‘ ഒരു സിനിമാ സ്വപ്നം ‘
അപ്പു അടുക്കളയിലേക്ക് ചെന്നു. അമ്മയുടെ കൈ പാടില്ലാത്തതുകൊണ്ട് വിലാസിനി ചേച്ചിയാണ് ചക്ക വെട്ടുന്നത്. ശരിക്കും പഴുത്തിട്ടില്ല എങ്കിലും ചക്കച്ചുളകൾ നല്ല പഴുക്കയുടെ നിറമായിരിക്കുന്നു. നല്ലപോലെ മധുരം വെച്ച് തുടങ്ങി.
” അപ്പുക്കുട്ടാ കഴിക്ക്”
വിലാസിനിച്ചേച്ചി ചക്ക ഉരിച്ചു വെച്ച പാത്രം അവന്റെ നേരെ നീട്ടി.
നല്ല സ്വാദ്!
” ചേച്ചി,…
നാളെ ഞങ്ങൾ സിനിമയ്ക്ക് പോകുന്നുണ്ട് ചേച്ചിയും കൂടെ പോരണം”
നല്ല സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ”
വിലാസിനി പറഞ്ഞു.
“ഞാൻ വരുന്നില്ല വിലാസിനി”
“മുറിഞ്ഞ കൈയും വെച്ചുകൊണ്ട് ചേച്ചി ഏതായാലും നാളെ പണിക്ക് പോകില്ലല്ലോ പിന്നെ ഞങ്ങളുടെ കൂടെ വന്നാൽ എന്താ”?
വിലാസിനി നിർബന്ധിച്ചു.
ദേവകിയമ്മ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
അവരുടെ മനസ്സ് ഒരു നിമിഷം കൊണ്ട് ഭൂതകാലത്തെങ്ങോ പോയി തിരിച്ചു വന്നു.
” എന്നാൽ ഇത് നീ കൊണ്ടുപോയ്ക്കോ. ”
പോകാൻ ഇറങ്ങിയ വിലാസിനിയുടെ കയ്യിൽ ഒരു മുറി ചക്കപ്പഴം കൊടുത്തുകൊണ്ട് ദേവകിയമ്മ പറഞ്ഞു.
” അവര് അമ്മയെ സിനിമയ്ക്ക് പോകാൻ വിളിച്ചു അല്ലേ?”
“ഉം.. ഞാനെങ്ങും പോണില്ല”
“കാശില്ലാഞ്ഞിട്ടാ?”
“അതല്ല മോനേ അവർ ടിക്കറ്റ് എടുത്തു തരാം എന്ന് പറഞ്ഞതാ”
അമ്മ അടുക്കളയിലേക്ക് പോയി.അവരുടെ കണ്ണുകൾ നിറഞ്ഞതും ശബ്ദം ഇടറിയതും അപ്പുക്കുട്ടൻ തിരിച്ചറിഞ്ഞു.
ഏതായാലും അവരുടെ ചിലവിൽ പോകുന്നത് അവനും ഇഷ്ടമല്ല.
തനിക്ക് രൂപ ഉണ്ടായിരുന്നെങ്കിൽ അമ്മയെ നിർബന്ധിച്ചു കൊണ്ടു പോകാമായിരുന്നു.
താൻ എത്രയും വേഗം മുതിർന്ന ആളാകേണ്ടിയിരിക്കുന്നു.
കണ്ണാടിയിൽ നോക്കുമ്പോൾ മീശ വരാറായോ എന്ന് ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കാറുണ്ട്.
എന്നിട്ട് വേണം ഇഷ്ടംപോലെ പണം സമ്പാദിച്ച്……… പ്രഭുവിന്റേതുപോലുള്ള ഒരു കാറും വാങ്ങി…….. അങ്ങനെയങ്ങനെ………
ചിന്തിക്കുമ്പോൾ മനസ്സിന് ചിറകുവച്ചത് പോലെയാണ്.
ആ ആവേശത്തിൽ എത്ര ബുദ്ധിമുട്ടേറിയ ജോലിയും നിഷ്പ്രയാസം അവൻ ചെയ്തുതീർക്കും.
അമ്മയെയും കാറിലിരുത്തി താൻ ഓടിച്ചു പോകുന്ന രംഗം അവൻ കിനാവ് കണ്ടു.
അമ്മ അലക്കാനുള്ള തുണി എടുത്തിടുകയാണ്
“അമ്മ കൈ നനയ്ക്കണ്ട. ഞാൻ അലക്കിക്കൊള്ളാം..
” വേണ്ട മോനെ ”
അവൻ അത് കേൾക്കാൻ നിന്നില്ല.
തുണിയും കൊണ്ട് മരുതുംപാറയുടെ താഴെയുള്ള കടവിലേക്ക് നടന്നു.
കടവിൽ നിന്നാൽ ദൂരെ ഉയരത്തിലായി മരുതുംപാറ കാണാം.
പാറയുടെ മുകളിലിരുന്നു കുറെ ചേട്ടന്മാർ പുകവലിക്കുന്നുണ്ട്.
അവർ വലിക്കുന്നത് കഞ്ചാവ് ആയിരിക്കുമെന്നാണ് ആളുകൾ പറയുന്നത്.
മരുതുംപാറയുടെ മുകളിൽ നിന്നും അരുവിയിലേക്ക് ഒലിച്ചിറങ്ങുന്ന നീർച്ചാൽ മഴക്കാലത്ത് ഉഗ്രരൂപിണിയാകും.
അപ്പോൾ അവിടെ ആരും അലക്കാനും കുളിക്കാനും വരാറില്ല.
വേനൽക്കാലത്ത് അവൾ ആരെയും മോഹിപ്പിക്കുന്ന ഒരു കൃശ ഗാത്രിയാണ്.
എപ്പോഴും തന്നെ കടവിൽ ആളുണ്ടാവും..
തോടിനോടു ചേർന്നുള്ള നിരന്ന പാറപ്പുറം മുഴുവൻ തുണി ഉണങ്ങാൻ വിരിച്ചിട്ടിട്ടുണ്ടാവും..
കുളി കഴിഞ്ഞപ്പോഴേയ്ക്കും വയർ കത്താൻ തുടങ്ങി.
പുഴയോരത്ത് ചാഞ്ഞു നിൽക്കുന്ന പേരമരം ഒരിക്കലും നിരാശപ്പെടുത്താറില്ല.
ഉള്ള് ചുവന്ന പേരയ്ക്ക പഴം. അവൻ ആവോളം കഴിച്ചു.
അഞ്ചാറെണ്ണം തോർത്തിൽ പൊതിഞ്ഞെടുത്ത് ബക്കറ്റിലെ തുണിയോടൊപ്പം വച്ചു.
അവൻ സാവധാനം വീട്ടിലേക്ക് നടന്നു
.(…….. തുടരും……)



