പ്രാർത്ഥനയുടെ ശക്തി (ലൂക്കോ.18:1-8)
“ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ, ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രീയ നടത്തി രക്ഷിക്കയില്ലയോ?” (വാ. 7).
മനുഷ്യ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രസക്തിയും അതിന്റെ ശക്തിയും ഗ്രഹിക്കുവാൻ സാധിച്ചാൽ, നിശ്ചയമായും അതൊരു അനുഗ്രഹമായിരിക്കും.
തിരക്കു പിടിച്ച ജീവിതത്തിൽ പലരും പ്രാർത്ഥിക്കുവാൻ മറന്നു പോകാറുണ്ട്.
ഓർക്കുക: ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വരദാനമാണു പ്രാർത്ഥന. ഒരാൾ ദൈവ മുഖത്തേക്കു നോക്കി പ്രാർത്ഥിക്കുമ്പോൾ, അയാൾ തന്റെ ദൈവാശ്രയം വ്യക്തമാക്കി, തന്റെ കഴിവില്ലായ്മ ഏറ്റു പറയുകയയാണു ചെയ്യുന്നത്. ഒപ്പം, ദൈവത്തിന്റെ സഹായം അയാൾ തേടുകയും ചെയ്യുന്നു. ദൈവവുമായി,
അഭേദ്യവും ദൃഢവുമായ ഒരു ബന്ധത്തിലേക്കു പ്രവേശിക്കുകയാണ് അയാൾ ചെയ്യുന്നത്. ദൈവം എക്കാലവും ആഗ്രഹിക്കുന്നതും അതാണ്. സ്വയത്തിൽ ആശ്രയിക്കുന്ന ആർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ആകയില്ല.
പ്രാർത്ഥന വിശ്വാസിയുടെ ജീവശ്വാസമാണ്. ജോലിത്തിരക്കു മൂലം പ്രാർത്ഥിക്കാൻ കഴിയുന്നില്ല എന്നു പറയുന്നവർ, അക്കാരണത്താൽ അവർ ശ്വസിക്കുവാൻ മറന്നു
പോകാറുണ്ടോ എന്നു സ്വയം ചോദിക്കണം. ഇല്ല എന്നായിരിക്കുമല്ലോ ഉത്തരം. അങ്ങനെയെങ്കിൽ, പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്താനും അവർക്കാകും. നവീകരണ കർത്താവായ മാർട്ടിൻ ലൂഥർ പ്രാർത്ഥനയെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:
“എനിക്കു എത്രയധികം ജോലിഭാരം കൂടുന്നുവോ, അത്രത്തോളം എന്റെ പ്രാർത്ഥനാ സമയവും ഞാൻ വർദ്ധിപ്പിക്കും. പ്രാർത്ഥിക്കാത്ത ദിവസം എനിക്കു തോൽവി സംഭവിക്കുന്ന ദിവസം ആയിരിക്കും”.
ഓർക്കുക: അധിക ജോലിയിൽ ഏർപ്പെട്ടു പരാജയവും ദുഃഖവും കൈവരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് പ്രാർത്ഥിച്ചതിനു ശേഷം വിജയകരമായും സംതൃപ്തമായും ജീവിതം നയിക്കുവാൻ കഴിയുന്നത്?
പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചാണു ധ്യാന ഭാഗത്തു കർത്താവ് സൂചിപ്പിക്കുന്നത്. “ഇടവിടാതെ പ്രാർത്ഥിപ്പീൻ” (1 തെസ്സ. 5:17) എന്നാണ് വി. പൗലൊസ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. “എല്ലായ്പോഴും പ്രാർത്ഥിക്കുന്ന ഒരു മാനസ്സീകാവസ്ഥയിൽ ജീവിക്കുക” എന്നാണ് അതിനർത്ഥം. ചൈനയിൽ ബോൾഷെവിക്കു വിപ്ലവം നടന്ന കാലത്ത്, ഒരു ക്രൈസ്തവ വിശ്വസിയെ കൊല്ലുന്നതിനായി കൊണ്ടു പോയപ്പോൾ,
പുഞ്ചിരിക്കുന്ന മുഖവുമായാണ് അയാൾ കൊലമരത്തിലേക്കു നടന്നു പോയത്! പ്രാർത്ഥനാ ജീവിതം ഉള്ളവർക്കു മാത്രമേ ഏതു സാഹചര്യത്തേയും പുഞ്ചിരിയോടു കൂടി നേരിടാനാകൂ.
മടുത്തു പോകാതെ പ്രാർത്ഥിക്കുവാൻ നമുക്ക് ആകട്ടെ.. ദൈവം സഹായി
ക്കട്ടെ..
ചിന്തയ്ക്ക്: ദൈവ മുഖത്തേക്കു നോക്കുന്നവരുടെ മുഖം എപ്പോഴും പ്രകാശിത
മായിരിക്കും!




🙏🙏