സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർണമായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക യോഗം പൂർണ്ണമായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.
ഘടക കക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല് മണിക്കൂറോളമാണ് രാഹുലും ഖാർഗയേയും തമ്മില് ചർച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാൽ കേന്ദ്ര നേതാക്കൾ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം.
ഇതിനുശേഷമാകും പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധിയും സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുൽ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.
കേരളത്തിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ അടക്കം തണുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉൾപ്പെടുത്തി ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം.



