മലയാളിമനസ്സ് ലെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 48ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
പട്ടാളക്കഥകളിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച എഴുത്തുകാരനായ കോവിലൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ. വി.വി. അയ്യപ്പൻ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
കോവിലൻ (09/07/1923- – 02/06/2010)

വട്ടംപ്പറമ്പിൽ വേലപ്പൻ മകൻ അയ്യപ്പൻ തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്തുള്ള കങ്ങാണിശ്ശേരിയിൽ വട്ടംപറമ്പിൽ വേലപ്പൻ്റെയും കാളിയുടെയും മകനായി ജനിച്ചു. കങ്ങാണിശ്ശേരി എക്സൽ സിയർ എൽ. പി. സ്ക്കൂൾ നെന്മേനി ഹയർ എലിമെൻ്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പാവറട്ടി സംസ്കൃത കോളേജിൽ ചേർന്നെങ്കിലും ക്വിറ്റ് ഇന്ത്യാ സമാരാവേശത്താൽ പഠനം ഉപേക്ഷിച്ച് റോയൽ ഇൻഡ്യൻ നേവിയിൽ ചേർന്നു. പിന്നീട് ആർമിയിൽ ചേർന്ന് സിഗ്നൽ കോറിൽ റേഡിയോ മെക്കാനിക്കായി ജോലി ചെയ്തു.
അക്ഷരങ്ങളെ ആയുധമാക്കിയ എഴുത്തുകാരനാണ് കോവിലൻ. പട്ടാളജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയും നോവലും മറ്റുമാണ് കോവിലനെ സാഹിത്യകാരന്മാരുടെ ഇടയിലേക്ക് എത്തിച്ചത്.
തോറ്റങ്ങൾ, ശകുനം, ഹിമാലയം, എ മൈനസ് ബി, ഏഴാമെടങ്ങൾ, താഴ്വരകൾ, ഭരതൻ, ഒരു കഷണം അസ്ഥി, ഒരു പലം മനയോല, ആദ്യത്തെ കഥകൾ, അച്ഛൻ്റെ കുട്ടി, സുജാത തുടങ്ങിയവയാണ് പ്രധാന കൃതികൾ. തോറ്റങ്ങൾ ബോധധാരാ വിഭാഗത്തിൽ പെടുന്നവയാണ്!
പട്ടാളക്കഥകളെഴുതിയാണ് സാഹിത്യ രംഗത്തേയ്ക്ക് വന്നതെങ്കിലും പിന്നീട് മനുഷ്യ ജീവിതത്തിൻ്റെ എല്ലാ വശങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള രചനകളാണ് ഉണ്ടായത്. പലപ്പോഴും ദാർശനികൻ്റെ മനോഭാവം ആ കൃതികളിൽ കാണാം. അതു കൊണ്ടു തന്നെ അവയ്ക്ക് ഒരു പ്രത്യേക ശക്തിയുണ്ട്. ഏതു പ്രതിസന്ധിയിലും തളരാതെ ആവേശത്തോടെ മുന്നേറുന്ന ഒരു പൗരുഷം കോവിലൻ്റെ മനസ്സിലുണ്ട്. അത് ജീവിത പാരുഷ്യത്തിൻ്റെ കഥകളായി തീർന്നു. ശക്തമായ കഥാപാത്രാവിഷ്ക്കാരവും ജീവിതാവസ്ഥകളുടെ സന്ദേശവും കൊണ്ട് ശ്രദ്ധേയമാണ് കോവിലൻ്റെ കൃതികൾ. മൗലിക സങ്കല്പങ്ങൾ സൃഷ്ടിക്കാനുള്ള കരുത്തും അവയിൽ കാണാം!
പട്ടാളക്കഥകളായാലും നാട്ടിൻപുറങ്ങളിലെ ജീവിതമായാലും താഴെക്കിടയിലുള്ളവരാണ് കോവിലൻ്റെ മനസ്സിലും കൃതികളിലും
സ്ഥാനം നേടുന്നവർ. അധീശവർഗ്ഗത്തിൻ്റെ ശാസനകൾക്കും അധികാരപ്രമത്തതയ്ക്കും മുമ്പിൽ ആ മനസ്സ് വഴങ്ങുകയില്ല. ഈ മനോഭാവം അദ്ദേഹത്തിൻ്റെ കൃതികളിലും കാണാം.
കഥകളുടെ യാഥാർത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്ക്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലൻ്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ തൻ്റെ കൃതികളിൽ ആവിഷ്ക്കരിച്ചു. അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.
ഉണ്ണിമോളുടെ മനസ്സിലൂടെ കാലത്തെ പുനഃസൃഷ്ടിക്കുന്ന രീതിയിൽ രചിച്ചിട്ടുള്ള ‘തോറ്റങ്ങൾ’ക്ക് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചു. ‘തട്ടകം’ ത്തിന് കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ് എന്നിവ ലഭിച്ചു. കൂടാതെ എഴുത്തച്ഛൻ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്ക്കാരം, മുട്ടത്തുവർക്കി അവാർഡ്, കേരള സാഹിത്യ പരിഷത്ത് അവാർഡ്, എൻ.വി.പുരസ്കാരം, ബഷീർ പുരസ്ക്കാരം തുടങ്ങി നിരവധി സമ്മാനങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 87ാം വയസ്സിൽ 2010 ജൂൺ 2 ന് അദ്ദേഹം കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕🌹




Thank You Sri.Raju Sankarathil Sir 🙏❤️🥰