വസന്തം ചെറിമരങ്ങളോടു ചെയ്തത് ഞാൻ നിന്നോടു ചെയ്യുമെന്നെഴുതിയ നെരൂദയുടെ വരികളിലെ തൂമഞ്ഞിൻതുള്ളികൾ ….നിൻ്റെ അധരങ്ങൾ എൻ്റെ അധരങ്ങളില്‍ പ്രണയലേപനം പുരട്ടുമ്പോള്‍ ഹൃദയാകാശങ്ങളിൽ വിടരുന്ന മഴവില്ലുകള്‍…അതെ ഒരു നനവാർന്ന വായനയുടെ ചുംബനമായിരുന്നു ആർച്ചയുടെ നിഷേധിക്കപ്പെട്ട ഉമ്മകൾ.
വാക്കുകൾക്കിടയിലെ നിശബ്ദ ഇടങ്ങളിൽ,
ഒരു നിമിഷം നീണ്ടുനിന്ന ഇടവേളകളിൽ,
കണ്ടുമുട്ടിയ കണ്ണുകളിൽ…
അവ ഓർമ്മകളിലേക്ക് തിരികെ വരുന്നത് പൂർത്തിയാകാത്ത സംഗീതം പോലെയാണ്,
‘പ്രേരകവും, മൃദുവും, അസാധ്യവും മനോഹരവുമാണ്’ –
നമ്മൾ ഒരിക്കലും തൊടാത്തത് പോലും ആത്മാവിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കും എന്ന ഓർമ്മപ്പെടുത്തൽ.
കാരണം എല്ലാ സ്നേഹവും സൂക്ഷിക്കാനുള്ളതല്ല – അതിൽ ചിലത് അനുഭവിക്കാനുള്ളതാണ്,
നിശബ്ദമായി, വേദനാജനകമായി, ഒരു ശ്വാസത്തിന്റെ അകലെ നിന്ന്.
കവിതയുടെ വഴിയിൽ എന്നും ഒറ്റയ്ക്കു നടക്കാനായിരുന്നു ഈ കവയിത്രിക്കിഷ്ടം. ഒറ്റയ്ക്കു നടക്കാൻ പാത തെരഞ്ഞെടുത്ത ഒരു കവയിത്രിയുടെ ആത്മസ്വരങ്ങളാണ് ഈ സമാഹാരത്തിലെ കവിതകള്‍—കവിതയുടെ വഴിയിൽ നിസ്സംഗമായെങ്കിലും ഉറച്ച പാദമുദ്രകളോടെ മുന്നേറുന്നൊരു സഞ്ചാരം.

ഇന്നത്തെ സാഹിത്യലോകത്ത് സ്ത്രീയെ ആവിഷ്കരിക്കുന്ന കവിതകൾക്ക് ഒരു പ്രത്യേക സ്ഥാനവും വിപണിമൂല്യവും ഉണ്ടെന്നത് നിസ്സംശയം പറയാം. അവളുടെ വികാരങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ, പ്രണയം—ജീവിതത്തിന്റെ ഓരോ ഭാവങ്ങളും കവിതയായി രൂപാന്തരപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം. സ്ത്രീകൾ ധൈര്യത്തോടെ എഴുത്തിലേക്ക് കടന്നുവന്നപ്പോഴുണ്ടായ ആ വിപ്ലവകരമായ മാറ്റത്തിന്റെ ശൃംഖലയിലെ ശക്തമായ ഒരു കണ്ണിയാണ് ഈ കവി.
മുൻകാലങ്ങളിൽ എഴുതിയ സ്ത്രീ എഴുത്തുകാരുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പാവാനല്ല പുതിയകാലത്തെ എഴുത്തുകാരികൾ ശ്രമിക്കേണ്ടതെന്ന് ആര്‍ച്ച ഉറച്ചു വിശ്വസിക്കുന്നു. നിഷേധിക്കപ്പെട്ട ഉമ്മകള്‍ ആ കാഴ്ചപ്പാടിന്റെ പ്രതിഫലനവുമാണ്.
സ്വന്തം ശബ്ദം കണ്ടെത്തുകയാണ് പുതിയ തലമുറയുടെ ദൗത്യമെന്ന് ആർച്ച ഉറച്ചുപറയുന്നു. നിഷേധിക്കപ്പെട്ട ഉമ്മകൾ ആ സ്വതന്ത്രചിന്തയുടെ തെളിവാണ്.
കവയിത്രികൾ അവരുടെ അവകാശങ്ങളെക്കുറിച്ച് തുറന്നും ഉറച്ചും സംസാരിക്കണം, കലഹിക്കണം, എഴുതി നിലനിൽക്കണം—ഈ ഉള്‍ക്കാഴ്ച ആർച്ചയുടെ കവിതകളിൽ ഒരു ശോണമുദ്രയായി പതിഞ്ഞിരിക്കുന്നു.
….സ്ത്രീ തന്നെ ധനമെന്ന് ഉറപ്പില്ലാത്ത നാവിത് സ്ത്രീധനം ചോദിപ്പതിന് കുറ്റം പറയാനുണ്ടോ…! പറയൂ… സ്ത്രീയാണ് ധനമെന്നോ… സ്ത്രീധനം മതിയെന്നോ…. ഇവിടെ ആരുണ്ട് പറയുവാൻ…! അത് കൊടുപ്പതും വാങ്ങുവതും അനുഭവിച്ചീടുന്നതും ഏറിയ തെറ്റെന്നോ….
ആരാണ് പറയുക…!
“…ദേ, വെറുതെ ഈയെന്നെ ഞാനായി കണക്കാക്കരുത്…
ഇതിനപ്പുറമൊരാളുണ്ട്—അതാണു ശരിക്കും ഞാൻ…”
ഈ വരികളിലൂടെ കവി തന്റെ ഉള്ളിലെ ആഴത്തിലുള്ള സ്വത്വത്തെ വെളിപ്പെടുത്തുന്നു. പ്രണയം, കാമം, വിഷാദം, ഏകാന്തത—ഇവയെല്ലാം വ്യത്യസ്ത ഭാവങ്ങളിൽ തെളിയുന്ന സമൃദ്ധമായ കവിതകളുടെ സമാഹാരമാണിത്.
“…ഒരു കവിതയിലുമെഴുതാത്ത എൻ്റെ വാക്കേ…” എന്നു പറഞ്ഞ് സ്വന്തം മുറിവിനെ ചുംബിക്കുന്ന ലിഖിതാദാസിന്റെ വാക്കിന്റെ തീക്ഷ്ണത, ആർച്ചയുടെ വരികളിലും കനൽത്തിളക്കമായി തെളിഞ്ഞുനിൽക്കുന്നു. വേദന ഇവിടെ വെറും വേദനയല്ല—അത് കവിതയായി മാറുന്ന ശക്തിയാണ്.
….നീയെനിക്ക് കൽപ്പിച്ചതൊക്കെയും എരിവേനലിന്റെ വിത്തുകളായിരുന്നെല്ലോ…
തൊട്ടൊന്നു പടർന്നു ഉള്ളാകെ നിറയാൻ കാറ്റിൻതുമ്പേറ്റാൽ പൊട്ടിത്തെറിക്കുന്ന ഒരു മഴമേഘത്തെയും; തലമേലെ വിരിവെച്ച വർണ്ണക്കുടയ്ക്കു മീതെ ആശിച്ചു പറക്കാൻ അത്രമേലുറപ്പുള്ള ചിറകൊന്നു പോലും തന്നില്ല നീ….
നിഷേധിക്കപ്പെട്ട ഉമ്മകള്‍ എന്ന ശീര്ഷകത്തിന് ഒരു കനല്‍ച്ചൂടുണ്ട്. ചോദിക്കാതെ കിട്ടുന്ന മുത്തങ്ങളേക്കാള് കണക്കില്പ്പെടുന്നതെപ്പോഴും ഇരന്നു ചോദിച്ചീട്ടും ചുണ്ടിന്തുമ്പില് അന്യമാവുന്ന നഷ്ടചുംബനങ്ങളാണ്….എന്ന് ആർച്ച ആശ തുറന്നെഴുതുന്നു.
ഈ കവിതകൾ വായനക്കാരന്റെ മനസ്സിൽ ഒരു നീണ്ട പ്രതിധ്വനിയായി തുടരുന്നു.
…ഞാനെന്നത് പലപ്പോഴും വെട്ടിയും തിരുത്തിയും മുന്നോട്ടൊഴുകുന്ന ഒറ്റനൂൽ പുഴ…! പിന്നെയും പിന്നെയും വേരാഴത്തിലാഴ്ത്തി ചുറ്റിലേക്ക് പടർന്നു പന്തലിച്ച ഒരൊറ്റ മരം..! ഇടവേളകളിലിരുണ്ടു കൂടുന്ന കാർമുകിലിനെ ഉൾക്കണ്ണിന്നുണ്മയിൽ വെള്ളിമേഘങ്ങളാക്കും സൂക്ഷ്മാകാശം..!
ആർച്ചയുടെ ശബ്ദം കൂടുതൽ ഉയരങ്ങളിലേക്ക് ഉയരട്ടെ—ഇതാണ് ഈ വായനയുടെ ആത്മാർത്ഥമായ ആശംസ.



