ഫാല്: മണിപ്പൂരില്‍ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികള്‍ക്കുനേരെ സായുധസംഘം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇംഫാല്‍ ഈസ്റ്റ് കാങ്പോക്പി ജില്ലാ അതിർത്തിയില്‍ രാവിലെ ഏഴോടെയായിരുന്നു ആക്രമണം. മൂന്ന് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ രണ്ട് മൃതദേഹങ്ങളുമായി മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ വസതിക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് മൃതദേഹങ്ങള്‍ ജവഹർലാല്‍ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്ക് മാറ്റി.
ഇംഫാല്‍ ഈസ്റ്റിലെ നോങ്ഷും ഗ്രാമത്തിന് സമീപമുള്ള കുന്നിൻപ്രദേശത്ത് വിറക് ശേഖരിക്കാനെത്തിയ 16 അംഗ സംഘത്തിനുനേരെയാണ് അക്രമികള്‍ വെടിയുതിർത്തത്. അരുബാം റോണില്‍ (35), ലൈറെൻലക്പം ഇനാവോബി (51), ക്ഷേത്രിമയൂം സുശീല്‍ (32) എന്നിവരാണ് മരിച്ചത്. റോണിലും ഇനാവോബിയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുശീല്‍ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ എൻ. സുരാജ് (19), മെയ്നാം സോമേന്ദ്രോ (53), കെ. ബോസൻ (45) എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായ മൂന്ന് പേർക്കായി തിരച്ചില്‍ തുടരുകയാണ്. വിറക് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായതെന്ന് പരിക്കേറ്റ ഒരാള്‍ പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നാലെ ഇംഫാലിലെ വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. മേഖലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശനിയാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കാംജോങ് ജില്ലയിലെ ചസ്സാദ് ഗ്രാമത്തില്‍ രാത്രിയില്‍ കുക്കി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള 15 വീടുകളെങ്കിലും കത്തിച്ചതായി അധികൃതർ അറിയിച്ചു.
നോട്ടപ്പുള്ളികളായ സായുധസംഘമാണ് വീടുകള്‍ക്ക് തീയിട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെത്തുടർന്ന് നിരവധി പേർ കാടുകളിലേക്കും സമീപത്തെ സൈനിക ക്യാമ്പിലേക്കും അഭയം തേടി. ഇന്നലെ ഗ്രാമത്തില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊല്ലപ്പെടുകയും നാലുപേർക്ക് വെടിയേല്‍ക്കുകയും ചെയ്തതായും ഒരു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 2023 മുതല്‍ മണിപ്പൂരില്‍ തുടരുന്ന വംശീയ സംഘർഷങ്ങള്‍ക്കിടയിലാണ് പുതിയ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നത്.



