മക്കയിലെ മസ്ജിദുൽ ഹറമിൽവച്ച് പ്രമോഷണൽ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഇൻഫ്ലുവൻസർ മാഅസ് വീവറെ സഊദി അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് വീവർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത്.
കഅ്ബയ്ക്ക് മുന്നിൽ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കെ സഊദി പൊലീസ് ഉദ്യോഗസ്ഥർ സമീപിക്കുകയും തുടർന്ന് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് വീവർ പറഞ്ഞത്.
വീഡിയോയിൽ എന്താണ് പ്രമോട്ട് ചെയ്യുന്നതെന്നും എന്താണ് പറയുന്നതെന്നും എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്നും അധികൃതർ ചോദിച്ചറിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഒരു മണിക്കൂറിലേറെ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞതായും അവിടെ ഇശാ നമസ്കാരം നിർവഹിച്ചതായും വീവർ പറഞ്ഞു. തുടർന്ന് സംഭവം ആവർത്തിക്കില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് രേഖയിൽ ഒപ്പുവച്ച ശേഷമാണ് വിട്ടയച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മസ്ജിദുൽ ഹറമിൽ (ഗ്രാൻഡ് മസ്ജിദ്) സന്ദർശകർക്ക് ഫോട്ടോകളും സെൽഫികളും വ്യക്തിഗത വീഡിയോകളും ചിത്രീകരിക്കാൻ കഴിയുമെങ്കിലും വിശുദ്ധ സ്ഥലത്തെ പ്രമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് അധികൃതർ അറിയിച്ചതെന്ന് വീവർ പറഞ്ഞു.
സംഭവത്തിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും മസ്ജിദിലെ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം സന്ദർശകരോട് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ സഊദി പൊലീസ് മാന്യമായാണ് പെരുമാറിയതെന്നും ശാരീരികമായി ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.



