ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്. അർത്ഥശൂന്യമായ വാക്കുകളിൽ തുടങ്ങുന്ന ഒരു പാട്ട്: “ചാം ചച്ച ചൂം ചച്ച ചുമ്മര് ചച്ച ചാ..” ഇതെന്തൊരു പാട്ടപ്പാ ?
വരികളുടെ അർത്ഥഭംഗി കൂടി ചേർത്തുവെച്ച് പാട്ടുകൾ ആസ്വദിച്ച് തുടങ്ങിയ കാലമായതുകൊണ്ടാവണം അങ്ങനെയൊരു നിഷേധാത്മക ചിന്ത മനസ്സിലുദിച്ചത്. പക്ഷേ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. പഠിക്കുന്ന കോളേജിലെ വാർഷികാഘോഷ വേളയിൽ കൂട്ടുകാർ ആ പാട്ടിനൊരു നൃത്താവിഷ്കാരം ഒരുക്കുക വരെ ചെയ്തു. ബെൽബോട്ടം പാന്റ്സ് ധരിച്ചു ജയനെ അനുകരിച്ച് സ്റ്റേജിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഒരാളുടെ രൂപമേയുള്ളൂ ഇപ്പോഴും ഓർമ്മയിൽ.
അത് അന്തകാലം. ഇന്നത്തെ കഥയോ?
അന്നത്തെ അനിഷ്ടഗാനം ഇന്ന് ഇഷ്ടഗാനമായി മാറിയതിന് പിന്നിലെ ജാലവിദ്യ എന്താവണം? അറിയില്ല. ഒന്നുമാത്രമറിയാം. അപൂർവമായി റേഡിയോയിലോ ടെലിവിഷനിലോ ഈ ഗാനം കടന്നുവരുമ്പോൾ കൗതുകത്തോടെ കേൾക്കാറുണ്ടിപ്പോൾ. ഒരുപാട് മുഖങ്ങൾ മനസ്സിൽ തെളിയും അപ്പോൾ. അന്നത്തെ ആക്‌ഷൻ ഹീറോ ജയന്റെ, ഒപ്പമഭിനയിച്ച സിംഗപ്പൂർക്കാരി നടി മാഡലിംഗ് ടിയോയുടെ, ഭാവഗായകൻ ജയചന്ദ്രന്റെ, പി സുശീലയുടെ…. പിന്നെ ഒപ്പം പഠിച്ച കൂട്ടുകാരുടെ. 1980 ൽ പുറത്തുവന്ന “ലവ് ഇൻ സിംഗപ്പൂർ” എന്ന ചിത്രത്തിൽ ഏറ്റുമാനൂർ ശ്രീകുമാർ എഴുതി ശങ്കർ-ഗണേഷ് ചിട്ടപ്പെടുത്തിയ പാട്ടാണ്. പാടിയത് ജയചന്ദ്രനും സുശീലയും.

അസംബന്ധ (ജിബറിഷ്) പദങ്ങളിൽ തുടങ്ങുന്ന പാട്ട് മലയാളത്തിൽ അപൂർവതയായിരുന്നു അന്ന്. പെട്ടെന്നോർമ്മ വരുന്നത് “ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ തുമ്പികളേ എന്ന “സൂസി”യിലെ പാട്ടാണ്. വയലാർ എഴുതി “ജിംഗിൾ ബെൽസ്” മാതൃകയിൽ ദേവരാജൻ മാസ്റ്റർ സ്വരപ്പെടുത്തിയ പാട്ട്. “രതിമന്മഥ”നിലെ (1977) “ജിൻജിന്നാക്കടി” (പാപ്പനംകോട് ലക്ഷ്മണൻ — എം എസ് വിശ്വനാഥൻ) മറ്റൊരു രസികൻ ഉദാഹരണം. വേറെയുമുണ്ടാവാം അത്തരം പരീക്ഷണങ്ങൾ. എന്നാൽ “ലവ് ഇൻ സിംഗപ്പൂ”രിലെ പാട്ടോളം ഹിറ്റായിരുന്നില്ല അവയൊന്നും.
1990കളുടെ കടന്നുവരവോടെ “ജിബറിഷ്” പദങ്ങൾ ചലച്ചിത്ര ഗാനങ്ങളിൽ പുതുമയല്ലാതായി. ജുമ്പലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ഓസലാമ, ഷാബ ഷാബ, ഹൊസൈന, ഡിങ്കിരി ഡിങ്കിരി, അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഒക്കേലാ, ജൂംബ ജൂംബ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്ക, ജില്ലേലെ ജില്ലേലെ, ഡൈലാമോ ഡൈലാമോ, സിങ്കാര സിങ്കാര… കേൾക്കുമ്പോൾ “അന്തോം കുന്തോം” ഇല്ലാത്ത വാക്കുകളെന്ന് തോന്നാം. അന്യഭാഷാപദങ്ങളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. പാട്ടുകളിൽ പ്രയോഗിക്കപ്പെട്ടപ്പോൾ സവിശേഷമായ അർത്ഥതലങ്ങൾ കൈവന്നു അവയിൽ പലതിനും.
പിന്നണിഗാന ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അസംബന്ധപദങ്ങളിൽ തുടങ്ങുന്ന പാട്ടുകൾക്കും. എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നായ “ഈനാ മീനാ ഡീക്ക”യുടെ (ആശ — 1957) കഥയെടുക്കുക. സ്വന്തം വീട്ടുമുറ്റത്തെ ശബ്ദകോലാഹലത്തില്‍ നിന്നാണത്രേ അനശ്വരമായ ആ ഗാനത്തിന്റെ തുടക്കം സംഗീതസംവിധായകന്‍ സി രാമചന്ദ്ര കണ്ടെടുത്തത്. ചരിത്രമായി മാറിയ ആ കഥ ഹിന്ദി സിനിമ കണ്ട പ്രഗല്‍ഭ ഓർക്കസ്ട്ര അറേഞ്ചര്‍മാറില്‍ ഒരാളായ ജോണ്‍ ഗോംസ് ഒരിക്കല്‍ വിവരിച്ചതിങ്ങനെ: എം വി രാമന്‍ സംവിധാനം ചെയ്ത ആശ എന്ന സിനിമയില്‍ ഹാസ്യരസ പ്രധാനമായ ഒരു നൃത്തരംഗത്തിനു യോജിക്കുന്ന പാട്ടു വേണം; പാടി അഭിനയിക്കേണ്ടത് കോമഡി രംഗങ്ങളില്‍ അഗ്രഗണ്യനായ കിഷോര്‍ കുമാര്‍. പാട്ട് എഴുതിക്കിട്ടിയ ശേഷം മാത്രം ഈണമിടുന്ന ശീലക്കാരനായ രാമചന്ദ്ര, സുഹൃത്ത് രാജേന്ദ്ര കിഷന്റെ വരികളുമായി മൽപ്പിടിത്തം തുടങ്ങിയിട്ട് മണിക്കൂറുകളായി. പ്രശ്നം പല്ലവിയാണ്. ആദ്യ കേള്‍വിയില്‍ തന്നെ ശ്രോതാവിനെ അമ്പരപ്പിക്കുന്ന പല്ലവി വേണം. എത്ര മൂളി നോക്കിയിട്ടും അനുയോജ്യമായ തുടക്കം മാത്രം മനസ്സില്‍ തടയുന്നില്ല.
വീട്ടിലെ മ്യൂസിക് റൂമിന്റെ നിശബ്ദതയിലേക്ക് പെട്ടെന്ന് ഒരു കുട്ടിപ്പാട്ട് ഒഴുകിയെത്തുന്നു: “ഈനി മീനി മീനി മൊ..” മുറ്റത്തു ഒളിച്ചു കളിക്കുന്ന മക്കളുടെ വകയാണ്. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ഒരു കളിപ്പാട്ട്. ഹാര്‍മോണിയത്തില്‍ ഏകാഗ്രചിത്തനായി തല പൂഴ്ത്തിയിരുന്ന രാമചന്ദ്ര പൊട്ടിത്തെറിക്കുമെന്നാണ് ഗോംസും രാജേന്ദ്ര കിഷനും കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്; കേള്‍ക്കാന്‍ ഇമ്പമുള്ള ആ കുട്ടിപ്പാട്ടിന്റെ താളത്തിനൊത്ത് രസിച്ചു തലയാട്ടിത്തുടങ്ങുന്നു രാമചന്ദ്ര. അര്‍ത്ഥശൂന്യമെങ്കിലും കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ആ സംഗീത ശകലത്തില്‍ ഉണ്ടെന്നു തോന്നിയിരിക്കണം അദ്ദേഹത്തിന്. ഗോംസും കിഷനും പിന്നെ കണ്ടത് ഹാര്‍മോണിയത്തില്‍ ചടുല വേഗത്തില്‍ വിരലോടിച്ചു കൊണ്ട് ആ കുട്ടിപ്പാട്ടില്‍ നിന്ന് തനിക്കു വേണ്ട ഈണവും വരികളും സൃഷ്ടിക്കുന്ന രാമചന്ദ്രയെയാണ് : “ഈനാ മീനാ ഡീക്ക, ദേ ദായി ദമനികാ…..” അസംബന്ധ പദങ്ങള്‍ കൊണ്ടൊരു ഗാനമാലിക.
“പല്ലവിയിലെ മാക്കനാക്ക എന്ന പ്രയോഗം എന്‍റെ സംഭാവനയായിരുന്നു,”– ഗോംസ് ഓര്‍ക്കുന്നു. “എനിക്ക് വേണ്ട” എന്നാണ് കൊങ്കണിയില്‍ ആ പദത്തിന്റെ അര്‍ഥം. ചീക്കാ പീക്ക റീക്കാ റം പം പം പോഷ് എന്ന അടുത്ത വരി രാമചന്ദ്രയുടെ വക. രാജേന്ദ്ര കിഷന്‍ എഴുതിയ സൂരതിയോം ഹസീന്‍ ഹോ എന്ന് തുടങ്ങുന്ന ചരണത്തിന്‍റെ തലപ്പത്ത് ഈ അസംബന്ധ “പല്ലവി” ഘടിപ്പിച്ചതോടെ പിറ്റേന്ന് റെക്കോര്‍ഡ് ചെയ്യേണ്ട പാട്ട് തയ്യാര്‍. കിഷോറിന്റെ നായികയായി വൈജയന്തിമാല അഭിനയിച്ച “ആശ” എന്ന സമയംകൊല്ലിപ്പടം ഇന്ന് നമ്മുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് റോക്കന്‍ റോള്‍ മാതൃകയില്‍ രാമചന്ദ്ര ചിട്ടപ്പെടുത്തി കിഷോറും ആശാ ഭോസ്ലെയും വെവ്വേറെ പാടിയ “ഈനാ മീനാ ഡീക്കാ” എന്ന സൂപ്പര്‍ ഹിറ്റ് ഗാനം മാത്രം. കിഷോറിന്റെ വെര്‍ഷന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ആശയുടെത് കളറിലുമാണ് സിനിമയില്‍ വന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
പിന്നീടെത്രയെത്ര സമാന ഹിറ്റുകൾ. സി രാമചന്ദ്ര തന്നെ സൃഷ്ടിച്ച “ബാബ്‌ഡി ബൂബ്‌ഡി ബം (ഖജാന), ചിഞ്ച് പൊക്കാലി ചിഞ്ച് പൊക്കാലി (ശബിസ്താൻ), നൗഷാദിന്റെ “തരരീ യരരീ (ദാസ്താൻ), കല്യാൺജി ആനന്ദ്ജിയുടെ ഡംഡം ഡിഗാ ഡിഗാ (ചാലിയ), ആർ ഡി ബർമ്മന്റെ ആം ചും ചാം ചും (ചോട്ടേ നവാബ്), ബപ്പി ലാഹിരിയുടെ “രംബാഹോ ഹോ ഹോ” (അർമാൻ), ഖയ്യാമിന്റെ ഗാപുചി ഗാപുചി ഗം ഗം (ത്രിശൂൽ)….. ഈ നിര അനന്തമായി നീളും. തുടക്കകാലത്ത് ഇത്തരം പ്രയോഗങ്ങൾ പലതും വിമർശന വിധേയമായെങ്കിലും പതുക്കെ അവയുമായി പൊരുത്തപ്പെട്ടു തുടങ്ങി ആസ്വാദകർ. മലയാളത്തിലെ “കിണ്ടാണ്ടം” നല്ലൊരുദാഹരണമായി ഓർമ്മയിലുണ്ട്. മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം” (സുപ്രഭാതം) എന്ന് ആദ്യമെഴുതിയത് വയലാർ രാമവർമ്മ. വർഷങ്ങൾക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരി മറ്റൊരു കിണ്ടാണ്ടവുമായി രംഗത്തെത്തിയപ്പോൾ (“ഒന്നാം വട്ടം കണ്ടപ്പോൾ പെണ്ണിന് കിണ്ടാണ്ടം”) അതൊരു വിവാദത്തിന് വഴിതുറന്നു. “കിണ്ടാണ്ടം എന്ന വാക്കിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ല. അത് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്ന വികാരമെന്തോ അതാണ് അതിന്റെ അർത്ഥം.”– അന്ന് ഗിരീഷ് പറഞ്ഞു. ഇത്തരം പ്രയോഗങ്ങൾക്കെല്ലാം ഇണങ്ങും ആ വിശദീകരണം.
“ചാം ചച്ച ചൂം ചച്ച ചുമ്മര് ചച്ച ചാ..” എന്ന വരിയുടെ അർത്ഥം ആരാഞ്ഞപ്പോൾ സംഗീതസംവിധായകരായ ശങ്കർ – ഗണേഷ് കൂട്ടുകെട്ടിലെ ഗണേഷിനു പറയാനുണ്ടായിരുന്നതും അതു തന്നെ (ശങ്കർ ഇന്നില്ല). “പരീക്ഷണമെന്ന നിലക്കാണ് ഗാനരചയിതാവുമായി ചർച്ച ചെയ്ത് അങ്ങനെയൊരു വേറിട്ട തുടക്കം നിശ്ചയിച്ചത്.” — വർഷങ്ങൾക്ക് മുൻപ് ഒരു ദൂരദർശൻ സംഗീത പരമ്പരയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ടു സംസാരിച്ചപ്പോൾ ഗണേഷ് പറഞ്ഞു. “പലർക്കും എതിർപ്പായിരുന്നു. എന്നാൽ ജയൻ ആ രംഗം ആസ്വദിച്ച് തന്നെ അഭിനയിച്ചു. പാട്ട് ഹിറ്റാകുകയും ചെയ്തു.”അന്നിറങ്ങിയിരുന്ന പാട്ടുകളിൽ നിന്ന് രൂപഭാവങ്ങളിലും സൗണ്ടിംഗിലും എന്തുകൊണ്ടും വേറിട്ട് നിന്ന പാട്ടുകളാണ് ശങ്കർ-ഗണേഷ് സഖ്യം മലയാളത്തിൽ ഒരുക്കിയിരുന്നത്. മെലഡിയുടെ ട്രീറ്റ് മെന്റിലും പശ്ചാത്തലത്തിലെ വാദ്യോപകരങ്ങളുടെ വൈവിധ്യത്തിലും പുതുമ പുലർത്തിയ പാട്ടുകൾ: ചിത്രവർണ്ണ പുഷ്പജാലം (അയലത്തെ സുന്ദരി), മലർവെണ്ണിലാവോ (കാമധേനു), ശരൽക്കാലങ്ങൾ ഇതൾ ചൂടുന്നുവോ, മാൻ കണ്ണ് തുടിച്ചു (അങ്കം), ചിത്രകന്യകേ (ചിരിക്കുടുക്ക), കണ്ടു കണ്ടറിഞ്ഞു, തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി (സംഘർഷം), ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ (പ്രഭു), പുഴയോരം കുയിൽ പാടി (കാലം), മയിലാടും മേടുകളിൽ (ലവ് ഇൻ സിംഗപ്പൂർ), കാർകുഴലിൽ പൂവ് ചൂടിയ (സ്ഫോടനം), തിങ്കൾ ബിംബമേ (ഭൂകമ്പം)….
അക്കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്നു “ചാം ചച്ച ചൂം ചച്ച ചുമ്മര് ചച്ച ചാ..” അനശ്വരനടൻ ജയന്റെ ഓർമ്മകളുമായി ചേർന്നു നിൽക്കുന്ന പാട്ട്.
“ഒരു മുത്തം മണിമുത്തം പുളകത്തിൻ സമ്മാനം
എന്നെന്നും എൻ ചുണ്ടിൽ തരൂ നീ
ചെഞ്ചൊടിയിൽ പതയുന്ന അമൃതുണ്ണാൻ എൻ കണ്ണിൽ
കൊതിയുണ്ടേ രാമാ ഹരേ…”
1980 ഫെബ്രുവരിയിലാണ് ലവ് ഇൻ സിംഗപ്പൂർ പ്രദർശനത്തിനെത്തിയത്. അതേ വർഷം നവംബറിലായിരുന്നു ജയന്റെ അപകടമരണം. എക്കാലത്തേയും വലിയ ആക്‌ഷൻ ഹീറോയ്ക്കുള്ള പ്രണാമമായി ആ “ആക്‌ഷൻ സോംഗ്” ഇന്നുമുണ്ട് അന്തരീക്ഷത്തിൽ; നാൽപ്പത്താറു വർഷങ്ങൾക്കിപ്പുറവും.



