തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. വാക്ക് പാലിക്കുക എന്നത് ഒരു മനുഷ്യന്റെ തികഞ്ഞ വ്യക്തിത്തവും. കഴിഞ്ഞ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച ജനക്ഷേമപ്രവർത്തനങ്ങളിൽ പലതും ലഭ്യമാവാത്തതിനാലാണല്ലോ വോട്ടർമാർ ഇക്കുറി മറിച്ചുകുത്തിയത്.
മികച്ച വിജയം നേടി അധികാരം കയ്യിലെത്തിയപ്പോൾ വാക്കുകൾ പലതും അനസ്തീഷ്യയിൽ മയങ്ങിക്കിടക്കുകയാണ്. സ്ത്രീസുരക്ഷ മുടങ്ങുന്നുവെന്ന ആരോപണം ഡെമോക്ലീസിന്റെ വാള് പോലെ തലക്ക്മീതെ തൂങ്ങിക്കിടക്കുന്നു. വാർദ്ധക്യപെൻഷൻ 3000/- ആക്കുമെന്ന് പറഞ്ഞത് ഇപ്പോൾ പെരുവഴിയിലാണ്. 1600/- ൽ നിന്ന് 2000/- ത്തിലേക്കെത്താൻ LDF ന് പത്തുകൊല്ലം വേണ്ടി വന്നല്ലോ, അത്രയൊന്നും വേണ്ടിവരില്ല ഞങ്ങൾക്ക് എന്ന മുഖ്യമന്ത്രിയുടെ വാക്ക് ജനങ്ങളിൽ ചെറിയൊരു വിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.
ഏത് സർക്കാരായാലും വേണ്ടില്ല ഒരു കാര്യം ഓർത്താൽ നന്നു. നിങ്ങളെക്കാൾ, നിങ്ങളുടെ സർക്കാർ ഉദ്യോഗസ്ഥരെക്കാൾ പഠിപ്പും വിവരവും ഉള്ളവരാണ് ഇന്ന് നിങ്ങളുടെ ഈ ഔദാര്യമായ 2000/- കൈനീട്ടി വാങ്ങുന്നവർ. പിൻവാതിലുകൾ തേടി ഞങ്ങൾ നടന്നില്ല. വ്യാജസർട്ടിഫിക്കറ്റുകളും ഉണ്ടാക്കിയില്ല എന്ന കുറവുകൾ ഞങ്ങൾക്കുണ്ട്. മറിയക്കുട്ടിയെക്കൊണ്ട് പിച്ചച്ചട്ടി എടുപ്പിച്ചത് ചരിത്രത്തിൽ ഇടംപിടിക്കും എന്ന് ഓർക്കുക. പ്രതിമകൾക്ക് കോടികൾ നീക്കി വെച്ചത് ഞങ്ങളുടെ പണമാണ്. ആനപ്പുറത്തു കയറിയിരുന്ന് വേലി പൊളിക്കരുത്.
ബാങ്കുകാരും ലോൺ ആപ്പുകാരുംകൂടി കുടിയിറങ്ങിപ്പോയ കറുത്ത ഒരു കാലഘട്ടത്തെ വീണ്ടും തിരിച്ചു കൊണ്ടുവന്നിരിക്കയാണ്. കുടിയിറക്കുന്ന രീതി തീർത്തും വേരറ്റു പോയതായിരുന്നു. ഇപ്പോൾ ഇതാ ഇത് നിത്യകാഴ്ച്ചയായി മാറിയിരിക്കുന്നു. ചങ്ക് കൊടുത്തും ചോര കൊടുത്തും ഒരു പ്രസ്ഥാനം നേടിയെടുത്തതാണ് കൃഷിഭൂമി കർഷകന് എന്ന നിയമം. ഭൂമിയില്ലാത്തവന് ഭൂമി എന്ന നിയമം.
ഇപ്പോളും ഈ നാട്ടിൽ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ എത്രയുണ്ടെന്ന് അറിയാമോ സർക്കാരേ..?
ഓർത്താൽ തിരിച്ചറിഞ്ഞാൽ നല്ലത്



