പഴയൊരു പ്രണയം, പഴയൊരു ബ്രേക്കപ്പ്….
—————–
തേപ്പ് എന്ന പ്രയോഗം പ്രചാരത്തിൽ വന്നിട്ടില്ല അന്ന്. ഇല്ലെങ്കിൽ അവളെന്നെ തേച്ചിട്ടു പോയി ചേട്ടാ എന്ന് വിലപിച്ചേനെ വിഷ്ണു. കാല്പനികനായതുകൊണ്ടാവാം കുറച്ചുകൂടി വൈകാരികമായിരുന്നു അയാളുടെ വിലാപം: “ഹൃദയം തകർത്തുകളഞ്ഞു ചേട്ടാ അവൾ. മരിച്ചുകളഞ്ഞാലോ എന്ന് വരെ തോന്നിപ്പോയി…”
പ്രണയത്തകർച്ചയിൽ നിന്നുയിരെടുക്കുന്ന പകയുടെയും കൊലയുടേയുമൊക്കെ ഞെട്ടിക്കുന്ന കഥകൾ പതിവായി പത്രത്തിൽ വായിക്കുമ്പോൾ വിഷ്ണുവിനെയും വിനയയെയും (യഥാർത്ഥ പേരുകൾ അവയല്ല) ഓർക്കും ഞാൻ. പാട്ടിലൂടെ, “പാട്ടെഴുത്തി”ലൂടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു പേരുടെ പ്രണയഗാഥ. ആത്മഹത്യാ ചിന്തയോളം എത്തിച്ച പ്രണയത്തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരു ചെറുപ്പക്കാരന്റെ കഥ കൂടിയാണത്; ഒപ്പം പ്രണയത്തടവിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട യുവതിയുടേയും.
ഇളയരാജയുടെ പ്രണയഗാനങ്ങളെക്കുറിച്ചെഴുതാമോ എന്ന് ചോദിച്ചു കൊണ്ടാണ് പതിനഞ്ചു വർഷത്തോളം മുൻപ് മെഡിക്കൽ റെപ്രസെന്റേറ്റിവ് ആയ വിഷ്ണു വിളിച്ചത്. രാജാ സാറും ജോൺസണും എസ് പി ബിയും ജി വേണുഗോപാലുമാണ് വിഷ്ണുവിന്റെ ഇഷ്ടതാരങ്ങൾ. ദളപതിയിലെ “സുന്ദരി കണ്ണാ”ലും സസ്നേഹത്തിലെ “താനേ പൂവിട്ട മോഹ”വും ഒരു പോലെ പ്രിയങ്കരം അയാൾക്ക്. അയൽക്കാരിയായ വിനയ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായി വിഷ്ണുവിനെ അടുപ്പിച്ചതും പാട്ടു പ്രണയത്തിലെ സമാന ഇഷ്ടങ്ങൾ തന്നെ. ഇരുവരും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “പാട്ടെഴുത്ത് ” പംക്തിയുടെ സ്ഥിരം വായനക്കാരാണെന്നതായിരുന്നു എന്റെ കാതുകൾക്ക് കൂടുതൽ ഇമ്പമേകിയ അറിവ്.
ഇരുവരും മാറിമാറി വിളിക്കും. സാമാന്യം നല്ല ഗായകർ കൂടി ആയിരുന്നതുകൊണ്ട് ഫോണിൽ പാട്ടു പാടിക്കേൾപ്പിക്കലാണ് പ്രധാന ഹോബി. ഹൃദയങ്ങളെ തമ്മിൽ കൂട്ടിയിണക്കാൻ സിനിമാപ്പാട്ടോളം പോന്ന മറ്റൊരു ജാലവിദ്യയില്ല എന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ച സൗഹൃദം. ഇളയരാജയുടെ ഈണങ്ങൾക്ക് എസ് പി ബി നൽകാറുള്ള മാന്ത്രിക സ്പർശത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല വിഷ്ണുവിന്. “കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചു ചെന്നൈയിൽ പോയി രാജാസാറിനെയും എസ് പി ബി സാറിനേയും കാണാൻ ആലോചിക്കുന്നു. വലിയൊരു സ്വപ്നമാണ് എന്തെങ്കിലും വഴിയുണ്ടാക്കിത്തരണം ചേട്ടൻ.”– ഇടക്കൊരു നാൾ വിഷ്ണു പറഞ്ഞു. അതിലും മധുരതരമായ ഒരു ഹണിമൂണിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലായിരുന്നു രണ്ടു പേർക്കും.
ഫോൺ വിളികളുടെ എണ്ണം കുറയുകയും ഒരു ഘട്ടത്തിൽ അവ പാടേ നിലച്ചുപോകുകയും ചെയ്തപ്പോൾ അത്ഭുതം തോന്നി. പിന്നെ സ്വയം സമാധാനിച്ചു: വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കാം ഇരുവരും. മധുവിധുക്കാലം ആയതിനാൽ പുറംലോകവുമായുള്ള ബന്ധം പൂർണ്ണമായി വിഛേദിച്ചിരിക്കാം. അല്ലെങ്കിൽ കുടുംബ ജീവിതത്തിന്റെ തിരക്കിൽ അകപ്പെട്ടിരിക്കാം.
സത്യം അതല്ലെന്ന് മനസ്സിലായത് നീണ്ട ഇടവേളക്ക് ശേഷമുള്ള വിഷ്ണുവിന്റെ ഫോൺ വിളിയിലൂടെയാണ്. കാമുകിയുടെ “വിശ്വാസവഞ്ചന” വെളിപ്പെടുത്തിയ കോൾ.
പുതിയൊരു കൂട്ടുകാരനെ (അയാളും ഇളയരാജാ ഫാൻ ആയിരിക്കാം) കിട്ടിയതോടെ താനുമായുള്ള ബന്ധം വിനയ വിച്ഛേദിച്ചു എന്നാണ് വിഷ്ണുവിന്റെ ഉത്തമ വിശ്വാസം. മാസങ്ങളോളം ഫോൺ എടുത്തില്ല അവൾ. നേരിൽ കാണാനുള്ള ശ്രമങ്ങളും വിഫലം. ഒടുവിൽ രണ്ടും കൽപ്പിച്ചു വീട്ടിൽ ഇടിച്ചുകയറിച്ചെന്ന് കണ്ടപ്പോൾ പിന്മാറ്റത്തിന്റെ രഹസ്യം വെട്ടിത്തുറന്നുപറയുന്നു കാമുകി: “ബന്ധം തുടരാൻ താല്പര്യമില്ല. വീട്ടുകാരുടെ എതിർപ്പാണ് കാരണം. അവർക്ക് താല്പര്യമില്ലാത്ത വിവാഹം എനിക്കും വേണ്ട.”
അതുവരെ പറഞ്ഞതെല്ലാം ഒറ്റയടിക്ക് അസാധുവാക്കികൊണ്ടുള്ള ആ വിശദീകരണം കേട്ട് ഞെട്ടിത്തരിച്ചു പോയെന്ന് വിഷ്ണു. “അതൊന്നുമല്ല കാരണമെന്ന് എനിക്കറിയാമായിരുന്നു. കുറച്ചുകൂടി മുന്തിയ ജോലിയും സാമ്പത്തിക പശ്ചാത്തലവുമുള്ള ഒരാളെ അവൾ ഇഷ്ടക്കാരനായി കണ്ടെത്തി; ഫേസ്ബുക്കിലൂടെ. വിനയയുടെ കൂട്ടുകാരികൾ തന്നെയാണ് ആ സത്യം വെളിപ്പെടുത്തിയത്..”
കരച്ചിലിന്റെ വക്കോളമെത്തിയിരുന്ന വിഷ്ണുവിനെ സമാധാനിപ്പിക്കാൻ കഴിയുന്നത്ര ശ്രമിച്ചു. നമ്മളെ ഇഷ്ടമില്ലാത്ത ഒരാളെ നമുക്കും വേണ്ട എന്ന് നിശ്ചയിക്കുകയല്ലേ വേണ്ടൂ, സംഗീതപ്രേമിയായ മറ്റൊരു സുന്ദരിയെ ദൈവം വിഷ്ണുവിന് വേണ്ടി കണ്ടുവെച്ചിട്ടുണ്ടാകും എന്നൊക്കെ പറഞ്ഞുനോക്കി. എന്തു ഫലം? പൂർവകാമുകിയോടുള്ള വിദ്വേഷം അടങ്ങുന്നില്ല അയാളുടെ മനസ്സിൽ. ചിലപ്പോഴത് വിങ്ങിക്കരച്ചിലായി പുറത്തേക്കൊഴുകുന്നു. “യഥാർത്ഥത്തിൽ എന്നെ ഈ ബന്ധത്തിലേക്ക് വലിച്ചിഴച്ചിട്ടത് അവളാണ് ചേട്ടാ. പാട്ടുകളോടുള്ള സ്നേഹം പങ്കുവെക്കുക എന്നല്ലാതെ പ്രേമിക്കാൻ ഉദ്ദേശ്യമേ ഇല്ലായിരുന്നു എനിക്ക്. നല്ലൊരു സൗഹൃദമാണ് ഞാൻ പ്രതീക്ഷിച്ചത്. അവളാണ് എന്നെ ഭ്രാന്തമായി പ്രണയിച്ചതും ഇങ്ങനെയൊരു ബന്ധത്തിനായി നിർബന്ധിച്ചതും. എന്നിട്ടിപ്പോ…..” വിഷ്ണുവിന്റെ ശബ്ദം ഇടറുന്നു.
ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്ക്. എന്തു പറയാൻ? വിഷ്ണുവിന്റെ വാക്കുകൾ പൂർണ്ണമായി വിശ്വസിക്കാൻ മനസ്സ് സമ്മതിച്ചില്ലെങ്കിലും, വിനയയോട് തെല്ലൊരു പരിഭവം തോന്നി എന്നത് സത്യം. നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന് ഇത്രയും പ്രതീക്ഷ കൊടുക്കേണ്ടിയിരുന്നോ? “ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കൾ ഒരു രാത്രി കൊണ്ടു വിടർത്തും കാലം ഒരു രാത്രി കൊണ്ട് വിടർത്തും, ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും, വിധിയുടെ മൗനവിനോദം” എന്ന വയലാറിന്റെ വരികളാണ് ഓർമവന്നത്.
പിന്നീട് വിളിച്ചതേയില്ല വിഷ്ണു. വിളിച്ചത് വിനയയാണ്. വിവാഹവിവരം അറിയിക്കാൻ വേണ്ടിയായിരുന്നു രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള ആ അപ്രതീക്ഷിത വിളി. വിഷ്ണുവുമായുള്ള “ബ്രേക്ക് അപ്പി”ന് പിന്നിലെ യാഥാർഥ്യം വിനയ പങ്കുവെച്ചതും അന്നുതന്നെ. വിഷ്ണു പറഞ്ഞ “കാലുമാറ്റ”ക്കഥയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു വിനയയുടെ ഭാഷ്യം.
“ചേട്ടൻ വിചാരിക്കുന്നത് പോലെ അത്ര നിഷ്കളങ്കനൊന്നുമല്ല വിഷ്ണു.” — വിനയ പറഞ്ഞു. “ഞാനാണ് പ്രണയത്തിന് മുൻകൈയെടുത്തത് എന്നത് സത്യം തന്നെ. എല്ലാം പാട്ടിനോടുള്ള പ്രേമം വരുത്തിവെച്ച വിന. തുടക്കത്തിൽ എല്ലാം സ്മൂത്തായിരുന്നു. ഒരു വർഷത്തിനകം വിഷ്ണു അയാളുടെ തനിനിറം പുറത്തെടുത്തു തുടങ്ങി. ഭയങ്കര പൊസെസീവ് ആണ്; നമ്മളൊക്കെ ഉദ്ദേശിക്കുന്നതിന് അപ്പുറത്ത്. മറ്റാരോടും സംസാരിക്കാൻ പോലും പാടില്ല. ഫോൺ എൻഗേജ്ഡ് ആയാൽ പോലും പ്രശ്നം. എന്തിലും ഏതിലും സംശയമാണ്. എസ് പി ബിയുടെയും വേണുഗോപാലിന്റെയും പാട്ടു കേൾക്കുന്നത് പോലും നിരോധിക്കുന്ന ഘട്ടം എത്തിയപ്പോൾ ഞാൻ മെല്ലെ പിൻവാങ്ങാൻ തുടങ്ങി. വീട്ടുകാരോട് കാര്യം പറഞ്ഞു. രണ്ടു മൂന്ന് തവണ വീട്ടിൽ കയറിവന്നു പ്രശ്നമുണ്ടാക്കാൻ നോക്കിയതാണ്. അച്ഛനും ചേട്ടനും ചേർന്ന് ഓടിച്ചു വിട്ടു… ”
ആരെയും കുറ്റപ്പെടുത്തിയില്ല വിനയ. “എല്ലാം ഞാൻ തന്നെ വരുത്തിവെച്ച വിന. എനിക്കും അയാൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും നല്ലത് ഈ ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് തോന്നി; ഉപേക്ഷിച്ചു. അത്രേയുള്ളൂ.”
ദുഃഖം തോന്നി. ഇരുവരെയും ഒരുമിപ്പിച്ചതിൽ എന്റെ അക്ഷരങ്ങൾക്കുമുണ്ടല്ലോ പരോക്ഷമായ പങ്ക്.
പിന്നീടൊരിക്കലും വിളിച്ചില്ല കാമുകീകാമുകർ. വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി വാട്ട്സാപ്പിൽ വിഷ്ണുവിന്റെ വിവാഹക്ഷണം വന്നതോർമ്മയുണ്ട്. ഒപ്പം ഒരു ശബ്ദസന്ദേശവും: ” പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ഒരു വർഷമായി ഞങ്ങളുടെ അഫയർ തുടങ്ങീട്ട്. ഈ കുട്ടിയും പാട്ടുസ്നേഹി തന്നെ. പണ്ടത്തെ പൈങ്കിളി പ്രണയം പോലെയല്ല ഇത്. സീരിയസ് ആണ്. തിളച്ച വെള്ളത്തിൽ വീണുപൊള്ളിയതല്ലേ ഒരിക്കൽ ? ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല. ചേട്ടൻ പ്രാർത്ഥിക്കണം.”
ഒപ്പം ഇത്ര കൂടി: ” ചേട്ടനെ വിളിച്ചു കരഞ്ഞിട്ടുണ്ടാകും എന്റെ എക്‌സ് എന്നറിയാം. വിശ്വസിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. കള്ളിയാണ്..” തീർന്നു. അതായിരുന്നു അവസാനത്തെ മെസേജ്.
ആരെ വിശ്വസിക്കണം? മനസ്സ് വിനയക്കൊപ്പമാണ് ഇപ്പോഴും. ദുരന്തപര്യവസായിയായ നിരവധി “ടോക്‌സിക്” പ്രണയാനുഭവകഥകൾ കണ്ടും കേട്ടുമറിഞ്ഞതു കൊണ്ടാവാം.



