Tuesday, June 16, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ..( ഭാഗം 64) 'വാടക വീട്..' ✍ സജി. ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ..( ഭാഗം 64) ‘വാടക വീട്..’ ✍ സജി. ടി. പാലക്കാട്

വാടക വീട്..

സദാനന്ദൻ മാഷിന് അധ്യാപകനായി പി.എസ്. സി നിയമനം കിട്ടിയത് കുന്നപ്പള്ളി എന്ന കുഗ്രാമത്തിലാണ്.

താമസിക്കാൻ ഒരു വാടക വീടന്വേഷിച്ച് അവസാനം എത്തപ്പെട്ടത് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിൽ.
യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത വീട് കണ്ട സദാനന്ദൻ മാഷ് എന്ത് ചെയ്യണമെന്ന് അറിയാതെ മുറ്റത്തേക്ക് ഇറങ്ങി.
ശിവൻകുട്ടി മാഷ് ജോലിയിൽ പ്രവേശിക്കാൻ അടുത്ത ദിവസം എത്തും. അതുവരെ തൽക്കാലം ഈ വീട്ടിൽ കഴിയുവാൻ സദാനന്ദൻ മാഷ് തീരുമാനിച്ചു. അയൽപക്കത്തെ ജഗന്നാഥന്റെ വീട്ടുകാരുടെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം സദാനന്ദൻ മാഷന് ആശ്വാസമായി.

വൈകുന്നേരം അടുത്തുള്ള മലമുകളിൽ കയറി മനോഹരമായ കാഴ്ചകൾ കണ്ട് സദാനന്ദൻ മാഷ് മുറിയിൽ തിരിച്ചെത്തിയപ്പോൾ എങ്ങും ഇരുട്ട് പടർന്നിരുന്നു.

രാത്രി 9 മണിയോടുകൂടി അടുത്തുള്ള വീടുകളുടെ എല്ലാം ലൈറ്റണഞ്ഞു.
എങ്ങും കൂരിരുട്ട്….!
സദാനന്ദൻ മാഷ് തറയിൽ പേപ്പർ വിരിച്ചു. 1,2,3….. എന്നെഴുതിയ പലകകൾ ചേർത്തുവച്ചു മുറി അടച്ചു.
ജനലുകളില്ലാത്ത മുറി!
കുറച്ചു കഴിഞ്ഞപ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നി.
ദൂരെ മലമുകളിൽ നിന്നും കുറുക്കൻമാർ ഓരിയിട്ടു.
ഏതൊക്കെയോ ജീവികളുടെ കരച്ചിൽ.
എന്തൊക്കെയോ അജ്ഞാത ഭയങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു. സദാനന്ദൻ മാഷ് പേപ്പർ വിരിച്ച തറയിൽ കണ്ണുകൾ ഇറുക്കിയടച്ച് കമിഴ്ന്നു കിടന്നു.

ഇനി തുടർന്നു വായിക്കുക……

വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദമാണ് സദാനന്ദൻ മാഷിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. പലകകൾക്കിടയിലൂടെ പ്രഭാതത്തിന്റെ മങ്ങിയ വെളിച്ചം അകത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

പലക മാറ്റി സദാനന്ദൻ മാഷ് വരാന്തയിലേക്ക് ഇറങ്ങി.
ദൂരെ മലമുകളിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ സ്വർണ്ണനിറത്തിൽ തിളങ്ങാൻ തുടങ്ങിയിരുന്നു.

“ആര് ബാലനോ…..?”
കണ്ണു തിരുമ്മിക്കൊണ്ട് സദാനന്ദൻ മാഷ് ചോദിച്ചു.

“മാഷേ..രാത്രി ഉറക്കം ശരിയായോ..?”

“എവിടുന്ന്…!
രാത്രി ഒരുപാട് വൈകിയാണ് ഉറക്കം വന്നത്..
ശരിക്കും പറഞ്ഞാൽ കുറുക്കന്റെ ശബ്ദം ഉറക്കം കളഞ്ഞു എന്ന് പറയുന്നതാവും ശരി..
പിന്നെ എന്തൊരു ചൂടാണ് മുറിക്കകത്ത്..!
കാറ്റ് കടക്കുവാൻ ഒരു മാർഗ്ഗവും ഇല്ലല്ലോ!”

“ഒരു കാര്യം ചെയ്യൂ ഇതാ കട്ടൻ കാപ്പി കുടിക്കു.. ക്ഷീണം എല്ലാം പമ്പ കടക്കും..”

“ആണോ, സന്തോഷം…”
കാപ്പി വാങ്ങി കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.

“മാഷേ, കുറച്ചു കഴിഞ്ഞ് വീട്ടിലേക്ക് വരൂട്ടോളിൻ…
ബാത്ത് റൂമിലൊക്കെ പോയി കുളിച്ച് ഫ്രഷായി വരാം..”

“സന്തോഷം , വരാം… ”

ഇടവഴിയിൽ നിന്നു നോക്കിയാൽ തന്നെ ജഗന്നാഥൻ ചേട്ടന്റെ വീടിന്റെ ചെറിയ ഗേറ്റ് കാണാം.ഗേറ്റ് തള്ളി തുറന്നു സദാനന്ദൻ മാഷ് മുറ്റത്തേക്ക് നടന്നു. പൂത്തുനിൽക്കുന്ന മുരിങ്ങയുടെയും, കായ്ച്ചു നിൽക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഒരു സമ്മിശ്രഗന്ധം ആ പരിസരത്തുണ്ടായിരുന്നു.

“വരൂ, മാഷേ…”

ബാലൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

ആ വീടിന്റെ അന്തരീക്ഷം പോലെ തന്നെ അവിടുത്തെ മനുഷ്യരുടെ മനസ്സും വളരെ ശാന്തം…

“ദാ… മാഷേ അവിടെയാണ് ബാത്റൂം…”

മാഷ് തന്റെ ആവശ്യം പറയുന്നതിന് മുൻപേ തന്നെ ആ വീടിന്റെ ആതിഥ്യമര്യാദ അവർ പ്രകടിപ്പിച്ചു.

“വരൂ മാഷേ, ചായ കുടിക്കാം..”

” അയ്യോ വേണ്ടാട്ടോ ഞാൻ കടയിൽ പോയി കുടിച്ചു കൊള്ളാം.. എന്തായാലും ടൗണിൽ പോകണം…..
സാധനങ്ങൾ ഒക്കെ വാങ്ങണം…. ”

“സാധനങ്ങളൊക്കെ വാങ്ങാൻ മാഷ് പതുക്കെ പോയാൽ മതി. നല്ല ചൂടൻ ഇഡ്ഡലി ഉണ്ടാക്കിയിട്ടുണ്ട്. ഇഡ്ഡലി തണുത്തുപോയാൽ അതിന്റെ രുചിയൊക്കെ പോകും. വരൂ മാഷേ…”

ജാനകിയമ്മ സ്നേഹത്തോടെ പറഞ്ഞു.

സദാനന്ദൻ മാഷ് ടേബിളിനടുത്തേക്ക് നടന്നു.

“ബാലൻ കഴിക്കുന്നില്ലേ…?”

“എനിക്ക് കഴിക്കാൻ സമയമാകുന്നതേയുള്ളൂ…
ങാ പിന്നേ ഒരു കാര്യം…
ടൗണിൽ പോകുമ്പോൾ പത്തിരിപ്പാല റോഡിലുള്ള ആ പഴയ കടയിൽ കയറിയാൽ മതി ട്ടോളിൻ….
അവിടെ നല്ല സാധനങ്ങൾ കിട്ടും, വിലയും കുറവാണ്.”

“ആണോ…?
ശരി..”

​മാഷ് പടിയിറങ്ങിയപ്പോൾ മുറ്റത്തെ വെയിലിന് കൂടുതൽ തെളിച്ചം വന്നിരുന്നു.

സദാനന്ദൻ മാഷ് തിരിച്ച് റൂമിലെത്തിയപ്പോൾ ഹൗസ് ഓണർ രവീന്ദ്രൻ ചേട്ടൻ മുറ്റത്ത് നിൽക്കുന്നു. വിശാലമായി പരന്നുകിടക്കുന്ന പറമ്പിന്റെ അങ്ങേയറ്റത്ത് രണ്ട് പേർ കുഴി എടുക്കുന്നുണ്ട്.

“ഒരു രണ്ടു മണിക്കൂർ കൊണ്ട് കക്കൂസിന്റെ പണി തീരും. ഭാര്യ വരുമ്പോഴേക്കും ഒരു കുളിമുറി മറച്ചുകെട്ടി തരാം കേട്ടോ..
പിന്നെ അടുത്തമാസം പുതിയ കിണറും കുഴിക്കാം…..”

വീട്ടുടമസ്ഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഉം…”
സദാനന്ദൻ മാഷ് ഒന്ന് മൂളുക മാത്രം ചെയ്തു.

“രാവിലത്തെ കുളിയും മറ്റു കാര്യങ്ങളൊക്കെ കഴിഞ്ഞില്ലേ…?”

“ഉവ്വ്, കുളി മാത്രമല്ല അവിടുന്ന് പ്രഭാത ഭക്ഷണവും കഴിച്ചു…”

“ഞാൻ ഇന്നലെ പറഞ്ഞില്ലേ..?
ആ നായന്മാര് നല്ല കൂട്ടരാ…”

“ഉം…..”

“ങ്ള് എന്നാണ് കുടുംബത്തെയും കൂട്ടി വരിക..?”

” അടുത്തയാഴ്ച നാട്ടിൽ പോകുന്നുണ്ട്. അപ്പോൾ കൊണ്ടുവരാം.. പക്ഷേ അപ്പോഴത്തേക്കും കുളിമുറിയൊക്കെ നന്നായി കെട്ടി തരണം കേട്ടോ..”

” ഓ…. റെഡിയാക്കാം..”

“പക്ഷേ, ഒരു പ്രശ്നം ഉള്ളത് ഇവിടെ അടുക്കള ഇല്ലാലോ..?
എങ്ങനെ പാചകം ചെയ്യും…?”

“അതോർത്ത് ങ്ങ്ള് ബേജാറാവണ്ട മാഷേ.
മ്മടെ ഗോപാലന്റെ റേഷൻ പീടിക സ്കൂളിന്റെ തൊട്ടപ്പുറത്താണ്.. അരിയും മണ്ണെണ്ണയും ഒക്കെ നിങ്ങക്ക് തരും.. ഗോപാലൻ നല്ല മനുഷ്യനാ.ഞാൻ ഓനോട് ങ്ടെ കാര്യം പറയാം.
പിന്നെ അങ്ങാടീൽ പോകുമ്പോ ഒരു സ്റ്റൗ കൂടി വാങ്ങിയാൽ മതി…”

“ഉം…”

“ആ പിന്നെ അങ്ങാടീൽ പോകുമ്പോൾ ആ രാജപ്പൻ മാഷേം കൂട്ടിക്കോളൂ….
മൂപ്പർക്ക് അവിടെയൊക്കെ നല്ല പരിചയം ണ്ട്….”

“എന്നാൽ ശരി, ഞാൻ ടൗണിൽ പോയിട്ട് വരാം..”

പലക കതക് ചാരി സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി…..

തുടരും…….

സജി. ടി. പാലക്കാട്✍

RELATED ARTICLES

2 COMMENTS

  1. നല്ല രസകരമായ എഴുത്ത്. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു🥳

  2. ഇത്തരം കഥകളും ഭാഷണ ശകലങ്ങളും ഗ്രാമീണക്കാഴ്ചകളും സാഹിത്യത്താൽ നിന്നും നാട്ടിൽ നിന്നും മറഞ്ഞു കൊണ്ടിരിക്കുന്നു.
    ലളിതവും സത്യസന്ധവുമായ എഴുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com