അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ ലഭിച്ചിരുന്ന സംഭാവനയിൽ നിന്ന് പ്രതികൾ ദിവസേന 6 മുതൽ 8 ലക്ഷം രൂപവരെ മോഷ്ടിച്ചിരുന്നതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അപഹരിച്ച പണം ഉപയോഗിച്ച് പ്രതികളിൽ ചിലർ വിലപിടിപ്പുള്ള ഭൂമിയും ആഡംബര വാഹനങ്ങളും സ്വന്തമാക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ല, രാമക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുടിവെള്ളം വിൽക്കുന്ന തൊഴിലിലായിരുന്നു. പിന്നീട് മാസം 14,000 മുതൽ 15,000 രൂപ വരെ ശമ്പളത്തിൽ ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തിൽ ജോലി ലഭിച്ചു. ഈ ചുമതല വഹിക്കുന്നതിനിടെയാണ് ദിവസേന ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മോഷ്ടിച്ച പണം ഉപയോഗിച്ച് അവിനാശ് ശുക്ല അയോധ്യയിൽ പുതിയ വീട് നിർമിക്കുകയും ഒരു എസ്‌യു.വി. കാർ വാങ്ങുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. മറ്റൊരു പ്രതിയായ ലവ്കുശ് മിശ്ര ബാനിപുർ മേഖലയിൽ ഏകദേശം 25 ലക്ഷം രൂപ വിപണിവിലയുള്ള ഭൂമി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്വത്ത് സമ്പാദ്യം സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കേസിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരിൽ നിന്നുമെടുത്ത മൊഴികളും അന്വേഷണത്തിന് നിർണായകമായി. നേരത്തെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ പ്രതിദിനം 16 മുതൽ 18 ലക്ഷം രൂപവരെ മാത്രമാണ് നിക്ഷേപിച്ചിരുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ മൊഴി നൽകി. എന്നാൽ തട്ടിപ്പ് പുറത്തായതിനു ശേഷം ഈ തുക 24 മുതൽ 26 ലക്ഷം രൂപയായി ഉയർന്നു. ഈ വ്യത്യാസമാണ് പ്രതികൾ ദിവസേന ഏകദേശം എട്ടുലക്ഷം രൂപവരെ അപഹരിച്ചിരുന്നതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
മഹാകുംഭമേള നടന്ന കാലത്ത് ക്ഷേത്രത്തിൽ സംഭാവന വർധിച്ചതിനാൽ, ആ ദിവസങ്ങളിൽ ഇതിലും വലിയ തുകയാണ് പ്രതികൾ കൈക്കലാക്കിയിട്ടുണ്ടാകാമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.



