Friday, December 12, 2025
Homeഅമേരിക്കപാഴ്ജന്മത്തിൻ്റെ കനൽത്തുണ്ട് (ചെറുകഥ) ✍ ജസിയ ഷാജഹാൻ

പാഴ്ജന്മത്തിൻ്റെ കനൽത്തുണ്ട് (ചെറുകഥ) ✍ ജസിയ ഷാജഹാൻ

ഒരുപാഴ്ജന്മത്തിൻ്റെ വന്യമായ ഏകാന്തതയിലേക്ക്
ഒരു നൊമ്പരപ്പൂവിന് സ്വാഗതമോതുമ്പോൾ അയാൾ മറ്റൊന്നും പറഞ്ഞിരുന്നില്ല അവളോട്‌ …ഈയൊരു വാചകമൊഴികെ.

” എൻ്റെ മരണം വരെ നീയെന്നോടൊപ്പമുണ്ടായിരിക്കണം.”

ഒരു കുടുംബത്തിൻ്റെ തറക്കല്ലിളക്കി വീണ്ടുമൊരു മുഴക്കോലിന് ഇടംകൊടുത്തവനാണ് താൻ.
ഭൂമിയിലേക്ക് കണ്ണു തുറന്നപ്പോൾ അമ്മയ്ക്ക് സ്വർഗ്ഗം കാട്ടിയവൻ. അശ്രീകരം,അസത്ത്,പെറ്റതള്ളേടെ കാലൻ,അഞ്ചുപെൺമക്കളെ പ്രസവിച്ചൊരമ്മ ആറ്റുനോറ്റ് ഒരാൺതരിയ്ക്കായ് കാത്തിരുന്നിട്ട് അവസാനം “ഹോ” മുടിഞ്ഞുപോവാൻ ഇവനവളുടെ ഉയിരെടുക്കാൻ പിറന്നവനാണെന്ന് ആരറിഞ്ഞു ? അവളറിഞ്ഞോ.. വയറ്റിൽ ചുമക്കുന്നതവളുടെ കാലനെയാണെന്ന് !

അങ്ങനെയങ്ങിനെ എന്തൊക്കെ ? ആരുടെയൊക്കെയോ നാവുകളിൽ നിന്നും ഏറ്റുവാങ്ങി ബാല്യവും, കൗമാരവും,യൗവനവും വെറുമൊരു പാഴ്മരമായി പറമ്പിൻ്റെ ഏതോ ഒരു മൂലയിൽ പലരും പഴിച്ചുകൊണ്ട് വലിച്ചെറിഞ്ഞ
അവശിഷ്ടങ്ങളിൽ ശരീരം വളർന്നവൻ.

അച്ഛന്റെ രണ്ടാം വേളിയുടെ കുട്ടിപ്പിശാച്, കണ്ണുകളിൽ തീയുള്ളവൻ,കരിമൂർഖൻ ഒക്കെയായിരുന്നു മറ്റുള്ളവരുടെ കണ്ണിൽ താൻ.

അമ്മയുടെ മുഖം ചില്ലിട്ട ഒരുപടത്തിൽ പോലും കണ്ട്
ഒന്നു മാപ്പിരക്കാൻ പോലും ഗതികിട്ടാത്തവൻ.കൂട്ടത്തിൽ അല്പം കരുണകാട്ടിയ ഭാനുവമ്മായിയുടെ മകളും ഒരിക്കൽ ചതിച്ചു.
ഒളിച്ചും പാത്തും ആകെയുള്ളൊരു ചങ്ങാതി തൻ്റെ സമപ്രായക്കാരിയായ
അവൾ മാത്രമായിരുന്നു.

ഒരിക്കൽ ഒരുപടം കാട്ടി നിൻ്റമ്മയാണെന്നു പറഞ്ഞു ദൂരെ നിന്നു കൊതിപ്പിച്ചപ്പോൾ ഒരു കൗമാരക്കാരൻ്റെ അമ്മയെ ഒരുനോക്കുകാണാനുള്ള അടങ്ങാത്ത ജീവിതാഭിലാഷം
അവനെ അവളുടെ അടുത്തേക്ക് ആവേശത്തോടെ ഓടിയണയാൻ പ്രേരിപ്പിച്ചു.ഞാനടുത്തെത്തും
മുമ്പേ അവൾ പടം ബെറ്റിക്കോട്ടിനടിയിൽ ഒളിപ്പിച്ചു.അങ്ങനെ അമ്മയെ കാണാനുള്ള എൻ്റെ അടങ്ങാത്ത ആഗ്രഹം ഒരു പൊട്ടച്ചെറുക്കൻ്റെ കടന്നുപിടുത്തമായി മാറി.അതോടെ അമ്മായിയുടെ അനുകമ്പയും വറ്റി.

പിന്നെ… പിന്നെ… അവളുടെ നിറഞ്ഞകണ്ണുകളിലെ മാപ്പിരക്കൽ താൻ പല വഴിവക്കിലും കണ്ടില്ലെന്നു നടിച്ചു.

ഒരു പാഴ്മരത്തിലെ ഇത്തിൾക്കണ്ണിയാവാൻ താനവളെ അനുവദിച്ചില്ല.പേരിന് എനിക്ക് അഞ്ചുസഹോദരിമാർ ഉണ്ടെങ്കിലും അവരെയൊക്കെ രണ്ടാം വേളിക്കാരിയുടെ ഇരകളാക്കാൻ താൻ കാരണക്കാരനായതു കൊണ്ടും അവർക്ക് അമ്മയില്ലാതാക്കിയതുകൊണ്ടും എന്നെ കാണുന്നത് തന്നെ അവർക്കൊക്കെ ചതുർത്ഥിയായിരുന്നു.അവരുടെയൊക്കെ ദൃഷ്ടികളിൽ ഞാൻ മനുഷ്യനായി പിറന്ന ഒരു നിർവ്വികാരൻ മാത്രമായിരുന്നല്ലോ ?

അച്ഛന്റെ രണ്ടാം വേളി പ്രതികരിച്ചുതുടങ്ങിയതുകൊണ്ട് വീട്ടിൽ വീണ്ടും കുഞ്ഞിക്കരച്ചിലുകൾ ഉയർന്നു തുടങ്ങി.

അതോടെ പ്ലസ് ടൂ വിൻ്റെ നിറപ്പൊലിമയിൽ എൻ്റെ പഠനലോകം വിരാമമിട്ടു.

പിന്നെ അധികം അലഞ്ഞു തിരിയാതെ തന്നെ കൂടെ പഠിച്ച വിഷ്ണുവിന്റെ അച്ഛന്റെ പലവ്യഞ്ജനകടയിൽ ഒരു ജോലി അവൻ തരപ്പെടുത്തി തന്നു.എന്നെ ശരിക്കും മനസ്സിലാക്കിയിരുന്ന എൻ്റെ ഏക സുഹൃത്തും അവൻ തന്നെയായിരുന്നു.

ആ കടയിലെ എന്നും വൈകിട്ടത്തെ ഒരു നിത്യസന്ദർശകയ്ക്കാണ് ഈ പാഴ്മരത്തിൽ പടർന്നുപന്തലിക്കാൻ ഒരു മോഹം തോന്നിയത്. ദാരിദ്ര്യത്തിൻ്റെ പടിപ്പുരയിൽ നിന്ന് ഓരോ സാധനങ്ങളും അണുകിട കണക്കുകൾ പിഴയ്ക്കാതെ മനക്കണക്കുകളിൽ കൂട്ടി വാങ്ങുന്ന അവൾ ഏറെ അഭിമാനിയായിരുന്നു. തൻ്റെ പറ്റ് ഓഫർ അവൾ പലപ്പോഴും നിഷ്ക്കരുണം നിരസിച്ചു.
തമ്മിൽ കൂട്ടിമുട്ടി ആഴത്തിലിറങ്ങിയ ഞങ്ങളുടെ കണ്ണുകളെയും ഹൃദയത്തെയും വഞ്ചിക്കാതെ ഒരിക്കൽ എൻ്റെ ജീവിതത്തിലേക്ക് ഞാനവൾക്ക് സ്വാഗതം പറഞ്ഞു.

അധികം താമസിയാതെ തന്നെ ആനയും ,അമ്പാരിയും
അകമ്പടികളൊന്നുമില്ലാതെ
അവളെഞാനെൻ്റെ ജീവിതസഖിയാക്കി.

കാലം കടന്നുപോകെ..ഒരിക്കൽ ഞങ്ങളുടേതായ സ്വകാര്യനിമിഷങ്ങളിലൊന്നിൽ അവളെൻ്റെ മാറിൽ പറ്റിച്ചേർന്നുകിടന്നെന്നോടു ചോദിച്ചു…

” ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഏട്ടൻ എന്താണാഗ്രഹിക്കുക?”

അവളുടെ കവിളിൽ മെല്ലെ വിരലുകളോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“എൻ്റെ അമ്മയുടെ വയറ്റിൽ ഒരു മകനായി..ഇങ്ങനെയൊരു പാഴ്മരമായി വീണ്ടും ജനിക്കാൻ”
അതുകേട്ടന്തം വിട്ടെന്നെ ഒരു ഞെട്ടലോടെ അവൾ നോക്കി.

ഞാനപ്പോഴും അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു.

ജസിയ ഷാജഹാൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com