Saturday, June 20, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. 'സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ' (8)

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. ‘സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ’ (8)

റെയിൽവേ സ്കൂൾ

റെയിൽവേ ഓഫീസുകളുടെ പണി പുരോഗമിച്ചപ്പോൾ ഉദ്യോഗസ്ഥന്മാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച താമസസൗകര്യങ്ങൾ വേണ്ടിവന്നു. താമസസൗകര്യങ്ങൾ തൃപ്തികരമായപ്പോൾ പള്ളിയും പ്രാർത്ഥനയും അത്യാവശ്യമായി. ആദ്യത്തെ പള്ളി വർക്ക്ഷോപ്പിന് അടുത്തുതന്നെ പണിതു. വിശാലമായ പരപ്പിൽ മനോഹരമായ ഒരു ഇംഗ്ലീഷ് പള്ളി. പള്ളിയുടെ ഒരറ്റത്ത് കുരിശുഗോപുരവും മറ്റേയറ്റത്ത് മണിക്കമാനവും ഉയർന്നു.
തുടങ്ങിയ കാലത്ത് പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തത് ഫാദർ തോമസ് ഫെർണാണ്ടസ് ആയിരുന്നു. ഇംഗ്ലണ്ടിൽനിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഒരു വിശിഷ്ട സംഗീതോപകരണം എത്തി. മനോഹരമായ ഒരു പിയാനോ. അത് ആൾത്താരയുടെ ഭാഗമായി.

പള്ളിപ്പാട്ടുകൾക്ക് പ്രത്യേകം കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പള്ളിയിലെ ചടങ്ങുകൾ എല്ലാം ഇംഗ്ലീഷ് മാതൃകയിലായിരുന്നു. മുൻവരിയിലെ കുഷ്യനിട്ട ഇരിപ്പിടങ്ങൾ എല്ലാം സായിപ്പൻമാർക്ക് ഒതുക്കപ്പെട്ടിരുന്നു. അവർക്കു പിറകിൽ ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളിലെ അംഗങ്ങൾ. പുറത്തുനിന്ന് കാണാനും കേൾക്കാനും എല്ലാവർക്കും അനുമതിയുണ്ടായിരുന്നു. വിശ്വാസത്തിൻറെ വാതിലുകൾതുറന്നിടുക എന്നത് സഭയുടെ തീരുമാനമായിരുന്നു.

റെയിൽവേയുടെ ജോലികൾ പുരോഗമിക്കുന്നത് അനുസരിച്ച് റെയിൽവേ കോളനികൾ രൂപപ്പെട്ടു. തുടക്കത്തിൽ ഉണ്ടായിരുന്ന ട്വൻറിബ്ലോക്ക് കോളനിക്ക് പുറമേ റെയിൽവേ ട്രാക്കിന്റെ കിഴക്കും പടിഞ്ഞാറും പല പേരുകളിലും കോളനികൾ ഉയർന്നു. പട്ടാളക്കാർ ക്യാമ്പ് ചെയ്ത സ്ഥലം ക്യാമ്പ് എന്ന പേരിലും ഫലവൃക്ഷങ്ങൾ നിറഞ്ഞ നിന്നിരുന്ന സ്ഥലം തോപ്പ്കോളനി എന്ന പേരിലും അറിയപ്പെട്ടു. മരങ്ങൾക്കിടയിൽ മാവുകളും ഉണ്ടായിരുന്നതുകൊണ്ട് കോളനിയുടെ പേര് പിന്നിട് മാന്തോപ്പ് കോളനി എന്നായി.

റെയിൽവേ ട്രാക്കിൻ്റെ കിഴക്കുഭാഗം കുറേക്കൂടി ഉയർന്ന പ്രദേശമായിരുന്നു. അവിടെയാണ് റെയിൽവേ ആശുപത്രിക്കുള്ള സ്ഥലം കണ്ടെത്തിയത്. ബാക്കിയുള്ള നിരപ്പായ സ്ഥലം പ്രത്യേകം ബംഗ്ലാവുകൾ പണിയാനും ക്ലബ്ബുകളും ടെന്നീസ് കോർട്ടുകളും ഉണ്ടാക്കാനും മാറ്റിവെയ്ക്കപ്പെട്ടു.

സീനിയർ ഉദ്യോഗസ്ഥന്മാരായ വെള്ളക്കാർ അവിടെയാണ് താമസിച്ചിരുന്നത്.അവരുടെ വിനോദങ്ങൾക്ക് വേണ്ടിയായിരുന്നു ക്ലബ്ബുകളും കോർട്ടുകളും.

റെയിൽവേ വർക്ക്ഷോപ്പ് വികസിച്ചതോടെ അതിനകത്തെ പണിശാലകളുടെ സ്വഭാവം മാറുകയും എണ്ണം വർദ്ധിക്കുകയും ചെയ്തു. ജോലിക്കാരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും എണ്ണം വർധിച്ചു. സാധാരണ പണിശാലകളും സാങ്കേതിക വിഭാഗങ്ങളും ഉണ്ടായി. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾക്ക് പരിശീലനം നേടിയവർ പിറകെ വന്നു.

ഫിറ്റർ, ടേണർ , വെൽഡർ, പെയ്ൻ്റർ, മെക്കാനിക്ക് … തുടങ്ങി പലതരത്തിലുള്ള ജോലികളിലേർപ്പെട്ടവരും അവരെയെല്ലാം നിയന്ത്രിക്കുന്ന മേലധികാരികളും ഉണ്ടായി. തുടങ്ങിയകാലത്ത് ഒരു ഫോർമാൻ മാത്രമായിരുന്നു വർക്ക്ഷോപ്പിന്റെ സർവ്വാധികാരി. പിന്നെ ചാർജ് മേൻ , ക്വാളിറ്റി കൺട്രോളർ, സെക്ഷൻ എഞ്ചിനീയർ എന്നിങ്ങനെയായി. എന്നാൽ പിന്നീട് വർക്ക്ഷോപ്പിന്റെ വിസ്തൃതിയെക്കാൾ ഓഫീസുകെട്ടിടങ്ങളുടെ വിസ്തൃതി വർദ്ധിച്ചു. തൊഴിലാളികളുടെ സൗകര്യങ്ങൾ സംരക്ഷിക്കുന്നതിന്നുവേണ്ടിയുള്ള ഓഫീസ്കെട്ടിടങ്ങളും അവയുടെ വിഭാഗങ്ങളും അവയിലെ ഉദ്യോഗസ്ഥരും എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടേയിരുന്നു.

ഇംഗ്ലീഷുകാർ അവരുടെ മക്കളെ കോയമ്പത്തൂരും ഊട്ടിയിലും കൊടൈക്കനാലിലും ഉള്ള സ്കൂളുകളിൽ അയച്ചു പഠിപ്പിച്ചപ്പോൾ സ്ഥലത്തെ ആംഗ്ലോഇന്ത്യൻ കുടുംബങ്ങളുടെയും സാധാരണക്കാരായ ഇന്ത്യക്കാരുടെയും മക്കളുടെ വിദ്യാഭ്യാസം ചർച്ചാവിഷയമായി.

അങ്ങനെയാണ് വർക്ക്ഷോപ്പിന് അടുത്തുള്ള ഇംഗ്ലീഷ്ചർച്ചിന്റെ വരാന്തകൾ ക്ലാസ്മുറികൾ ആയി രൂപാന്തരപ്പെട്ടത്. പള്ളിയിലെ പ്രധാനഹാൾ പ്രാർത്ഥനകൾക്ക് ശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥലവും തട്ടികകൾ വച്ചുതിരിച്ച് ക്ലാസ്മുറികൾ ആക്കി ഉപയോഗിക്കാൻ ഫാദർ തോമസ് അനുമതി നൽകി. താമസിയാതെ പള്ളിമണികൾ പള്ളിയിലെ പ്രാർത്ഥനാസമയത്തേയും സ്കൂളിൻറെ പ്രവർത്തനസമയത്തേയും നിയന്ത്രിച്ചു.

അതിന്നിടയിൽ മെക്കോളേപ്രഭുവിൻ്റെ വിദ്യാഭ്യാസനയങ്ങൾ കമ്പനി അംഗീകരിക്കുകയും കമ്പനിനടത്തുന്ന സ്കൂളുകളിൽ അവ നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ കൽപ്പനകൾ ആവുകയും ചെയ്തു.

പാഠപുസ്തകങ്ങൾ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടു തുടങ്ങി. സ്ഥലത്തെ ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാർക്ക് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടുജോലികളെല്ലാം പരിചാരകരാണ് ചെയ്തിരുന്നത്. അഭ്യസ്തവിദ്യരായ ഈ വനിതകളുടെ ഒഴിവുസമയമാണ് റെയിൽവേ തുടങ്ങിയ പള്ളിക്കൂടത്തിൽ തുടക്കനാളുകളിൽ പ്രയോജനപ്പെടുത്തപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം നിയമനങ്ങൾ നടത്താനുള്ള കമ്മീഷൻ രൂപീകൃതമാകുന്നതുവരെ സാന്തന്നൂരിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാര്യമാരും ബന്ധുക്കളും ആണ് സ്കൂൾ അദ്ധ്യാപകരായി സേവനം നടത്തിയിരുന്നത്.

പള്ളിയും പള്ളിക്കൂടവും ഒന്നിച്ചു കൊണ്ടുപോവുക വിഷമമാണെന്ന് വന്നപ്പോൾ ഫാദർ തന്നെ മുൻകൈയെടുത്ത് മറ്റൊരുസ്ഥലത്ത് കൂടുതൽ വിശാലമായ ഒരു പള്ളി പണിതു. റെയിൽവേയുടെ സ്ഥലത്ത് പണിത രണ്ടാമത്തെ പള്ളിയാണ് പിന്നീട് റെഡ് ചർച്ച് എന്ന നിലയിൽ പ്രവർത്തിക്കുന്നത്. ആദ്യം പണിത പള്ളിയുടെ കെട്ടിടവും സ്ഥലവും പള്ളിക്കൂടത്തിന് സ്വന്തമായി വിട്ടുകിട്ടി. അത് പിറകെ റെയിൽവേ മിഡിൽ സ്കൂൾ ആയി അറിയപ്പെട്ടു. അതിൻറെ കല്ലുകൾക്ക് ഇപ്പോഴും മാറ്റമില്ല. പഴയ കുരിശുഗോപുരം മാറ്റിയെങ്കിലും ബെൽഫ്രൈ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ട്.
പിന്നീട് ഇംഗ്ലീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോഇന്ത്യൻ ജനതയുടെ കുട്ടികൾക്കും സ്ഥലത്തെ ജന്മിമാരുടെ കുട്ടികൾക്കും പ്രവേശനം തുറന്നുകൊടുത്തപ്പോഴാണ് സ്കൂളിൻറെ പേര് റെയിൽവേ മിക്സഡ് മിഡിൽ സ്കൂൾ എന്നായത്.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com