Saturday, November 14, 2026
Homeഅമേരിക്കവയലാര്‍ അനുസ്മരണം: കവിതയുടെ മനോഹരതീരം

വയലാര്‍ അനുസ്മരണം: കവിതയുടെ മനോഹരതീരം

രാജൻ പടുത്തോൾ
രാജൻ പടുത്തോൾ 
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ച് ഒക്ടോബര്‍ ഇരുപത്തിയേഴിനാണ് ശ്രീ വയലാര്‍ രാമവര്‍മ്മ അന്തരിച്ചത്. അമ്പത് വര്‍ഷത്തിനുശേഷവും അദ്ദേഹം നമുക്കായി സൃഷ്ടിച്ച  ‘മനോഹരതീരം’  ചന്ദ്രകളഭം ചാര്‍ത്തി ഒളിമങ്ങാതെ ശോഭിക്കുന്നു.)
പ്രപഞ്ചത്തിനെ മാനവീകരിക്കുന്നവര്‍ (humanise) ആണ് കവികളും കലാകാരന്മാരും.ഉദയസൂര്യനെ  ”ഹേ, മിത്രാ” എന്ന് അഭിസംബോധന ചെയ്ത വെെദികകാല മനുഷ്യര്‍ അതാണ് ചെയ്തത്. ”മിത്രോ ജനാന്‍ യാതയതി…” ജനങ്ങളെ തൊട്ടുണര്‍ത്തി കര്‍മ്മനിരതനാക്കുന്ന മിത്രം ആണ് സൂര്യന്‍ എന്ന് സാരം. വാസ്തവത്തില്‍ ജീവികളെ ഉണര്‍ത്തുക എന്നൊരു ഉദ്ദേശം സൂര്യനുണ്ട് എന്ന് വിശ്വസിക്കുന്നതിന് അടിസ്ഥാനമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. സംഗതി നേരേ മറിച്ചാണ്.സൂര്യന്‍ ഉദിക്കുന്നതുകൊണ്ട് പ്രപഞ്ചം ഉണരുന്നു എന്ന് പറയുന്നതല്ലേ ശാസ്ത്രീയം?
എന്നാല്‍, ശാസ്ത്രം എത്ര വസ്തുനിഷ്ഠമായി വാദിച്ചാലും  ഉദിച്ച് അസ്തമിക്കുന്ന സൂര്യനെ മിത്രഃ എന്ന ഭഗവാനായിട്ടാണ് മനുഷ്യര്‍ ഭാവനചെയ്യുന്നത്. ഭൂമി അവര്‍ക്ക് ഭൂമിദേവിയാണ്; ചന്ദ്രന്‍ അമ്പിളിയമ്മാമനാണ്;കടല് കടലമ്മയാണ്;ഗംഗ പാപനാശിനിയാണ്; ……
ശാസ്ത്രചിന്തക്കപ്പുറം പ്രകൃതിയുമായി വെെകാരികബന്ധം പുലര്‍ത്തുന്നതാണ് ഈ  മനുഷ്യസ്വഭാവം.ദെെവങ്ങള്‍പോലും മനുഷ്യരെപ്പോലെ സംസാരിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സംസാരജീവികളാണല്ലോ.
മനുഷ്യഭാവനയാണ് ഇങ്ങനെയൊരു ലോകം സൃഷ്ടിക്കുന്നത്. പ്രപഞ്ചത്തിന് മനുഷ്യരോട് പ്രത്യേകിച്ച് മെെത്രിയോ മാതൃത്വമോ ശത്രുതയോ ഇല്ല.മറിച്ച്, മനുഷ്യര്‍ക്കാകട്ടെ അത് മാതാവും മിത്രവുമാണ്. കവിത്വംകൊണ്ട് മനോഹരമായ പട്ടുവസ്ത്രം  ഉടുപ്പിച്ച് പ്രപഞ്ചത്തെ നമ്മള്‍ സ്നേഹഭാജനമാക്കുന്നു. കേരളം എന്നത് വെറും  ഭൂപ്രദേശം അല്ല. അത് ഒരു  ” മനോഹരതീരം” ആണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്തവര്‍പ്പോലും ഈ തീരത്ത് ”ഇനിയൊരു ജന്മം കൂടി” വേണം എന്ന് മോഹിച്ചുപോവുന്നു.കവിതയുടെ ആര്‍ദ്രത തരിശുഭൂമിയെ (Waste land എന്ന് ടി എസ് എലിയറ്റ്) മലയജശീതളമാക്കുന്നു.
കവിയെ സ്രഷ്ടാവ് എന്ന് വിളിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.അനന്തമായ നക്ഷത്രരാശികളിലെ ഒരു പൊട്ട് മാത്രമായ ഭൂമിയെ അയാള്‍ മനുഷ്യന്‍ എന്ന അച്ചുതണ്ടില്‍ തിരിയുന്ന ഭൂഗോളമായി പുനഃസൃഷ്ടിക്കുന്നു.മനുഷ്യകേന്ദ്രീകൃതമായ ഒരു പ്രപഞ്ചം  ഭാവനകൊണ്ട് സൃഷ്ടിക്കുകയാണ് കവികള്‍. വയലാറിന്റെ ”സര്‍ഗ്ഗസംഗീതം” ഒന്ന് അയവിറക്കിനോക്കാം –
”നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌
വർഷിച്ച നാളിൽ‌, ഗതോ-
ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ, കാലമേ
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ‌പാനപാത്രങ്ങളിൽ!
ഓരോ ജീവകണത്തിനുള്ളിലുമുണർ‌-
ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-
കാരോപാസനശക്തിയായ്‌, ചിരതപ-
സ്സങ്കൽ‌പ്പസങ്കേതമായ്,
ഓരോ മാസ്മരലോകമുണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം‌ ഝണഝണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
താളം‌ രാഗലയശ്രുതിസ്വരമിവയ്-
ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ
പൊൻപ്പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള-
ത്തൊന്നുമ്മ വച്ചീടവേ..
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ചെന്നൂ ഞാൻ;
നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –
പ്പാദസരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട് കവിയായ്
മാറ്റുന്ന വല്മീകമു-
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർനിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സ്നകൾ‌!”
സൃഷ്ടിന്മുഖമായ സിദ്ധിയാണ് സര്‍ഗ്ഗാത്മകത(creativity). അതിന്റെ പ്രകാശനമാധ്യമമാണ് സര്‍ഗ്ഗസംഗീതം(The Melody of Creation — poetic and evocative.)ആ നാദം ശൂന്യതയിങ്കല്‍@ അമൃതം വര്‍ഷിച്ച നാളിലാണ് മൃതപ്രായമായമായ ജീവകലികാജാലങ്ങള്‍ ഒന്നായ് തുടിച്ചുതുടങ്ങിയത്.ദാഹിച്ചു വിടര്‍ന്ന  ആ ജീവപ്രപഞ്ചം പകര്‍ന്ന രസാനുഭൂതിയില്‍നിന്നാണ് കാലം പിറന്നത്.(മനുഷ്യരുടെ ആവിര്‍ഭാവത്തിന് മുന്‍പും കാലം ഉണ്ടായിരുന്നു. കാലത്തിന്റെ പഞ്ചാംഗം പിറന്നത് പക്ഷേ മനുഷ്യരുടെ കവിത്വത്തില്‍നിന്ന് മാത്രമാണ്.)
ജീവന്റെ ഓരോ കണത്തിലും ത്രസിക്കുന്ന രാസപ്രക്രിയ ”ധര്‍മ്മസംസ്കാരോപാസനശക്തി”യായിട്ടാണ് കവി ദര്‍ശക്കുന്നത്.ഉപാസനയല്ല, ഉപാസനയെ പ്രേരിപ്പിക്കുന്ന ശക്തിയാണ് കോശങ്ങളിലെ രാസപരിണാമങ്ങള്‍. ‘ധര്‍മ്മ’ത്തിന് function എന്ന വ്യാവഹാരിക അര്‍ത്ഥം ഉണ്ട്. എന്നാല്‍, മനുഷ്യജീവിതത്തെ സര്‍ഗ്ഗാത്മകവും സാര്‍ത്ഥകവും ആക്കുന്ന ജീവിതക്രമം എന്ന അര്‍ത്ഥത്തിലാണ് നാം ഈ പദം ഉപയോഗിച്ചുവരുന്നത്.”ധര്‍മ്മ സംസ്ഥാപനം”, ”ധര്‍മ്മസംസ്കാരോപാസന”
എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ തികച്ചും വെെകാരികമായ അര്‍ത്ഥത്തിലാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഓരോ ജീവകണത്തിനും മാനുഷികമായ ധാര്‍മ്മികത ഏകുന്നു കവി. അതിന്റെ പന്ഥാവിലൂടെ തേരോടിക്കുന്ന കവി പ്രപഞ്ചം മുഴുവന്‍ തന്റെ സര്‍ഗ്ഗസംഗീതത്തിന്റെ മാസ്മരലോകമാക്കി അയാള്‍ മാറ്റുന്നു.
വയലാറിന്റെ ആ  സംഗീതം ”ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിൻ
പൊൻപൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ” ഉമ്മവെക്കുന്ന
ഒരു പ്രദേശം സൃഷ്ടിക്കുന്നു. അത് ഏത് നാട് എന്ന് ചോദിക്കേണ്ടതില്ല. ഓണക്കോടിയുടുത്ത പ്രാണപ്രേയസി നമ്മുടെ മലനാടല്ലാതെ മറ്റേത്? മനുഷ്യന്റെ സൗന്ദര്യബോധം സൃഷ്ടിച്ച, അവന്റെ ധാര്‍മ്മികോപാസനയില്‍നിന്ന് പിറന്ന ഭൂമിമലയാളമാണത്. അതിന്റെ വികാസമാണ് ഭൂഗോളം. വയലാറിന്റെ അന്തരാത്മാവിന്റെ തേരോടുന്ന മാസ്മരലോകമാണ് ആ ഗോളം. സൂര്യനെസൃഷ്ടിക്കുന്ന ഗ്രഹങ്ങളിലൊന്നല്ല, അന്തരാത്മാവിന്റെ തേരോടുന്ന മാസ്മരലോകമാണ്  ഭൂമി.മനുഷ്യന് പ്രത്യേക പരിഗണനയൊന്നുമില്ലാത്ത വസ്തുനിഷ്ഠപ്രപഞ്ചമല്ല അത്.മനുഷ്യനാണ് ,കവിയാണ് , അതിന്റെ സ്രഷ്ടാവ്, അച്ചുതണ്ട്.
എന്താണ് ആ അന്തരാത്മാവിന്റെ പ്രകൃതി? എന്താണ് അതിന്റെ ധാര്‍മ്മികോപാസനയുടെ സാംസ്കാരികപരിസരം? കാടത്തത്തെ കവിയായ് മാറ്റുന്ന മനസ്സെന്ന വല്മീകമാണത്. ഓടപ്പുല്‍ക്കുഴലിന്റെ ഗീതിയെഴുതി സൂക്ഷിക്കുന്ന പൊന്നോലയാണത്. കോടക്കാര്‍നിരകൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീര് ഏറ്റുവാങ്ങി മൂടല്‍മഞ്ഞില്‍ മയങ്ങുന്നു അവിടെ പൂക്കുന്ന വനജ്യോത്സനകള്‍.
” കാടത്തത്തെ …” എന്ന് തുടങ്ങുന്ന ശ്ലോകത്തിലെ കാവ്യബിംബങ്ങള്‍ പരിചിതമല്ലാത്ത വായനാക്കാര്‍ക്ക് വേണ്ടി ചില സൂചനകള്‍ കൂടി  ചേര്‍ക്കാം. വല്മീകത്തില്‍നിന്ന് കവി പിറന്നതും ഓടപ്പുല്‍ക്കുഴലിന്റെ ഗീതിയും(ഭഗവത്ഗീത) രാമായണ -മഹാഭാരതങ്ങളൂടെ കാവ്യപാരമ്പര്യം സൂചിപ്പിക്കുന്നു. കോടക്കാര്‍നിര കൊണ്ടുവന്ന കണ്ണീര് വിരഹകാതരനായ യക്ഷന്‍ പ്രാണപ്രേയസിക്ക് അയക്കുന്ന മേഘസന്ദേശ(കാളദാസന്‍ )ത്തിന്റെ തുടര്‍ച്ചയാണ്. ശകുന്തള വിട്ടുപോയ തപോവനത്തിലെ ഏകാകിനിയായ വനജ്യോത്സ്ന (അഭിജ്ഞാന ശാകുന്തളം)മയങ്ങുന്നതും ആ കോടക്കാര്‍നിരയുടെ മൂടലിലാണ്.കാളിദാസന്റെ രണ്ട് കാവ്യങ്ങളിലെ ബിംബങ്ങള്‍ വയലാറിന്റെ സര്‍ഗ്ഗസിദ്ധികൊണ്ട് പരസ്പരപൂരകങ്ങളായി മാറുന്നു.
സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ്, ”ആരണ്യാന്തരഗഹ്വരോപരി തപസ്ഥാനങ്ങളില്‍
സെെന്ധവോദാരസ്ഥാനതടങ്ങളില്‍ ഹിമഗിരിപ്രന്തപ്രദേശങ്ങളില്‍
ആരന്തര്‍മ്മുഖനായ് പ്രപഞ്ചപരിണാമോത്ഭിന്ന സര്‍ഗ്ഗക്രിയാ സാരം തേടിയലഞ്ഞു…” ആ ഭാവഗായകരുടെ ഗാനതരംഗം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്കും ശ്രാവ്യമാക്കുന്നു വയലാര്‍. അതിന്റെ വീചികള്‍ (melody) ആണ് ജീവിത്തെ അര്‍ത്ഥവത്താക്കുന്നതും മാനവീയമാക്കുന്നതും.
കവികളുടെ ഭാവനാസൃഷ്ടി യാഥാര്‍ത്ഥ്യമല്ലെന്ന് വാദിക്കുമ്പോളും അവര് സൃഷ്ടിച്ച ഭാഷയും സംഗീതവും ചുമര്‍ച്ചിത്രങ്ങളും ആണ് നമ്മളെ മനുഷ്യരാക്കുന്നതെന്ന വാസ്തവം തള്ളിക്കളയാനാവില്ല. വിരഹദുഃഖത്തിന്റെ വീര്‍പ്പുമുട്ടല്‍ ഘനീഭവിച്ച കോടക്കാറുകള്‍ അതേ നോവില്‍ വാടിനില്‍ക്കുന്ന വനജ്യോത്സ്നയെ  ഇന്നും തഴുകുന്നു. പ്രകൃതിയുടെ ആ തന്മയീഭാവശക്തിയെ (empathy),സഹജാവബോധത്തെ,നമുക്ക് അനുഭവവേദ്യമാക്കുന്നു കവിത. സൗന്ദര്യ ദര്‍ശനവും ശ്രവണവും ജന്മാന്തര സൗഹൃദങ്ങളെ സമന്വയിപ്പിക്കുന്നുവെന്ന് കാളിദാസന്‍ പറഞ്ഞത് ഓര്‍ക്കുക. വാസ്തവത്തില്‍ ,ആ മഹാകവിയുടെ കാവ്യസൗന്ദര്യം അനന്തമായ സ്ഥലകാലങ്ങള്‍ക്കിപ്പുറത്ത് ഒരു വയലാറിന്റെ  ഭാവനയിലെ വനജ്യോത്സ്നയെ കോടക്കാറായി വന്ന് തഴുകുന്നു. അതിന്റെ രസാനുഭൂതി നമ്മുടെ പാനപാത്രങ്ങളില്‍ പകരുന്നു സര്‍ഗസംഗീതം. മാന്‍പേടയോടും വനജ്യോത്സ്നയോടും സംവദിക്കുന്ന ഭാഷ നമുക്ക് നഷ്ടപ്പെടാതിരിക്കുന്നതിന് നമ്മള്‍ വയലാറിന്റെ പരമ്പരയോട് കടപ്പെട്ടിരിക്കുന്നു.ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ഭൂമി അവരുടെ സൃഷ്ടിയാണ്.
അന്തരാത്മാവില്‍ തേരോടിക്കുന്ന കവിതയുടെ മാസ്മരസൗന്ദര്യം നമുക്ക് കെെമോശം വന്നത് കാലത്തിന്റെ കളിമൂലമാണ്.പൂക്കളും പുലരിയുമില്ലാത്ത, ധർമ്മ സംസ്-
കാരോപാസനശക്തിയും ചിരതപ-
സ്സങ്കൽ‌പ്പസങ്കേതവും നഷ്ടപ്പെട്ട  ഊഷരഭൂമിയില്‍ ആണ് നാം ഇന്ന് ജീവിക്കുന്നത്. ഇക്കാലത്ത് നമ്മുടെ കണ്ണീര് ഏറ്റുവാങ്ങാന്‍ മേഘദൂതന്മാര്‍ വരാറില്ല. ”ധൂമ ജ്യോതിഃ സലില മരുതാം സന്നിപാതഃ” (പൊടിപടലങ്ങളുടെയും പ്രകാശ -ജല -മരുതഘടകങ്ങളുടെയും ഒരു അജെെവ സംഘാതമായ മേഘം)ത്തിന് ജീവന്‍ നല്‍കി കാളിദാസന്റെ യക്ഷന്‍. ഭാവനയുടെ  മാസ്മരവിദ്യ നിര്‍മ്മിതബുദ്ധിക്ക് കെെമാറി ഉറങ്ങുന്ന ഇന്നത്തെ മാനവര്‍ക്ക് അത് മനസ്സിലാവില്ല.താളം‌ രാഗലയശ്രുതിസ്വരമിവ’
 ഓളക്കുത്തുകള്‍  തീര്‍ത്തിരുന്ന പ്രേമതീര്‍ത്ഥം എന്നോ വറ്റിപ്പോയിയല്ലോ! പരിണമാത്തിന്റെ ക്രൂരമായ വിനോദമാണ് അത്. മനുഷ്യര്‍ പരിണമിച്ചു കൊണ്ടിരിക്കുന്നു.അതോടൊപ്പം അവരുടെ കലയും കവിതയും പരിണമിക്കുക സ്വാഭാവികംതന്നെ.സാന്ത്വന സന്ദേശമേകുന്ന മേഘവും പുലരിയില്‍ നമ്മളെ വിളിച്ചുണര്‍ത്തി കര്‍മ്മോത്സുകരാക്കുന്ന മിത്രവ ഇന്നില്ല. ‘പറക്കാന്‍ കഴിയാതെ ചിറകും വിരിച്ചങ്ങനെ നില്‍ക്കുകയല്ലേ സെെബറാകാശം !
—-
xxxxxxxxxxxxxxxxxxxxcccccccxxxccxxxxcxxcc
Note-
@”ശൂന്യതയിങ്കലമൃതം വര്‍ഷിച്ച നാളില്‍ .”…എന്ന സങ്കല്‍പ്പത്തിന് ഋഗ്വേദത്തിലെ ‘നാസദീയ സൂക്ത’ത്തോട് ബന്ധമുണ്ട്. ആ സൂക്തത്തിലെ ആദ്യഖണ്ഡത്തിന്റെ ഏകദേശരൂപം ഇങ്ങനെയാണ്ഃ –
”Then, there was neither non-existence nor existence.
There was no realm of air, nor the sky beyond it.
What enveloped everything? Where was it?
Under whose protection did it exist?
Was there water, deep and unfathomable?”
അന്ന് ഒന്നും ഉണ്ടായിരുന്നില്ല. ഇല്ല എന്ന അവസ്ഥയും ഇല്ലായിരുന്നു. ന സത്,ന അസത്..സത്തി് ഇല്ല,,അസത്തും ഇല്ല.ആ ശൂന്യതയിലേക്കാണ് നാദം അമൃതം വര്‍ഷിച്ചത്.
അവലോകനം : രാജൻ പടുത്തോൾ 
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ