പിടിച്ച് വലിച്ച് ഒരു വശത്തോട്ട് മാറ്റിക്കൊണ്ട് ..
ഇങ്ങോട്ട് മാറിനിൽക്കെടാ നായിന്റെ മോനെ.
എന്നിട്ട് കൂടി നിൽക്കുന്നവരോടായി…
ആരൊക്കെയാടാ ഇവിടുത്തെ മറ്റു ഗുണ്ടകൾ.
ആ സമയം ചന്തയുടെ ഒരു ഭാഗത്തു നിന്നും കരഞ്ഞുകൊണ്ട് ഓടി വന്ന ബാബു പറയാൻ വാക്കുകൾ കിട്ടാതെ വിറയ്ക്കുന്ന ചുണ്ടുമായ് രാമഭദ്രന്റെ അടുത്ത് വന്ന് അവൻ ഓടി വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി കിതച്ചു.
എന്താ ബാബു… എന്താ അവിടെ. എന്തിനാ നീ കരയുന്നേ… പറയെടാ..
അവരുടെ അടുത്ത് വന്ന ഇൻസ്പെക്ടർ മെല്ലെ ബാബുവിനുനേരെ തിരിഞ്ഞ്…
ഓഹോ.. നീയാണ് ഇവിടുത്തെ ഇവന്റെ ശിങ്കിടികളിൽ ഒന്നാമൻ. അല്ലേടാ..?
ചോദിച്ചത് കേട്ടില്ലേടാ.. പന്ന..
നീ എന്താടാ പൊട്ടനാണോ..?
അതോ പൊട്ടൻ കളിക്കയാണോ..?
പറ ബാബൂ.. എന്താ അവിടെ..? രാമഭദ്രന്‍ ആവര്‍ത്തിച്ചു.
ചേട്ടാ അവിടെ നമ്മുടെ മാർക്കോസുചേട്ടൻ…
അവൻ പറഞ്ഞു തിർന്നില്ല. രാമഭദ്രൻ കുതിക്കുകയായിരുന്നു ബാബു ചൂണ്ടിയ വഴിയിലേക്ക്. പിറകേ ബാബുവും, ഇൻസ്പെക്റ്ററും, കൂടിയിരിക്കുന്നവരും.
മിന്നിത്തിളങ്ങിയ മിന്നല്‍പ്പിണറുകള്‍ ചവിട്ടുവഴികള്‍ക്ക് വെളിച്ചം വിതറി. പക്ഷെ, വീശിയടിച്ച കാറ്റില്‍ ആ തിരിനാളം അണഞ്ഞുപോയി.
മർക്കോസുചേട്ടന്റെ കടയുടെ അകത്തേക്ക് ബാബു അവരെ നയിച്ചു.
ഓടിയടുത്ത രാമഭദ്രൻ ഞെട്ടിത്തിരിഞ്ഞ് ഒന്ന് പിറകോട്ട് മാറി. ചായ ഉണ്ടാക്കുന്ന മേശയുടെ അടിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന മാർക്കോസു ചേട്ടനെക്കണ്ട് ആ ചന്ത മുഴുവൻ നടുങ്ങി.
അകലെ സെമിത്തേരിയുടെ കിഴക്കന്‍ കോണില്‍ ആത്മാക്കളുടെ യോഗം തുടങ്ങി. പുതിയ അതിഥിയെ വരവേല്‍ക്കാന്‍ അവര്‍ ഒരുങ്ങി. അട്ടഹാസങ്ങളും ആട്ടവും പാട്ടും തുടങ്ങി. അത് മണവാളന്‍ കുന്നിലെ മലനിരകളെ ആകെ നടുക്കി.
സിരകളിൽ ഒഴുകുന്ന രക്തം തണുത്തുറഞ്ഞതുപോലെ രാമഭദ്രന് തോന്നി. ഞൊടിയിടയിൽ അവന് സ്ഥലകാലബോധം തിരിച്ചുകിട്ടി. ഉടനെ അവൻ മാർക്കോസുചേട്ടനെ വാരിയെടുത്ത് മടിയിൽ കിടത്തി.
മണവാളൻകുന്ന് ചന്തയിലെ മാരിവില്ല് മാഞ്ഞു പോയിരിക്കുന്നു. പ്രതാപമോ, പ്രൗഢിയോ, ആഢംബരമോ ഇല്ലാതെ ജീവിതത്തിലെ നന്മയുടെ പ്രഭാവം കൊണ്ട് മണവാളൻകുന്ന് ചന്തയുടെ വെളിച്ചമായി മാറിയ സൂര്യ തേജസ്സാണ് അണഞ്ഞിരിക്കുന്നത്.
പെട്ടന്ന് രാമഭദ്രൻ മാർക്കോ സുചേട്ടനെ തറയിൽ തന്നെ കിടത്തി ചാടി എഴുന്നേറ്റ് ഒരു ഭ്രാന്തനെപ്പോലെ അലറി. നീ ഒക്കെ എന്തുണ്ടാക്കുകയായിരുന്നെടാ ഇവിടെ. കൂടപ്പിറപ്പിനെക്കുരുതികൊടുത്ത ചാവാലിപ്പട്ടികളെ അടിച്ചോടിക്കാൻ മാത്രമായിരുന്നെങ്കിൽ നിങ്ങളൊക്കെ എന്തിനാടാ നയിക്കളെ ചന്തയ്ക്ക് അലങ്കാരമായി നിൽക്കുന്നത്. പറയെടാ ആരാ ഇത് ചെയ്തത്. അവൻ നിന്നു വിറച്ചു.
പോലീസുകാര് മുഴുവനാളുകളേയും ദൂരേയ്ക്ക് മാറ്റുകയായിരുന്നു. SI മൃതദേഹം പരിശോദിച്ച് രാമഭദ്രന് നേരെ തിരിഞ്ഞ് , എട എട എട നിർത്തെടാ നിന്റെ നാടകം. നീ ഒക്കെ കാട്ടിക്കൂട്ടിയ തെമ്മാടിത്തത്തിന്റെ സമ്മാനമാടാ ഈ കിടക്കുന്നത്. ഇനി പറയാനുള്ളതെല്ലാം അങ്ങ് സ്റ്റേഷനിൽ ചെന്നിട്ട് പറയാം.
എന്നിട്ട് പോലീസുകാരോടായി ..
മഹസർ എഴുതി ബോഡി പോസ്റ്റുമോർട്ടത്തിനയാക്കാനുള്ള ഏർപ്പാട് ചെയ്യടോ…
അപ്പോഴേക്കും സ്ഥലം Cl യും , ഉയന്ന പോലീസുധ്യോഗസ്ഥരും കൂടുതൽ പോലീസുകാരും എത്തി. അവർ അവിടുത്തെ തുടർ നടപടികൾ എല്ലാം പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. രാമഭദ്രനേയും കുറച്ച് ആളുകളേയും അവർ കസ്റ്റഡിയിൽ എടുത്തു. അതിന് അവിടെ പ്രതിഷേധം നടന്നു. എന്നാൽ ഇത് ഈ കൊലപാതകത്തിന്റെ പേരിലുള്ള അറസ്റ്റല്ലന്നും ചന്തയിൽ നടന്ന അടിപിടിയെക്കുറിച്ച് അന്വേഷിക്കാനാണെന്നുമുള്ള DYSP യുടെ ഉറപ്പിൻമേൽ അവരെയും കൊണ്ട് പോലിസുവണ്ടി നീങ്ങി.
തുടരും …..




👏👏👏
Thank you🤝
👍