പുരാണകഥകൾ ചരിത്രങ്ങളായി സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അതെഴുതിയ കാലത്ത് ജനങ്ങൾക്കുണ്ടായിരുന്ന ആചാരവിശ്വാസാദികൾ, അവയിൽ ഒട്ടൊക്കെ പ്രതിഫലിക്കാതിരിക്കുകയുമില്ല. രഘുവംശം ആറാം സർഗ്ഗത്തിൽ ഇന്ദുമതീസ്വയംവരം വർണ്ണിക്കുന്നുണ്ടല്ലോ. അക്കാലത്ത് അങ്ങിനെ നടപ്പുണ്ടായിരുന്നില്ലെങ്കിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും വിശ്വസിക്കാതിരിക്കാൻ കഴിയില്ല. ദിലീപിനു പുത്രനുണ്ടാവായ്കയാൽ വസിഷ്ഠാശ്രമത്തിൽ പോയി ഗുരുവായ വസിഷ്ഠ മഹർഷിയോട് പരിഹാരമന്വേഷിച്ചുവെന്ന് രഘുവംശം ഒന്നാം സർഗ്ഗത്തിലും പറയുന്നുണ്ട്. അതുപോലെ തന്നെയാണ് ഈ പരശുരാമകഥയും.
പരശുരാമനെപ്പറ്റിയുള്ള കഥകൾ നമ്മുടെ കേരളത്തിലോ കാസർഗോഡിന് വടക്ക് ഗോകർണ്ണംവരേയുള്ള കേരളത്തിലോ മാത്രമല്ല ഉള്ളത്. ഗോകർണ്ണം മുതൽ സൂററ്റ് വരെയുള്ള കടൽക്കരയിലും പരശുരാമനെ കുറിച്ചുള്ള കഥകൾ കേൾക്കാം. ആ കഥകൾക്കു തമ്മിൽ ഐകരൂപ്യമില്ലെങ്കിലും എല്ലാംതന്നെ പരശുരാമനേയും അദ്ദേഹത്തിൻ്റെ വീരപരാക്രമങ്ങളേയും പുകഴ്ത്തികൊണ്ടുള്ള കഥകൾ തന്നെയാണ്. മാത്രമല്ല ക്ഷത്രിയാദി പ്രബലന്മാരായ ദുഷ്ടന്മാരെയുദ്ധത്തിൽ തോൽപ്പിച്ചതായും ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തതായും മറ്റുമുള്ള കഥകൾ എല്ലാറ്റിലു മുണ്ടുതാനും.
മലയാളത്തിൽ ബ്രഹ്മാണ്ഡപുരാണം, കേരളാ മാഹാത്മ്യം, കേരളോല്പത്തി എന്നിങ്ങനെയുള്ള പല ഗ്രന്ഥങ്ങളിലും പരശുരാമകഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാണ്ഡപുരാണത്തിൽ കേരളമാഹാത്മ്യം എന്ന പേരിലാണ് കേരളത്തെ കുറിച്ചുള്ള വിവരണം ഉള്ളത്.അതിൽ 100 അദ്ധ്യായങ്ങളും 2119 ശ്ലോകങ്ങളും അതിനായി ഉപയോഗിച്ചു കാണുന്നു. ഈ കഥകളിൽ എല്ലാം പരശുരാമൻ മഴുവെറിഞ്ഞു ഭൂമിയുണ്ടാക്കി ദാനം ചെയ്തതായി പറയുന്നുണ്ട്. കേരളോല്പത്തിയിലേയും കഥ ഇതുതന്നെയാണ്. തുളുനാട്ടിലെ (കർണ്ണാടക, ഹവ്യദേശങ്ങൾ) പരശുരാമകഥയ്ക്കാധാരമായിരിക്കുന്നത് സ്കന്ദപുരാണമാണ്. അതിൽ പറഞ്ഞിരിക്കുന്നത് ” പരശുരാമൻ സഹ്യാദ്രിയിൽ നിന്ന് തെക്കോട്ട് മഴുവെറിഞ്ഞുവെന്നും അതിൻ്റെ ഫലമായി കന്യാകുമാരി മുതൽ നാസികാത്രയംബകം വരെയുള്ള ഭാഗത്തെ കടൽമുഴുവൻ നീങ്ങിയെന്നും അത് ബ്രാഹ്മണർക്കായി ദാനം ചെയ്തുവെന്നുമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി തുളുനാട്ടിൽ “ഗ്രാമപദ്ധതി”” “ലോകാദിത്യപദ്ധതി ” എന്നിങ്ങനെ ചില ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ട്.
കൊങ്കണ ദേശത്തും – അഥവാ ഇപ്പോഴത്തെ ഗോവയിലും പരശുരാമനെ കുറിച്ചുള്ള കഥകളുണ്ട്. അതും ഭാർഗ്ഗവ ക്ഷേത്രത്തിൽ ഉൾപ്പെട്ടതാണ്. സരസ്വതീനദീതടത്തിൽ നിന്നും ത്രിഹോത്രപുരത്തെത്തിയ ആര്യ ബ്രാഹ്മണരെ പരശുരാമൻ മാതൃഹത്യാപാപദോഷപരിഹാരാർത്ഥം ഇവിടെ കൊണ്ടുവന്ന് ഭൂമി ദാനം ചെയ്തുവത്രെ. മഹാരാഷ്ട്രയിലും പരശുരാമകഥയ്ക്ക് പ്രാധാന്യമുണ്ട്.
പരശുരാമകഥപോലെതന്നെ പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും പരശുരാമനെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും കന്യാകുമാരി മുതൽ തപ തി വരെ കാണാം. കാസർഗോഡുവരെയുള്ള കേരളത്തിൽ 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും പരശുരാമൻ പ്രതിഷ്ഠിച്ചതായി പറയുന്നുണ്ട്. മംഗലാപുരത്ത് നിന്ന് മൂന്നു നാഴിക കിഴക്കുള്ള കദിര ശിവക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ചതാണത്രെ. ഇതുപോലെ പരശുരാമൻ തുളു – ഹവ്യദേശങ്ങളിൽ അനന്തേശ്വരം – രജത പീഠം (ഉടുപ്പിയിൽ ) കുമാരാദ്രി (സുബ്രഹ്മണ്യത്ത്) കുംഭകാശി (കുന്ദാപുരത്തിനടുത്ത്) കോടിലിംഗേശ്വരം (കുന്ദാപൂർ താലൂക്ക്) കോഡക്ഷേത്രം അതായത് ശങ്കരനാരായണ ക്ഷേത്രം, കൊല്ലൂർ, ഗോകർണ്ണം എന്നിങ്ങനെ സപ്ത ക്ഷേത്രങ്ങൾ പരശുരാമൻ ഉണ്ടാക്കിയതായി പറയുന്നു.ഗോകർണ്ണത്തുനിന്ന് 80 – 85 നാഴിക കിഴക്കുവടക്കായി സ്ഥിതി ചെയ്യുന്ന ഹുബ്ലിയിൽ പരശുരാമനെ തന്നെ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലും പരശുരാമൻ്റെ മാതാവായ രേണുകാദേവിയെ പൂജിക്കുന്ന ആചാരം കണ്ടുവരുന്നു.
ചുരുക്കി പറയുകയാണെങ്കിൽ തപതി മുതൽ കന്യാകുമാരിവരെ പരശുരാമനും ഭാർഗ്ഗവ ക്ഷേത്രവും ബ്രഹ്മണരും ഭൂമിദാനവും പരശുരാമനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും സംബന്ധിച്ച് പലതരത്തിലുള്ള കഥകൾ നടപ്പിലുണ്ട്.
മഴക്കാറുണ്ടായിട്ടും മഴ പെയ്യാതിരിക്കാറുണ്ട്. മഴക്കാറില്ലാതെ നല്ല വെയിലിൽ മഴ പെയ്യാറുമുണ്ട്. എന്നാൽ മഴക്കാറുണ്ടാവുകയും മഴ പെയ്യുകയും ചെയ്താൽ മഴക്കാറിൽ നിന്നുതന്നെയാണ് ആ മഴയുണ്ടായതെന്നു വിശ്വസിക്കാതിരിക്കാൻ കഴിയുകയില്ല. അതുപോലെയാണിത്.കൊളമ്പസിനെ പോലെ ഏതെങ്കിലും ഒരു വീരസാഹസികൻ്റെ നേതൃത്വത്തിലും പുതിയ രാജ്യം കണ്ടു പിടിക്കാറുണ്ട്. കേരളമാകുന്ന പുതിയ രാജ്യം കണ്ടുപിടിക്കുകയും അക്കാര്യത്തിൽ കേരളമൊട്ടുക്കുതന്നെ പരശുരാമനെ ധ്യാന പുരുഷനായി പ്രകീർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് കേരളം ജനവാസ യോഗ്യമായിത്തീർന്നതെന്ന് വിശ്വസിക്കേണ്ടതായി വരും.
പരശുരാമനെപ്പറ്റി മഹാകവി ഉള്ളൂർ സാഹിത്യ ചരിത്രത്തിൽ ഇങ്ങനെ പറയുന്നു: “ആര്യാവർത്തത്തിൽ നിന്നു ദക്ഷിണാപഥത്തിൽ ആദ്യമായി വന്നു ചേർന്ന ബ്രഹ്മർഷിമാരിൽ എല്ലാംകൊണ്ടും പ്രഥമഗണനീയനാണ് ശ്രീ പരശുരാമൻ ” എന്നാണ്.അദ്ദേഹത്തിൻ്റെ അനുചരന്മാരായിരുന്നു നമ്പൂതിരിമാരുടെ പൂർവ്വീകന്മാർ.
പരശുരാമാൻ ആര്യാവർത്തം വിട്ടു തൻ്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രിസ്തുവിനു മുമ്പ് 12-ാം ശതകത്തിൽ വിന്ധ്യ പർവ്വതത്തിന് തെക്ക് കടന്നതായി വിചാരിക്കാവുന്നതാണ്. കേരളത്തിൽ ബ്രാഹ്മണരെ കൊണ്ടുവന്നത് പരശുരാമനാണെന്നുള്ളതിനെപ്പറ്റി ശംശയിക്കേണ്ടതില്ല. ഏതായാലും ഈ പരശുരാമനായിട്ടുള്ള ബന്ധം വഴിക്കാണ് കേരളത്തിന് ഭാർഗ്ഗവക്ഷേത്രം എന്ന പേർ സിദ്ധിച്ചത് എന്നതിൽ ഭിന്നാഭിപ്രായം ഇല്ല. കേരളഭൂമി കണ്ടുപിടിക്കുകയും അത് ജനവാസയോഗ്യമാക്കിത്തീർക്കുകയും അവിടെ ബ്രാഹ്മണരെ കുടിയിരുത്തുകയും ചെയ്ത ഒരു മഹാധീരൻ തന്നെയായിരുന്നു വിഷ്ണുവിൻ്റെ അവതാരമായ സാക്ഷാൽ പരശുരാമൻ.



