കുട്ടികളുടെ വെക്കേഷൻകാലം അന്നൊരു ശനിയാഴ്ചയായിരുന്നു മരപ്പൊത്തിൽ നിന്നും എന്തോ വിഴുന്നതുകണ്ടിട്ട് ഓടിച്ചെന്നു നോക്കിയതാണ് രോമം ഒന്നും കിളിർക്കാത്ത കണ്ണു തുറക്കാത്ത മാംസപി ണ്ഡത്തിൽ കുഞ്ഞ് ജീവന്റെ തുടിപ്പുകൾ ശരീരത്തിൽ കാണാമായിരുന്നു ചുരുണ്ടു കൂടിക്കിടക്കുന്ന ഓമനത്തമുള്ള നാലുകാലുള്ളൊരു കുഞ്ഞ്. അതിനെ മകൻ എടുത്ത് വീട്ടിലേയ്ക്ക് കൊണ്ടുവന്നു. കൈ വെള്ളയിൽ വച്ചപ്പോൾ കുഞ്ഞിന്റെ അമ്മയാണെന്നു കരുതി ഉള്ളം കയ്യിൽ ഒട്ടിച്ചേർന്നു കിടന്നു.ചോരച്ചുണ്ടുകൾ, തളിരുപോലത്തെ കൈകാലുകൾ ആരു കണ്ടാലും കൊതിച്ചു പോകും. എങ്ങനെ വളർത്തുമെന്നോർത്ത് ഞാനും നോക്കിയിരുന്നു പിന്നെ കുപ്പിയിൽ പാലൊഴിച്ച് നിപ്പിളിലൂടെ ഓരോ തുള്ളിയായി ഇറ്റിച്ചു കൊടുത്തു. ചുണ്ടുകൊണ്ടു നുണഞ്ഞ് കുറേശ്ശേ അകഞ്ഞാക്കി.
പാൽ കുറച്ച് അകത്തായി ക്കഴിഞ്ഞപ്പോൾ കുറച്ചു ജീവൻ വച്ചതുപോലെ ആയി . ഓരോ ദിവസം കഴിയുന്തോറും കുഞ്ഞു വളരാൻ തുടങ്ങി തുണിയിൽ പൊതിഞ്ഞ് കൈവെള്ളയിട്ട് ആട്ടിയുറക്കി.അവന് രോമം കിളിർത്തു മുതുകത്തെ മൂന്നു വരകൾ തെളിഞ്ഞു.
മുറിയിലൂടേയുo കുട്ടികളുടെ ശരീരത്തിലൂടേയും എല്ലാം ഓടിക്കയറാൻ തുടങ്ങി.ഞങ്ങൾ കുഞ്ഞിന്
“സുട്ടു ”
എന്നു പേരിട്ടു. അവനെ ലാളിച്ചും കൊഞ്ചിച്ചും വളർത്തി എല്ലാടവും ഓടിനടക്കും കയ്യിൽ നിന്നും ഓടി തെങ്ങിൽ കയറും ” സുട്ടു “എന്നു വിളിച്ചാൽ ഓടി വന്ന് തലയിലിരിക്കും മകനോടായിരുന്നു കൂടുതൽ ഇഷ്ടം.അവന് പക്ഷികളോടും മൃഗങ്ങളോടും വളര ഇഷ്ടമാണ്. അവൻ വിളിച്ചാൽ ഓടിവന്ന് അവന്റെ തലയിലൂടെ ഓടി നടക്കും നഖംകൊള്ളുമെന്നു വിചാരിച്ച് എനിക്കു പേടിയായിരുന്നു പിന്നീട് സുട്ടുവിന് ഒരു കൂടുപണിത് കൂട്ടിലാക്കി ഞങ്ങൾ അടുത്തു ചെന്നാൽ കൂടിന്റെ കമ്പിയിൽ പിടിച്ച് നോക്കി നില്ക്കും പഴം കൊടുത്താൽ രണ്ടുകൈകൊണ്ടും പിടിച്ച്നിന്നുതിന്നും.
അവന്റെ സ്നേഹപ്രകടനം കമ്പിയിൽ പിടിച്ചു നിന്നിട്ട് നമ്മുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുo അടുത്തു കുട്ടികളും കാണാൻ വരും ! മകൻചെന്നാൽ ഒരു കുഴപ്പവുമില്ല.
അങ്ങനെ മാസങ്ങൾ കടന്നുപോയി അവനും നാടുകാണണമെന്നുള്ള മോഹമുണ്ടായി നമ്മൾഎത്ര പരിപാലിച്ചാലും അവരുടെ സ്വഭാവം കാണിക്കാതിരിക്കില്ല കൂടുതുറന്നാൽ മരത്തിലേയ്ക്ക് ഓടിക്കയറും മകൻ വിളിച്ചാർമാത്രം ഇറങ്ങി വന്ന് കൈവെള്ളയിലിരിക്കും
ഒരു ദിവസംകൂട് അടയ്ക്കാൻ മറന്നു അവൻ പുറത്തിറങ്ങി ഓടി നടന്നു. തക്കം പാർത്തു നടന്ന പൂച്ച അവനെ പിടിച്ചു .കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ പൂച്ച കുഞ്ഞിനെ ഇട്ടിട്ട് ഓടിപ്പോയി. സുട്ടുവിനെ കിട്ടിയ സന്തോഷത്തിൽ ഓടിച്ചെന്ന് എടുത്തു പക്ഷെ അനങ്ങാൻ പറ്റാതെ കിടക്കുന്നതാണ് കണ്ടത്.കുട്ടികൾ കരച്ചിലായി മുറിവിൽ മഞ്ഞൾപ്പൊടി വച്ചു കെട്ടിയെങ്കിലും പിറ്റേദിവസം ശരീരം പനിച്ചു വിറച്ച് മഞ്ഞനിറമായി.വിളിക്കുമ്പോൾ കണ്ണുതുറന്നു നോക്കും !പല മരുന്നും ചെയ്തിട്ട് ഫലിച്ചില്ല പിറ്റേദിവസം അനക്കമില്ലാതായി ആകെ മഞ്ഞനിറമായി. സുട്ടു എന്നു വിളിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേയിരുന്നു അങ്ങനെ ഞങ്ങളുടെ സുട്ടു യാത്രയായി. കണ്ടു നില്ക്കാൻ പറ്റാത്ത അവസ്ഥ കുട്ടികൾ കരച്ചിലായി അത്രയും സ്നേഹിച്ചിരുന്നു അവനെ വിട്ടു പിരിയുമ്പോഴും അവന്റെ ദയനീയമായ നോട്ടവും, കണ്ണിൽ നിന്നൊഴുകുന്ന കണ്ണുനീരും മറക്കാൻ പറ്റില്ല. വർഷങ്ങൾ എത്രകഴിഞ്ഞു ഇന്നും ഓർക്കുമ്പോൾ എന്റെ നെഞ്ചു പിടയ്ക്കും
കൂടിന്റെ കമ്പിയിൽ പിടിച്ചു നിന്ന് മൂത്രമൊഴിച്ചാണ് അവന്റെ സന്തോഷം പ്രകടിപ്പിക്കുന്നത് മറക്കാൻ പറ്റാത്ത ഓർമ്മയായ് ഹൃദയത്തിൽ ഒരു കറുത്തപൊട്ടായ് മാറി ഞങ്ങളുടെ സുട്ടു !
ഓർമ്മകൾ എങ്ങനെ മരിക്കും.



