Thursday, July 17, 2025
Homeസ്പെഷ്യൽ"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 3) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 3) ✍ രവി കൊമ്മേരി, UAE

നീ കോഴി വിറ്റ് വിറ്റ് തന്‍റെ മോനേം കോഴിയാക്കി. എന്താ ചെയ്യ. രാമഭദ്രന്‍ ജാനുവിനോട് ഒരിക്കൽകൂടി പറഞ്ഞു.
തുടർച്ച👇👇👇

സമയം സന്ധ്യയായി നല്ല പാല പൂത്ത മണം ഒഴുകി വരുന്നു. ഗന്ധര്‍വ്വന്മാരുടെ സഞ്ചാരത്തിന് ഇനി അധികം സമയമില്ല. കുഞ്ഞുനിലാവില്‍ ഇളം തെന്നല്‍ താലോലമാട്ടുന്ന തെങ്ങോലകള്‍ തൂത്തു വൃത്തിയാക്കുന്ന നടവഴികള്‍. അമിതമായിട്ടില്ലെങ്കിലും അത്യാവശ്യം നന്നായിട്ടു തന്നെ മിനുങ്ങിയിട്ടുണ്ട് രാമഭദ്രൻ. നിലത്തുറയ്ക്കാത്ത കാലുകളുമായി ആ തെങ്ങോലകളെ ചവിട്ടി മെതിച്ചുകൊണ്ട് വീട്ടിലേക്ക് കടന്നുവന്ന അവന്റ അടുത്തേയ്ക്ക് മകൾ രമ്യ ഓടിവന്നു,
ഇന്നലെ രാത്രി അച്ഛൻ ഒത്തിരി വൈകി വന്നതിനാൽ അച്ഛനെ കാണാനും, അച്ഛന്റെ മടിയിലിരുന്ന് മിഠായി തിന്ന് ആ കവിളിൽ ഒരുമ്മ നല്കാനും മകൾക്ക് കഴിഞ്ഞില്ല. രാമഭദ്രൻ എന്ന് നേരത്തെ വീട്ടിൽ വരുന്നോ അന്നൊക്കെ മകൾക്ക് ഓരോ മിഠായി കൊണ്ടുവരുന്നത് പതിവായിരുന്നു. എത്ര വെള്ളമടിച്ചാലും അത് മുടക്കാറില്ല.

അച്ഛന്റെ മടിയിലിരുന്ന് മിഠായി തിന്ന് ആ കവിളിൽ ഒരു ഉമ്മ നല്കി ഉറങ്ങാൻ പോകുന്നത് അവൾക്കൊരു പതിവായിരുന്നു. നിദ്രയുടെ ആലസ്യത്തില്‍ സ്വപ്നങ്ങളുടെ കാണാക്കയത്തിലേക്ക് വഴുതിവീഴുമ്പോള്‍, ഓര്‍മ്മകളില്‍ നാവിലൂറുന്ന മിഠായി മധുരം ആവോളം നുകര്‍ന്നുകൊണ്ട് അവള്‍ പറയാറുണ്ടായിരുന്നു ‘ അച്ഛാ ചക്കര ഉമ്മ ‘ എന്ന്. ഏതുറക്കത്തിലും അത് കേള്‍ക്കുമ്പോള്‍ രാമഭദ്രന്‍ മകളെ തന്നോട് കൂടുതല്‍ ചേര്‍ത്ത് കിടത്തുമായിരുന്നു.

ഒരേ ഒരു മകൾ… മാലാഖയെപ്പോലവൾ പാറണം. പഠിച്ചു വല്ല്യ ആളാവണം. ഡിഗ്രി വരയേ രാമഭദ്രൻ പഠിച്ചുള്ളൂ എങ്കിലും തന്റെ മകളെ പഠിപ്പിച്ച് വലിയ നിലയിലാക്കണം എന്ന് എല്ലാവരേയും പോലെ അവന്റെയും ആഗ്രഹമായിരുന്നു. പഠിപ്പിന്റെ കാര്യത്തിനാണെന്ന് പറഞ്ഞാൽ അവൻ എവിടുന്നെങ്കിലും കാശു ശരിയാക്കിക്കൊണ്ടു വരും.

കാത്തിരുന്ന കാർമുകിൽ മാനത്ത് പത്തി വിടർത്തിയാടി. “നിറകുടം നിറഞ്ഞൊഴുകി ധരണി തൻ മേനി കുളിരണിഞ്ഞു “. കിഴക്കൻ ചക്രവാളത്തെ ചുംബിച്ച മണവാളൻകുന്ന് മലനിരകൾക്ക് മീതെ പുത്തൻ നാമ്പുകൾ കിളിർത്തു. രാമഭദ്രൻ കാലത്ത് ചന്തയിലേക്ക് പോകാൻ ഇറങ്ങവെ വീടിന്റെ തൊട്ടടുത്തുള്ള തോമാച്ചായന്റെ വീട്ടുമുറ്റത്ത് ഒരു പോലീസ് വണ്ടി വന്നു നിൽക്കുന്നത് കണ്ട് ഒന്നറച്ചു. അവന്റെ വീട്ടുമുറ്റത്ത് വരെ വാഹനങ്ങൾ വരില്ല, അങ്ങിനെ വരുമ്പോൾ ?…….

ഒരു പാട് ചിന്തകൾ ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി. കാറ്റിരംബലിനൊത്ത് തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. അഹങ്കാരത്തോടെ കലിയിളകിവന്ന തിരമാലകള്‍ ആര്‍ദ്രമായ തീരത്തെ തഴുകി കടന്നുപോയി. അപ്പഴാണ് അതിന്നു പിറകെ ഒരു ലോറി സാധനങ്ങളുമായി വന്നത്. ഓ…. അവിടെ പുതിയ വാടകക്കാര് വരുന്നു എന്ന് തോമാച്ചൻ പറഞ്ഞിരുന്നു. അതിനിപ്പം എന്തിനാണാവോ പോലീസും പട്ടാളവുമൊക്കെ. എന്തായാലും ചെന്നു നോക്കാം..
എടിയേ… നമ്മുടെ തോമാച്ചാന്റെ വീട്ടിൽ പുതിയ വാടകക്കാര് വന്നൂന്ന് തോന്നുന്നു. ഞാനേതായാലും ഇറങ്ങുകയാ. ഒന്നവിടേ കൂടെ കയറിയിട്ട് പോവാം. നീ മോള് ഉണർന്നാൽ പറഞ്ഞേക്ക് അവള് പറഞ്ഞ കളർ പെൻസിൽ വൈകീട്ട് വരുമ്പോൾ കൊണ്ടുവരാമെന്ന്.

രാമഭദ്രന്‍ തോമാച്ചന്‍റെ വീട്ടുമുറ്റത്തെത്തി. ങ്ഹാ.. സാറേ നിങ്ങളെവിടുന്നാ.. പുതിയ താമസക്കാരാ അല്ലേ.?
ഉം… അതെ. ആദ്യം വന്ന കാറില്‍നിന്ന് ഇറങ്ങിയ ആളാണ്‌ ഉത്തരം പറഞ്ഞത്.
ഞാൻ രാമഭദ്രൻ. ദാ… അതാണ് വീട്. അയൽവാസിയാ.. തോമാച്ചൻ പറഞ്ഞിരുന്നു ഒരു പാർട്ടി വരുന്നൂന്ന്. പക്ഷേ.. അരാന്നോ.. എവിടുന്നാന്നോ പറഞ്ഞില്ല. അപ്പോഴേക്കും ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ അതിൽ വന്നവർ ഇറക്കാൻ തുടങ്ങിയിരുന്നു. ഉടനെ രാമഭദ്രൻ ഒരു തൊഴിലാളിയായി. അവനും അവർക്കൊപ്പം കൂടി ആ സാധനങ്ങൾ ഒക്കെ വേണ്ടരീതിയിൽ വേണ്ടുന്ന സ്ഥലങ്ങളിൽ ഇറക്കി വച്ചു. കാശും വാങ്ങി ലോറിക്കാര് പോകാൻ തുടങ്ങവേ രാമഭദ്രന്‍ ഓടിച്ചെന്ന് തന്റെ കൂലി ചോദിച്ചു. വഴക്കായി.

ഞാനീ നാട്ടിലെ ചുമട്ട് തൊഴിലാളിയാണെന്നും, സാധനം ഇറക്കിയിട്ടുണ്ടെങ്കിൽ കൂലി തന്നിട്ടേ ഇവിടുന്ന് പോകാൻ കഴിയുള്ളൂ എന്നായി രാമഭദ്രൻ. ലോറിയിലുണ്ടായിരുന്നവരുടെ നേതാവ് ചാടി താഴെ ഇറങ്ങി രാമഭദ്രനെ തല്ലാൻ വന്നു. ഒരേ ഒരടിയേ രാമഭദ്രൻ അവനെ അടിച്ചുള്ളൂ. രണ്ടാമത് അടിക്കാൻ കൈപൊക്കിയതും വീട്ടിനുള്ളിൽ നിന്ന് ശ്രേയ ടീച്ചറും കുടുംബവും പുറത്തേക്ക് ഇറങ്ങി ഓടി വന്നു.
ഹേയ്… എന്തായിത്.. എന്തിനാ നിങ്ങൾ തല്ലുകൂടുന്നത്..? ടീച്ചർ ചോദിച്ചു.
സാധനവുമായി വന്നവരെല്ലാം ഉടനെ തലേൽ കെട്ടും അഴിച്ച് ഒന്നും മിണ്ടാതെ നിന്നു.
ചോദിച്ചത് കേട്ടില്ലേ. എന്തിനാ നിങ്ങൾ തല്ലുകൂടുന്നതെന്ന് ?
ശ്രേയ ടീച്ചറുടെ ഭർത്താവാണ് പിന്നീട് ചോദിച്ചത്. ആ ചോദ്യത്തിന് ഇത്തിരി ഘനം കൂടുതലായിരുന്നു.

തുടരും …..

രവി കൊമ്മേരി, UAE✍

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ