മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമം. മദ്യലഹരിയിൽ സ്റ്റേഷനിൽ അതിക്രമിച്ചുകയറി പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസുകാരനെ മർദിക്കുകയും ചെയ്തു. പൊലീസ് വാഹനം അടിച്ചു തകർത്തു. ഇന്നലെ രാത്രിയിൽ നടന്ന അതിക്രമത്തിൽ മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി ഹംസത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
മട്ടാഞ്ചേരി അൽത്താർ ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന വിവരത്തെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസിനെ കണ്ട് ഹംസത്ത് ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിനു ശേഷം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ ഹംസത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.
അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസും അകത്തെ റിയർവ്യൂ മിററൂം പ്രതി തകർത്തു. പൊലീസ് വാഹനത്തിന് ഏകദേശം 40,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.



