ഓണവും, ഓർമകളും ഒരുമയോടെത്തുന്ന ശ്രാവണമാസത്തിൽ മലയാളഭൂമി, കന്യകയ്ക്ക് എന്തൊരഴകാണ്.
ഓണക്കാല,പ്രകൃതിയെ വർണ്ണനാവിഷയമാക്കി ഭാവനയിൽ, പലതും, പുതുമയാർന്ന്, വിരിയുന്നുണ്ടെങ്കിലും, കോടിയുടുപ്പിൻ്റെ, പുത്തൻമണംപോൽ, ഇന്നും ആത്മാവിനെ, കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നത്, ബാല്യകാലമേകിയ, സൗരഭമാർന്ന പൊൻപൂക്കളാണ്.
ഓരോ ദിനവും ഓണ ക്കളത്തിലെ പൂക്കളുടെ എണ്ണവും, നിറവും, വർദ്ധിപ്പിക്കണമെന്നു പറഞ്ഞു, തന്നത്കൂട്ടുകാരാണ്. പക്ഷേ,വീട്ടിൽ, തിരുവോണത്തിനു, മാത്രമേ, പൂക്കളമിട്ടിരുന്നുള്ളു. ഓണം,കുടുംബാംഗങ്ങൾ, മാത്രമായിആഘോഷിച്ച, ഉത്സവമായിരുന്നു
ഏതൊരു ആഘോഷത്തിന്റെയും പ്രമാണ രേഖപോലെ കിടക്കുന്നത് ഭക്ഷണ വിരുന്നാണ്. അമ്മ അക്കാര്യത്തിൽ നിർബന്ധം,പുലർത്തിയിരുന്നു. ഓണസദ്യ,വിഭവസമൃദ്ധമാണ്.
ഈസ്റ്ററും, ക്രിസ്തുമസും ആഘോഷിക്കുന്ന രീതിയിലല്ല. .പച്ചക്കറിയും പായസവും ഇലയിൽ വിളമ്പി കഴിക്കുന്ന പുതുമ രസകരമായിരുന്നു.
റംസാനും, ബക്രീദും എന്താണെന്നറിയാത്ത നാളിലും അന്ന് ബിരിയാണി ഉണ്ടാക്കി തന്ന് ഇങ്ങനെയും പെരുന്നാളുകൾ ഉണ്ടെന്ന് അമ്മ പറയാതെ പറഞ്ഞു തന്നിരുന്നു.
എവിടെ ജീവിച്ചാലും,ഭക്ഷണത്തിൽ മാത്രമല്ല ഒന്നിലും കൊതിയും,
ആർത്തിയും,തോന്നാതിരിക്കാൻ,ഉള്ളതുകൊണ്ട് ഓണം പോലെ, ജീവിക്കാൻ നൽകിയ മനോഹരമായ ആദ്യ പാഠത്തിലെവരികളാണ് ആഘോഷ വേളകൾ. അത് കാത്തിരുന്നു കിട്ടുക തന്നെ വേണം താനും.
പൂക്കളമിടുന്നതിന്റെ രസത്തിനപ്പുറം മറ്റെന്തുണ്ട്,കുട്ടികൾക്ക്.
പറമ്പിന്റെ പടിഞ്ഞാറെ മൂലയിൽ,കാറ്റിലിളകിയാടി നിൽക്കുന്ന ഈറ്റകൾ,വെട്ടിയെടുത്ത് ചെറുതാക്കി മുറിച്ച് കാളിപ്പെണ്ണ് കൊണ്ടു പോകും.
വാലൻകുട്ട,മറ്റുചെറുതരം കുട്ടകൾ ഉണ്ടാക്കിക്കൊണ്ടു വരും. അക്കൂട്ടത്തിൽ പൂക്കൂട പോലെയും ഉണ്ടാക്കിക്കും.പൂവു പൊട്ടിച്ചിടാൻ മാത്രമല്ല ക്രിസ്തുമസ്,വരുമ്പോൾ ഈ കുട്ട കമഴ്ത്തി, വർണക്കടലാസിൽ പൊതിഞ്ഞതിന്നുള്ളിൽ,ബൾബിടും .പ്രകാശം,വരുമ്പോഴത് കാണാൻ അതി മനോഹരമാണ്.
പൂക്കൾ വാങ്ങിച്ചു പൂക്കളമിടൽ എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാലം .മുക്കുറ്റിപ്പൂവും, കമ്മൽപ്പൂവും,തുമ്പപ്പൂവും കാടുപോലെ പരന്നു ആർത്തു വിടർന്നുല്ലസിച്ചിരിക്കുന്നതുകൊണ്ട് പൊട്ടിച്ചെടുക്കേണ്ട താമസമേയുള്ളു.
സമൃദ്ധമായി വിരിഞ്ഞുല്ലസിച്ചു നിൽക്കുന്ന,കാട്ടുപൂക്കൾ ചിരിച്ചു കൈകാട്ടി ഞങ്ങളെ,വിളിച്ചുകൊണ്ടേയിരിക്കും.
കളം നിറയ്ക്കാൻ ആറുമാസപ്പൂവെന്നു ഞങ്ങൾ വിളിക്കുന്ന കൃഷ്ണ കിരീടപ്പൂവു തന്നെ വേണം. മാവിനുചുറ്റും ,കാടുപോലെ പിടിച്ചു നിൽപ്പുണ്ട്. മുൻവശത്തു സിമന്റു തറയിലല്ല അതിനു പുറത്ത് മണ്ണിലാണ് പൂവിടുന്നത്.
പറമ്പിലെ വാഴകൾ കുലച്ചതു പാകമായി വെട്ടുന്ന,കാലമായതിനാൽ വാഴപ്പിണ്ടിക്കു ബുദ്ധിമുട്ടില്ല. അതു മുറിച്ചെടുത്തു ചേട്ടൻ കൊണ്ടുവരും.
പൂക്കളത്തിനു കൃത്യം നടുവിൽ സൂക്ഷമതയോടെ ഒരടിപ്പൊക്കത്തിൽ ചെത്തിയെടുത്ത പിണ്ടി കുഴിച്ചിടും. പച്ച ഈർക്കിലിന്റെ പകുതി ഒടിച്ചെടുത്ത്,കടും ചുവന്ന ചെമ്പരത്തി പൂക്കൾ കോർത്തു പിണ്ടിയിൽ തറച്ചു വെയ്ക്കും.
ചുറ്റും വൃത്താകൃതിയിൽ പല വർണ്ണങ്ങൾ പേറിയ മലരുകളാൽ കളം നിറഞ്ഞു കവിയും
വലിയപൂക്കളൊക്കെ ഇതളുകൾ വേർപെടുത്തിയാണ്, നിരത്തുന്നത്.കോളാമ്പിപ്പൂവും, അമ്മയുടെ തോട്ടത്തിലെ,പേരറിയാ പുഷ്പങ്ങളും,പറിച്ചെടുക്കും. പൂക്കളത്തിനു വലിപ്പമേറും തോറും ഭംഗിയും ഏറും.
ചിത്രരൂപങ്ങളൊന്നും മെനയാത്ത, ലളിതകോമളമായ,വട്ടക്കളത്തിൻ്റെ ചാരുത അവർണ്ണനീയം.
അടുക്കളയിലൂടെ ഓടി നടക്കാൻ രസമാണ്. തേങ്ങാ ചുരണ്ടുന്നത് കാണാം. ചിരവ നാവിൽ നിന്ന് ആദ്യത്തെ പീര വാരിയെടുത്ത് ഓടും. അതിനു മധുരം കൂടുതലാണ്.
ശർക്കര അമ്മിക്കല്ലിൽ വെച്ച്,കുത്തിപ്പൊടിക്കുന്നതിന്റെ കഷ്ണം കൈയിട്ടെടുക്കുമ്പോൾ ‘കൊച്ചേ കൈയ്യിൽ പിള്ളക്കല്ലിന്റെ ഇടി കിട്ടിയേനേ ‘ എന്നു ശകാരം കേൾക്കും.
ഇതിനെല്ലാത്തിനുമപ്പുറം, മറക്കാനാകാത്തതാണ് റേഡിയോയിലൂടെ,ഒഴുകിവരുന്നആകാശവാണിഓണം സ്പെഷൽ,സിനിമാഗാനങ്ങൾ.
അന്നത്തെ,അടുക്കളയെ ,ഊണുമുറിയെ,
കൺമുന്നിലിന്നുമെത്തിക്കാൻ,ചിലപാട്ടു കൾക്ക് കഴിയുന്നുണ്ട്.
സ്മൃതിയുടെ,ഊഞ്ഞാലിൽ,താനെയിരുന്ന്
ആടാൻ കെല്പേകും ശ്രീരാഗങ്ങൾ.
അർത്ഥഭംഗിയും, ആലാപന മധുരിമയും ഒത്തു ചേർന്ന്
തിരുവോണത്തിൻ
താളമിതാണെന്നു പറഞ്ഞുതരുന്ന ആത്മാവിലലിഞ്ഞു
ചേർന്ന ഈണങ്ങൾ .
തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ നിലയങ്ങൾ മാറി മാറി വെയ്ക്കും .
കറന്റിൽ കൊടുത്തിരിക്കുന്ന വലിയ റേഡിയോ പൊക്കമുള്ള അതിനു മാത്രമായി പണിയിപ്പിച്ച മരസ്റ്റാൻഡിലാണിരിക്കുന്നത്.
പാട്ടു തീർന്നാൽ ഓടിപ്പോയി മുതിർന്നവരെ ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്നു ബാന്റ് മാറ്റ് എന്നു പറയും.അതെന്താണെന്നറിയില്ലെങ്കിലും, കേട്ടറിവുവെച്ച്,അവിടെ തിരിച്ചാൽ പാട്ടു മാറി വരുന്നതാണ് ബാന്റു മാറ്റൽ എന്നു മാത്രമറിഞ്ഞു വെച്ചിട്ടുണ്ട്.
അന്നത്തെ എത്ര ,നല്ലഗാനങ്ങളാണിന്നും മനസിൽ ആ നല്ല കാലത്തെ തിരികെ കൊണ്ടെത്തിച്ചു തരുന്നത്.
പാട്ടുകളെക്കുറിച്ചെഴുതാൻ തുടങ്ങിയാൽ വിസ്താരഭയം എന്ന പ്രശ്നം കടന്നു കൂടും. അതുകൊണ്ട്,അതിനെ മനസിലൊതുക്കാം.
സദ്യ ഒരുങ്ങിയാൽ ഇലവെട്ടാൻ അപ്പച്ചന്റെ കൂടെഇറങ്ങും.തുഞ്ചനിലമാത്രം മുറിച്ചെടുക്കും. കുഞ്ഞനുജൻ,
ചെറുതാണെങ്കിലും എന്നോടും,അനുജത്തിയോടുമൊപ്പം, ഇലയും പിടിച്ചു നിൽക്കാൻ അവനും വലിയ ഇഷ്ടമാണ്.
ഓണത്തപ്പനാക്കാൻ വേണ്ടി,അവനു വാങ്ങിച്ചു വെച്ച,ഒരു ചെറിയ ഓണമുണ്ടുണ്ട്. അത് ഉടുപ്പിച്ച് ഗോൾഡൻ കളറുള്ള ,മെറ്റലിന്റെ ഒരു ബെൽറ്റും കെട്ടിക്കൊടുക്കും.
കൊച്ചു കുട്ടൻ്റെ ഓടി നടപ്പിനു പിറകെയാകും ഞങ്ങളെല്ലാവരും.
സദ്യ വിളമ്പിയാലും പായസം,വരുന്നതുവരെ സമാധാനമില്ല. രസരാജനതാണല്ലോ.
കഴിക്കേണ്ട,വിധവും തൂശനില,വിരിക്കേണ്ടരീതിയുമൊക്കെ പറഞ്ഞു തരുന്നത് അപ്പനാണ്.
സദ്യയ്ക്കുശേഷം ശർക്കരപുരട്ടിയും, കായ വട്ടം വറുത്തതും ഇനിയും ,വേണമെന്നുവാശിപിടിക്കും.,കൈപ്പിടിയിലെടുത്ത്,വെയിൽ മൂടിയ ഓണക്കളത്തി
നടുത്തു പോകാൻ പറ്റാതെ, വരാന്തയിലെ തൂണിന്നരികിൽ, കൊറിച്ചു,കൊണ്ടിരുന്നു വിശ്രമവേളയും
രുചികരമാക്കും.
അയൽപക്ക വീടുകളിൽ നിന്നു തൂക്കു പാത്രത്തിൽ പായസപ്പകർച്ച
കൊണ്ടുവരാറുണ്ട്.വീട്ടിൽ ചെറുപയറിൻ പരിപ്പു പായസം മാത്രമേ ഉണ്ടാക്കാറുള്ളു.
ഉരുളിയിൽ കറുത്തനിറത്തിൽ കൊതിപ്പിക്കുന്ന ഗന്ധം പരത്തി തീ കെടുത്തിയ വിറകടുപ്പിൽ പായസ മന്നൻ വിശ്രമിക്കും.
അടുത്ത വീട്ടിൽ നിന്നു വന്ന വെൺമയാർന്ന അടപ്രഥമൻ,വൈകുന്നേരം സ്റ്റീൽ ഗ്ലാസിൽ ഒഴിച്ചു തരും. എന്നാലും നെയ് രുചിയുള്ള ഇടയ്ക്ക് കശുവണ്ടിയും ഉണക്ക മുന്തിരിയും കടിക്കുന്ന പരിപ്പു പായസത്തിലാണ് ഞങ്ങളുടെ നോട്ടം.
ശ്രീലങ്ക നിലയത്തിലെ മലയാള ഗാനങ്ങൾ വൈകുന്നേരം
പ്രക്ഷേപണം ചെയ്യും. അവതരിപ്പിക്കുന്ന രീതി കേൾക്കാൻ തന്നെ രസമാണ്.റേഡിയോയുടെ ഉള്ളിൽ നിന്ന് പൊട്ടലും,ചീറ്റലും വന്നു,തുടങ്ങുമ്പോൾ വലിയ റേഡിയോ നിറുത്തിയിടും.
ഉടനെ ചേട്ടൻ ട്രാൻസിസ്റ്റർ റേഡിയോ എടുത്ത് മേശയിൽ വെച്ച് കിഴക്കു പടിഞ്ഞാറു ദിശയിൽ തിരിച്ചു വെക്കും. അപ്പോൾ,സിലോൺ
റേഡിയോ,നിലയത്തിലെ,മലയാളഗാനാവതരണം വ്യക്തമായി കേൾക്കാൻ കഴിയും.
ടി.വി.യുള്ള കാലമല്ലത്. അതു വന്നപ്പോഴും,
ആന്റിന തിരിച്ച് കൊടുത്ത്, ഡൽഹി പ്രക്ഷേപണത്തിനു വ്യക്തത വരുത്തി
കണ്ണും,കാതും,കൂർപ്പിച്ചിരുന്ന,നാളുകളുമുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് കേട്ടറിവു മാത്രമുള്ള കാലം .
ഞങ്ങൾക്കോ സ്മൃതിയുടെ രസമുകുളങ്ങളിൽ പായസ മധുരമേകുന്ന കിട്ടാക്കാലം.
വെയിലാറിത്തുടങ്ങുമ്പോഴേ പൂക്കളത്തിലെ പുഷ്പങ്ങൾ വാടി
ഉലഞ്ഞു ,കഴിഞ്ഞിട്ടുണ്ടാകും.
ഗന്ധരാജന്റെയും, മുല്ലപ്പൂക്കളുടെയും മാത്രമല്ല അപൂർവ്വമായ സുഗന്ധമെവിടെ നിന്നോ പേറി കാറ്റു വീശിത്തുടങ്ങും.കളിക്കൂട്ടുകാരെത്തുന്നതിപ്പോഴാണ്.
കുട്ടിയും കോലും കളി, ഒളിച്ചു കളി , കല്ലുകളി, കൊന്തിക്കളിയൊക്കെ പൊടിപൊടിക്കുമ്പോഴാകും, ചിങ്ങത്തിലെ ചിണുങ്ങി ചിണുങ്ങിയ പൊടി മഴ എത്തുന്നത്.
ചെറുവെയിലിൽ, പാറി പായുന്ന തുമ്പികളെ പ്പോലെ ,ചാറ്റൽ മഴ കാറ്റിൽ നൃത്തമാടും.
കാഴ്ച ആസ്വദിച്ച്, മുഖത്തൽപ്പം ജലതുള്ളി വീഴാൻ മാനം നോക്കി നിൽക്കുമ്പോൾ കൂട്ടുകാരിലാരോ വിളിച്ചുപറഞ്ഞു
“വെയിലും മഴയും കുറുക്കന്റെ അമ്മയുടെകല്യാണം.”
എന്തോ വലിയ തമാശ കേട്ടപോലെ എല്ലാവരും ആർത്തു ചിരിക്കും.
സന്ധ്യയാകാറാകുമ്പോൾ അകാരണമായ ഒരു വിഷാദം മനസിനെ ബാധിക്കും. കൈവിട്ടു പോയ,ദിനത്തെക്കുറിച്ചാണോ കളിച്ചു മതിയാവാതെ ,വീടുകളിലേയ്ക്കു,മടങ്ങിപ്പോയ,കൂട്ടുകാരെ,ഓർമിച്ചിട്ടാണോ , ഓണക്കാലം തീർന്നു പോയോ എന്ന വിഷമത്താലാണോ
യെന്നറിയില്ല.ഒന്നിനു
മല്ലാത്ത നേർത്ത നൊമ്പരം.
അപ്പോഴാണ് കൈ ക്കൊട്ടിക്കളി സംഘം എത്തുന്നത്. വിഷാദ മേഘങ്ങളെ കാറ്റിൽ പറത്തിയ അപൂർവ കലാകേളിയാണവിടെ നടമാടാൻ പോകുന്നത്.
ഗേയ്റ്റിനരികിൽ ഉടുത്തൊരുങ്ങിയ പെൺകുട്ടികളും, ആൺകുട്ടികളും
നിൽപ്പുണ്ടാകും.
കൈക്കൊട്ടിക്കളി പഠിപ്പിച്ചു കൊടുത്ത ആശാൻ,ആദ്യമേ
വീട്ടിലേയ്ക്ക് കയറി വരും. സംഘം പുറത്തു കാത്തു നിൽക്കും. അവർ മത്സരത്തിന് പോകുകയാണ്. അരൂർ വെച്ചാണ് മത്സരം നടക്കുന്നത്.
ഞങ്ങളുടെ വീടിനു മുമ്പിലെ ഇടക്കൊച്ചി കടത്തു വഴി പോകാൻ വന്നതാണ്.
മുൻവശത്തെ വലിയ സിമന്റു തറയിൽ അവസാന ഘട്ട പരിശീലനത്തിനായി സ്ഥലം തരുവാൻ അനുവാദം ,ചോദിക്കുന്നു.ഇതിൽപ്പരം,എന്താണൊരു സന്തോഷം ഇനി കിട്ടാനുള്ളത്. പ്രതീക്ഷിക്കാതെ ഒരു കലാസന്ധ്യ കൺമുമ്പിൽ.
തിരുവാതിരക്കളി പോലെയല്ല,കൈകൊട്ടിക്കളി.ചടുലതാളത്തിൽ,ഗ്രൂപ്പുകളായി,പിരിഞ്ഞ്,പാട്ടിനൊത്ത് ,ചുവടുവെയ്ക്കുമ്പോൾ,ഓണത്തപ്പൻ പോലും ഒരുപക്ഷേ,കാണികളുടെ കൂട്ടത്തിൽ വന്നു നിൽപ്പുണ്ടാകുമോ !. അത്ര ,ഊർജദായകമായ താളത്തിലെ കൈ കൊട്ട് എത്ര രസകരം.
അയൽ വീടുകളിൽ നിന്ന് എല്ലാവരും ഓടിയെത്തും.
തെങ്ങോലയുടെയും, പൂക്കളത്തിന്റെയും, മയിലിന്റെയും രൂപത്തിലുമൊക്കെ സംഘം പൊടുന്നനെ ആകൃതി കൈക്കൊണ്ട് താളം തെറ്റാതെ ഓടി നടന്നു കൈ കൊട്ടി കളിക്കുന്നത് നോക്കി വിസ്മയഭരിതരായി കൺചിമ്മാതെ കണ്ടു നിൽക്കും.
ഫോർമേഷൻ രംഗങ്ങളുടെ അപാര സൗന്ദര്യത്തെ കുറിച്ച് വാതോരാതെ പുകഴ്ത്തിപ്പറഞ്ഞ് ആളുകൾ പിരിയും.
കട്ടൻ കാപ്പി തയ്യാറാക്കി ഉടനെ കളിക്കാർക്കു കൊടുക്കും. സന്തോഷത്തോടെ അപ്പച്ചൻ നൽകുന്ന പണം വാങ്ങിച്ചു കൊണ്ട്,അവിചാരിതമായി കിട്ടിയ സമ്മാനത്തിൽ മനം നിറഞ്ഞ് ,സന്തോഷാശ്രുവാൽ കണ്ണിൽ ചുവപ്പുരാശി പടർന്ന ആശാൻ അൽപ്പം തലകുനിച്ചു പറയും “ഫസ്റ്റുകിട്ടാൻ പ്രാർത്ഥിക്കണേ”
ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നവരെ,യാത്രയാക്കും.വിജയിച്ചു,മടങ്ങുമ്പോൾ ,വീണ്ടും വീട്ടിൽ വരാമെന്നു വാഗ്ദാനം നൽകി പിരിയും.
തിരിച്ചു വരുമ്പോൾപാതിരാ യാകും. സംഘം തളർന്നിട്ടുണ്ടാകും. വിജയിച്ചാണ് തിരിച്ചു വന്നതെന്നറിയിക്കാൻ ഗേറ്റിനു മുമ്പിൽ കൊട്ടി ശബ്ദമുണ്ടാക്കിയാണവർ മടങ്ങിയിരുന്നത്. ഗാഢനിദ്രയിലും ഗേറ്റിന്റെ,ഇരുമ്പോടാ
മ്പൽ കൂട്ടിമുട്ടുന്ന ശബ്ദം ഞാനും കേട്ടിട്ടുണ്ട്.
കിഴക്കേ മുറ്റത്തു മേഘത്തോണിയേറിയെത്തുന്ന പൊന്നമ്പിളി ചങ്ങാതി ചൊരിഞ്ഞ പാൽനിലാവിൽ കുളിച്ച വാടിയപൂക്കളത്തിനുമൊരു അപൂർവ ചാരുത കൈ വരും.
ചന്ദ്രികയിൽ,കുതിർന്നമൺതരി മുതൽ നീലാകാശം വരെ രജതവർണമേകി നയനങ്ങളെ നക്ഷത്ര ദീപ്തമാക്കും.
പകലോടി മറഞ്ഞ ഓണവെയിൽ പോലെ, ആകാശത്തെ നിലാമഴ പടിഞ്ഞാറു ,മറയുമ്പോഴും,ജാതിവർണ്ണഭേദമില്ലാത്ത,ആഘോഷത്തിന്,തിരശ്ശീലയിടാൻമടിച്ച്മുറ്റത്തെകുഞ്ഞിപ്പൂക്കൾ,രാവിലെ,കൺതുറന്നു പതിവുപോലെ ആരെയോ വീണ്ടും കാത്തിരിക്കും.
ഞങ്ങൾ കുട്ടികളോ ചെറിയ മൺചട്ടിയും കലവുമൊക്കെയായി കല്ലടപ്പു കൂട്ടി തലേ ദിവസത്തെ ഓണസദ്യ പോലെ,മറ്റൊരു കളി
സദ്യ,മുറ്റത്തൊരുക്കുന്ന തിരക്കിലലിയും.
ഞങ്ങളുണ്ടാക്കിയ മണ്ണുപായസത്തിനു, പാലട പ്രഥമനും പരിപ്പുപായസവും
കൂടിക്കലർന്ന നിറമായിരിക്കും. പച്ചക്കറികളും,അരിയും അടുപ്പിലിരിക്കും. തുമ്പപ്പൂവാണ് അന്നു ചോറിന്റെകലത്തിൽ. ദശപുഷ്പങ്ങളിൽ പലതും അവിയലായി ചട്ടിയിൽ കാണും. എത്ര ഗൗരവഭാവത്തോടെയാണ് കുട്ടി പാചകം. വിളമ്പാൻ,തൂശനിലയ്ക്കുപകരം,കൊന്തവാഴയുടെ ഇലകളും ചേമ്പിലകളും വിരിക്കും
തിരുവോണമെത്ര വന്നാലും,ഓണ
പാൽനിലാവെത്ര ചുരന്നൊഴുകിയാലും മുറ്റത്തെ സദ്യയ്ക്കു വട്ടം കൂട്ടാനാളില്ലാതെ വാങ്ങിയ,പുഷ്പങ്ങളാൽ തീർത്ത പൂക്കളം മാത്രം വീടിനു കാവലാകുന്നു.
ടി.വി. മുറിയിൽ നിന്നെത്തുന്ന ഓണപ്പാട്ടുകൾ ഗതകാല സ്മരണ ഉണർത്തി മനസിനെ ആർദ്രമാക്കുന്നു.
“തിരുവോണപുലരിതൻ,തിരുമുൽക്കാഴ്ച, വാങ്ങാൻതിരുമുറ്റമണിഞ്ഞൊരുങ്ങി”
എന്നിലെ കുട്ടിയെ ഉണർത്തുന്ന ഓണക്കാലമേ, ഉത്രാട നിലാവു പോൽ പതഞ്ഞൊഴുകട്ടെ ഇനിയും നീയേകിയ നല്ല കാലത്തിൻ സ്മൃതി ലഹരി.




ഏതാണ്ട് 50 വർഷം മുൻപത്തെ ഓണ വിശേഷങ്ങൾ വായിക്കുമ്പോൾ തന്നെ മനസ്സ് പിന്നോട്ട് പാഞ്ഞു..
വളരെ മനോഹരമായ എഴുത്ത്
മലർമഴപ്പാട്ടിന്റെ മാവേലിപ്പൊന്നോണം…
മധുരം മനോഹരം ❤️
റോമിയേകിയ നല്ല കാലത്തിൻ സ്മൃതിലഹരി നിലാവ് പോലെ പതഞ്ഞൊഴുകി എന്നിലെ കുട്ടിയെയും ഉണർത്തി.
കൊന്ത വാഴയിലയിൽ ചോറും കൂട്ടാനും വിളമ്പുന്ന കുട്ടി.
ആശംസകളും സ്നേഹവും
ഓണം വിശേഷം അതിമനോഹരമായി 👌👍😍
വളരെ നല്ല ഓർമ്മകൾ,,, അതി വിദഗ്ധ മായി അവതരിപ്പിക്കാൻ കഴിഞ്ഞു,ഓണത്തെ ഓർക്കുന്നത് തന്നെ മാനുഷരെല്ലാം ഒന്നു പോലെ ജീവിക്കുന്ന ഒരു ഉട്ടോപ്പിയൻ സങ്കല്പസമാന ചിന്തകളാണ്
നമുക്കും എന്നെങ്കിലും ഒരേ പോലെ സമൃദ്ധിയോടെ ജീവിക്കാൻ കഴിയുന്ന ഒരു കാലം വരും..
ഈ ജന്മത്തിൽ നാം ചിലഴിച്ച സമയങ്ങളക്കുറിച്ച് (കർമ്മങ്ങളെ ക്കുറിച്ചു) വിചിന്തനം ചെയ്യുമ്പോൾ കൂടുതൽ സമയം മനസ്സിന്റെ നൈമിഷിക സുഖത്തിനു വേണ്ടി ചിലവഴിച്ചതായി കാണാം,,എന്നാൽ ചിലർ ഉയരങ്ങൾ കീഴടക്കിയതായും കാണാം,,, അവരുടെ പ്രവർത്തനത്തിന്റെ,,, കർമ്മത്തിന്റെ ഫലം ആണത് എന്ന് ഞാൻ വിശ്വസിക്കുന്നു,,,, റോമിയുടെ ഈ എഴുത്ത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല,,, അനുഭവങ്ങളുടെ കൂട്ടങ്ങൾ കൊണ്ട് ഉണ്ടായതാണ്. ഓണക്കാലത്തെ അനുഭവങ്ങൾ ഓർമ്മയിൽ കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ
അത് ഒരു മൂഢ സങ്കല്പമല്ല റോമി അഭിനന്ദനങ്ങൾ
ഓണ നിലാവിൽ കുളിച്ചു നിന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു.
ഞങ്ങളുടെ വീട്ടിൽ പൂക്കളമിടാറില്ലായിരുന്നു. എന്നാൽ അയൽപക്കത്തെ ചേച്ചിയുടെ വീട്ടിൽ പൂക്കളം തീർക്കുന്നതിൽ ഞാനായിരുന്നു പ്രധാനി. മൽസരത്തിൽ അവർക്കു വേണ്ടി ഒരുപാട് സമ്മാനങ്ങൾ വാങ്ങി കൊടുത്തിട്ടുണ്ട്.
ഓണക്കാലവും ഓർമ്മകളും ഒന്നും ചോർന്നുപോകാതെ അവതരിപ്പിക്കാൻ റോമിക്ക് കഴിയുന്നു.
തൂശനിലയിൽ വിളമ്പിയ സദ്യ പോലെ സുന്ദരം ഭാഷയും അവതരണവും. കൈമോശം വന്ന ഇന്നലെകളെ ഒരിക്കൽ കൂടി അനുഭവിപ്പിച്ചതിന് ഒരുപാട് സ്നേഹം.❤️❤️
റോമി ബെന്നിയുടെ മലർ’ മലർമഴപ്പാട്ടിൻ്റെ മാവേലിപ്പൊന്നോണം – ഓണക്കുറിപ്പ് ഒരുപാട് ഓണഓർമ്മകൾ സമ്മാനിച്ചു. പൂക്കളുടെ വസന്തകാലത്തിൽ മറ്റൊരു പൂമഴ പോലുള്ള ഈ കുറിപ്പ് മധുരം മനോഹരം
മനോഹരമായി എഴുതി പഴയ ഓർമ്മകൾ തിരിച്ചു വന്നു 💐
Excellent writing
Very good read
ഇന്ന് അമ്പതുകളിലും അതിനു മുകളിലും പ്രായമുള്ള തലമുറ അനുഭവിച്ചതും ആസ്വദിച്ചതുമായ ആ നല്ല നാളുകളിലേക്ക് ഒരു തിരിച്ചു പോക്ക് സമ്മാനിച്ച എഴുത്തു, കാലത്തിന്റെ ഓട്ടപാച്ചിലിൽ മനഃപൂർവം അല്ലെങ്കിലും മറവിയിലേക്ക് ആഴ്ന്നുപോയ ആ നല്ല കാലം കുറച്ചു നേരത്തേക്ക് സ്ഥലകാലം മറന്നു. അഭിനന്ദനങ്ങൾ മധുരമായ ഓർമ്മകൾ ഉണർത്തിയതിനു നന്ദിയും.
ബാല്യകാലം എന്ന നല്ല കാലത്തിന്റെ ഓർമ്മകൾ, ഓരോന്നിനെയും കുറിച്ചുള്ളവിവരണങ്ങൾ… പൂക്കളം ഒരുക്കുന്നതിന് ഈറ്റ കൊണ്ടു ഉണ്ടാക്കുന്ന പലതരം കൊട്ടകൾ അതിൽ മുക്കുറ്റി തുമ്പ പൂ, കൃഷ്‌ണകീരിടപൂവ്….. കൊണ്ടുള്ളപൂക്കളമിടൽ…. ഓണസദ്യ വിളമ്പുവാൻ വാഴയില വെട്ടി, ഭക്ഷണം കഴിക്കേണ്ട വിധം,….. റേഡിയോവിലൂടെ കേൾക്കുന്ന ഓണം പാട്ടുകൾ, ഒണക്കളി, ഇതെല്ലാം കഴിഞ്ഞു കുട്ടിപട്ടാളം പൂക്കൾ കൊണ്ടു ഉണ്ടാക്കുന്ന ഓണസദ്യ….. നല്ല കാലത്തിന്റെ എന്തെല്ലാം ഓർമ്മകൾ ആണ് വായനക്കാർക്ക് നൽകിയിയത്…. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ റോമി ബെന്നി ❤️❤️❤️ഒരുപാട് പ്രാവശ്യം വായിച്ചു…. ഇനിയും എഴുതു…നല്ല അവതരണം ❤️
എത്ര സുന്ദരമായിരുന്നു പണ്ടത്തെ ഓണം. നമ്മൾ സത്യത്തിൽ ഭാഗ്യമുള്ളവരാണ്,ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം റെഡിമെയ്ഡ് ഓണമല്ലേ, പഴയകാലത്തെ നന്മകൾ നിറഞ്ഞ ആ ഓണക്കാലത്തെ കുറിച്ചുള്ള അറിവ് പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാൻ മോളുടെ ഈ ഓണക്കുറിപ്പിന് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.