Thursday, July 17, 2025
Homeസ്പെഷ്യൽശുഭചിന്ത - (122) പ്രകാശഗോപുരങ്ങൾ - (98) 'കാര്യശേഷി ' (Efficiency) ✍പി. എം.എൻ. നമ്പൂതിരി

ശുഭചിന്ത – (122) പ്രകാശഗോപുരങ്ങൾ – (98) ‘കാര്യശേഷി ‘ (Efficiency) ✍പി. എം.എൻ. നമ്പൂതിരി

പി. എം.എൻ. നമ്പൂതിരി

ഇന്ന് ഏതു രംഗത്തും ഏറ്റവും വിലമതിക്കപ്പെടുന്ന ഒരു അമൂല്യ ഗുണമാണ് കാര്യശേഷി. കാര്യശേഷിയുള്ളവനെ എല്ലാവരും ആദരിക്കുന്നു. അത്തരക്കാർ ഏതു രംഗത്തും കൂടുതൽ ശോഭിക്കുകയും തൻമൂലം വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. എന്നാൽ ചില വ്യക്തികൾ വലിയ പണ്ഡിതരാകാം, പക്ഷെ കാര്യശേഷിയുടെ കാര്യത്തിൽ വളരെ പുറകിലായിരിക്കും. ഈ സാഹചര്യത്തിൽ പാണ്ഡിത്യം കൊണ്ട് വേണ്ടത്ര പ്രയോജനം ലഭിച്ചെന്ന് വരില്ല. മറ്റു ചിലർ വിദ്യാഭ്യാസം കുറവാണെങ്കിലും കാര്യശേഷിയിൽ മുന്നിലായിരിക്കും. ഇങ്ങനെയുള്ളവരാണ് ഇക്കാലത്ത് കൂടുതൽ ശോഭിക്കുന്നത്. ഒരു കാര്യം മനസ്സിലാക്കുക! കാര്യശേഷിയുള്ളവരാണ് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയിച്ചുവരുന്നത്.

നാം ചെയ്യുന്ന കാര്യങ്ങൾ അല്ലെങ്കിൽ പ്രവർത്തികൾ ഏറ്റവും മികച്ച രീതിയിലും എളുപ്പത്തിലും വേഗത്തിലും ചെയ്യുവാൻ ശ്രമിക്കുന്നതിനെയാണ് കാര്യശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാഹചര്യങ്ങൾ നമ്മെ നിയന്ത്രിക്കുന്നതിനു പകരം നമുക്ക് അവയെ വിജയകരമായി നിയന്ത്രിക്കുവാൻ സാധിക്കുക എന്നത് കാര്യക്ഷമതയുടെ പ്രകടനമായ ലക്ഷണമാണ്. തൻ്റെ സമയവും കഴിവുകളും കാര്യശേഷിയുള്ള വ്യക്തി സൃഷ്ടിപരവും ക്രിയാത്മകവുമായ രീതിയിൽ ചിലവഴിക്കുന്നു. മാത്രമല്ല വെല്ലുവിളികൾക്കു മുന്നിൽ പതറാതെ അവയെ വിജയകരമായി നേരിടുകയും വിജയം വരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ ചുമതല ഏറ്റെടുക്കുന്നതിൽ ഒട്ടും തന്നെ വിമുഖത കാണിക്കുകയില്ല. ഇന്നത്തെ ലോകത്തിനു വേണ്ടത് കാര്യശേഷിയും സ്വഭാവശുദ്ധിയും ഉള്ളവരെയാണ്.

സ്ഥിരമായ പരിശ്രമത്തിലൂടെ വളർത്തികെണ്ടുവരേണ്ട ഒന്നാണ് കാര്യശേഷി. ജനിക്കുമ്പോൾ ആരുംതന്നെ കാര്യശേഷിയുള്ളവരായി ജനിക്കുന്നില്ല. ഇതിൻ്റെ പിന്നിൽ പല പ്രധാനപ്പെട്ട ഘടകങ്ങളുമുണ്ട്. ഏറ്റവും ആദ്യമായി വേണ്ടത്, ചുറ്റും നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കുവാനുള്ള കഴിവാണ്. നല്ല ഭാവനാശക്തിയും കാര്യശേഷി വളർത്തി കൊണ്ടുവരുന്നതിൽ സഹായകമാണ്. ചെയ്യുന്ന ജോലിയെക്കുറിച്ച് വ്യക്തമായ വിവരം, ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തിയ്ക്ക് വ്യക്തമായ ഒരു ക്രമം നൽകുവാനുള്ള കഴിവ്, കീഴ്ജോലിക്കാരെ കൊണ്ട് അവരുടെ പ്രവർത്തി മികച്ചരീതിയിൽ ചെയ്യിപ്പിക്കാനുള്ള സ്വാധീനം, മുൻ നിശ്ചയപ്രകാരം തക്കസമയത്ത് ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനുള്ള അസാധാരണമായ പാടവം തുടങ്ങിയ കാര്യങ്ങൾ നമ്മുടെ കാര്യശേഷിയുടെ മാറ്റ് കൂട്ടുന്നു. ഏതു കാര്യത്തിലും സമയനിഷ്ഠ പാലിക്കുന്നത് കാര്യക്ഷമതയുള്ളവൻ്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ചുരുക്കത്തിൽ ആഴമേറിയ അറിവ്, പെട്ടെന്ന് തീരുമാനമെടുക്കാനും അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുമുള്ള സിദ്ധി, സാഹചര്യങ്ങളെയും വ്യക്തികളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും, വിലയിരുത്തുവാനുമുള്ള സാമർത്ഥ്യം തുടങ്ങിയ ഘടകങ്ങൾ എല്ലാം തന്നെ കാര്യശേഷിയുടെ വിജയത്തിനു അത്യന്തം ആവശ്യകമാണ്. വൈകാരികമായി സന്തുലാവസ്ഥ പാലിക്കുന്നത് കാര്യശേഷിക്ക് ഗുണം ചെയ്യും. നിരന്തരമായ പരിശ്രമത്തിലൂടെയും പ്രവർത്തിയിലൂടെയും നമുക്ക് വലിയ കാര്യശേഷിയുള്ളവരായി മാറാൻ കഴിയും.”” എനിക്ക് സാധിക്കില്ല” എന്ന ചിന്ത ഒരിക്കലും മനസ്സിൽ ഉണ്ടാകരുത് എന്ന് മാത്രം.

നമ്മൾ ജോലി ചെയ്യുന്ന ചുറ്റുപാടുകൾ നമ്മുടെ കാര്യശേഷിയെ വളരെയേറെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കാര്യശേഷിയെ ബാധിക്കുന്ന ഭൗതികമായ ഘടകങ്ങളുടെ എണ്ണം നിരവധിയാണെങ്കിലും അധീവ പ്രാധാന്യമുള്ളത് കുറച്ചു മാത്രമേയുള്ളൂ. പ്രവർത്തിക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ മുറിയിലെ വെളിച്ചത്തിൻ്റെ ക്രമീകരണം, ആ സമയത്തെ അന്തരിക്ഷ ഊഷ്മാവ്, മുറിയിലെ വായുസഞ്ചാരവും ശുചിത്വവും, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യനില, വൈകാരിക ഊർജ്ജത്തിൻ്റെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നമ്മുടെ പ്രവർത്തനശേഷിയുമായി നേരിട്ട് ബന്ധമുള്ളവയാണ്. ഒട്ടും തന്നെ ആയാസം ഇല്ലാത്ത രീതിയിലായിരിക്കണം നാം ജോലി ചെയ്യേണ്ടത്. പരിമളം നിറഞ്ഞ അന്തരീക്ഷം കാര്യശേഷി വർദ്ധിപ്പിക്കുവാൻ ചെറിയ തോതിൽ ഉപകരിക്കുമെന്നാണ് ചില ഗവേഷകന്മാർ പറയുന്നത്. സാധാരണ വ്യക്തികൾക്ക് വൃത്തിഹീനവും മോശവുമായ പരിസരങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. അതേ സമയം പ്രതിഭാശാലികളായ ആളുകൾ എത്ര മോശമായ ചുറ്റുപാടുകളിലും നന്നായി ജോലി ചെയ്യുവാൻ കഴിയുന്നവരുമാണ്. ചില മുറികളുടെ ക്രമീകരണം സ്വതവേ ആകർഷണീയമായതുകൊണ്ട് അങ്ങനെയുള്ള ചുറ്റുപാടുകളിൽ ജോലി ചെയ്യുവാനുള്ള ആഗ്രഹം നമ്മളിൽ താനേ ഉണ്ടാകും. നമ്മൾ ജീവിക്കുന്ന കാലാവസ്ഥ നമ്മുടെ പ്രവർത്തനശേഷിയുമായി വളരെയധികം ബന്ധമുള്ളതാണ്. നല്ല വേനൽക്കാലങ്ങളിൽ മാനസികമായി ജോലി ചെയ്യുന്നവർ കൂടുതൽ തെറ്റുകൾ വരുത്തുവാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പൊതുവായ ആരോഗ്യത്തിനും കുറ്റമറ്റ കാര്യശേഷിക്കും ഏറ്റവും നല്ലത് അന്തരിക്ഷ ഊഷ്മാവ് 68 ഡിഗ്രി ആയിരിക്കുമ്പോഴാണത്രെ. ചില സന്ദർഭങ്ങളിൽ, കാര്യശേഷിയിൽ കുറവ് വരുന്നത് നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നടക്കുന്ന സങ്കീർണ്ണമായ രാസ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്.

കാര്യശേഷി സ്ഥിരമായ പ്രയത്നത്തിലൂടെ മാത്രമേ വളർത്തി കൊണ്ടുവരാൻ സാധിയ്ക്കുകയുള്ളൂ. ഇതിനു വേറെ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. മനസ്സിന് നല്ല ദൃഢനിശ്ചയവും, ശക്തിയായ ഇച്ഛാശക്തിയും കാര്യശേഷി വളർത്തുവാൻ ആവശ്യമാണ്. കാര്യശേഷി വികസിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത് കാര്യങ്ങൾ നീട്ടിവെയ്ക്കുന്ന ശീലം തീർത്തു ഉപേക്ഷിക്കുകയാണ്. നീട്ടിവെയ്ക്കലും സംശയിച്ചിരിക്കലും കാര്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കും എന്നതുകൊണ്ട് ഇവയെ ഒഴിവാക്കിയേ മതിയാകൂ. എല്ലാ കാര്യങ്ങളിലും കണിശമായ സമയനിഷ്ഠ പാലിക്കുന്നത് വഴി കാര്യശേഷി ശക്തിപ്പെടുത്താം. ഇതിനെക്കാൾ എല്ലാം  ഉപരി നമ്മുടെ കാര്യശേഷി കഴിയുന്നത്ര വർദ്ധിപ്പിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരിക്കണം എന്നുള്ളതാണ്. എന്നാൽ മാത്രമേ പരിശ്രമം വിജയിക്കുകയുള്ളൂ. നമ്മൾ ഏറ്റെടുത്തിരിക്കുന്നതും നമുക്ക് ചെയ്യേണ്ടതുമായ ജോലി എത്രമാത്രം വേഗത്തിലും കാര്യക്ഷമമായും മെച്ചപ്പെട്ട രീതിയിൽ നമുക്ക് ചെയ്തു തീർക്കുവാൻ സാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ കാര്യത്തിൽ നമ്മുടെ വിജയം . ആത്മാർത്ഥയോടും ദൃഢനിശ്ചയത്തോടും കൂടി പരിശ്രമിക്കുകയാണെങ്കിൽ നമുക്ക് അളവറ്റ കാര്യശേഷി കൈവരിക്കാം.

പി. എം.എൻ. നമ്പൂതിരി

RELATED ARTICLES

5 COMMENTS

  1. സജി, ജിഷ അഭിപ്രായത്തിന് ഒരുപാട് സന്തോഷം

  2. നല്ല അറിവ് ഗുരുജി. ജീവിതത്തിൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതു തന്നെ. വേണമെങ്കിൽ പ്രയത്നവും ആഗ്രഹവും അത്യാവശ്യം വേണ്ട ഘടകം തന്നെ നന്ദി ഗുരുജി നമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ