മലയാള സാഹിത്യം, മാധ്യമപ്രവർത്തനം, നാടകം, സംഗീതം, ചലച്ചിത്രം, സാമൂഹിക-സാംസ്കാരിക രംഗം എന്നിവയിലെല്ലാം നാല് പതിറ്റാണ്ടിലേറെയായി തനതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് അഷ്‌റഫ് കാളത്തോട്. ആഴത്തിലുള്ള വായനയും വേറിട്ട നിരീക്ഷണ പാടവവുമുള്ള അദ്ദേഹം സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും പൊതുപ്രഭാഷണങ്ങളിലും സജീവ സാന്നിധ്യമാണ്.
1958-ൽ തൃശൂർ ജില്ലയിലെ പുരാതനമായ ഒരു വ്യാപാര കുടുംബത്തിൽ ജനിച്ച്, വിദ്യാഭ്യാസത്തിനു ശേഷം 1974-ൽ പ്രവാസ ജീവിതം ആരംഭിച്ച അദ്ദേഹം നിലവിൽ കുവൈറ്റിൽ താമസിച്ച് സജീവ സാംസ്കാരിക-മാധ്യമ പ്രവർത്തനം നടത്തുന്നു. 1987-ൽ തൃശൂർ ആസ്ഥാനമായി ആരംഭിച്ച പ്രമുഖ പ്രസിദ്ധീകരണമായ ‘മലയാണ്മ’യുടെ പത്രാധിപരായിരുന്ന അദ്ദേഹം നിലവിൽ പ്രമുഖ മുഖ്യധാര മാധ്യമത്തിന്റെ മിഡിൽ ഈസ്റ്റ് റസിഡന്റ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കലാകൗമുദി ഉൾപ്പെടെയുള്ള നിരവധി മുൻനിര പത്രങ്ങളിലും വാരികകളിലും ഓൺലൈൻ പോർട്ടലുകളിലും കഥകളും, കവിതകളും, ലേഖനങ്ങളും പതിവായി പ്രസിദ്ധീകരിച്ചു വരുന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഭാഷയിലും ഗൗരവമേറിയ ലേഖനങ്ങളും കവിതകളും എഴുതാറുള്ള അദ്ദേഹം സജീവമായ ഒരു ബ്ലോഗർ കൂടിയാണ്. ‘മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം’, ‘അന്തർഭാവങ്ങൾ’ (കവിത), ‘ഭ്രമണരാഗം’ (നോവൽ), ‘തണല്‍ മരങ്ങള്‍’, ‘ചിതലരിക്കുന്ന തീരങ്ങൾ’ (കഥകൾ), ‘മുഖങ്ങള്‍’ (നാടകം) എന്നിവയാണ് പ്രധാന കൃതികൾ.
പ്രശസ്തമായ ‘കലാനിലയം’ നാടക കമ്പനിയിലൂടെ അരങ്ങിലെത്തിയ അദ്ദേഹം നിരവധി നാടകങ്ങൾ രചിക്കുകയും, ‘മാനിഷാദ’, ‘സമര്‍പ്പണം യാഹോവയ്ക്ക്’ തുടങ്ങിയ ഒട്ടനവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഏഴിൽപരം ഓഡിയോ കാസറ്റുകളിലായി നിരവധി ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും രചിച്ച അദ്ദേഹത്തിന്റെ ഗാനങ്ങൾ ജോളി എബ്രഹാം, പീർ മുഹമ്മദ് തുടങ്ങിയ പ്രമുഖർ പാടിയിട്ടുണ്ട്. ജീവൻ ടി.വിയിലെ ‘ഞാനും പ്രവാസിയാണ്’ എന്ന പരമ്പരയിലൂടെയും, ‘കാന്തികം’ എന്ന ഹ്രസ്വചിത്രത്തിലൂടെയും, റിലീസിനൊരുങ്ങുന്ന ‘മണൽഭൂമി’ എന്ന സിനിമയിലൂടെയും ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് 2017-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
‘മലയാളി മനസ്സി’ലൂടെ പുതിയൊരു അക്ഷരയാത്ര
മാറുന്ന ലോകത്തിന്റെ സാഹിത്യചലനങ്ങളും, സാമൂഹ്യ യാഥാർത്ഥ്യങ്ങളും, സാംസ്കാരിക വിചാരങ്ങളും തനതായ ശൈലിയിൽ അപഗ്രഥിച്ചുകൊണ്ട് അഷ്‌റഫ് കാളത്തോട് എഴുതുന്ന സവിശേഷമായ പംക്തി—‘സ സ സ വാരഫലം’ (സാഹിത്യം, സമൂഹം, സംസ്കാരം) ജൂൺ 1 മുതൽ നമ്മുടെ മലയാളിമനസ്സിലൂടെ വായനക്കാരിലേക്ക് എത്തുകയാണ്. അറിവും ആഴവുമുള്ള ഈ പുതിയ വായനാനുഭവത്തിലേക്ക് എല്ലാ അക്ഷരസ്നേഹികളെയും ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.




Welcome Sir 💐🥳🎉
eagerly waiting for your write ups…😍💐
Fb യിൽ രചനകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ആളാണെന്ന് അറിഞ്ഞില്ല🧐……. Welcome